കല്പറ്റ: ഉയരമുള്ള മലനിരകളും ആകാശക്കാഴ്ചകളുമെല്ലാം അവരുടെ സ്വപ്നങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നു. പരിമിതികളിൽ പതറാതെ ജീവിതത്തിൽ മുന്നേറുമ്പോഴും മനസ്സുനിറയ്ക്കുന്ന യാത്രകളും കാഴ്ചകളുമെല്ലാം ആഗ്രഹങ്ങളായിത്തന്നെ അവശേഷിച്ചു. പക്ഷേ, സ്വപ്നം കണ്ടതിനെക്കാൾ വലിയ ഉയരത്തിലേക്ക് അവർ ഒരു യാത്ര നടത്തി. ചിങ്ങേരിമലമുകളിൽ ഇളം കാറ്റേറ്റ് ആകാശക്കാഴ്ചകൾ കണ്ട് അവർ മനസ്സുനിറഞ്ഞു ചിരിച്ചു. അതിരുകൾക്കപ്പുറമുള്ള ആ യാത്ര ഭിന്നശേഷിക്കാരായ കുരുന്നുകളുടെ ജീവിതത്തിൽ പ്രത്യാശയുടെ പുതുവെളിച്ചം പകർന്നു.

To advertise here,

വീൽച്ചെയറിനെ ആശ്രയിച്ച് ജീവിക്കുന്നവരുൾപ്പെടെ ഭിന്നശേഷിക്കാരായ 15 വിദ്യാർഥികളാണ് ചിങ്ങേരിമല മുകളിലേക്ക് വെല്ലുവിളികളെ അതിജീവിച്ച് സാഹസികയാത്ര നടത്തിയത്. 10-നും 18-നു മിടയിൽ പ്രായമുള്ളവരായിരുന്നു അവരെല്ലാം. എസ്എസ്കെയും 'ഇടം' യാത്രാക്കൂട്ടായ്മയും ഡിടിപിസിയും കൈകോർത്തപ്പോഴാണ് കുരുന്നുകളുടെ സ്വപ്നയാത്രകൾ സഫലമായത്. ജില്ലയിലെ മൂന്ന് ബിആർസികളിൽനിന്നുള്ള വിദ്യാർഥികളാണ് മലകയറിയത്. നടക്കാൻ സാധിക്കാത്തവരെ രണ്ടും മൂന്നും പേരുടെ സഹായത്തോടെ എടുത്തുകയറ്റി. ശേഷം മലമുകളിൽ നിരപ്പായ സ്ഥലത്ത് വീൽച്ചെയറിട്ടാണ് കാഴ്ചകൾ കാണാൻ അവസരമൊരുക്കിയത്. കുട്ടികളുടെ സുരക്ഷ ഉൾപ്പെടെ യുള്ളതിനാൽ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു യാത്ര. പക്ഷേ, യാത്രയൊരുക്കിയ എസ്എസ്കെയുടെയും ഇടം യാത്രാക്കൂട്ടായ്മയുടെയും ഡിടിപിസിയുടെയും പ്രതിനിധികൾ ഒരുമിച്ചുനിന്നതോടെ കുട്ടികൾ സുരക്ഷിതമായി മലമുകളിലെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-നാണ് യാത്ര തുടങ്ങി യത്. മനസ്സുനിറയ്ക്കുന്ന കാഴ്ചകളെയും ഒത്തു ചേരലിന്റെ ഓർമ്മകളെയും ചേർത്തുപിടിച്ച് വൈകീട്ട് ആറുമണിയോടെ അവർ മലയിറങ്ങി.