കൃത്യം അര നൂറ്റാണ്ട് മുൻപത്തെ ആ ഇന്ത്യൻ എയർലൈൻസ് വിമാനദുരന്തത്തിൽ മലയാള സിനിമയ്ക്ക് നഷ്ടമായത് റാണിചന്ദ്ര എന്ന പ്രതിഭാശാലിയായ യുവനടിയെയാണ്; ഞങ്ങൾ അനന്തരവന്മാർക്ക് എഴുത്തുകാരനായ ഒരമ്മാവനെയും.

To advertise here,

1976 ഒക്ടോബർ 12-ന്, മുംബൈ സാന്താക്രൂസ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നയുടൻ എൻജിനു തീപിടിച്ചു തകർന്നുവീണ ഫ്‌ലൈറ്റ് നമ്പർ 171 ലെ 95 യാത്രക്കാരിൽ കെ.പി. ബാലാജി എന്ന ബാലാജിമ്മാമയുമുണ്ടായിരുന്നു. അമ്മയുടെ മാതൃസഹോദരീപുത്രൻ. പത്രപ്രവർത്തന സ്വപ്‌നങ്ങൾക്ക് മനസ്സിൽ ആദ്യമായി വിത്തുപാകിയവരിൽ ഒരാൾ.

റാണിചന്ദ്രയെപ്പോലെ ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു ബാലാജിയും. ഒരു വിമാനദുരന്തം നമ്മുടെ ഈ കൊച്ചുജീവിതത്തെപ്പോലും ഏതു നിമിഷവും വന്നുതൊടാം എന്ന് ആദ്യമായി മനസ്സിലാക്കിത്തന്ന അനുഭവം.

തൊഴിൽ മാധ്യമപ്രവർത്തനമെങ്കിലും മറ്റു പലതുമായിരുന്നു ഈ ബാലാജി. അക്ഷരാർഥത്തിൽ ഒരു ഓൾറൗണ്ടർ: പത്രാധിപർ, നോവലിസ്റ്റ്, ഫോട്ടോഗ്രാഫർ, ചിത്രകാരൻ, പംക്തികാരൻ, പരസ്യചിത്ര സംവിധായകൻ, കോപ്പി റൈറ്റർ, സംഗീതാസ്വാദകൻ, ഇതിനൊക്കെ പുറമേ നല്ലൊരു കഥകളി വേഷക്കാരനും. മറ്റൊരു 'മേൽവിലാസം' കൂടിയുണ്ട് അദ്ദേഹത്തിന്: ദേവാസുരം സിനിമയിലെ മംഗലശ്ശേരി നീലകണ്ഠന്റെ 'ഒറിജിനൽ' ആയ മുല്ലശ്ശേരി രാജഗോപാലിന്റെ സ്വന്തം ജ്യേഷ്ഠൻ.

ഗുരു ചന്തുപ്പണിക്കരുടെ ശിഷ്യൻ ബാലകൃഷ്ണനായിരുന്നു ബാലാജിയുടെ കഥകളി ഗുരു. പത്താം വയസ്സിൽ അരങ്ങേറ്റം. കളിയരങ്ങിൽനിന്ന് അദ്ദേഹം നേരെ പോയത് പത്രപ്രവർത്തനത്തിലേക്കാണ്. മുൽക്ക് രാജ് ആനന്ദ് പത്രാധിപരായ 'മാർഗ്ഗി'ലാണ് തുടക്കം. 1954 മുതൽ 64വരെ ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യയുടെ പത്രാധിപസമിതിയിൽ. സി.ആർ. മാൻഡി എന്ന ഇതിഹാസതുല്യനായ പത്രാധിപരായിരുന്നു അവിടെ മാർഗ്ഗദർശി. 'ദേ കോൾ ഇറ്റ് എ ഡേ' എന്ന ബാലാജിയുടെ പംക്തി വായിക്കാൻവേണ്ടി മാത്രം വീക്കിലി വാങ്ങിയിരുന്നവർ നിരവധി.

പരസ്യമേഖലയിലേക്കായിരുന്നു അടുത്ത യാത്ര. എസ്.എച്ച്. ബെൻസൺ എന്ന ബ്രിട്ടീഷ് പരസ്യ ഏജൻസിയിൽ കോപ്പി റൈറ്റർ ആയി തുടക്കം. കാലാന്തരത്തിൽ അവരുടെ ക്രിയേറ്റീവ് ഹെഡ്ഡും ഡയറക്ടറുമായി. ഇടയ്ക്ക് കേരളം പശ്ചാത്തലമായി 'അഭിമന്യു' എന്നൊരു ഇംഗ്ലീഷ് നോവൽ എഴുതി. ഉയരങ്ങളിലേക്കുള്ള യാത്രാമധ്യേയാണ് വിമാനാപകടം ബാലാജിയുടെ ജീവൻ കവർന്നത്.

രണ്ടോ മൂന്നോ തവണയേ കണ്ടിട്ടുള്ളൂ ബാലാജിമ്മാമയെ. ആദ്യം കണ്ടത് എടരിക്കോട്ടെ തറവാട്ടു വീട്ടിൽ വെച്ചാണ്. പൂമുഖത്ത് അമ്മയുടെ മൂത്ത സഹോദരിയുടെ ഭർത്താവുമായി സിഗരറ്റ് പുകച്ചുകൊണ്ട് സംസാരിച്ചുകൊണ്ടിരുന്ന 'സോഡാക്കുപ്പി'ക്കണ്ണടക്കാരനെ ചൂണ്ടിക്കാണിച്ചുതന്ന് ഗോപിയേട്ടൻ പറഞ്ഞു: 'അതാണ് ബാലാജിമ്മാമ. കേട്ടിട്ടില്ലേ? വല്യ ജേണലിസ്റ്റ് ആണ്...'

ജേർണലിസ്റ്റ്. ആദ്യം കേൾക്കുകയായിരുന്നിരിക്കണം ആ വാക്ക്. പത്രപ്രവർത്തനമൊന്നും യു.പി. സ്‌കൂൾ കുട്ടിയുടെ ദിവാസ്വപ്‌നങ്ങളിൽ പോലുമില്ലല്ലോ. എങ്കിലും അതെന്തോ വലിയ സംഭവമാണെന്ന തോന്നലുണ്ടായി എന്നത് സത്യം. മാധ്യമപ്രവർത്തനത്തിന് അത്യാവശ്യം നിലയും വിലയും അന്തസ്സുമൊക്കെ ഉണ്ടായിരുന്ന കാലമാണല്ലോ.

ആകാശദുരന്തം അര നൂറ്റാണ്ട് പിന്നിടുമ്പോൾ വീണ്ടും ബാലാജിമ്മാമയെ ഓർത്തു. പത്രപ്രവർത്തനം എന്ന സുന്ദര സ്വപ്‌നത്തിന് പിറകെ അലയാൻ ആദ്യമായി പ്രേരണ നൽകിയ മനുഷ്യനെ.