'ഞാനി മതിലിലൊന്ന് വരച്ചോട്ടെ.' കാലം മുഖത്തും മുടിയിലും നര വരച്ചൊരു വിദേശി ഫോര്‍ട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും വീടുകളുടെ വാതിലുകളില്‍മുട്ടി ചോദിച്ചു.വെളുത്ത ഷര്‍ട്ടിലൊക്കെ കറുത്ത പെയിന്റ് ആയിട്ടുണ്ട്. ചിലര്‍ മടിയോടെ വേണ്ടെന്നു പറഞ്ഞു. മറ്റുചിലര്‍ സന്തോഷത്തോടെ 'അതിനെന്താ വരച്ചോളൂ.' എന്ന് പറഞ്ഞു.

To advertise here,

പൊരിവെയിലില്‍ കറുത്തതൊപ്പിയിട്ട് അയാള്‍ അതിവേഗം വരച്ചുതുടങ്ങി. ചിറകടിച്ചുപറക്കുന്ന പക്ഷിരൂപങ്ങള്‍ മതിലുകളില്‍ തെളിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നീല ജേഴ്‌സിയും തൊപ്പിയുമണിഞ്ഞ വിചിത്രമായ പക്ഷിമുഖങ്ങളും അതിലുണ്ട്.

പ്രശസ്ത ഓസ്‌ട്രേലിയന്‍ റിയലിസ്റ്റ് ചിത്രകാരന്‍ ജോണ്‍ മുറെയാണ് ആ മനുഷ്യന്‍. അവധി - ആഘോഷിക്കാനാണ് കൊച്ചിയിലെത്തിയത്. ചിത്രകാരിയും ഫോട്ടോഗ്രാഫറുമായ ഭാര്യ വിക്കിയും വരയ്ക്കാന്‍ കൂടുന്നുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ ചരിത്രമുറങ്ങുന്ന 'ഓള്‍ഡ് ഹാര്‍ബര്‍' ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. 

ഹോട്ടലിന്റെ ചുറ്റുമതിലുകളിലെല്ലാം ഇരുവരുടെയും വരകള്‍ നിറഞ്ഞു. സ്‌കേറ്റ് ബോര്‍ഡില്‍ നീങ്ങുന്ന പെണ്‍കുട്ടികള്‍, പക്ഷിമുഖങ്ങളുമായി സ്യൂട്ട് ധരിച്ചവര്‍.'ജീവിതം ആസ്വദിക്കാനുള്ളതാണ്.അതൊരു ഫണ്‍ ആയി കാണൂ. പണത്തെ ദൈവമായി കണ്ടാല്‍ ആളുകള്‍ നശിക്കും.' മതിലുകളില്‍ വരയ്ക്കുന്നത് എന്തിനെന്നുള്ള ചോദ്യത്തിനുള്ള ജോണിന്റെ ഉത്തരമായിരുന്നു അത്.ഓരോ രാജ്യത്തും ആ നാടിന്റ ഇഷ്ടങ്ങളാണ് അദ്ദേഹം ചിത്രങ്ങളാക്കുന്നത്.