
പാലക്കാട്: ചിത്രകഥാരചയിതാവ് കണ്ണാടി പ്രഭാമന്ദിരത്തിൽ വിശ്വനാഥൻനായർ (93) അന്തരിച്ചു. 1960-കളിലും എഴുപതുകളിലും ജനപ്രിയമായ 'ഇരുമ്പുകൈ മായാവി', 'സി.ഐ.ഡി. മൂസ', 'സി.ഐ.ഡി. മഹേഷ്', 'ബോയിങ് ബോയിങ്' തുടങ്ങി 123 ഓളം ചിത്രകഥകൾ ഇദ്ദേഹത്തിന്റേതായുണ്ട്.
കണ്ണാടി വിശ്വനാഥനെന്ന തൂലികാ നാമത്തിലായിരുന്നു രചന. കുറ്റാന്വേഷണ ചിത്രകഥകളാണ് കൂടുതലും പുറത്തുവന്നത്. തമിഴിൽനിന്ന് മൊഴിമാറ്റം നടത്തിയ 'ഇരുമ്പുകൈ മായാവി', 'സർപ്പദ്വീപ്', 'മഞ്ഞുകട്ട രഹസ്യം' എന്നിവയാണ് തുടക്കകാല രചനകൾ. 1983-ൽ 'ശൂന്യാകാശത്തിലെ ക്ഷുദ്രജീവികളാ'ണ് അവസാനമായി പ്രസിദ്ധീകരിച്ചത്.
ഭാര്യ: പെരുവെമ്പ് എമ്പനത്ത് വീട്ടിൽ ശാരദ അമ്മ. മക്കൾ: രേണുക, ശോഭ. മരുമക്കൾ: അരവിന്ദൻ, ഹരിപ്രസാദ്. സംസ്‌കാരം വെള്ളിയാഴ്ച പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.
‘സി.ഐ.ഡി. മൂസ’യുടെ സ്രഷ്ടാവ്
കണ്ണാടി വിശ്വനാഥന്റെ മരണത്തോടെ നഷ്ടമാവുന്നത് 1960-കളിലെയും എഴുപതുകളിലെയും ആസ്വാദകരെ ത്രസിപ്പിച്ച ഒട്ടേറെ തുടർചിത്രകഥകളുടെ സ്രഷ്ടാവിനെയാണ്. ചുങ്കമന്ദം യു.പി. സ്‌കൂളിലെ പ്രഥമാധ്യാപകനായിരുന്ന അച്യുതൻ നായരുടെയും ദേവകി അമ്മയുടെയും മകനായി 1932-ൽ പാലക്കാട് കണ്ണാടിയിൽ ജനിച്ചു. പത്താംക്ലാസിൽ പഠനം നിർത്തി ചെന്നൈയിലെത്തി തുന്നൽജോലി ചെയ്തു.
32-ാം വയസ്സിൽ നാട്ടിൽ തിരിച്ചെത്തി. തുടർന്ന് കുന്നത്തൂർമേട് അച്യുതൻ ബുക്ക് ഹൗസിന്റെ കെട്ടിടത്തിൽ തുന്നൽക്കടയാരംഭിച്ചു. ബുക്ക് ഹൗസിനുവേണ്ടി ചിത്രകഥകൾ മൊഴിമാറ്റാമോ എന്ന ഉടമ അച്യുതന്റെ ചോദ്യമാണ് വിശ്വനാഥൻ നായരുടെ ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് 'ഇരുമ്പുകൈ മായാവി', 'സർപ്പദ്വീപ്', 'മഞ്ഞുകട്ട രഹസ്യം' എന്നീ മൂന്ന് ചിത്രകഥകൾ തർജമചെയ്ത് പുറത്തിറക്കി. ഇതായിരുന്നു തുടക്കം. തുടർന്ന് സി.ഐ.ഡി. മൂസ, സി.ഐ.ഡി. മഹേഷ്, സി.ഐ.ഡി. മൈക്കിൾ, റിവോൾവർ റിങ്കോ എന്നിങ്ങനെ ഒട്ടേറെ ജനപ്രിയ ചിത്രകഥകൾ രചിച്ചു.
സി.ഐ.ഡി. മൂസയാണ് ഏറെ ആസ്വാദകപ്രശംസ നേടിയ കഥാപാത്രം. സ്വിച്ചിടുമ്പോൾ കീഴ്‌മേൽ മറിയുന്ന കെട്ടിടം, മനുഷ്യരെപ്പോലെ പ്രവർത്തിക്കുന്ന യന്തിരൻമാർ... അങ്ങനെ ഒട്ടേറെ അദ്ഭുതങ്ങൾ ഈ കഥകളിലൂടെ അദ്ദേഹം സൃഷ്ടിച്ചു. 'ടമാർ പഠാർ' തുടങ്ങിയ രസികൻ പ്രയോഗങ്ങൾ കൊണ്ടുവന്നതും വിശ്വനാഥൻ നായരാണ്. 1983-ലാണ് അവസാന ചിത്രകഥ 'ശൂന്യാകാശത്തിലെ ക്ഷുദ്രജീവികൾ' പുറത്തിറങ്ങിയത്. മലയാള പുസ്തകപ്രസാധകചരിത്രത്തിലും വായനാസംസ്‌കാരത്തിലും തന്റേതായ ഇടംനേടിയാണ് അദ്ദേഹം ഓർമയാവുന്നത്.
Content Highlights: Kannadi Viswanathan, legendary Malayalam comic book creator, dies at 93., Authored over 123 popular comic series including CID Moosa and Irumbukai Mayavi., Pioneered the investigative comic genre in Kerala during the 60s and 70s., Began his career by translating Tamil comics before creating original iconic characters., His work significantly influenced the reading culture of Malayalam literature.
Published: 15 May 2026, 07:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented