2002ലെ വോട്ടർ പട്ടികയിൽ പേരില്ലെങ്കിൽ എന്തുചെയ്യും? സംശയങ്ങൾക്കെല്ലാം ഉത്തരം; എന്യുമറേഷൻ ഫോം പൂരിപ്പിക്കേണ്ടതെങ്ങനെ?
എസ്ഐആറിന്റെ ഭാഗമായി വീടുകളിലെത്തിയ എന്യുമറേഷൻ ഫോമുകൾ എങ്ങനെ പൂരിപ്പിക്കണമെന്ന സംശയത്തിലാണോ? എന്യുമറേഷൻ ഫോമിനെ എ, ബി, സി എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.
- 2002ലെ വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടെങ്കിൽ എന്യൂമറേഷൻ ഫോമിന്റെ (എ), (ബി) ഭാഗങ്ങൾ മാത്രമാണ് പൂരിപ്പിക്കേണ്ടത്.
- നിങ്ങൾ 2002ലെ വോട്ടർ പട്ടികയിലില്ല, പക്ഷേ നിങ്ങളുടെ ഉറ്റബന്ധു പട്ടികയിലുണ്ടെങ്കിൽ പൂരിപ്പിക്കേണ്ടത് (എ), (സി) ഭാഗങ്ങൾ മാത്രമാണ്
- നിങ്ങളോ നിങ്ങളുടെ ഉറ്റബന്ധുക്കളോ 2002ലെ പട്ടികയിൽ ഇല്ലെങ്കിൽ (എ) ഭാഗം മാത്രം പൂരിപ്പിച്ചാൽ മതി. കരടുപട്ടികയ്ക്കു ശേഷം നോട്ടിസ് ലഭിക്കുമ്പോൾ നിങ്ങൾ യോഗ്യത തെളിയിക്കുന്ന രേഖകൾ നൽകേണ്ടിവരും
ഇനി എല്ലാവരും പൂരിപ്പിക്കേണ്ട എ ഭാഗത്തെ വിവരങ്ങളാദ്യം നൽകാം. നിലവിലുള്ള നിങ്ങളുടെ പുതിയ വിവരങ്ങളാണ് ഇതിൽ നൽകേണ്ടത്.
ജനനത്തീയതി, ആധാർ നമ്പർ, മൊബൈൽ നമ്പർ, അച്ഛന്റെയും അമ്മയുടെയും ജീവിതപങ്കാളിയുടെയും പേര് എന്നിവ നൽകാം. ഇവരുടെ നിലവിലുള്ള എപിക് നമ്പർ ലഭ്യമെങ്കിൽ മാത്രം നൽകാം. പുതിയ വോട്ടർ ഐഡി കാർഡുകളിലോ, 2025ലെ വോട്ടർ ലിസ്റ്റിലോ ആണ് ഈ നമ്പറുണ്ടാവുക. മറിച്ച് 2002ലെ എപിക് നമ്പർ അല്ല നൽകേണ്ടത്.
അടുത്തത് 2002ലെ പട്ടികയിലുള്ളവർ പൂരിപ്പിക്കേണ്ട ബി ഭാഗം നോക്കാം.
ഇതിൽ 2002ലെ പട്ടികയിലുള്ള വിവരങ്ങൾ അതുപോലെ നൽകുകയാണ് വേണ്ടത്. വോട്ടറുടെ പേര്, എപിക് നമ്പർ അഥവാ 2002ലെ പട്ടികയിലെ വോട്ടർ ഐഡി കാർഡ് നമ്പർ എന്നിവയെല്ലാം അതേപടി നൽകാം. അന്ന് ഐഡി കാർഡിൽ നമ്പർ ഉണ്ടായിരുന്നില്ലെങ്കിൽ അത് പൂരിപ്പിക്കുകയും വേണ്ട. ബന്ധുവിന്റെ പേര് എന്നിടത്ത് 2002ലെ പട്ടികയിൽ നിങ്ങളുടെ പേരിനു താഴെ ബന്ധു അല്ലെങ്കിൽ ‘റിലേറ്റഡ് പഴ്സൻ’ എന്ന കോളത്തിൽ ആരുടെ പേരാണോ ഉണ്ടായിരുന്നത് അത് നൽകുക. അവരുമായുള്ള ബന്ധവും അതിൽ എഴുതിയത് പോലെതന്നെ. 2002ൽ നിങ്ങൾ വോട്ടറായിരുന്ന മണ്ഡലത്തിന്റെ പേര്, മണ്ഡലത്തിന്റെ നമ്പർ, നിയമസഭാമണ്ഡലത്തിന്റെ നമ്പർ, ഭാഗം നമ്പർ, ക്രമനമ്പർ എന്നിവയെല്ലാം 2002ലെ വോട്ടർപട്ടികയിൽ നിങ്ങളുടെ പേരിനൊപ്പമുള്ളത് നോക്കിയെഴുതുക. പ്രത്യേകം ഓർക്കുക പാർട്ട് നമ്പർ തന്നെയാണ് ഭാഗം നമ്പർ. പാർട്ട് സീരിയൽ നമ്പർ തന്നെയാണ് ക്രമനമ്പർ.
ഇനി 2002ലെ പട്ടികയിൽനിന്നുള്ള നിങ്ങളുടെ വിവരങ്ങൾ എങ്ങനെ കണ്ടെത്തുമെന്ന് നോക്കാം. ceo.kerala.gov.in/voter-search എന്ന് സെർച്ച് ചെയ്ത് 2002ൽ നിങ്ങൾ വോട്ടറായിരുന്ന ജില്ല, നിയമസഭാ മണ്ഡലം, ബൂത്ത്, പേര് എന്നിവ വച്ച് സേർച് ചെയ്യാം. മലയാളത്തിലാണ് ടൈപ്പ് ചെയ്യേണ്ടത്. ബൂത്ത് ഓർമയില്ലെങ്കിലും പേര് ടൈപ് ചെയ്തും സേർച് ചെയ്യാം. വീട്ടിൽ ഒരാളുടെ പേര് കിട്ടിയാൽ, വീട്ടുനമ്പറിൽ ക്ലിക് ചെയ്ത് ബാക്കിയുള്ളവരുടെ വിവരങ്ങളും എടുക്കാം.
2002ലെ പട്ടികയിലിൽ ഉറ്റബന്ധുക്കളുള്ളവർ പൂരിപ്പിക്കേണ്ട സി പാർട്ട് നോക്കാം
ഇതിൽ നിങ്ങളുടെ ഒരു വിവരവും നൽകേണ്ടതില്ല. പകരം നിങ്ങളുടെ അച്ഛനോ അമ്മയോ സഹോദരങ്ങളോ തുടങ്ങി 2002ലെ പട്ടികയിലുള്ള നിങ്ങളുടെ ഒരു ഉറ്റബന്ധുവിന്റെ വിവരങ്ങളാണ് നൽകേണ്ടത്. അവർ നിലവിൽ ജീവിച്ചിരിപ്പില്ലെങ്കിലും വിവരങ്ങൾ നൽകുന്നതിൽ പ്രശ്നമില്ല. വോട്ടറുടെ പേരിന്റെ ഭാഗത്ത് അവരുടെ പേരും അവരുടെ അന്നത്തെ എപിക് നമ്പറും എഴുതാം. നിയമസഭാമണ്ഡലത്തിന്റെ പേര്, നിയമസഭാമണ്ഡലത്തിന്റെ നമ്പർ, ഭാഗം നമ്പർ, ക്രമനമ്പർ എന്നിവയെല്ലാം അവരുടെ പഴയ വിവരങ്ങൾ തന്നെ നൽകാം. ഇനി ബന്ധുവിന്റെ പേര് എന്നതിന് നേരെ നിങ്ങളുടെ ബന്ധുവല്ല, നേരത്തെ എഴുതിയ വോട്ടറുടെ ബന്ധുവായി നൽകിയിരിക്കുന്ന വ്യക്തിയുടെ പേരെഴുതണം. നിങ്ങളുടെ അച്ഛന്റെ പേരാണ് വോട്ടറുടെ പേരായി എഴുതിയതെങ്കിൽ അച്ഛന്റെ 2002ലെ പട്ടികയിലുള്ള ബന്ധുവിന്റെ പേരായി ആരാണോ ഉള്ളത് അത് നൽകുക.
പ്രധാന പണികളെല്ലാം കഴിഞ്ഞു. ഫോമിന് മുകളിൽ പുതിയ ഫോട്ടോ നൽകാനുള്ള ഇടവുമുണ്ട്. പട്ടികയിലെ ചിത്രം മാറ്റണമെന്നുണ്ടെങ്കിൽ മാത്രം ‘നിലവിലെ ഫോട്ടോ പതിക്കുക’ എന്ന കോളത്തിൽ പുതിയ ചിത്രം ഒട്ടിക്കാം. ഇത്തരത്തിൽ രണ്ട് ഫോമുകൾ പൂരിപ്പിക്കാം, ഒരെണ്ണം ബിഎൽഒയ്ക്കു നൽകാനും മറ്റൊന്ന് ബിഎൽഒയുടെ ഒപ്പ് വാങ്ങി രസീതായി സൂക്ഷിക്കാനും. ഫോമിന്റെ ഏറ്റവും താഴെ തീയതി സഹിതം ഒപ്പിടണം. വീട്ടിലില്ലാത്ത കുടുംബാംഗത്തിന്റെ പേരിലാണ് ഫോം പൂരിപ്പിക്കുന്നതെങ്കിൽ ബന്ധമെന്താണെന്ന് വ്യക്തമാക്കി മുതിർന്ന ഏതെങ്കിലുമൊരു അംഗത്തിന് ഒപ്പിടാം.
Content Highlights: Confused about filling enumeration forms? Get a step-by-step guide for sections A, B, and C. Update your voter details easily with this comprehensive explanation.
Published: 19 Nov 2025, 09:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented