എസ്ഐആർ അഥവാ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനുള്ള എന്യുമറേഷന്‍ ഫോം ഇനിമുതല്‍ ഓണ്‍ലൈനായും നല്‍കാം. ബിഎല്‍ഒമാര്‍ വീട്ടിലെത്തുമ്പോള്‍ പ്രവാസികളടക്കം സ്ഥലത്തില്ലാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഓണ്‍ലൈനായി എന്യുമറേഷന്‍ ഫോം ഫില്‍ ചെയ്യേണ്ടത് എങ്ങനെയാണ്, നോക്കാം.

To advertise here,

voters.eci.gov.in എന്ന വെബ്‌സൈറ്റില്‍ കയറി താഴേക്ക് സ്‌ക്രോള്‍ ചെയ്ത് എസ്‌ഐആര്‍ 2026ലെ ഫില്‍ എന്യുമറേഷന്‍ ഫോം തുറക്കുക. മൊബൈല്‍ നമ്പറും ക്യാപ്‌ച്ചെയും നല്‍കി ഫോണിലേക്ക് വരുന്ന ഒടിപിയും എന്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യണം. എന്‍ആര്‍ഐ വോട്ടര്‍മാരാണെങ്കില്‍ ഇ-മെയില്‍ നല്‍കി ഇന്ത്യന്‍ ഓവര്‍സീസ് ഇലക്ടര്‍ തിരഞ്ഞെടുത്താണ് ലോഗിന്‍ ചെയ്യേണ്ടത്.

തുടര്‍ന്ന് വീണ്ടും ഫില്‍ എന്യുമറേഷന്‍ ഫോമില്‍ ക്ലിക്ക് ചെയ്ത് സംസ്ഥാനവും തിരഞ്ഞെടുപ്പ് വോട്ടര്‍ ഐഡി നമ്പറും നല്‍കുന്നതോടെ നിങ്ങളുടെ പേര്, സീരിയല്‍ നമ്പര്‍ തുടങ്ങിയ അടിസ്ഥാനവിവരങ്ങള്‍ കാണാം. മൊബൈല്‍ നമ്പറും ഒടിപിയും നല്‍കി അനുയോജ്യമായ കാറ്റഗറി സെലക്റ്റ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ എന്യുമറേഷന്‍ ഫോം ലഭിക്കും. ഇത് പൂരിപ്പിച്ച് സബ്മിറ്റ് ചെയ്താല്‍ മതി.

ഇതിനെല്ലാം മുമ്പ് ഒരുകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്, വോട്ടര്‍ ഐഡി മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈനായി എന്യുമറേഷന്‍ ഫോം ഫില്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ലിങ്ക് ചെയ്തിട്ടില്ലെന്ന സന്ദേശമാണ് കാണിക്കുന്നതെങ്കില്‍ അതില്‍തന്നെ കാണുന്ന ഫോം 8 ഫില്‍ ചെയ്താല്‍ മതി. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് നിങ്ങളുടെ ആധാറിലേയും വോട്ടര്‍ ഐഡിയിലേയും പേരും ഒന്നായിരിക്കണം.