‘സ്പാ’ വിവാദമാവാൻ സാധ്യതയുള്ള സബ്ജക്ട് ആണ്, ഇങ്ങനൊരു പടം ഞാൻ വേറെ കണ്ടിട്ടില്ല. തീർച്ചയായും 18 വയസ്സ് തികഞ്ഞവർക്കുള്ള സിനിമയാണ്. ആ ബോധ്യം ഉള്ളതുകൊണ്ടാണ് സെൻസറിങ്ങിന് മുമ്പ് തന്നെ പോസ്റ്ററിൽ എ അടിച്ചു വച്ചത്. അഡൾട് പടമാണ്. പക്ഷേ, ഇറോട്ടിക് അല്ല. അഡൾട് കോമഡി ചിത്രം. പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പറയുകയാണ് സംവിധായകൻ എബ്രിഡ് ഷൈനും താരങ്ങളും Talkies-ൽ.

To advertise here,

"സ്പാ എന്ന പേര് കേട്ടപ്പോൾ തന്നെ പേടിച്ച് പിന്മാറിയവരുണ്ട്. ഷാജോൺ പേടിച്ചിട്ട് വന്നില്ല. ഞാനൊരുപാട് ശ്രമിച്ചുനോക്കി, പക്ഷേ ഭാര്യ പ്രശ്നമുണ്ടാക്കുമെന്ന് പറഞ്ഞ് ഒഴിഞ്ഞു.  നടൻ അരുണും ഒഴിഞ്ഞുമാറി. ജനാർദനൻ ചേട്ടൻ ഷൂട്ടിന് തലേ ദിവസമാണ് വരുന്നില്ലെന്ന് പറയുന്നത്. ഇക്കൂട്ടത്തിലിരിക്കുന്ന രാധിക വരുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞതാണ്. ഒടുവിൽ ഷൂട്ടിന്റെ തലേന്നാണ് സമ്മതിക്കുന്നത്. അതേസമയം, കഥയെന്തെന്ന് ചോദിക്കാതെ ചാടി പോന്നവരും ഇക്കൂട്ടത്തിലുണ്ട്. ആവേശത്തോടെ ഞാനുണ്ട് എന്ന് പറഞ്ഞ് വന്നവരിൽ ഒരാളാണ് ദിനേശ്. സ്ക്രീനിൽ പെർഫോം ചെയ്യാൻ പറ്റിയ ടൈമിങ്ങുള്ള മികച്ച താരങ്ങളാണ് സിനിമയുടെ ഭാഗമായിരിക്കുന്നത്." എബ്രിഡ് ഷൈൻ പറയുന്നു.

എബ്രിഡ് ഷൈനിന്റെ സിനിമ എന്നത് തന്നെയാണ് ‘സ്പാ’യോട് യെസ് പറയാനുള്ള ആദ്യ കാരണമെന്ന് പറയുന്നു നടൻ ദിനേശ് പ്രഭാകർ. "സ്പാ എന്ന പേരിലെ കൗതുകം മറ്റൊരു കാരണം. മലയാളികൾ എന്നും സംശയദൃഷ്ടിയോടെ  കാണുന്ന പേരാണ് സ്പാ. ഷൈനിനെ പോലൊരു സംവിധായകൻ അടുത്ത സബ്ജക്ടായി സ്പാ തിരഞ്ഞെടുക്കുമ്പോൾ അതിലെന്തെങ്കിലും കാണുമെന്ന കൗതുകം ഉണ്ടായിരുന്നു." ദിനേശ് പറയുന്നു.