വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ എൽഡിഎഫിന് ലഭിക്കുമെന്ന പറഞ്ഞ 110 സീറ്റ് യഥാർഥത്തിൽ കിട്ടാൻ പോകുന്നത് കോൺഗ്രസിനായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ. സ്ഥാനാർഥി നിർണയത്തിൽ വലിയ പാളിച്ച സംഭവിച്ചില്ലെങ്കിലോ കോൺഗ്രസുകാർ കാലുവാരിയില്ലെങ്കിലോ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സീറ്റ് നൂറിൽ നിൽക്കില്ലെന്നും കുറച്ച് സീറ്റുകൾ ബിജെപിക്കും ലഭിച്ചേക്കുമെന്നും ജയശങ്കർ നിരീക്ഷിക്കുന്നു.

To advertise here,

‘എന്തായാലും 110 സീറ്റിൽ വരെ എൽഡിഎഫ് തോൽക്കാൻ സാധ്യതയുണ്ട്. എൽഡിഎഫിന്റെ ഭരണം അത്രമോശമല്ല. യുഡിഎഫ്‌ ഭരണകാലത്തെ അപേക്ഷിച്ച് അഴിമതിയും കുറവാണ്. എന്നാൽ ആളുകൾക്ക് പിണറായി വിജയനോട് വ്യക്തിപരമായ വിരോധം കൂടുതലാണ്. അത് മാർകിസ്റ്റുകാരിലാണ് കൂടുതൽ ഉള്ളതും. കോൺഗ്രസ് സ്ഥാനാർഥിക്ക് ഉറപ്പായിട്ടും കിട്ടുന്ന വോട്ട് ഇടതുപക്ഷകാരുടേതും അവരുടെ കുടുംബാംഗങ്ങളുടേതുമായിരിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായപ്പോൾ പിണറായി വിജയൻ മറ്റൊരാളെ ചുമതല ഏൽപ്പിച്ച് മാറിയിരുന്നെങ്കിൽ ഇത്ര വലിയ പരാജയം ഉണ്ടാവില്ലായിരുന്നു. ജനങ്ങൾ എന്ത് വില കൊടുത്തും എൽഡിഎഫിനെ തോൽപ്പിക്കും’- അദ്ദേഹം പറഞ്ഞു.

‘2016ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബി‍ഡിജെഎസ് രൂപീകരിക്കുമ്പോൾ യുഡിഎഫിന്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ നായാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ ഐക്യമെന്നായിരുന്നു വെള്ളാപ്പിള്ളി നടേശൻ പറഞ്ഞത്. അന്ന് ഒരു കാരണവശാലും പാർട്ടി രൂപീകരിക്കരുതെന്നും അത് എൽഡിഎഫിന്റെ പരാജയത്തിന് കാരണമാകുമെന്നുമായിരുന്നു ഞാൻ വെള്ളാപ്പിള്ളിയോട് പറഞ്ഞിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൽഡിഎഫ് ജയിക്കുകയും യുഡിഎഫ് തോൽക്കുകയും ചെയ്തു. അവിടെ ഞാൻ പറഞ്ഞത് തെറ്റുകയും വെള്ളാപ്പള്ളി പറഞ്ഞത് ശരിയാവുകയും ചെയ്തു’, ജയശങ്കർ പറഞ്ഞു.