
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ആണ്‍കുട്ടികളുടെ അണ്ടര്‍ 14-ലെ 30 കിലോ വിഭാഗത്തിന്റെ ഫൈനലില്‍ ഗോള്‍ഡന്‍ സ്‌കോറില്‍ ആശിഷും (വൈറ്റ് ബെല്‍റ്റ്) അലക്സാണ്ടറും ഏറ്റുമുട്ടുന്നു | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: കേരളത്തിലെ പഠിത്തവും ജൂഡോയുമെല്ലാം അവസാനിപ്പിച്ച് ഒഡീഷയിലെ ഗ്രാമത്തിലേക്ക് മടങ്ങിയതായിരുന്നു അവന്‍. കഴിഞ്ഞ സ്‌കൂള്‍ നാഷണല്‍ ഗെയിംസില്‍ ജൂഡോയില്‍ കേരളത്തിന്റെ വെങ്കലമെഡല്‍ താരമായിരുന്ന ആശിഷ്. അച്ഛന്‍ സൂര്യ നാഹക് കേരളത്തിലെ കൂലിപ്പണിയവസാനിപ്പിച്ച് നാട്ടിലേക്ക് പോയതായിരുന്നു കാരണം. പക്ഷെ ജൂഡോ അവനെ വീണ്ടും കേരളത്തിലെത്തിച്ചു. തൃശ്ശൂര്‍ സായിയിലെ കോച്ച് ശിവാനന്ദിന്റെ നിര്‍ബന്ധപ്രകാരം അവനെ വിടാന്‍ അച്ഛനും അമ്മയും തയ്യാറായി. ആ വരവ് വെറുതേ ആയില്ല...സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ അണ്ടര്‍ 14 വിഭാഗത്തില്‍ അവന്‍ സ്വര്‍ണമണിഞ്ഞു അതും ജൂഡോയിലെ 'ഗോള്‍ഡന്‍ സ്‌കോറില്‍'.
തൃശ്ശൂര്‍ ഗവ. മോഡല്‍ ബോയിസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ആശിഷ് നാഹക്. രണ്ട് വര്‍ഷം മുമ്പാണ് ആശിഷിന്റെ കുടുംബം ഒഡീഷയിലെ പണ്ഡിത്ഗാവില്‍ നിന്ന് തൃശ്ശൂര്‍ പെരുവല്ലൂരില്‍ എത്തുന്നത്. അവിടെ മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് ജൂഡോയില്‍ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. അത് കണ്ട് ഇഷ്ടപ്പെട്ട് ആശിഷും ചേര്‍ന്നു. അങ്ങനെ കഴിഞ്ഞവര്‍ഷം സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അണ്ടര്‍14 25 കിലോ വിഭാഗത്തില്‍ ഒഡീഷക്കാരന്‍ പയ്യന്‍ സ്വര്‍ണം നേടി. ദേശീയതലത്തിലെത്തിയപ്പോള്‍ വെങ്കലവും. അതോടെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) തൃശ്ശൂര്‍ ട്രെയിനിങ് സെന്ററിലേക്ക് അവനെ തിരഞ്ഞെടുത്തു. അശിഷ് അവിടെ പരിശീലനം തുടങ്ങി.
ഇതിനിടെ അച്ഛന്‍ ഒഡീഷയിലേക്ക് മടങ്ങി, പിന്നാലെ ആശിഷും അമ്മ ജ്യോത്സന നാഹകും. ജൂഡോയില്‍ ഭാവിയുള്ള പയ്യനാണെന്നുറപ്പുണ്ടായിരുന്ന സായി കോച്ച് ആര്‍. ശിവാനന്ദ്, അവനെ നിര്‍ബന്ധിച്ച് മടക്കി കൊണ്ടുവന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അണ്ടര്‍14 30 കിലോ വിഭാഗത്തില്‍ മത്സരിക്കാനിറങ്ങി അവന്‍ ഫൈനലിലെത്തി. എതിരാളിയായി കിട്ടിയത് എറണാകുളത്തിന്റെ അലക്സാണ്ടറെ. വാശിയേറിയ പോരാട്ടം, മത്സരസമയമായ മൂന്നു മിനിറ്റിലും ഇരുവരും പോയിന്റൊന്നും എടുത്തില്ല. ഇതോടെ ഗോള്‍ഡന്‍ സ്‌കോറിലേക്ക് മത്സരം പോയി. ആര് ആദ്യം പോയിന്റെടുക്കുന്നോ അവര്‍ ജേതാവാകും. ഗോള്‍ഡന്‍ സ്‌കോറിലും പോയിന്റുകള്‍ വന്നില്ല. പിന്നെ ഫൗള്‍ കൂടുതല്‍ ചെയ്യുന്നത് ആരാണെന്നായി ഒഫീഷ്യല്‍സിന്റെ നോട്ടം. ഗോള്‍ഡന്‍ സ്‌കോര്‍ സമയത്ത് മൂന്ന് ഫൗള്‍ വന്നാല്‍ ഔട്ടാകും. ഇരുവര്‍ക്കും രണ്ട് ഫൗളുകള്‍ വീതമായി മത്സരം പത്താം മിനിറ്റിലേക്ക് നീണ്ടു...അവസാനം അലക്സാണ്ടറുടെ അടവ് പിഴച്ചു, ഫൗള്‍ വന്നു. ആശിഷ് വീണ്ടും കേരളത്തിന്റെ ഗോള്‍ഡന്‍ ബോയ് ആയി.
Content Highlights: Ashish, an Odisha native, returns to Kerala to win a gold medal in U-14 Judo at the State School Games after a brief return to his village. His talent brought him back.
Published: 23 Oct 2025, 01:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented