കൊല്ലം: 1985 ഫെബ്രുവരി 17 രാത്രി ഏഴുമണി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ചോരയില്‍ മുങ്ങിയ ശരീരവുമായി ഒരു ആംബുലന്‍സ് വന്നുനിന്നു. അതില്‍ ചലനമറ്റ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്‍. ശ്രീധരന്‍. അന്ന് കൊട്ടാരക്കര നെടുവത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന സി.പി.എം നിയമസഭാ കക്ഷി സെക്രട്ടറി എം.വി. രാഘവനും ആര്‍.എസ്. ബാബുവിനും പരിക്കേറ്റു. ഡ്രൈവര്‍ പരവൂര്‍ സ്വദേശി ശശിധരന്‍പിള്ള തല്‍ക്ഷണം മരിച്ചു. വി.എസിനേയും നായനാരേയും കരയിപ്പിച്ച ആ വാഹനാപകടത്തിന് തിങ്കളാഴ്ച 40 വയസ്സ് തികയുകയാണ്.

To advertise here,

പരിക്കേറ്റ എന്‍. ശ്രീധരന് ചികിത്സയൊരുക്കാന്‍ കാത്തുനിന്ന വി.എസ്. ഒന്നേ നോക്കിയുള്ളൂ. അദ്ദേഹം കരഞ്ഞുപോയി. വി.എസ്.കരയുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല. നായനാര്‍ വിതുമ്പി കൊണ്ടാണ് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്......' - അപകടത്തില്‍പ്പെട്ട കാറില്‍ എന്‍.എസ്സിനൊപ്പമുണ്ടായിരുന്ന മരുമകനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മീഡിയ അക്കാദമി ചെയര്‍മാനുമായ ആര്‍.എസ്. ബാബു ഓര്‍ക്കുന്നു. 

'വി.എസിന് എന്‍.ശ്രീധരനുമായുള്ള ബന്ധത്തിന് കായംകുളം കായലിനേക്കാള്‍ ആഴമുണ്ടായിരുന്നു. വി.എസ്സേ എന്ന് ശ്രീധരനും എന്‍.എസ്സേ എന്ന് അച്യുതാനന്ദനും പരസ്പരം വിളിച്ചു. വി.എസ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും എന്‍.എസ്. അസി.സെക്രട്ടറിയുമായിരുന്നു. വി.എസ്സിന്റെ വിവാഹത്തിന്‍ ക്ഷണിച്ചുകൊണ്ടുള്ള കത്തില്‍ ഒപ്പിട്ടിരുന്നത് എന്‍.എസ്സായിരുന്നു. കൊല്ലത്ത് നടക്കാനിരുന്ന എസ്.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ പതാക ഏറ്റുവാങ്ങാന്‍ ചിറ്റാറില്‍ എം.എസ്.പ്രസാദിന്റെ ശവകുടീരത്തില്‍ പോയി വരും വഴിയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബസ്സില്‍ പോകാനിരുന്ന എം.വി.ആറിനോട്, കൊല്ലത്തുനിന്ന് തീവണ്ടിയില്‍ പോകാമെന്ന് പറഞ്ഞ്, നിര്‍ബന്ധിച്ച് കാറില്‍ കയറ്റുകയായിരുന്നു. നെടുവത്തൂരില്‍ വച്ച് പാഞ്ഞു വന്ന ലോറി കാറിലിടിക്കുകയായിരുന്നു. ഡ്രൈവറുടെ പിന്നിലെ സീറ്റിലാണ് എന്‍.എസ്. ഇരുന്നത്. ആ വശം പൂര്‍ണമായി തകര്‍ന്നുപോയി. 57-ാം വയസ്സില്‍ എന്‍.എസ്. ജീവന്‍ വെടിഞ്ഞപ്പോള്‍ പാര്‍ട്ടിക്കും നാടിനും അത് തീരാനോവായി'- ആര്‍.എസ്. ബാബു പറയുന്നു 

ഒളിവ് ജീവിതം, മാസങ്ങള്‍ നീണ്ട ജയില്‍വാസം, സമരങ്ങള്‍, രഹസ്യയോഗങ്ങള്‍.....എന്‍.എസ്സിനെക്കുറിച്ച് ഭാര്യയും റിട്ട. അധ്യാപികയുമായ പത്മാവതിയുടെ മനസ്സിലുള്ളത് ഇങ്ങനെയുള്ള കുറേ ചിത്രങ്ങളാണ്.'അപകട വിവരം ആരോ എന്നോട് ചെറുതായി സൂചിപ്പിച്ചു. വലിയ പരിക്കൊന്നുമില്ല ചെറിയ അപകടമാണെന്നാണ് ആദ്യം പറഞ്ഞത്. പക്ഷേ, ഞങ്ങളെയും പ്രസ്ഥാനത്തെയും വിട്ട് അദ്ദേഹം അങ്ങ് പോയി'-കുലശേഖരപുരം പുളിനില്‍ക്കും കോട്ടയിലെ വീടിനുള്ളിലെ എന്‍.എസിന്റെ ഫോട്ടോയുടെ മുന്നിലിരുന്ന് പത്മാവതി പറഞ്ഞു. 

നാല്‍പതാം ഓര്‍മ്മദിനത്തിന് പിന്നാലെ കൊല്ലത്ത് നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് പത്മാവതി. 'മക്കളും മരുമക്കളുമൊത്ത് സമ്മേളനത്തിന് പോകണം. സഖാക്കളെയെല്ലാം കാണണം. എന്റെ സഖാവിന്റെ സാന്നിധ്യം അവിടെയുണ്ടാകും.'-അവര്‍ പറഞ്ഞു.

എന്‍.എസ്. അഥവാ കൊല്ലത്തെ ചുവപ്പിച്ച രണ്ടക്ഷരം

1928-ല്‍ കൊല്ലം വള്ളിക്കാവില്‍ ഒരു വള്ളക്കാരന്റെ മകനായി ജനിച്ച എന്‍. ശ്രീധരന്‍ വള്ളക്കാരെയും ബീഡിത്തൊഴിലാളികളെയും സംഘടിപ്പിച്ചാണ് പൊതുരംഗത്തേക്ക് വന്നത്. പെട്ടെന്ന് തന്നെ തീപ്പൊരി നേതാവായി. പുന്നപ്ര-വയലാര്‍ സമരം നടക്കുമ്പോള്‍ വള്ളിക്കാവിലെ ഒരു ബീഡിക്കടയുടെ മുന്‍പില്‍ 'ദിവാന്‍ ഭരണം തുലയട്ടെ' എന്നെഴുതിവയ്ക്കാന്‍ തക്ക പോരാളിയായി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ അസി.സെക്രട്ടറിയും ആക്ടിങ് സെക്രട്ടറിയുമായിരുന്നു. പാര്‍ട്ടി പിളര്‍ന്ന ശേഷം സി.പി.എമ്മിന്റെ ആലപ്പുഴ, കൊല്ലം ജില്ലാ കമ്മികളുടെ സെക്രട്ടറിയായി. കൊല്ലത്ത് സി.പി.എമ്മിന് അടിത്തറയുണ്ടാക്കിയ നേതാവാണ് എന്‍.ശ്രീധരന്‍. മരണശേഷം പാര്‍ട്ടി മുന്‍കൈയ്യെടുത്ത് അദ്ദഹത്തിന്റെ ഓര്‍മ്മയ്ക്കായി കൊല്ലത്ത് എന്‍.എസ്. സഹകരണ ആശുപത്രി തുടങ്ങി.

Inshorts | Remembering the tragic car accident that killed CPM leader N. Sreedharan in 1985, deeply mourned by VS Achuthanandan and others.  A poignant story of loss and legacy.