
'ഞാനിപ്പോൾ നിന്നെ തടഞ്ഞാൽ നിന്റെ അച്ഛന്റെ സ്വപ്‌നങ്ങങ്ങൾ ഞാൻ ഇല്ലാതാക്കി എന്നാകും അദ്ദേഹം കരുതുക, നീ തിരികെപ്പോയി അച്ഛന്റെ സ്വപ്‌നങ്ങൾ പൂർത്തിയാക്കണം....' അമ്മ അസ്മതിയോട് ഇത് പറയുമ്പോൾ അവളുടെ അച്ഛൻ മരിച്ചിട്ട് പത്ത് ദിവസങ്ങൾ മാത്രമേയായിരുന്നുള്ളൂ. തന്റെ മകൾ ജൂഡോയിൽ രാജ്യത്തിന്റെ അഭിമാനമുയർത്തണമെന്ന അച്ഛന്റെ ജീവിതാഭിലാഷത്തെ കുറിച്ചാണ് അന്ന് അമ്മ വാതോരാതെ അസ്മിതയോട് സംസാരിച്ചത്. വീട്ടിൽതന്നെ ചടഞ്ഞുകൂടിയിരുന്നാൽ അച്ഛനോടൊപ്പം അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളും മണ്ണിലമർന്നു പോകുമെന്ന് അമ്മ അവളെ ഓർമിപ്പിച്ചു.
കണ്ണീർ വറ്റിത്തുടങ്ങിയ കണ്ണുകൾ തുടച്ച് അവൾ അന്ന് മുതൽ വീണ്ടും ഭോപ്പാലിലെ സായി സെന്ററിൽ പരിശീലനത്തിന് പോയിത്തുടങ്ങി. അന്ന് തുടങ്ങിയ ആ കണ്ണീരിൽ കുതിർന്ന യാത്ര ഏഴ് മാസങ്ങൾക്കിപ്പുറം മെഡൽ പോഡിയത്തിൽ സ്വർണത്തിളക്കവുമായാണ് നിൽക്കുന്നത്. കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവുമായി 23-കാരി രാജ്യത്തിന്റെ അഭിമാനമായി. എന്നാൽ ആ നിമിഷം കണ്ണുനിറയെ കാണാൻ ആഗ്രഹിച്ചിരുന്ന അച്ഛൻ തന്റെ കൂടെയില്ല എന്ന സങ്കടം അവളിൽ അവശേഷിച്ചു. മെഡൽദാനച്ചടങ്ങിൽ ഇന്ത്യയുടെ ദേശീയഗാനം കേട്ടപ്പോൾ കാണികൾക്കിടയിൽ അച്ഛനുണ്ടായിരുന്നെങ്കിലെന്ന് അവൾ ആഗ്രഹിച്ചു. അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.
ത്രിപുരയിലെ ചെറിയ ഗ്രാമമായ ബെലോണിയയിൽ 2003 മാർച്ച് 22-നാണ് അസ്മിത ജനിച്ചത്. സൈക്കിൾ മെക്കാനിക്കായിരുന്ന അച്ഛൻ അർജുൻ ഡേയ്ക്ക് ദിവസവും ലഭിച്ചിരുന്നത് 300 രൂപ കൂലിയായിരുന്നു. താമസമാകട്ടെ ഒരു മൺകുടിലിലും. ഓരോ ദിവസവും പട്ടിണിയില്ലാതെ മുന്നോട്ടുപോകുക എന്നതിൽ കവിഞ്ഞ ഒരാഗ്രഹവും അവൾക്കില്ലായിരുന്നു. അച്ഛന്റെ ആഗ്രഹമായിരുന്നു അവൾ ഒരു കായിക താരമായി മാറുക എന്നത്. പട്ടിണി കിടന്നിട്ടാണെങ്കിലും മകളുടെ പരിശീലനം മുടക്കാതിരിക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
തുടക്കത്തിൽ 800 മീറ്റർ ഓട്ടത്തിലായിരുന്നു അസ്മിത ട്രാക്കിലിറങ്ങിയത്. എന്നാൽ കോച്ചിന്റെ നിർദേശപ്രകാരം ജൂഡോയിലേക്ക് മാറുകയായിരുന്നു. 2015-ൽ ത്രിപുര സ്‌പോർട്‌സ് സ്‌കൂളിൽ ചേർന്നത് അസ്മിതയുടെ കരിയറിലെ വഴിത്തിരിവായി. ഒരിക്കൽ കാൽമുട്ടിന് പരിക്കേറ്റതോടെ ജൂഡോ കരിയർ തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്ന് അവൾ ഭയന്നു. പക്ഷേ അപ്പോഴും അച്ഛന്റെ തണൽ അവൾക്ക് കരുത്തേകി. ഡൽഹിയിൽ കൊണ്ടുപോയി അച്ഛൻ അസ്മിതയ്ക്ക് മികച്ച ചികിത്സ തന്നെ നൽകി. എന്നാൽ ഗ്ലാസ്‌ഗോയിലെ വലിയ വേദിയിലേക്കുള്ള അവളുടെ സ്വപ്‌നയാത്ര കാണാൻ അദ്ദേഹം കാത്തുനിന്നില്ല. കോമൺവെൽത്ത് ഗെയിംസ് അസ്മിത യോഗ്യത നേടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം മരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്നായിരുന്നു മരണം. ഇതോടെ എല്ലാം അവസാനിച്ചുവെന്ന് അവൾ കരുതി. ഗ്ലാസ്‌ഗോയിലേക്കുള്ള യാത്രപോലും വേണ്ടെന്നുവെച്ചു. എന്നാൽ ആ സമയത്താണ് അമ്മ അവൾക്ക് കരുത്തേകിയത്. അച്ഛന്റെ ചടങ്ങുകൾ കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ അവൾ വീണ്ടും പരിശീലനത്തിനെത്തി.
എന്നാൽ ഓരോ ദിവസവും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അച്ഛന്റെ ഓർമകൾ അവളെ പിന്തുടർന്നുകൊണ്ടേയിരുന്നു. ഒപ്പം മത്സരത്തിന്റെ സമ്മർദ്ദവും. ഭയത്തോടൊപ്പം പ്രതീക്ഷയും കലർന്ന ആ മാനസികാവസ്ഥയെ കുറിച്ച് അസ്മിത തന്നെ തുറന്ന് സംസാരിച്ചിട്ടുണ്ട്. 'ഈ സ്വർണത്തിനായി ഞാൻ അത്രയും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലായിരുന്നപ്പോൾ എനിക്ക് ഉറങ്ങാൻ പോലും പറ്റുമായിരുന്നില്ല. മത്സരങ്ങളെ കുറിച്ചുള്ള ചിന്തകളാൽ മനസ് എപ്പോഴും അസ്വസ്ഥമായിരുന്നു. പുലർച്ചെ എഴുന്നേറ്റ് പരിശീലനത്തിന് പോകുമ്പോൾ ഉള്ളിൽ നിറയെ ഭാരമായിരുന്നു. ഗ്ലാസ്‌ഗോയിൽ എത്തിയതിനുശേഷവും അതിനൊരു മാറ്റവും സംഭവിച്ചില്ല. എന്തായിരിക്കും സംഭവിക്കാൻ പോകുന്നത് എന്നാലോചിച്ച് ഞാൻ എപ്പോഴും ഉത്കണ്ഠപ്പെട്ടു. എല്ലാവരേയും പരാജയപ്പെടുത്തി സ്വർണം നേടുമെന്ന് ഞാൻ എന്റെ മനസിൽ പറഞ്ഞുകൊണ്ടേയിരുന്നു.'-അസ്മിത പറയുന്നു.
ഇതിനൊപ്പം ജീവിതത്തിലെ കുഞ്ഞ് സന്തോഷവും മെഡൽ പോരാട്ടത്തിനായി അവൾ മാറ്റിവെച്ചു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മധുരപലഹാരം ലൗങ് ലാറ്റ ദിവസങ്ങോളം ഫ്രിഡ്ജിൽ ഇരുന്നിട്ടും കഴിച്ചില്ല. സഹോദരൻ അസ്മിതയ്ക്കുവേണ്ടി വാങ്ങിവെച്ചതായിരുന്നു അത്. 'ഫ്രിഡ്ജിൽ അത് കാണുമ്പോഴെല്ലാം കഴിക്കാൻ കൊതി തോന്നുമായിരുന്നു. എന്നാൽ ഞാൻ എന്നെത്തന്നെ നിയന്ത്രിച്ചു. സ്വർണമെഡൽ എന്ന ലക്ഷ്യത്തിന് മുന്നിൽ ആ ചെറിയ ആഗ്രഹംപോലും മാറ്റിവെച്ചു.'-അസ്മിത മത്സരശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Content Highlights: Asmita Dey became the first Indian to win a gold medal in Commonwealth Games Judo., She overcame the sudden loss of her father just 10 days before the competition., Her journey began in a humble background in Tripura, supported by her father's vision., She maintained strict discipline, sacrificing personal comforts to focus on her training., Her success serves as a testament to perseverance and fulfilling a parent's dream.
Published: 01 Aug 2026, 09:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented