പക്ഷിയിടിച്ച് വിമാനം അപകത്തിൽപ്പെട്ടു എന്ന വാർത്ത ചിലരെയെങ്കിലും അത്ഭുതപ്പെടുത്തിയിരിക്കും. ഇത്രയും വലിയ വിമാനത്തെ എങ്ങനെയാണ് ഒരു ചെറിയ പക്ഷി അപകടത്തിലാക്കുന്നത്? പക്ഷിയിടിച്ചാൽ വിമാനത്തിന് എന്താണ് സംഭവിക്കുക?

ഏവിയേഷൻ അഥവാ ആകാശയാത്രയ്ക്ക് ഏറ്റവും പ്രധാനം സുരക്ഷയാണ്. പൈലറ്റുമാരും ഫ്ലെെറ്റ് എഞ്ചിനീയർമാരും യാത്രയ്ക്കിടയിൽ പലതരം വെല്ലുവിളികൾ നേരിടാറുണ്ട്. അവർ നേരിടുന്ന അനേകം വെല്ലുവിളികൾക്കിടയിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് ബേഡ് സ്ട്രെെക്ക്  എന്നും ബേർഡ് ഹിറ്റെന്നും അറിയപ്പെടുന്ന ഈ പക്ഷികളുമായുള്ള കൂട്ടിയിടി. പറക്കുമ്പോഴോ പറന്നുയരുമ്പോഴോ ലാൻഡിംഗിനിടയിലോ ഒരു പക്ഷിയും വിമാനവും തമ്മിൽ കൂട്ടിയിടിച്ചാൽ അത് ഒരു പക്ഷെ വലിയ ദുരന്തത്തിലാകും കലാശിക്കുക. ബേഡ് സ്ട്രെെക്ക് എന്നു പറയുമ്പോഴും അത് പക്ഷികളോ വവ്വാലുകളോ നിലത്തുകിടക്കുന്ന മൃഗങ്ങളോ വരെ ഇതിന്റെ പരിധിയിൽപെടാം. ഒരു വിമാനവും പക്ഷിയെയും താരതമ്യം ചെയ്യുമ്പോൾ നിസ്സാരമെന്ന് തോന്നാമെങ്കിലും, ഈ കൂട്ടിയിടി കാര്യമായ നാശനഷ്ടങ്ങൾക്കും വലിയ അപകടങ്ങൾക്കും കാരണമാകാറുണ്ട്. നിരവധി ജീവനുകൾ നഷ്ടപ്പെട്ടിട്ടുമുണ്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇക്കഴിഞ്ഞ ഡിസംബർ 29ന് സൗത്ത് കൊറിയയിലെ ജെജു എയർലെെൻസ് വിമാനത്തിനും സംഭവിച്ചത്.

എങ്ങനെയാണ് ബേഡ്സ്ട്രെെക്ക് ഉണ്ടാകുന്നത്?

ടേക്ക് ഓഫ് സമയത്തോ, ടേക്ക് ഓഫിന് ശേഷമുള്ള ഇനിഷ്യൽ ക്ലെെംബ് സമയത്തോ, അതുപോലെ എയർപോർട്ടിലെ ലക്ഷ്യമാക്കി നീങ്ങുമ്പോഴോ,
റൺവേയിലേക്കുള്ള ലാൻഡിംഗ് സമയത്തോ ആണ് പക്ഷികളുമായോ പക്ഷിക്കൂട്ടവുമായോ വിമാനം സാധാരണയായി കൂട്ടിയിടികക്കാറുള്ളത്.  കാരണം പക്ഷികൾ കൂട്ടമായി സാധാരണ കാണപ്പെടുന്നത് താഴ്ന്ന ആൾട്ടിറ്റ്യൂഡിലാണ്. താഴ്ന്ന ആൾട്ടിറ്റ്യൂഡിൽ വിമാനം പറത്തുമ്പോഴാണ് ഒരു പൈലറ്റ് ഏറ്റവും വലിയ വെല്ലുവിളികൾ നേരിടുന്നത്. അതിനിടെ അപ്രതീക്ഷിതമായി എത്തുന്ന ഭീഷണിയാണ് ഈ പക്ഷികൾ.

To advertise here,
placeholder
ദക്ഷിണകൊറിയയിലെ മൂവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തകര്‍ | Photo: AP

ഒരു പക്ഷി അല്ലെങ്കിൽ പക്ഷിക്കൂട്ടം വിമാനവുമായി കൂട്ടിയിടിക്കുമ്പോൾ, വിമാനത്തിൻ്റെ വലുപ്പത്തെയും ബിൽഡിനെയും ആശ്രയിച്ചായിരിക്കും പ്രത്യാഘാതം. ചെറിയ വിമാനങ്ങളാണങ്കിൽ കോക്ക് പിറ്റിന്റെ വിൻഡ്‌ഷീൽഡ് തകരുന്ന സാഹചര്യമുണ്ടാകും. ചിലപ്പോൾ‌ വിമാനത്തെ മുന്നോട്ടു നയിക്കുന്ന മുൻ ഭാഗത്ത് വലിയ തകരാറുകൾ ഉണ്ടാക്കും. റാഡം എന്നറിയപ്പെടുന്ന ഏറ്റവും മുൻഭാഗത്തെ കൂർത്ത ഭാഗത്താണ് ഗ്രൗണ്ട് പോക്സിമിറ്റി വാണിങ് സിസ്റ്റവും, വെതർ റഡാറുമൊക്കെ അടങ്ങുന്ന സംവിധാനങ്ങളുള്ളത്. ഇതുകൂടാതെ പെെലറ്റുമാർക്ക് പരിക്കുകളുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഘടനാപരമായ മറ്റ് കേടുപാടുകളും സംഭവിക്കും.

അതേസമയം വലിയ ജെറ്റ്-പവർ വിമാനങ്ങളിൽ ഇത് എഞ്ചിൻ പ്രവർത്തനങ്ങളെയാണ് കൂടുതൽ ബാധിക്കുക. ഒരു പക്ഷി ഒരു ജെറ്റ് എഞ്ചിനിലേക്ക് ഇടിച്ചുകയറിയാൽ പ്രൊപ്പെല്ലർ ബ്ലെയ്ഡുകൾക്ക് കേടുപാടുകൾ സംഭവിക്കും. മിനിട്ടിൽ 10000ത്തിൽ അധികം തവണ സ്പീഡിൽ കറങ്ങുന്ന ബ്ലെയിഡിലേക്ക് എന്തെങ്കിലും വസ്തു ഇടിച്ചുകയറിയാൽ ഉണ്ടാകുന്നത് ചിന്തിക്കാവുന്നതേയുള്ളു. പ്രൊപ്പല്ലറിന്റെ കറക്കത്തിൽ വരുന്ന ഒരു ചെറിയ മാറ്റം പോലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഒരൊറ്റ ഇൻജക്ഷൻ പോലും എഞ്ചിൻ ഭാഗികമോ പൂർണ്ണമോ ആയ തകരാൻ കാരണമാകും. വലിയ പക്ഷികളുമായോ ഇടത്തരം വലിപ്പമുള്ള പക്ഷിക്കൂട്ടവുമായോ ഇടിച്ചാൽ ഇത് ഒരേസമയം ഒന്നിലധികം എഞ്ചിനുകളുടെ പ്രവർത്തനം തകരാറിലാക്കും. ഇത് വലിയ വിമാന ദുരന്തത്തിലാകും കലാശിക്കുക.

എന്നാൽ ഈ കാലത്ത് ഏറ്റവും മോശം സാഹചര്യത്തിലെ ഇത്തരം അപകടങ്ങളുണ്ടാകൂ.  എല്ലാ ബേഡ്സ്ട്രെെക്കുകളും അപകടമുണ്ടാക്കാറില്ല. മിക്കപ്പോഴും, ഒരു പക്ഷി കൂട്ടിയിടിച്ചാൽ എഞ്ചിന്റെ ഭാഗമായ വലിയ ടർബൈനിൻ്റെ ബ്ലേഡുകളിൽ അത് ചതഞ്ഞരഞ്ഞ് ഇന്ധനത്തോടൊപ്പം കത്തിയെരിഞ്ഞ് പോകാറാണ് പതിവ്. എഞ്ചിനുകൾ രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നത് ബേഡ്സ്ട്രെെക്കും ശക്തമായ മഴയെയും നേരിടുന്നതിന് കൂടി വേണ്ടിയാണ്. എന്നാൽ ഒരു കൂട്ടം പക്ഷികൾ ടർബൈനിൽ ഇടിക്കുന്നത് ബ്ലേഡുകൾ തകരാനും ഇത് എഞ്ചിന്റെ പ്രവർത്തനം പൂർണമായും നിക്കുന്നതിലേക്കും കാരണമാകും.

ടേക്ക്ഓഫ് പോലുള്ള ഏറ്റവും നിർണായക ഘട്ടങ്ങളിൽ ഇത് കടുത്ത ഭീഷണിയാണ് പെെലറ്റുമാർക്ക് ഉയർത്തുക. ചെറിയ വിമാനങ്ങളിൽ, പക്ഷികൾ കൂട്ടിയിടിച്ച് വിൻഡ്ഷീൽഡ് തുളച്ചുകയറുന്നത് പൈലറ്റിന് പരിക്കേൽക്കുന്നതിനും താൽക്കാലികമായി നിയന്ത്രണം നഷ്ടപ്പെടുന്നതിനും ഇടയാക്കും. ഇത് അപകടസാധ്യത വർദ്ധിപ്പിക്കും. ഇത്തരത്തിൽ വലിയ പക്ഷികൂട്ടവുമായുള്ള കൂട്ടിയിടികൾ അപൂർവ്വമാണെങ്കിലും ഇത് വിമാനത്തിന് കേടുപാടുകളുണ്ടാക്കുന്നത് കൂടാതെ പെട്ടെന്ന് ക്യാബിനുള്ളിലെ മർദവ്യത്യാസത്തിനും കാരണമാകും.

അതേസമയം ലാൻഡിംഗ് ഗിയർ അസംബ്ലികളെ ബാധിക്കുന്ന തരത്തിലുള്ള ബേഡ്സ്ട്രൈക്കുകൾ റൺവേയിലിറങ്ങിയ വിമാനത്തെ ഓടാൻ സഹായിക്കുന്ന ലാൻഡിങ് ഗിയറിനേയും ബ്രേക്കിനെപ്പോലും തകരാറിലാക്കും.

ബേഡ്സ്ട്രെെക്ക് കാരണം സുരക്ഷാപ്രശ്നം കൂടാതെ കടുത്ത സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. ഇത് കാരണം വിമാനത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾ, ഷെഡ്യൂളുകൾ മുടങ്ങുന്നത്, മറ്റ് തടസ്സങ്ങൾ എന്നിവ വഴി പ്രതിവർഷം കോടിക്കണക്കിന് ഡോളറിന്റെ അധികച്ചിലവുകളാണ് വ്യോമയാന മേഖലയിൽ ലോകമെമ്പാടുമുണ്ടാകുന്നത്.

പക്ഷിക്കൂട്ടവുമായി കൂട്ടിയിടിച്ച് രണ്ട് എഞ്ചിനുകളും തകരാറിലായി ഹഡ്‌സൺ നദിയിലേക്ക് ഇറക്കേണ്ടി വന്ന യുഎസ് എയർവേയ്‌സ് ഫ്ലൈറ്റ് 1549 കഥ ലോകം ചർച്ച ചെയ്തതാണ്. 2009 ലെ സംഭവം 2016 ൽ സള്ളി സിനിമയായി പുറത്തിറങ്ങിയിരുന്നു.  ഈസ്റ്റേൺ എയർലൈൻസ് ഫ്ലൈറ്റ് 375 ദുരന്തം പോലെ അനവധി ദാരുണമായ സംഭവങ്ങൾക്കും ഇത് കാരണമായിട്ടുണ്ട്. പക്ഷികളുടെ പ്രഹരം കാരണമുണ്ടായ എഞ്ചിൻ തകരാർ 62 പേരുടെ മരണത്തിലേക്ക് നയിച്ചത്. ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ കണക്കുപ്രകാരം 2011-14 കാലയളവിൽ മാത്രം 65,139 ബേഡ്സ്ട്രെെക്കുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 2024ലേക്ക് വരുമ്പോൾ 38 ശതമാനത്തിന്റെ വരെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

വിമാനത്താവളത്തിനടുത്ത് അവശിഷ്ടങ്ങൾ കൊണ്ടിടുന്നതും, തൊട്ടടുത്ത് ജലസ്രോതസ്സുകളുണ്ടാകുക, തുറസ്സായ പുൽമേടുകളുണ്ടാകുക എന്നതൊക്കെ പക്ഷിയിടിക്കൽ സംഭവങ്ങളിലേക്ക് വഴിവെക്കും. ദേശാടന പക്ഷികളും പ്രശ്നം കൂടുതൽ വഷളാക്കാറുണ്ട്. തീരപ്രദേശങ്ങളിലുള്ള വിമാനത്താവളങ്ങൾ, അതായത് നമ്മുടെ തിരുവനന്തപുരം പോലുള്ള വിമാനത്താവളങ്ങൾ പലപ്പോഴും ഉയർന്ന അപകടസാധ്യതകളുള്ള മേഖലയാണ്. പലപ്പോഴും ഇത്തരം എയർപോർട്ടുകളിൽ പക്ഷികളെ ഭയപ്പെടുത്താനായി ടേക്ക് ഓഫിനും ലാൻഡിങ്ങിനും മുമ്പ് ആകാശത്തേക്ക് വെടിവെച്ച് പക്ഷികളെ ഓടിക്കുന്നത് പലരും ശ്രദ്ധിച്ചിരിക്കും.

പക്ഷികളുമായുള്ള കൂട്ടിയിടി പ്രശ്നം ലഘൂകരിക്കാൻ ഒട്ടേറെ മാനദണ്ഡങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ആധുനിക വിമാനങ്ങൾ പക്ഷികളുമായുള്ള കൂട്ടിയിടി ആഘാതങ്ങളെ ചെറുക്കാൻ പോരുന്നവയാണ്. എന്നാൽ ചില സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങളിലെ പരിമിതികൾ കാരണം ചെറിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും കൂടുതൽ അപകടസാധ്യതയുള്ളവയാണ്. റഡാർ ഡിറ്റക്ഷൻ സിസ്റ്റം പോലുള്ള സാങ്കേതികവിദ്യകൾ പക്ഷികളുടെ മൂവ്മെന്റുകൾ നിരീക്ഷിക്കാനും പൈലറ്റുമാർക്ക് സമയബന്ധിതമായി മുന്നറിയിപ്പ് നൽകാനും സഹായിക്കാറുണ്ട്.

In Short | An exploration of how bird strikes impact aviation safety, with insights into the mechanisms of damage, historical incidents, and measures to mitigate such risks.