സംസ്ഥാന കേരളോത്സവത്തില്‍ മലയാള നാടകത്തിലെ മികച്ച നടിയായി ഉത്തര്‍പ്രദേശുകാരി കാശിഷ് മുകേഷ്. ഉത്തര്‍പ്രദേശില്‍ നിന്നു കാഞ്ഞങ്ങാട്ടെത്തി സ്ഥിര താമസമാക്കിയ കുടുംബത്തിലെ പൂജയുടെയും രാജസ്ഥാന്‍ സ്വദേശി മുകേഷ് സിങ്ങിന്റെയും ഏഴുമക്കളിലൊരാളാണ് ബികോം വിദ്യാര്‍ഥിനിയായ കാശിഷ്.

To advertise here,

തെലങ്കാനയിലെ കര്‍ഷക ആത്മഹത്യ ഇതിവൃത്തമാക്കിയുള്ള ഇ.വി.ഹരിദാസിന്റെ രചനയില്‍ ചന്ദ്രന്‍ കരുവാക്കോട് സംവിധാനം ചെയ്ത 'നൂലുകൊണ്ട് മുറിവേറ്റവര്‍' എന്ന നാടകത്തില്‍ രേവമ്മ എന്ന കഥാപത്രത്തെയാണ് കാശിഷ് അവതരിപ്പിച്ചത്. മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ടു പേരാണ് പങ്കിട്ടത്. രേവമ്മയുടെ മകളായി അഭിനയിച്ച വെള്ളിക്കോത്തെ ഗായത്രി ഗോപാലാണ് മറ്റൊരു മികച്ച നടി. 

കാശിഷ് യാദൃശ്ചികമായാണ് നാടകത്തിലെത്തിയത്. അഭിനയിച്ച് തുടങ്ങിയപ്പോള്‍ തന്നെ മികവാര്‍ന്ന പ്രകടനം കണ്ട് വെള്ളിക്കോത്തെ നാടക പ്രവര്‍ത്തകര്‍ പ്രോത്സാഹിപ്പിച്ചു. ഗ്രാമത്തിലെ നെഹ്രുബാലവേദിയും സര്‍ഗവേദിയുമെല്ലാം പിന്തുണച്ചപ്പോള്‍ കാശിഷ് നാടക നടിയുമായി. ജില്ലാ കേരളോത്സവത്തിലും മികച്ച നടിയായിരുന്നു. ഒരു സഹോദരനും അഞ്ചു സഹോദരിമാരുമാണ് കാശിഷിനുള്ളത്. കരള്‍ രോഗ ബാധിതനായ മുകേഷ് സിങ് അഞ്ചു വര്‍ഷം മുന്‍പ് നാട്ടിലേക്കു മടങ്ങി. വെള്ളിക്കോത്തെ ഒരു ക്വാര്‍ട്ടേര്‍സ് മുറിയില്‍ പൂജയും ഏഴുമക്കളും ഒരു ദിവസം പോലും നിറച്ചുണ്ണാന്‍ ഗതിയില്ലാതെയാണ് വളര്‍ന്നത്. തയ്യല്‍പ്പണിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് പൂജ മക്കളെ പോറ്റുന്നത്. 

'എനിക്കിത് വലിയൊരു കാര്യമാണ്. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ കിട്ടിയ അവസരമായിരുന്നു നാടകം. ദാരിദ്യത്തിന്റെയും കഷ്ടപ്പാടിന്റെയും സങ്കട സംഭാഷണങ്ങള്‍, എന്റെ ജീവിതത്തിലെല്ലാദിവസവുമുണ്ട്. ഈ നാടകവും യഥാര്‍ഥ ജീവിതവും എനിക്കു രണ്ടായി തോന്നുന്നില്ല. കേരളമാണ് എന്റെ ജന്മനാട്. എന്റെയും കുടുംബത്തിന്റെയും കഷ്ടപ്പാട് അറിഞ്ഞും തങ്ങളെ സ്നേഹിച്ചും വെള്ളിക്കോത്ത് ഗ്രാമം നല്‍കുന്ന കരുതല്‍. അതാണ് ഞങ്ങളുടെ കരുത്ത്' -കാശിഷ് മുകേഷ്