ഗ്ലാസ്‌ഗൊ (സ്കോട്ട്‌ലൻഡ്): കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ചരിത്രം കുറിച്ച താരമാണ് അസ്മിത ഡേ. പുതുചരിത്രമെഴുതിയ അസ്മിത ഡേ ജൂഡോയിലെ കന്നിസ്വർണമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് അസ്മിത സ്വർണം ചൂടിയത്. എന്നാൽ മെഡൽ നേട്ടത്തിന് പിന്നാലെ മറ്റൊരു വിവാദത്തിലായിരിക്കുകയാണ് താരം. ത്രിപുര സ്വദേശിയായ താരം ജൂഡോ മത്സരങ്ങളിൽ ഉത്തർപ്രദേശിനെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാൽ താരത്തിന് യു.പി സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം ലഭിക്കുമോയെന്നതിൽ ആശങ്ക നിലനിൽക്കുന്നു.

To advertise here,

സംസ്ഥാനത്തെ കായിക താരങ്ങൾക്കുള്ള പാരിതോഷികം സംബന്ധിച്ച് നേരത്തേ തന്നെ യു.പി ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. 2024 ഓഗസ്റ്റിലാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. പാരിതോഷികം ലഭിക്കണമെങ്കിൽ താരങ്ങൾക്കുള്ള മാനദണ്ഡങ്ങൾ ഇതിൽ വ്യക്തമായി പറയുന്നുണ്ട്. യു.പി നേരത്തേ പുറത്തിറക്കിയ ഈ യോഗ്യതാ മാനദണ്ഡങ്ങളിൽ അസ്മിത ഉൾപ്പെടുന്നില്ലെന്നാണ് വിവരം. അതിനാൽ അസ്മിതയ്ക്ക് ഈ തുക ലഭിക്കുമോ എന്നതിൽ വ്യക്തതയില്ല. അനുമതി ലഭിച്ചാൽ താരത്തിന് 1.5 കോടി രൂപയോളം ലഭിക്കും.

ഓഗസ്റ്റ് 2024 ലെ യുപി സർക്കാർ ഉത്തരവ് അനുസരിച്ച്, സംസ്ഥാന സർക്കാരിന്റെ പാരിതോഷികങ്ങൾക്ക് അർഹത നേടുന്നതിന് അത്‌ലറ്റുകൾക്ക് മൂന്ന് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. താരം ഉത്തർപ്രദേശിലെ യഥാർത്ഥ താമസക്കാരനായിരിക്കണം. അംഗീകൃത യുപി കോളേജിലോ യൂണിവേഴ്സിറ്റിയിലോ കുറഞ്ഞത് രണ്ട് വർഷമെങ്കിലും പഠിച്ചിരിക്കണം. കൂടാതെ അന്താരാഷ്ട്ര കായിക ഇനങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുകയും വേണം.

ഇതിൽ ആദ്യത്തെ രണ്ട് മാനദണ്ഡങ്ങൾ അസ്മിതയുടെ കാര്യത്തിൽ പാലിക്കപ്പെടുന്നില്ല. കാരണം താരം ത്രിപുര സ്വദേശിയാണ്. എന്നാൽ അന്താരാഷ്ട്ര കായിക ഇനങ്ങളിൽ യു.പിയെ പ്രതിനിധീകരിക്കുന്നതിനാൽ പാരിതോഷികം ലഭിച്ചേക്കാം. വിഷയത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. 2023 മുതൽ യുപി പോലീസിൽ സബ് ഇൻസ്‌പെക്ടറായും അസ്മിത സേവനമനുഷ്ഠിക്കുന്നുണ്ട്. അർഹരായ എല്ലാവർക്കും പാരിതോഷികം ലഭിക്കുമെന്നാണ് യു.പി. സ്പോർട്സ് സെക്രട്ടറി വ്യക്തമാക്കിയത്. താരങ്ങളുടെ അന്തിമ പട്ടികയ്ക്ക് രൂപമായിട്ടില്ല.

ജൂഡോ ഫൈനലിൽ കാനഡയുടെ ഹെയ്ദി ക്വാഷിനെ ഗോൾഡൻ പോയിന്റിലാണ് അഷ്മിത മറികടന്നത്. നിശ്ചിതസമയത്ത് ഇരുതാരങ്ങളും 1-1 പോയിന്റിൽ സമനിലയിലായിരുന്നു. തുടർന്ന് ഗോൾഡൻ സ്കോർ സമയത്ത് ആദ്യം പോയിന്റ് നേടി അസ്മിത വിജയിയായി.