തൃശ്ശൂരിനായി സ്വർണം കൊയ്ത അരുണാചൽ പ്രദേശിൻ്റെ ശൗര്യം, ജൂഡോയിൽ സ്റ്റാറായി കിപ ചിംപ
തിരുവനന്തപുരം: കായിക മേളയിലെ ജൂഡോ മത്സരത്തിനിടെ അരുണാചൽ പ്രദേശ് സ്വദേശി കിപ ചിംപയോടൊപ്പം സെൽഫിയെടുക്കാനും കുശലം ചോദിക്കാനും തിരക്ക് കൂട്ടുകയായിരുന്നു ചെറിയ കുട്ടികൾ. അധികം സംസാരിക്കാത്ത പ്രകൃതം, പക്ഷേ മത്സരത്തിന് വിസിൽ മുഴങ്ങുമ്പോൾ ആളാകെ മാറും. പിന്നെ എതിരാളികളെ വട്ടം കറക്കി മലർത്തിയടിക്കും. രണ്ട് കൊല്ലം മുൻപെയാണ് ജൂഡോ പഠിക്കാൻ കിപ ചിംപ കേരളത്തിലെത്തുന്നത്. ഇന്നിതാ കായിക മേളയിൽ തൃശ്ശൂരിനായി പോരിനിറങ്ങി സ്വർണം കരസ്ഥമാക്കിയിരിക്കുകയാണ് ഈ കൗമാര താരം. അണ്ടർ 17 ലെ 50 കിലോഗ്രാം വിഭാഗത്തിലാണ് താരത്തിൻ്റെ സുവർണനേട്ടം.
തൃശ്ശൂർ സ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലാണ് കിപയുടെ പരിശീലനം. ശിവാനന്ദാണ് കോച്ച്. അധികം സംസാരിക്കാത്ത സ്വഭാവമാണ് കിപയുടേതെന്നും വേഗതയാണ് താരത്തിൻ്റെ മികവെന്നും കോച്ച് മാതൃഭൂമിയോട് പറഞ്ഞു.
'രണ്ട് വർഷമായി തൃശ്ശൂരിൽ കിപ ജൂഡോ പരിശീലിക്കുന്നു. പുറത്ത് നിന്നുള്ള 16 കുട്ടികൾ ഇവിടെയുണ്ട്. ഉത്തർപ്രദേശ്, തെലങ്കാന, അരുണാചൽ എന്നിവിടങ്ങളിൽ നിന്നൊക്കെ കുട്ടികൾ ഉണ്ട്. വീട്ടിൽ ഒരുപാട് പൊരുതിയാണ് അവൻ ഇവിടെയെത്തിയത്. പുറത്ത് വിട്ട് പഠിപ്പിക്കാൻ അവർക്ക് താത്പര്യം ഇല്ലായിരുന്നെങ്കിലും ഒടുവിൽ അവൻ്റെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. ഇവിടെ മികച്ച പരിശീലനം ലഭിക്കുമെന്ന് കേട്ട് സ്വന്തം ഇഷ്ടപ്രകാരമാണ് അവൻ എത്തിയത്. ദേശീയ തലത്തിൽ സിൽവർ മെഡൽ നേടിയ താരം കൂടിയാണ് കിപ. കഠിനാധ്വാനിയായ കിപയുടെ ആകർഷണം വേഗതയാണ്. പെട്ടെന്ന് വീഴില്ലെന്നത് പ്രത്യകതയാണ്. തൃശ്ശൂരിലെ മലയാളം മീഡിയം സ്കൂളിലാണ് പഠിക്കുന്നത്. ഭക്ഷണം ആദ്യമൊക്കെ പ്രശ്നമായിരുന്നു. ചോറും കറികളുമൊക്കെ കഴിക്കാൻ പ്രയാസപ്പെട്ടു. ഇപ്പോൾ ഏറെക്കുറെ ശരിയായി വരുന്നു', ശിവാനന്ദ് പറഞ്ഞു.
കേരളം ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും പക്ഷേ കാലാവസ്ഥയോട് ഇണങ്ങി വരുന്നതേയുള്ളൂവെന്നും കിപ പറഞ്ഞു. കഠിനാധ്വാനം ചെയ്താൽ ജൂഡോയിൽ എളുപ്പം വിജയം കരസ്ഥമാക്കാമെന്നും ഈ കൗമാരതാരം പ്രതികരിച്ചു.
'കേരളം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ മനോഹരമായ പ്രദേശമാണ്. സ്നേഹമുള്ളവരാണ് ഇവിടുത്തെ ആളുകൾ. പക്ഷേ ഇവിടുത്തെ ഭക്ഷണത്തോട് ഞാൻ ഇണങ്ങി വരുന്നതേയുള്ളൂ. കാലാവസ്ഥയും പ്രശ്നമാണ്. കഠിനാധ്വാനം ചെയ്താൽ ജൂഡോയിൽ എളുപ്പം വിജയം കരസ്ഥമാക്കാനാകും. ടീമംഗങ്ങൾ ഒരുപാട് സഹായിക്കാറുണ്ട്', കിപ പറഞ്ഞു.
Content Highlights: Arunachal Pradesh`s Kipa Chimpa, training in Thrissur, secures a gold medal in the U-17, 50kg Judo event at the Kerala Sports Meet.
Published: 24 Oct 2025, 10:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented