കേരള സീനിയർ ടീമിൽ പോലും കളിച്ചില്ല, ഹർദ്ദിക്കിനെ വരെ ഞെട്ടിച്ച് മുംബൈയിൽ; ആരാണ് വിഘ്‌നേഷ്?
ഇത്തവണ ഐപിഎൽ മെഗാ താരലേലത്തിലെ സർപ്രൈസ് എൻട്രിയായിരുന്നു മലയാളിയായ വിഘ്‌നേഷ് പുത്തൂർ. ലേലം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്‌നേഷിന് മുംബൈ ഇന്ത്യൻസിലേക്ക് നറുക്ക് വീണത്. ഇതുവരെ അങ്ങനെ കേട്ടുപരിചതനല്ലാത്ത, കേരള സീനിയർ ക്രിക്കറ്റ് ടീമിൽ പോലും കളിക്കാത്ത വിഘ്‌നേഷ് എങ്ങനെ ഇത്ര ശ്രദ്ധിക്കപ്പെട്ടു? ഒറ്റദിവസം കൊണ്ട് ക്രിക്കറ്റ് ലോകമാകെ ചർച്ച ചെയ്ത, കേരളത്തിന്റെയാകെ അഭിമാന താരമായി മാറിയ വിഘ്‌നേഷ് ആരാണ്?
തലവര മാറ്റിയ കേരള ക്രിക്കറ്റ് ലീഗ്
അടുത്തിടെ നടന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനമാണ് വിഘ്‌നേഷിന്റെ തലവര മാറ്റിയത്. ആലപ്പി റിപ്പിൾസിനായി പന്തെറിയുമ്പോഴാണ് മുംബൈ സ്‌കൗട്ടിങ് ടീമിന്റെ ശ്രദ്ധ വിഘ്‌നേഷിൽ പതിയുന്നത്. പിന്നീട് മുംബൈ ഇന്ത്യൻസിന്റെ ട്രെയൽസിലേക്കും വിഘ്‌നേഷിന് ക്ഷണമെത്തി. അവിടേയും മികച്ച രീതിയിൽ പന്തെറിഞ്ഞു.
ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മഹേല ജയവർധനയും പൊള്ളാർഡും ട്രെയൽസിൽ വിഘ്‌നേഷിന്റെ പ്രകടനംകണ്ട് കൈയ്യടിച്ചു. നെറ്റ്‌സിൽ വിഘ്‌നേഷിന്റെ പന്തുകൾ നേരിട്ട ഹർദ്ദിക്ക് പാണ്ഡ്യ, താരത്തെ അടുത്തുവിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. ഇതോടെ വിഘ്‌നേഷിനെ കൈവിട്ടാൽ അത് വലിയ നഷ്മാകുമെന്ന് തിരിച്ചറിഞ്ഞ മുംബൈ മാനേജ്‌മെന്റ് താരത്തെ ഒപ്പംകൂട്ടാനും തീരുമാനിക്കുകയായിരുന്നു.
ചൈനാമെനാണെന്ന് പോലും അറിയാതെ ബൗളിങ്
ക്രിക്കറ്റിൽ വളരെ അപൂർവമായി മാത്രം കാണാറുള്ള ചൈനാമെൻ ബൗളറാണ് വിഘ്‌നേഷ്. കൈക്കുഴ കൊണ്ട് പന്തെറിയുന്ന ഇടൻ കൈയ്യൻ ലെഗ് സ്പിന്നർമാരെയാണ് ചൈനാമെൻ അഥവാ അൺഓർത്തഡോക്‌സ് ലെഫ്റ്റ് ആം സ്പിന്നർ എന്ന് വിളിക്കുന്നത്. നിലവിൽ ഇന്ത്യൻ ടീമിലുള്ള കുൽദീപ് യാദവും ചൈനാമെൻ ബൗളറാണ്.
ഇപ്പറഞ്ഞ ചൈനാമെൻ ബൗളർമാരെ നേരിടാൻ ബാറ്റർമാർക്ക് അത്ര എളുപ്പമല്ല. ഈ പ്രത്യേകത തന്നെയാണ് മറ്റൊന്നും നോക്കാതെ 30 ലക്ഷം എറിഞ്ഞ് വിഘ്‌നേഷിനെ ലേലത്തിൽ പിടിക്കാൻ മുംബൈയെ പ്രേരിപ്പിച്ചത്.
ക്രിക്കറ്റിലേക്ക് തിരിച്ചത് അയൽവാസി
11 വയസ്സിൽ, ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിഘ്‌നേഷ് ക്രിക്കറ്റ് കളിച്ച് തുടങ്ങുന്നത്. അയൽവാസിയായ ഷെരീഫായിരുന്നു ക്രിക്കറ്റിലേക്ക് തിരിയാൻ കാരണം. അന്നൊന്നും പക്ഷേ കൃത്യമായി ബൗൾ എറിയാൻ പോലും വിഘ്‌നേഷിന് അറിയില്ലായിരുന്നു. ഷെരീഫായിരുന്നു ഈയൊരു ബൗളിങ് ആക്ഷനിലേക്കെത്തിച്ചതും. എന്നാൽ കളി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴാണ് താൻ ബൗൾ ചെയ്യുന്നത് ചൈനാമെൻ രീതിയാണെന്ന് പോലും വിഘ്‌നേഷ് മനസ്സിലാക്കിയത്.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂർ സെന്റ് തോമസ് കോളേജിലായിരുന്നു വിഘ്‌നേഷിന്റെ ഡിഗ്രി പഠനം. നിലവിൽ പെരിന്തൽമണ്ണ പിടിഎം ഗവൺമെന്റ് കോളേജിലെ എംഎ ലിറ്ററേച്ചർ വിദ്യാർഥിയാണ്. കളിയോടൊപ്പം തന്നെ പഠനവും മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെങ്കിലും വിഘ്‌നേഷ് കൂടുതൽ പരിഗണന നൽകിയത് ക്രിക്കറ്റിനാണ്. ഒടുവിൽ അതിനുള്ള അർഹിച്ച അംഗീകാരവും വിഘ്‌നേഷിനെ തേടിയെത്തി.
പഠിച്ചില്ലെങ്കിലും കുഴപ്പമില്ല നന്നായി കളിച്ചാൽ മതി
പെരിന്തൽമണ്ണയിലെ ഓട്ടോ ഡ്രൈവറായ സുനിൽ കുമാറിന്റേയും ഹൗസ് മേക്കറായ കെപി ബിന്ദുവിന്റേയും ഏക മകനായ വിഘ്‌നേഷിന് ക്രിക്കറ്റിൽ പാരമ്പര്യങ്ങളൊന്നും തന്നെ പറയാനില്ല. ക്ഷമയും സ്‌കില്ലും മാത്രമാണ് കൈമുതൽ. ചെറുപ്പം മുതലേ അച്ഛനായിരുന്നു കളിക്കാൻ പൂർണ പിന്തുണ. പഠിച്ചില്ലെങ്കിലും കുഴപ്പമില്ല നന്നായി കളിച്ചാൽ മതിയെന്ന വീട്ടുകാരുടെ നിലപാട് കൊണ്ടാണ് തനിക്കിത്ര ഫ്രീയായി കളിക്കാൻ പറ്റിയതെന്നും വിഘ്‌നേഷ് പറഞ്ഞുവെക്കുന്നു.
ക്രിക്കറ്റിനെ സീരിയസ്സായി കണ്ടതിൽപ്പിന്നെ, പെരിന്തൽമണ്ണയിലായിരുന്നു ആദ്യ പരിശീലനം. പിന്നീട് കേരള ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള അക്കാദമിയിലേക്കെത്തി. തുടർന്ന് പെരുന്തൽമണ്ണ ജോളി റോവേഴ്‌സ് ക്ലബ്ബിൽ ലീഗും കളിച്ചു. പിന്നീട് അണ്ടർ 14, അണ്ടർ 19 കേരള ടീമിൽ കളിച്ച വിഘ്‌നേഷിന്, പക്ഷേ കേരള സീനിയർ ടീമിൽ ഇതുവരെ കളിക്കാനായിട്ടില്ല. അണ്ടർ 23 ടീമിൽ ഒരിക്കൽ അവസരം ലഭിച്ചെങ്കിലും അതൊരു സ്റ്റേറ്റ് മാച്ചായിരുന്നില്ല, ഇൻവിറ്റേഷൻ മാച്ചായിരുന്നു.
നീലക്കുപ്പായത്തിലേക്ക് നടന്നടുത്ത്...
ബൗളിങ് മികവിലാണ് വിഘ്‌നേഷിന് മുംബൈയിലേക്ക് വിളിയെത്തിയതെങ്കിലും ബാറ്റിങ്ങിലും ഒരു കൈ നോക്കാൻ വിഘ്‌നേഷ് റെഡിയാണ്. മുമ്പ് കേരള അണ്ടർ 14 ടീമിൽ ഗോവയ്‌ക്കെതിരായ മത്സരത്തിൽ വിഘ്‌നേഷ് ബാറ്റുകൊണ്ടും ശ്രദ്ധ നേടിയിട്ടുണ്ട്. അന്ന് 170ലേറെ പന്തുകൾ നേരിട്ട് ക്രീസിൽ പിടിച്ചുനിന്ന വിഘ്‌നേഷ് നേടിയത് 10 റൺസ്. ക്ഷമാപൂർവമുള്ള വിഘ്‌നേഷിന്റെ ആ ബാറ്റിങ് തോൽവിയിലേക്ക് നയിച്ച കേരളത്തിന് വിജയത്തോളം പോന്ന സമനിലയും സമ്മാനിച്ചു.
കോലിയും സച്ചിനുമാണ് വിഘ്‌നേഷിന്റെ ഇഷ്ടം താരം. സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ, ജെയിംസ് ആൻഡേഴ്‌സൺ, കുൽദീപ് യാദവ് എന്നിവരും ഫേവറേറ്റ് ലിസ്റ്റിലുണ്ട്. മുംബൈയിലേക്ക് വന്നാൽ രോഹിതും ഹർദ്ദിക്കും. ക്രിക്കറ്റ് കളിച്ച് വളരുന്ന ഏതൊരു താരത്തേയും പോലെ ഇന്ത്യയുടെ നീലക്കുപ്പായം അണിയുക എന്നതാണ് സ്വപ്‌നമെങ്കിലും അതിനായി ലോങ് ടേം ഗോളൊന്നും വിഘ്‌നേഷിന്റെ മനസ്സിലില്ല. ഐപിഎല്ലിൽ നന്നായി കളിക്കണമെന്നത് മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം. ആ ലക്ഷ്യം കൈവരിക്കാനായാൽ അധികം വൈകാതെ ഇന്ത്യൻ ടീമിലും കേരളത്തിന്റെ അഭിമാനമായി വിഘ്‌നേഷിനെ നമുക്ക് കാണാം.
Inshort - Kerala`s Vighnesh Puthoor, a Chinaman bowler, makes a surprise IPL entry. Learn about his journey from local leagues to Mumbai Indians Team.
Content Highlights: who is vignesh puthur makes a surprise ipl entry in mumbai indians team
Published: 27 Nov 2024, 08:46 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented