ഇറച്ചി ചോറ്, പെഡിഗ്രീ ഉപ്പേരി, ചിക്കന്‍ സോസ് അച്ചാറ്; നായകള്‍ക്കും പൂച്ചയ്ക്കും ഓണസദ്യ നൽകി ജയകുമാർ
കോട്ടയം: പഞ്ചവര്‍ണ്ണന്‍ പൂച്ചയും നായകളായ കുഞ്ഞന്‍ കറുമ്പനും അപ്പുവും പോപ്പിയും, പിന്നെ പേരു ചൊല്ലി വിളിക്കാത്ത നായകളും കളപ്പുരയ്ക്കല്‍ വീട്ടില്‍ നാക്കിലയില്‍ ഓണസദ്യ കഴിച്ചു. ഇറച്ചി ചോറും, പപ്പടവും, പെഡിഗ്രീ ഉപ്പേരിയും , ചിക്കന്‍ സോസ് അച്ചാറും കൂട്ടിയുള്ള വിഭവ സമൃദ്ധമായ സദ്യയാണ് ഓമന മൃഗങ്ങള്‍ക്കായി കളപ്പുരയ്ക്കല്‍ ജയകുമാറും ഭാര്യ ശര്‍മിളയും ഒരുക്കി നല്‍കിയത്. പറമ്പില്‍ വിവിധ കൂടുകളിലായി കഴിയുന്ന വരെ വീടിന്റെ തിണ്ണയില്‍ എത്തിച്ചാണ് തൂശനിലയില്‍ സദ്യ വിളമ്പിയത്. കാണാന്‍ എത്തിയവര്‍ക്കെല്ലാം പായസവും നല്കി. ഏറ്റുമാനൂര്‍ വെറ്ററിനറി ആശുപത്രിയിലെ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പേരുചൊല്ലി വിളിച്ചാല്‍ സ്നേഹത്തോടെ ഓടിയെത്തുന്ന ഓമനമൃഗങ്ങള്‍, കുടുംബത്തിലെ അംഗങ്ങളെ പോലെ കഴിയുന്നവരാണ് ഇവിടുത്തെ 15-ഓളം വരുന്ന നായകള്‍. ഇവയൊന്നും തന്നെ ജയകുമാര്‍ മോഹം കൊണ്ട് വളര്‍ത്തിയവയല്ല, മറിച്ച് വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടതും രോഗാവസ്ഥയില്‍ അവശത അനുഭവിച്ചും, കാന്‍സര്‍ ബാധിച്ചും വൃണങ്ങള്‍ പഴുത്ത് പുഴുപിടിച്ചും, സാമൂഹിക വിരുദ്ധരുടെ ക്രൂരതയ്ക്ക് ഇരയായും, രോഗം ബാധിച്ചതിനാല്‍ വീട്ടില്‍ പരിപാലിക്കാന്‍ സാധിക്കാതെ വന്നതുമായ നായകളാണ്.
ജീവിക്കുമോ എന്ന സംശയത്തോടെ എടുത്തു കൊണ്ടുവരുന്ന നായകള്‍ ജയകുമാര്‍-ശര്‍മിള ദമ്പതിമാരുടെ പരിചരണത്തില്‍ പൂര്‍ണ്ണആരോഗ്യം നേടുന്നുണ്ട്. ഫ്രണ്ട്സ് ഓഫ് അനിമല്‍സ് എന്ന സംഘടനയുടെ സ്ഥാപകനും സീനിയര്‍ വെറ്ററിനറി സര്‍ജ്ജനുമായ ഡോ. പി.ബിജു നല്കുന്ന സൗജന്യ ചികിത്സയും വന്ധ്യംകരണവുമെല്ലാം ജയകുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നു.
തെരുവു നായകളെ കൂടാതെ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് , ഡാഷ് , പോമറേനിയന്‍ പഗ്ഗ് ക്രോസ്സ് തുടങ്ങിയ ഇനത്തിലുള്ള നായകളും ഇവിടെയുണ്ട്. വളര്‍ത്താന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് ഇവിടെ നിന്നും ഏറ്റെടുക്കാനും സൗകര്യമുണ്ട്.
ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ജയകുമാര്‍ പന്ത്രണ്ട് വര്‍ഷം മുമ്പാണ് ഡോഗ് ക്യാച്ചിംഗ് പരിശീലനം പൂര്‍ത്തിയാക്കിയത്. മൃഗസ്നേഹിയായ ഭര്‍ത്താവിന്റെ തീരുമാനത്തോട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയിരുന്ന ശര്‍മിളയ്ക്ക് ആദ്യമൊക്കെ അത്ര താല്‍പ്പര്യം ഇല്ലായിരുന്നു. പിന്നീട് നായകളുടെ സ്നേഹവും അവസ്ഥയും മനസ്സിലാക്കി ഭര്‍ത്താവിന് സഹായിയായി മാറി. അച്ഛന് സഹായങ്ങള്‍ നല്കി മക്കളും ഒപ്പമുണ്ട്.
Content Highlights: onam sadhya for pets and animals
Published: 15 Sept 2024, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented