കേരളത്തിലെ തൊഴിലാളി മുന്നേറ്റങ്ങളുടെ പാഠപുസ്തകങ്ങളിലൊന്നായി കണക്കാക്കുന്ന പുന്നപ്ര-വയലാര്‍ ആധികാരിക ചരിത്രം പറയുകയാണ് ആര്‍.കെ ബിജുരാജ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുന്നപ്ര-വയലാര്‍ ചരിത്രരേഖകള്‍ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം...
വയലാറിലെ കൂട്ടക്കൊലയ്ക്കുശേഷം നീണ്ടനാള്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ ഭരണകൂടത്തിന്റെ നരനായാട്ട് അരങ്ങേറി. പട്ടാളവും, പിന്നാലെ പൊലീസും എല്ലാത്തരം ക്രൂരതകളും അഴിച്ചുവിട്ടു. വീടുകള്‍ തകര്‍ത്തു, സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെട്ടു. കൃഷിവിളകള്‍ വെട്ടിനശിപ്പിച്ചു. തൊഴിലാളി സംഘടനകളുടെ ഓഫീസുകള്‍ കയ്യേറി. അറസ്റ്റും മര്‍ദ്ദനവും രാവും പകലുമില്ലാതെ തുടര്‍ച്ചയായി നടന്നു. ഇടതുയൂണിയന്‍ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകളില്‍ പൊലീസ് കടന്നുകയറി. പുന്നപ്രയിലാകട്ടെ, ക്യാമ്പാക്രമണത്തിനിടെ വെടിവെപ്പില്‍ പരിക്കേറ്റ മുഴുവന്‍ പേരെയും ചികിത്സ നിഷേധിച്ച് അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചു.
വീടുകളില്‍നിന്ന് പുരുഷന്‍മാര്‍ ഒഴിഞ്ഞുപോയതിനാല്‍ത്തന്നെ ഭയത്തിന്റെയും നിശ്ശബ്ദതയുടെയും അന്തരീക്ഷം കനംപിടിച്ച് മൂടിനിന്നു. വയലാറിലെ കൂട്ടക്കൊലയുടെ അടുത്ത ദിവസം തുലാം പതിനൊന്നിന് (ഒക്ടോബര്‍ 28) പണിമുടക്ക് പിന്‍വലിച്ച് ഇറക്കിയ പ്രസ്താവനയില്‍ ടി.വി. തോമസ് 'സമരപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ എല്ലാ സംഭവവികാസങ്ങള്‍ക്കും ഉത്തരവാദി ഞാനാണ്. നടന്ന എല്ലാ സംഭവങ്ങളുടെയും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തിരിക്കുന്നു' എന്നറിയിച്ചു. അതിന് കാരണവും ടി.വി. തോമസ് പിന്നീട് പറഞ്ഞു: 'ഉത്തരവാദിത്തം ഞാനേറ്റെടുത്താല്‍ എന്റെ രക്തംകൊണ്ട് ദിവാന്‍ തൃപ്തിപ്പെടും; മറ്റുള്ളവരെ രക്ഷിക്കുകയും ചെയ്യാം.'
ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം പണിമുടക്ക് പ്രഖ്യാപിച്ചതു മുതല്‍ ഒളിവില്‍ പോകാതെ ടി.വി. തോമസ് പരസ്യമായി തുടര്‍ന്നു. അദ്ദേഹം ആലപ്പുഴയിലും തന്റെ വീട്ടിലുമുണ്ടായിരുന്നു. ഏത് സമയവും അറസ്റ്റ് പ്രതീക്ഷിച്ചു. തൊഴിലാളി പ്രവര്‍ത്തകരെയും നേതാക്കളെയും കൂട്ടമായി അറസ്റ്റ് ചെയ്തിട്ടും ടി.വി. തോമസിനെ അറസ്റ്റ് ചെയ്യാത്തത് ഭരണവര്‍ഗ്ഗങ്ങള്‍ക്കിടയിലെ അധികാരത്തര്‍ക്കം മൂലമാണെന്ന് കരുതുന്നതാണ് യുക്തിസഹം.
വീട്ടില്‍ കഴിഞ്ഞ ടി.വി. തോമസിനെ തുലാം 12ന് (ഒക്ടോബര്‍ 29) സുഹൃത്തും എ.വി. തോമസ് കമ്പനി മാനേജറുമായ ശ്രീനിവാസയ്യര്‍ (ശിപ്പസ്വാമി) വന്നു കണ്ട് ആലപ്പുഴ ടി.ബിയിലുള്ള ഐ.ജി. പാര്‍ഥസാരഥി അയ്യങ്കാര്‍ കാണാനാഗ്രഹിക്കുന്നുവെന്നും വിരോധമില്ലെങ്കില്‍ ചെന്ന് കാണണമെന്നും പറഞ്ഞു. അതനുസരിച്ച് ടി.വി. തോമസ് അടുത്തദിവസം തുലാം 13ന് (ഒക്ടോബര്‍ 30) ടി.ബിയില്‍ എത്തി. ടി.വി. തോമസ് എത്തുമ്പോള്‍ അവിടെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് (ജി.ഒ.സി.) വി.എന്‍. പരമേശ്വരന്‍പിള്ളയുണ്ടായിരുന്നു. ദിവാന് ജി.ഒ.സിയേക്കാള്‍ വിശ്വാസം ഐ.ജി. പാര്‍ഥസാരഥി അയ്യങ്കാരെയും ഡി.എസ്.പി. വൈദ്യനാഥ അയ്യരെയുമായിരുന്നു. തന്നേക്കാള്‍ പരിഗണനയും അധികാരവും അവര്‍ക്ക് ലഭിച്ചതില്‍ അസ്വസ്ഥനായിരുന്നു ജി.ഒ.സി. ദിവാന്‍ സര്‍ സി.പി. പട്ടാള അധികാരം ഏറ്റെടുത്തതോടെ ജി.ഒ.സി. ശരിക്കും അപ്രസക്തനുമായിരുന്നു. ടി.വി. തോമസ് ഓര്‍ക്കുന്നു: 'ഞാന്‍ ഗെയിറ്റ് കടന്ന് അകത്തേക്ക് ചെല്ലുമ്പോള്‍ ദൃഷ്ടിയില്‍ ആദ്യം പെട്ടത് ജി.ഒ.സി ആയിരുന്നു. അദ്ദേഹം എന്റെ നേരെ നോക്കിയെങ്കിലും വളരെ ഗൗരവം ഭാവിച്ച് ഞാന്‍ ഐ.ജിയെ അന്വേഷിച്ച് ഒരു മുറിയിലേക്ക് കയറിച്ചെന്നു. അദ്ദേഹത്തെ അവിടെ കണ്ടില്ല. ഞാന്‍ അടുത്ത മുറിയിലേക്ക് കടന്നുചെന്നു. അദ്ദേഹം അവിടെയുണ്ടായിരുന്നു. വളരെ സന്തോഷത്തോടുകൂടി 'ഗുഡ്മോണിങ്' പറഞ്ഞു. അടുത്തുണ്ടായിരുന്ന കസേരയില്‍ ഇരുത്തി. ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് ഒരു പട്ടാളക്കാരന്‍ വന്ന് ഐ.ജിയെ ജി.ഒ.സിയുടെ മുറിയിലേക്ക് കൊണ്ടുപോയി. ഞാന്‍ അവിടെ ഇരുന്നു. കുറേ കഴിഞ്ഞാണ് അദ്ദേഹം മടങ്ങിവന്നത്. 'എനിക്ക് താങ്കളുമായി ദീര്‍ഘമായി കാര്യങ്ങള്‍ സംസാരിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ഈ സന്ദര്‍ഭം അതിനു പറ്റിയതല്ല. നമുക്ക് പിന്നീട് കാണാം,' എന്നു പറഞ്ഞ് ഐ.ജി. യാത്രപറയുകയാണ് ചെയ്തത്.
അടുത്ത ദിവസം, ഒക്ടോബര്‍ 31, പുലര്‍ച്ചെ പട്ടാളവണ്ടികള്‍ ടി.വി. തോമസിന്റെ വീടിനു മുന്നില്‍ എത്തി. രാവിലെ ടി.വി. തോമസ് ഉറക്കമുണരുമ്പോള്‍ പട്ടാളം മുകള്‍നിലയിലെ മുറിയിലെത്തിയിരുന്നു. പട്ടാളക്കാരന്‍ ബയണറ്റ് ചൂണ്ടിനിന്നു. ഒട്ടും കുലുങ്ങാതെ ടി.വി. തോമസ് പട്ടാള മേധാവിയോട് സംസാരിച്ചു. പിന്നെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിച്ച്, സഹോദരിമാര്‍ തയ്യാറാക്കിയ കട്ടന്‍കാപ്പിയും കുടിച്ച് ഇറങ്ങി. തലയുയര്‍ത്തിപ്പിടിച്ചുതന്നെ ടി.വി. തോമസ് പട്ടാളവണ്ടിയില്‍ കയറി. സിവില്‍ ജയിലില്‍ ചുമതലയുള്ള ജഡ്ജി മാമ്മന്‍ തരകന്റെ മുന്നില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവായി. ഈ സമയത്ത് ആക്ഷന്‍ കമ്മിറ്റി തീരുമാനപ്രകാരം വീട്ടില്‍ത്തന്നെ തുടര്‍ന്ന തിരുവിതാംകൂര്‍ കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ െവെസ് പ്രസിഡന്റ് പി.കെ. പത്മനാഭനെയും അറസ്റ്റ് ചെയ്തുകൊണ്ടുവന്നു. രാത്രി വാനില്‍ തിരുവനന്തപുരത്ത് പാങ്ങോടുള്ള പട്ടാള കേന്ദ്രത്തില്‍ കൊണ്ടുപോയി. അവിടെനിന്ന് ഒക്ടോബര്‍ 31ന് വൈകിട്ട് നാലിന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പത്തു ദിവസത്തിനുശേഷം അവിടെനിന്ന് ആലപ്പുഴ സബ്ജയിലിലേക്കും കൊണ്ടുവന്നു. 1946 ഡിസംബര്‍ 10 മുതല്‍ ടി.വി. തോമസിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ആ ഉത്തരവില്‍ തൊഴിലാളികളോട് അക്രമമാര്‍ഗ്ഗം സ്വീകരിക്കാന്‍ പ്രസംഗം നടത്തുകയും ലഘുലേഖകള്‍ പ്രസിദ്ധംചെയ്തുവെന്നുമുള്ള ആരോപണം ഉന്നയിച്ചിരുന്നു. അതിന് സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഡിസംബര്‍ 9ന് ടി.വി. തോമസ് അയച്ച മറുപടിയില്‍ താനൊരിക്കലും അക്രമം നടത്താന്‍ പറയുകയോ അങ്ങനെ ആഹ്വാനം നടത്തുകയോ ചെയ്തിട്ടില്ലെന്നും എ.ടി.ടി.യു.സിയുടെ നിലപാട് അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും ഭരണഘടനാ മാര്‍ഗ്ഗങ്ങളിലൂടെ നേടിയെടുക്കലാണ് എന്നും വ്യക്തമാക്കി. ട്രാവന്‍കൂര്‍ റെസ്ട്രിക്ഷന്‍ ആന്‍ഡ് ഡിറ്റെന്‍ഷന്‍ ആക്ട് അനുസരിച്ചാണ് തന്നെ ജയിലിലടച്ചതെങ്കിലും ആ നിയമത്തില്‍ പറയുന്ന ചട്ടത്തിന് വിരുദ്ധമായി താനിപ്പോഴും ഒരു വര്‍ത്തമാനപത്രം ലഭിക്കാന്‍പോലും അവകാശമില്ലാത്ത സി ക്ലാസ് തടവുകാരനാണെന്നും സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ചു. ടി.വി. തോമസ് അറസ്റ്റിലാകുന്നതിന് പലതരം പ്രചാരണങ്ങള്‍ ആലപ്പുഴയിലും മറ്റുമുണ്ടായി. 'കുന്തത്തലവന്‍ ടി.വി. തോമസിനെ തൂക്കിലേറ്റും' എന്നായിരുന്നു പ്രചാരണം. തൂക്കിലേറാന്‍ തയ്യാറായി തന്നെയാണ് ടി.വി. തോമസ് നിലകൊണ്ടതും. രാജാവിനോട് യുദ്ധംചെയ്തു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. അതിന് ശിക്ഷ തൂക്കിലേറ്റലാണു താനും.
ടി.വി. തോമസിനെ അറസ്റ്റുചെയ്ത ഉടനെ വീട്ടില്‍ നടന്ന കാര്യങ്ങള്‍ ജ്യേഷ്ഠന്‍ ടി.വി. ചാക്കോ പറയും: 'വീട്ടിലെ എല്ലാവരെയും പുറത്താക്കി. വീട്ടു സാധനങ്ങളെല്ലാം തല്ലിത്തകര്‍ത്തു. ഉടുതുണി മാത്രമായി ഞാനും എന്റെ സഹോദരിമാരും മക്കളും ഭാര്യയുമായി തെരുവിലേക്കിറങ്ങേണ്ടിവന്നു. പന്ത്രണ്ടോളം പശുക്കളെയും എരുമകളെയും ഇറക്കി മുനിസിപ്പല്‍ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. അതൊക്കെ അവിടെക്കിടന്ന് ഭക്ഷണവും വെള്ളവുമില്ലാതെ ചത്തു. അന്ന് അന്തിയുറങ്ങാനുള്ള അവസരം തൊട്ടടുത്ത വീട്ടിലെ ഡോ. ഏലിയാമ്മ തന്നു. അവിടെനിന്നും പിറ്റേദിവസം മറ്റൊരു വീട്ടിലേക്ക് മാറി. വസ്തുവക മുഴുവന്‍ കണ്ടുകെട്ടി. വസ്തുവിലുണ്ടായിരുന്ന കൊപ്ര അട്ടികള്‍ തീവെച്ചു നശിപ്പിച്ചു' (ടി.വി.കെ 1998:121). ടി.വി. തോമസിന്റെ വീട്ടില്‍ ഇത്രയും അതിക്രമങ്ങളാണ് കാണിച്ചതെങ്കില്‍ ആലപ്പുഴയിലും ചേര്‍ത്തലയിലും പാര്‍ട്ടിയുമായി സഹകരിച്ച പലരുടെയും വീടുകള്‍ പട്ടാളം തകര്‍ത്തു. അതില്‍ സി.കെ. കുമാരപ്പണിക്കരുടെ വീടും ഉള്‍പ്പെടും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിസ്സഹായരായി സ്ഥലംവിടുക മാത്രമാണ് ഈ ഭീകരാവസ്ഥയില്‍ ചെയ്യാനുണ്ടായിരുന്നത്.
ആദ്യഘട്ടത്തില്‍ കെ.വി. പത്രോസ്, കെ.സി. ജോര്‍ജ്, സി.കെ. കുമാരപ്പണിക്കര്‍ തുടങ്ങിയ നേതാക്കളെ പിടികൂടാനായിരുന്നു ഭരണകൂടത്തിന്റെ വീടുകള്‍ കയറിയുള്ള പരിശോധനയും അറസ്റ്റും മര്‍ദ്ദനവും. നിരവധി പേരെ ലോക്കപ്പുകളില്‍ കൊല്ലാക്കൊല ചെയ്തു. ചേര്‍ത്തല മേഖലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത എന്‍.എസ്.പി. പണിക്കരെ കന്നി 19ന് അറസ്റ്റു ചെയ്ത് ചേര്‍ത്തല ലോക്കപ്പില്‍ അടച്ചു. അവിടെ അദ്ദേഹം മര്‍ദ്ദനവും പീഡനവും ഏറ്റു. തെങ്ങുകയറ്റ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകന്‍ ഒ.എം. അബൂബക്കറെയും, കയര്‍ഫാക്ടറി തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകന്‍ എ.കെ. പരമനെയും തുടര്‍ ദിവസങ്ങളില്‍ സ്റ്റേഷനില്‍ പൂട്ടിയിട്ടു. എന്‍.എസ്.പി. പണിക്കര്‍ അനുഭവം പറയുന്നത് ഇങ്ങനെയാണ്: 'തുലാം 10ന് 'മൂന്നുമണിയോടുകൂടി കാറുകളുടെ ഇരമ്പല്‍കേട്ട് ഞാന്‍ അഴികള്‍ക്കിടയില്‍ കൂടി പുറത്തേക്കു നോക്കി. അനേകം ലോറികള്‍ വാതില്‍ക്കല്‍ ഉണ്ട്. നെഞ്ചിലും മറ്റും വെടിയേറ്റ് ചോരയില്‍ കുളിച്ച എന്റെ സഖാക്കളെ പൊലീസുകാര്‍ ഒരു ലോറിയില്‍നിന്നും പുറത്തേക്ക് വലിച്ചെറിയുന്നത് കണ്ടു. വെടിയേറ്റവരും അല്ലാത്തവരുമായി അനവധി സഖാക്കളെ ആ കഴുകന്‍മാര്‍ കൂട്ടിക്കൊണ്ടുവന്നിരുന്നു. ആ പൊലീസ് സ്റ്റേഷന്‍ ഒരു കൊലയറയായി മാറി. കുറച്ചുകഴിഞ്ഞ് ഒരു ഡോക്ടറും ചില പരിചാരകന്‍മാരും അവിടെയെത്തി ചില പ്രഥമ ശുശ്രൂഷകള്‍ നടത്തി.'
എന്‍.സി.പി. പണിക്കര്‍ വയലാര്‍ വെടിവയ്പിനുശേഷമുള്ള ചേര്‍ത്തല പൊലീസ് സ്റ്റേഷന്റെ അവസ്ഥ വിവരിച്ചതിങ്ങനെയാണ്: 'മുന്നൂറിലധികം തടവുകാരാണ് ചേര്‍ത്തല സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. മൂന്നു മുറികള്‍ മാത്രമാണ് അവിടെയുള്ളത്. ഒരു മുറിയില്‍ ഏഴു പേര്‍ക്ക് മാത്രമേ കിടക്കാന്‍ കഴിയുകയുള്ളൂ. ഒന്നില്‍ ഒരു കുഷ്ഠരോഗിയെ നേരത്തേ ഒറ്റയ്ക്ക് അടച്ചിരുന്നു. കൈകാലുകള്‍ രോഗംമൂലം മുറിഞ്ഞുതുടങ്ങിയിരുന്നതിനാല്‍ ആ മുറിയില്‍ത്തന്നെയാണ് ഭക്ഷണം കഴിക്കുന്നതും മലമൂത്രവിസര്‍ജ്ജനം നടത്തുന്നതും. അതിന്റെ അടുത്തുപോലും ചെല്ലാന്‍ ദുര്‍ഗന്ധംമൂലം സാധ്യമല്ലായിരുന്നു. ഈ മുറിയില്‍ 98 പേരെ ഇട്ടുപൂട്ടി. മറ്റു മുറികളില്‍ ബാക്കിയുള്ളവരെയെല്ലാം കൂടിയിട്ടു. ഈ നില രണ്ടുമൂന്നു മാസം ഉണ്ടായിരുന്നു. വെടിവെപ്പ് കഴിഞ്ഞതിന്റെ പിറ്റേദിവസം രാവിലെ ഉണ്ടായിരുന്ന മുന്നൂറില്‍പ്പരം സഖാക്കളെ നാലുവരിയായി ഒരു ഘോഷയാത്രപോലെ നിറുത്തിയാണ് വെളിക്കിറക്കാന്‍ കൊണ്ടുപോയത്. അതിന്റെ മുന്നില്‍ എന്നെയും കുമാരന്‍ വക്കീലിനെയും (തൊഴിലാളി പ്രവര്‍ത്തകനായ സി.കെ. കുമാരന്‍) പട്ടാളക്കാര്‍ പിടിച്ചുനിര്‍ത്തി. മൂത്രവും മലവും നിറഞ്ഞ രണ്ടു കുടം കൊണ്ടുവന്ന് ഞങ്ങളെക്കൊണ്ട് എടുപ്പിച്ചാണ് പോയത്. പോകുന്ന വഴിക്ക് തോക്കിന്റെ ബട്ടുകൊണ്ട് ഞങ്ങളെ ഇടിച്ചു. ലാത്തികൊണ്ട് തലയ്ക്കടിച്ചു. ഇടിയുടെ ശക്തികൂടിയപ്പോള്‍ കുടം താഴെ വീണ് ഉടഞ്ഞുപോയി. അതിനും ഇടികിട്ടി.
വെളിക്കിറങ്ങിക്കൊണ്ടിരിക്കുമ്പോഴും എല്ലാവര്‍ക്കും ഇടിയുണ്ട്. അതിനുശേഷവും വെറും നാമമാത്രമായ കഞ്ഞികൊടുക്കലിന് കൊണ്ടുപോയി ഇരുത്തും. പക്ഷേ, കഞ്ഞിയേക്കാള്‍ ബൂട്സ് ഇട്ട കാലുകൊണ്ടുള്ള ഇടിയാണ് വിളമ്പുന്നത്.' അറസ്റ്റിലായി ചേര്‍ത്തല സ്റ്റേഷനില്‍ കുടുംബത്തിന് ഒപ്പം വന്ന 80 വയസ്സിലേറെയുള്ള സ്ത്രീ മര്‍ദ്ദനത്തിലും മറ്റും പ്രതിഷേധിച്ച് ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ ആശുപത്രിയില്‍ മരിച്ചുവെന്ന് എന്‍.എസ്.പി. പണിക്കര്‍ സാക്ഷ്യം പറയുന്നു. കടക്കരപ്പള്ളിയില്‍ ചെത്തുതൊഴിലാളിയെ ഒരു റൗഡി ഭയങ്കരമായി മര്‍ദ്ദിച്ചശേഷം പട്ടാളത്തിന് പിടിച്ചുകൊടുത്തു. പട്ടാളക്കാരുടെ മധ്യത്തില്‍ വെച്ച് ചെത്തുതൊഴിലാളി റൗഡിയെ കയ്യിലിരുന്ന കത്തികൊണ്ട് മുറിവേല്‍പിച്ചു. പട്ടാളക്കാര്‍ ചെത്തുതൊഴിലാളിയുടെ കൈകള്‍ തല്ലിയൊടിച്ച് ലോക്കപ്പില്‍ കൊണ്ടുവന്നു തള്ളി. രക്തത്തില്‍ കുളിച്ച് ബോധമില്ലാതെ അയാള്‍ ലോക്കപ്പില്‍ കിടന്നു (ജോര്‍ജ് 1998: 82).
നേരിട്ട് പട്ടാളത്തിന്റെ വെടിയേറ്റില്ലെങ്കിലും മരിച്ച നിരവധി പേര്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ ഉണ്ട്. മുഹമ്മയിലെ ബീഡിത്തൊഴിലാളിയായിരുന്ന, 25 വയസ്സുകാരനായ നാരായണന് (പുത്തനങ്ങാടി സ്വദേശി) മര്‍ദ്ദനത്തിന്റെ ഫലമായി ടൈഫോയിഡ് വന്നു. പൊലീസുകാര്‍ മലവിസര്‍ജ്ജനവേളയില്‍ തോട്ടിലെ വെള്ളത്തില്‍ അയാളെ മുക്കിപ്പിടിച്ചു. ശ്വാസംമുട്ടിയ നാരായണന്‍ തോക്കുമേന്തിനിന്ന പൊലീസുകാരന്റെ കരണത്ത് ആഞ്ഞടിച്ചു. അതിന് പൊലീസുകാര്‍ എല്ലാവരും ചേര്‍ന്ന് നാരായണനെ മര്‍ദ്ദിച്ചവശനാക്കി. റോഡിലൂടെ വലിച്ചിഴച്ച് സ്റ്റേഷനില്‍ കൊണ്ടുവന്നു. മരിക്കുമെന്നുറപ്പായ ഘട്ടത്തില്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെവെച്ച് മരിച്ചു.
മാരാരിക്കുളത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ സി.കെ. മാധവനെ ഒളിവിലിരിക്കുമ്പോള്‍ വീട്ടില്‍നിന്നുതന്നെ പൊലീസ് പിടികൂടി. കരഞ്ഞുകൊണ്ട് പുറകെ ഓടിയ സഹോദരി മൈല്‍കുറ്റിയില്‍ തട്ടി വീണു ഗുരുതരമായി പരിക്കേറ്റു. അവര്‍ 10ാം ദിവസം മരിച്ചു. വിപ്ലവഗായിക അനസൂയയുടെ വീട് തല്ലിപ്പൊളിച്ച പട്ടാളം അവിടെ സന്നിജ്വരത്തില്‍ അവശയായി കിടന്ന സഹോദരിയെ പുറത്തേക്ക് വലിച്ചിറക്കി. അവര്‍ അടുത്ത ദിവസം അയല്‍വക്കത്തെ വീട്ടില്‍ അന്ത്യശ്വാസം വലിച്ചു.
ഗൂഢാലോചന കേസില്‍ പ്രതിയാക്കി കൊല്ലത്തെ ട്രേഡ് യൂണിയന്‍ നേതാവ് ടി.കെ. ദിവാകരനെ അറസ്റ്റ് ചെയ്ത് നിഷ്ഠുരമായി മര്‍ദ്ദിച്ച് ആലപ്പുഴയിലേക്ക് കൊണ്ടുവന്നു. മുമ്പ് കൊല്ലത്ത് സൈക്കിളില്‍ ഓവര്‍ലോഡ് പോയ രണ്ടു തൊഴിലാളികളെ മര്‍ദ്ദിച്ചശേഷം സ്റ്റേഷനില്‍ കൊണ്ടുവന്ന് ഉച്ചവെയിലില്‍ അവരെ സൈക്കിള്‍ ചവിട്ടിച്ചുവെന്ന പരാതി ഉയര്‍ത്തിയത് ടി.കെ. ദിവാകരനായിരുന്നു. തെളിവുകള്‍ നിരത്തി പരാതി നല്‍കിയതിനാല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാടാരെ എസ്.ഐയായി തരംതാഴ്ത്തി ആലപ്പുഴയിലേക്ക് സ്ഥലംമാറ്റിയിരുന്നു. ആ നാടാരാണ് പുന്നപ്ര സ്റ്റേഷന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നാടാരുടെ മരണത്തിന് 'കാരണക്കാരന്‍' എന്ന നിലയ്ക്കായിരുന്നു ടി.കെ. ദിവാകരനെ മര്‍ദ്ദിച്ച് അവശനാക്കിയത് (ശ്രീകണ്ഠന്‍ നായര്‍ 1976:16).
ഇ.എം.എസിനെ കാണാന്‍ എത്തിയ വര്‍ഗീസ് വൈദ്യനെ 1946 നവംബര്‍ 4ന് കോഴിക്കോട് ദേശാഭിമാനി ഓഫീസില്‍നിന്ന് പിടികൂടി. അടുത്ത ദിവസം സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. വര്‍ഗീസ് വൈദ്യന്റെ അമ്മയെ വീട്ടില്‍നിന്ന് പുറത്താക്കി വീട് പൂട്ടി മുദ്രവെച്ചു. അദ്ദേഹത്തിന്റെ പ്രസും ബുക്സ്റ്റാളും പൂട്ടി. പുനലൂരിലെ ഷെല്‍ട്ടറില്‍നിന്ന് എം.എന്‍. ഗോവിന്ദന്‍ നായരും പിടിയിലായി. പുന്നപ്ര-വയലാര്‍ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലമരം ദാമോദരന്‍ എന്ന പി.കെ. ദാമോദരന്‍ ക്യാമ്പാക്രമണതിനു ശേഷം ഒളിവില്‍ പോയെങ്കിലും തൃക്കുന്നപ്പുഴയില്‍ വെച്ച് പിടിക്കപ്പെട്ടു. ക്രൂരമര്‍ദ്ദനം നേരിട്ടു. 1947 മാര്‍ച്ച് അവസാനം കെ.എസ്. ബെന്‍ കോഴിക്കോട്ട് പിടിയിലായി.
പുന്നപ്ര-വയലാര്‍ ഗൂഢാലോചന കേസിലെ അഞ്ചാം പ്രതി എന്‍. ശ്രീകണ്ഠന്‍ നായരെ 1947 ആഗസ്റ്റ് 21ന് കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഉദ്ഘാടന റാലിക്കിടെയായിരുന്നു അറസ്റ്റ്. അറസ്റ്റിനുശേഷം രണ്ടുമാസത്തിനുള്ളില്‍ തിരുവിതാംകൂറിന് കൈമാറേണ്ടതുണ്ടെങ്കിലും അതു ചെയ്യാതെ മനഃപൂര്‍വം കോഴിക്കോട് ജയിലില്‍ അടച്ചു.
അറസ്റ്റുകള്‍ ഒരു വശത്ത് നടക്കുമ്പോള്‍ത്തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും യൂണിയനുകളുടെയും ഓഫീസുകളും കേന്ദ്രങ്ങളും പൊലീസും പട്ടാളവും തകര്‍ത്ത് റെയ്ഡുകള്‍ നടത്തി. 1946 ഒക്ടോബര്‍ 30 ആകുമ്പോള്‍ ആലപ്പുഴ പട്ടണത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും തൊഴിലാളി സംഘടനയുടെയും എല്ലാ ഓഫീസും പട്ടാളം തെരഞ്ഞു. എല്ലാം അടച്ചുപൂട്ടി ലഘുലേഖകള്‍, കൊടികള്‍, രേഖകള്‍ എന്നിവയെല്ലാം പിടിച്ചെടുത്ത് ഓഫീസുകള്‍ തകര്‍ത്തു. പൊലീസ് ഗൈഡിന്റെ സഹായത്തോടെയാണ് പട്ടാളത്തിന്റെ റെയ്ഡ് നടന്നത്. കെട്ടിടങ്ങളിലും ഓഫീസുകളിലുമൊന്നും ആരുമുണ്ടായിരുന്നില്ല. ഒരോഫീസില്‍ ഒരാണ്‍കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിടിച്ചെടുത്ത വസ്തുക്കള്‍ എല്ലാം 3 ടണ്‍ വരും. അത് ഒരു ലോറി നിറച്ചുമുണ്ടായിരുന്നു. പട്ടാളം 1946 നവംബര്‍ 8ന് (1122 തുലാം 22) 724 വാരിക്കുന്തങ്ങള്‍ പിടിച്ചെടുത്ത് പൊലീസിനു കൈമാറി. ആലപ്പുഴ റഹീം ബംഗ്ലാവില്‍ ക്യാമ്പു ചെയ്തിരുന്ന ഫിഫ്റ്റി ത്രീ ട്രാവന്‍കൂര്‍ ജി.പി.റ്റി. എന്ന കമ്പനിയിലെ പട്ടാളക്കാര്‍ വാടയ്ക്കല്‍ നാട്ടിലിറങ്ങി പലരേയും പിടികൂടി. അവര്‍ പിന്നീട് വാടയ്ക്കല്‍ യൂണിയനോഫീസ് തീവെച്ചു നശിപ്പിച്ചു.
കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ നേതാവായ കെ.കെ. കുഞ്ഞന്‍ അക്കാലത്തെ ഭരണകൂട വേട്ടയെക്കുറിച്ച് എഴുതിയത് ഇപ്രകാരം: 'നമ്മുടെ യൂണിയന്‍ ആഫീസ്, രണ്ട് നൈറ്റ്‌സ്‌കൂള്‍, വായനശാല, ഗ്രന്ഥശാല, കലാകേന്ദ്രം, 4 സബ് ആഫീസുകള്‍ എന്നിവയെല്ലാം പട്ടാളം കയ്യേറി. സബ് ആഫീസുകളില്‍ ചിലതു കത്തിച്ചുകളഞ്ഞു. യൂണിയന്‍ വകമാത്രം 6000 ത്തിനുമേല്‍ ഉറുപ്പികയുടെ സാധനങ്ങളും മുപ്പതുകൊല്ലത്തെ റിക്കാര്‍ഡുകളും പട്ടാളവും പൊലീസും റൗഡികളും കൂടി കൊള്ളചെയ്തു. ഇതിനു പുറമെ പട്ടാളവും പൊലീസും നാട്ടുപ്രമാണികളും വീടുവീടാന്തരമായി കയറിയിറങ്ങി. അനേകായിരം ഉറുപ്പികയുടെ അനേകം സ്വര്‍ണ്ണാഭരണങ്ങളും ആടുമാടുകളും ബയണറ്റു ചൂണ്ടിക്കൊണ്ടു നാട്ടുകാരില്‍നിന്നും കൊള്ളയടിച്ചു. പണം കൊടുത്ത് ആത്മാവിനെ രക്ഷിക്കുക എന്ന വിഭ്രാന്തി നാട്ടുകാരില്‍ ഉളവാക്കി. 1000ത്തിനുമേല്‍ പ്രവര്‍ത്തകരും സഖാക്കളും തിരുവിതാംകൂറിനകത്തും ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലുമായി ഒളിവില്‍ പോയി.'
വയലാറിലെ സൈനിക നടപടിക്കു ശേഷവും തുടര്‍ദിവസങ്ങില്‍ മറ്റിടങ്ങളില്‍ തൊഴിലാളികളുടെ സായുധ ഇടപെടല്‍ ഉണ്ടാകുമോയെന്ന് തിരുവിതാംകൂര്‍ ഭരണകൂടം ഭയന്നു. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍നിന്ന് സ്ഥലം വിട്ട കമ്യൂണിസ്റ്റ് നേതാക്കള്‍ മറ്റിടങ്ങളില്‍ കുഴപ്പമുണ്ടാക്കുമോയെന്നായിരുന്നു ഭയം. തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് 1946 ഒക്ടോബര്‍ 31ന് (1122 തുലാം 14) തിരുവനന്തപുരം ജില്ലാ പൊലീസ് സൂപ്രണ്ടിന് അയച്ച 'അടിയന്തരവും രഹസ്യവുമായ' കത്തില്‍ 'ചേര്‍ത്തല അമ്പലപ്പുഴ താലൂക്കുകളില്‍നിന്ന് ചില റിബലുകള്‍ എങ്ങനെയൊക്കെയോ രക്ഷപ്പെട്ട് വെട്ടൂര്‍, വര്‍ക്കല, കടക്കാവൂര്‍, മുരുക്കുംപുഴ, വേളി, കടകംപള്ളി എന്നിങ്ങനെ ചിറയന്‍കീഴ്, തിരുവനന്തപുരം താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലേക്ക് നുഴഞ്ഞുകയറിയതായി പട്ടണത്തില്‍ ശക്തമായ കിംവദന്തി'യുള്ളതായി അറിയിക്കുന്നു. ഇവരെ നിരീക്ഷിക്കുകയും ശക്തമായി നടപടിയെടുക്കുകയും ചെയ്യണമെന്നായിരുന്നു ജില്ലാ മജിസ്ട്രേറ്റിന്റെ ആവശ്യം. ഈ ആശങ്കയില്‍ ചില ശരികളുണ്ടായിരുന്നു. രക്ഷപ്പെട്ട കമ്യൂണിസ്റ്റുകാര്‍ക്ക് പുനലൂരും കൊല്ലത്തുമായി സംഘടനതന്നെ ഷെല്‍ട്ടര്‍ ഒരുക്കി. എസ്. കുമാരനും എസ്. ദാമോദരനും ഒളിവിലേക്ക് ആദ്യം എത്തിയത് പുനലൂരാണ്.
അടിച്ചമര്‍ത്തലിന്റെ ഭാഗമായി ഭരണകൂടം പത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും മേല്‍ കൂട്ട നടപടികള്‍ എടുത്തു. സി. കേശവന്റെ 'ഇനി ഒരു സമരം മാത്രം' എന്ന പ്രസ്താവന തിരുവനന്തപുരം ഭാരത് പ്രസില്‍ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. ഇത് തിരുവിതാംകൂര്‍ എമര്‍ജന്‍സി പവേഴ്സ് ആക്ട് (ആക്ട് 1/1122) സെക്ഷന്‍ 2 പ്രകാരം 1946 ഒക്ടോബര്‍ 30ന് നിരോധിച്ചു. പുന്നപ്ര-വയലാര്‍ വാര്‍ത്ത അച്ചടിച്ചതിന് കെ.കെ. ചെല്ലപ്പന്‍പിള്ളയുടെ പത്രാധിപത്യത്തിന്‍ കീഴില്‍ കൊല്ലത്തെ നേതാജി പ്രസില്‍ നിന്ന് അച്ചടിച്ചിരുന്ന യുവകേരളം പത്രം 1946 നവംബര്‍ 3ന് തിരുവിതാംകൂര്‍ എമര്‍ജന്‍സി പവേഴ്സ് ആക്ട് പ്രകാരം നിരോധിച്ചു. 1946 ഒക്ടോബര്‍ 31ന് പത്രത്തില്‍ വന്ന വാര്‍ത്തയാണ് നിരോധനത്തിന് കാരണം. ജനം ഒരു വാര്‍ത്തയുമറിയരുത് എന്ന് ശഠിച്ച ഭരണകൂടം ഒരുതരത്തിലുള്ള എതിര്‍ ശബ്ദങ്ങളും ഉയരാതിരിക്കാന്‍ അടിച്ചമര്‍ത്തലും തിരച്ചിലും ശക്തമായി തുടര്‍ന്നു.
പുന്നപ്ര-വയലാറുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഭരണകൂടം ചുമത്തി. പുന്നപ്ര പൊലീസ് ക്യാമ്പാക്രമണത്തിലോ മറ്റ് സായുധ ചെറുത്തുനില്‍പ്പുകളിലോ നേരിട്ട് പങ്കാളിയല്ലാത്തതിനാല്‍ ടി.വി. തോമസിനെ പോലുള്ളവരെ പ്രതികളാക്കാന്‍ ഒരു ഗൂഢാലോചന കേസ് കൂടി ചുമത്തി. ഗൂഢാലോചന കേസില്‍ ഒന്നാം പ്രതി ടി.വി. തോമസായിരുന്നു. രണ്ടാം പ്രതി എം.എന്‍. ഗോവിന്ദന്‍ നായര്‍. എസ്. കുമാരന്‍, കെ.വി. പത്രോസ്, കെ.സി. ജോര്‍ജ്, വര്‍ഗീസ് വൈദ്യന്‍, സി.കെ. വേലായുധന്‍ അടക്കമുള്ള നേതാക്കളെ ഈ കേസില്‍ കൂട്ടുപ്രതികളാക്കി. പുന്നപ്ര-വയലാറുമായി എം.എന്‍. ഗോവിന്ദന്‍നായര്‍ക്ക് നേരിട്ട് ബന്ധം ഉണ്ടായിരുന്നില്ല. അദ്ദേഹം ആലപ്പുഴയില്‍ സമരത്തിനുമുമ്പ് ഒന്നുരണ്ട് തവണ പോവുകയും ആര്യാട് എസ്. കുമാരന്റെ വീട്ടില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കുകയും മാത്രമാണ് ചെയ്തിരുന്നത്. നൂറുകണക്കിന് വോളന്റിയര്‍മാര്‍ക്ക് പട്ടാള പരിശീലനം നല്‍കി എന്നതായിരുന്നു എം.എന്‍. ഗോവിന്ദന്‍നായര്‍ക്കുമേല്‍ ചുമത്തിയ ഒരു കുറ്റം.
തിരുവിതാംകൂറില്‍ നിലനിന്ന ക്രിമിനല്‍ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പുന്നപ്ര-വയലാറുമായി ബന്ധപ്പെട്ട 1122 കന്നി 31ന് (1946 ഒക്ടോബര്‍ 17) മുമ്പുള്ള കേസുകളിലെ വിചാരണ. പുന്നപ്രയിലെ കന്നി 31 തീവെപ്പ്, ചേര്‍ത്തലയിലെ കാട്ടുങ്കല്‍ രാമന്‍ വധക്കേസ് തുടങ്ങിയവയ്‌ക്കെല്ലാം സാധാരണ ക്രിമിനല്‍ നടപടി ചട്ടങ്ങളായിരുന്നു ബാധകം. എന്നാല്‍, അതിനുശേഷമുള്ള (കന്നി 31ന് ശേഷമുള്ള) പുന്നപ്ര-വയലാര്‍ കേസുകള്‍ പട്ടാള കോടതി (സമ്മറി കോടതി)യിലാണ് വിചാരണ ചെയ്തത്. കന്നി 31ന് ശേഷമുള്ള ചില 'കുറ്റകൃത്യങ്ങള്‍' പട്ടാള മേധാവിയുടെ വിവേചനാധികാര നിര്‍ദ്ദേശപ്രകാരം സാധാരണ കോടതികള്‍ക്കു കൈമാറി.
1946 നവംബര്‍ 8ന് തന്നെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ കേസുകള്‍ കൈകാര്യം ചെയ്തതിന് വി. കൃഷ്ണമൂര്‍ത്തി അയ്യരെ സ്പെഷല്‍ മജിസ്ട്രേറ്റായി നിയമിച്ചിരുന്നു. അദ്ദേഹത്തിന് ജില്ലാ മജിസ്ട്രേറ്റിന്റെ അധികാരവും നല്‍കി. കിടങ്ങാംപറമ്പു മൈതാനത്തിന് തൊട്ടടുത്തുള്ള ജില്ലാ കോടതി വളപ്പിലായിരുന്നു പുന്നപ്ര-വയലാര്‍ കേസ് പരിഗണിച്ച പ്രത്യേക കോടതി പ്രവര്‍ത്തിച്ചത്. സബ് ജയിലില്‍നിന്ന് കോടതിയിലേക്ക് വന്‍ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ കേസിലെ പ്രതികള്‍ പോകുന്നത് കാണാനായി ആളുകള്‍ ദിവസവും തിങ്ങിക്കൂടി. അതുതന്നെ കമ്യൂണിസത്തിനോട് അനുകൂലമായ വികാരം ജനങ്ങളില്‍ പടര്‍ത്തി.
ആലപ്പുഴ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കോടതിയാണ് ചേര്‍ത്തല കാട്ടുങ്കല്‍ രാമന്‍ വധക്കേസ് പരിഗണിച്ചത്. 54 പ്രതികളുണ്ടായിരുന്ന കേസില്‍ ആദ്യം പിടിയിലായത് 35 പേരാണ്. ഒളിവില്‍കഴിഞ്ഞ 19 പേരുടെ വിചാരണ രണ്ടാം ഘട്ടത്തില്‍ നടത്തി സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് പി. മുഹമ്മദ് കുഞ്ഞ് 1954 ആഗസ്റ്റ് 7ന് വിധി പറഞ്ഞു (അനുബന്ധം 5:1 കാണുക). സി.കെ. കുമാരപ്പണിക്കരായിരുന്നു കേസില്‍ ഒന്നാം പ്രതി. എന്‍.പി. തണ്ടാര്‍ അടക്കം 19 പ്രതികള്‍. അഞ്ചു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. പ്രതികളായ ചൊക്കന്‍ പാലന് രണ്ടുവര്‍ഷം കഠിനതടവും പത്മനാഭന് ആറുമാസത്തെ കഠിനതടവും വിധിച്ചു. അഞ്ചാം പ്രതി രാമനും എട്ടാം പ്രതി കുഞ്ഞനും 9 മാസത്തെ കഠിനതടവുമായിരുന്നു ശിക്ഷ. ഒമ്പതാം പ്രതി പൈലി ലോനന് 6 മാസം കഠിനതടവും വിധിച്ചു. അഞ്ച് പ്രതികളെ വെറുതെ വിട്ടു.
കന്നി 31 പുന്നപ്ര തീവെപ്പ് കേസില്‍ 28 പേരായിരുന്നു പ്രതികള്‍. പുന്നപ്രക്കാരോ പുന്നപ്രയുടെ ചുറ്റുവട്ടത്തുള്ളവരോ ആയിരുന്നു പ്രതികള്‍ എല്ലാംതന്നെ. 1949 ഒക്ടോബര്‍ 9ന് (1125 വൃശ്ചികം 24)ന് ആലപ്പുഴ സെഷന്‍സ് കോടതി ജഡ്ജി കെ. ശങ്കരനാരായണ അയ്യര്‍ (പി.ഇ 5/1122) കേസില്‍ വിധി പറഞ്ഞു (അനുബന്ധം 5.2 കാണുക). നാല് പേരെ കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചു. ബാക്കി 24 പ്രതികള്‍ക്ക് രണ്ടുവര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെ കഠിനതടവ് വിധിക്കപ്പെട്ടു.
ഔസേപ്പ് ഗ്രിഗോറി, സില്‍വസ്റ്റര്‍ ആല്‍ബെര്‍ട്ട്, സില്‍വസ്റ്റര്‍ പീലീസ്, ഔസേപ്പ് പീറ്റര്‍, പൗലോസ് ഫ്രഞ്ചു, വാവ മടത്തീഞ്ഞ്, യോഹന്നാന്‍ ലിയോണ്‍, യൂനിസ് മൈക്കിള്‍, ചാക്കോ വറീത് എന്ന അച്ചു, വിശ്യാന്തി തോമ, അഗസ്തീഞ്ഞു അേന്ത്രാസ്, കണ്ണമാലി യോഹന്നാന്‍, പീറ്റര്‍ സെബാസ്റ്റ്യന്‍, ശൗര്യാര്‍ ഞൊണ്ടി ദേവസ്യ എന്നിവര്‍ക്കായിരുന്നു മൂന്നുവര്‍ഷം കഠിന തടവ്. ഡൊമിനി യോഹന്നാന്‍, ലവറാന്തി ജോസഫ്, ഔസേപ്പ് അരുളപ്പന്‍, ഫ്രാന്‍സിസ് തോമസ് എന്ന കണ്ണമാലി തോമ, ആേന്ത്രാസ് അന്തോണി, വിശ്യാന്തി ദേവാസ്തി എന്നിവര്‍ക്കായിരുന്നു രണ്ടര വര്‍ഷം തടവ്. പ്രതികളില്‍ പലര്‍ക്കും പല വകുപ്പുകളിലായി കൂടുതല്‍ കാലം ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയായിരുന്നു
Content Highlights: RK Bijuraj Book Punnapra vayalar History
Published: 29 Jul 2025, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.




Most Commented