ണിക്കൂറുകളോളം ഫോണ്‍ നോക്കിയിരിക്കുമ്പോള്‍ ഇനി മതി ഫോണ്‍ നോക്കിയതെന്ന് പറഞ്ഞ് ഫോണ്‍ തിരികെ വാങ്ങുമ്പോള്‍ ദേഷ്യം പിടിക്കുന്ന, പെരെടുത്ത് വിളിച്ചാല്‍ പോലും ഫോണില്‍ നിന്ന് തലയുയര്‍ത്തി നോക്കാത്ത, ഏത് നേരവും ഫോണിന് വാശിപിടിക്കുന്ന, ഈ ചെറുക്കന് ഏത് നേരവും കുരുത്തക്കേടാണെന്ന് നിത്യവും പഴികേള്‍ക്കുന്ന ഒരു കുട്ടിയെ നിങ്ങള്‍ക്കറിയുമോ? എങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കണം. അമിത സ്‌ക്രീന്‍ ഉപയോഗം കുഞ്ഞുങ്ങളിലുണ്ടാക്കുന്ന ഗുരുതര വൈകല്യത്തെക്കുറിച്ചാണ് പറയുന്നത്. പേര്- വെര്‍ച്വല്‍ ഓട്ടിസം. 

To advertise here,

എന്താണ് വെര്‍ച്വല്‍ ഓട്ടിസം

അമിതമായ സ്‌ക്രീന്‍ സമയം കാരണം ആറ് വയസിന് താഴെയുള്ള കുട്ടികളെ ബാധിക്കുന്ന പെരുമാറ്റ വൈകല്യമാണ് വെര്‍ച്വല്‍ ഓട്ടിസം. മണിക്കൂറുകളോളം മൊബൈലോ ടിവിയോ ഗെയിമിങ്ങോ ഒക്കെ ഉപയോഗിക്കുന്ന കുട്ടികളായിരിക്കും ഇവര്‍.  ഒരുദിവസം നിങ്ങളുടെ കുഞ്ഞുങ്ങള്‍ കണ്ട് തീര്‍ക്കുന്ന കാര്‍ട്ടൂണുകളും റീല്‍സും എത്രവരുമെന്ന്, അതേതൊക്കെയാണെന്ന് നിങ്ങള്‍ക്കറിയുമോ? സെക്കന്റുകള്‍ക്കിടെ റീലു പോലെ മാറി മാറി വരുന്ന അവരുടെ ഭാവവ്യത്യാസങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? മറ്റുള്ളവരുമായി ഇടപഴകാതിരിക്കല്‍, സംസാരക്കുറവ്, ഒറ്റപ്പെട്ടിരിക്കല്‍, മറ്റ് കുട്ടികളുമായി ഇണങ്ങാതിരിക്കല്‍...എന്നീ പ്രവണതകളൊക്കെ വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങളാണ്. മാരിയസ് സാംഫിര്‍ എന്ന റൊമേനിയന്‍ സൈക്കോളജിസ്റ്റാണ് വെര്‍ച്വല്‍ ഓട്ടിസമെന്ന പദം ആദ്യം ഉപയോഗിക്കുന്നത്. വെര്‍ച്വല്‍ ഓട്ടിസം ബാധിച്ച കുട്ടികളില്‍ സാമാനപ്രായക്കാരെ അപേക്ഷിച്ച് മാനസിക-ശാരീരിക വികാസം വളരെപ്പതുക്കെയാകുമെന്നാണ് മാരിയസ് സാംഫിര്‍ മൂന്ന് വര്‍ഷത്തോളം നീണ്ട തന്റെ പഠനത്തിലൂടെ കണ്ടെത്തിയത്

ലക്ഷണങ്ങള്‍

വളരെ നോര്‍മലായി മറ്റുള്ളവരോട് പെരുമാറുകയും കുട്ടികള്‍ക്കൊപ്പം കളിക്കുകയും ചെയ്തിരുന്ന ഒരു കുട്ടി സ്‌ക്രീനിലേക്ക് കൂടുതലൊതുങ്ങുകയും അധികമാരോടും സംസാരിക്കാതെ, പുറത്ത് പോകാന്‍ താത്പര്യം കാണിക്കാതെ ഉള്‍വലിഞ്ഞ് അവനവനിലേക്ക് ചുരുങ്ങുന്നുമുണ്ടെങ്കില്‍ ശ്രദ്ധിക്കണം. വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ലക്ഷണമാകാം. എപ്പോഴും ഫോണ്‍ ചോദിച്ചു കൊണ്ടിരിക്കുക, പേര് വിളിച്ചാല്‍ പോലും ശ്രദ്ധിക്കാതിരിക്കുക, മൊബൈല്‍ വാങ്ങുകയോ ടിവി ഓഫ് ചെയ്യുകയോ ചെയ്താല്‍ ദേഷ്യപ്പെടുകയോ അക്രമാസക്തരാവുകയോ ചെയ്യുക, ആത്മഹത്യാ പ്രവണത, ചെറിയ കുഞ്ഞുങ്ങളാണെങ്കില്‍ സംസാരിക്കാന്‍ വൈകല്‍, അമിത വികൃതി, ഉറക്കക്കുറവ്, ഉത്കണ്ഠ ഒക്കെ...വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കാം. കാര്‍ട്ടൂണും സ്‌ക്രീന്‍ കാഴ്ചകളും മാത്രമായി കുട്ടിയുടെ ലോകം മാറുകയും അതിലെ കഥാപാത്രങ്ങളെ അനുകരിക്കുക, അവരെപ്പോലെ സംസാരിക്കുക എന്നതൊക്കെ വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങളായി കാണാറുണ്ട്. മാത്രമല്ല, വെര്‍ച്വല്‍ ഓട്ടിസമുള്ള കുട്ടികള്‍ ഐ കോണ്‍ടാക്ട് തരില്ല. കണ്ണില്‍ നോക്കി സംസാരിക്കുകയോ മറ്റുള്ളവരോട് ഇടപെടുകയോ ചെയ്യില്ല. 

മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഫോണ്‍ യാതൊരു കാരണവശാലും കൊടുക്കരുതെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാഴ്ചകളെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കുഞ്ഞുങ്ങള്‍ പഠിക്കുന്ന പ്രായമാണത്. അതായത് വിഷ്വല്‍ മെമ്മറി രൂപപ്പെടുന്ന സമയം. സ്‌ക്രീനുകളുടെ അതിപ്രസരവും കാര്‍ട്ടൂണുകളുടേയും ഗെയിമുകളുടേയുമൊക്കെ ചടുലതയും കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ സാരമായി തന്നെ ബാധിക്കാം. തീവ്രമായ സ്‌ക്രീന്‍ എക്സ്പോഷര്‍ കുട്ടികളുടെ ബുദ്ധിവികാസത്തേയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളേയും ബാധിക്കുമെന്ന് എത്രയോ പഠനങ്ങള്‍ പറയുന്നു. കുട്ടികള്‍ വീഡിയോ ഗെയിമും കാര്‍ട്ടൂണുമൊക്കെ കാണുമ്പോള്‍ തലച്ചോറില്‍ ഡോപോമിന്റെ അളവ് കൂടുകയും അതുവഴി കുട്ടികള്‍ക്ക് സന്തോഷം തോന്നുകയും ചെയ്യും. ഈ സന്തോഷത്തിനായാണ് അവര്‍ വീണ്ടും വീണ്ടും സ്‌ക്രീനിലേക്ക് ചുരുങ്ങുന്നതും ബിഹേവിയറല്‍ അഡിക്ഷന് കാരണമാകുന്നതും. എന്തെങ്കിലും തരത്തിലുള്ള എക്സര്‍സൈസുകള്‍ ഒരുമണിക്കൂറെങ്കിലും ചെയ്താല്‍ ഡോപോമൈന്റെ അളവ് വര്‍ധിപ്പിക്കാം.

 നമ്മുടെ കുഞ്ഞുങ്ങള്‍ മിടുക്കരായി വളരണമെന്നല്ലേ ഓരോ മാതാപിതാക്കളും ചിന്തിക്കുക. അടക്കിയിരുത്തേണ്ട പ്രായമല്ലെന്നറിയാഞ്ഞിട്ടോ ഓടിക്കളിച്ചും വീണും കരഞ്ഞും വാശിപിടിച്ചുമൊക്കെ തന്നെ വളരേണ്ടവരാണ് അവരെന്നറിയാഞ്ഞിട്ടോ ഒന്നുമല്ല...അച്ഛനും അമ്മയും മക്കളും മാത്രമുള്ള വീട്ടില്‍ കുഞ്ഞുങ്ങളെ കുറച്ചധികം നേരം പിടിച്ചിരുത്താന്‍ വേറെ വഴിയില്ലെന്ന് പറഞ്ഞാണ് കുറ്റബോധത്തോടെ തന്നെ പല അമ്മമാരും ഫോണ്‍ കൊടുത്ത് പോകുന്നത്. പക്ഷേ, കുഞ്ഞുങ്ങള്‍ക്കതൊരു ശീലമാവുക വളരെ പെട്ടെന്നാണ്. ഒരുദാഹരണത്തിന് ഭക്ഷണം കഴിപ്പിക്കാന്‍ നിങ്ങള്‍ കുഞ്ഞിന് അടുപ്പിച്ചൊരു നാല് ദിവസം ഫോണ്‍ കൊടുത്തുവെന്ന് വെയ്ക്കൂ... അഞ്ചാം ദിവസം കുട്ടികളിങ്ങോട്ട് ഡിമാന്റ് ചെയ്ത് തുടങ്ങും. കുറച്ചൊന്ന് പരിശ്രമിച്ചാല്‍ കുഞ്ഞുങ്ങളുടെ ഫോണിന്റെ ഈ അമിതോപയോഗം കുറയ്ക്കാനാകും. 

സ്‌ക്രീന്‍ സമയം നിങ്ങള്‍ നിശ്ചയിക്കുക: വീട്ടുജോലിയോ, ഓഫീസിലെ പെന്റിങ് വര്‍ക്കോ ഒക്കെ തീര്‍ക്കാന്‍, കുറച്ച് നേരം ഒന്നടങ്ങിയിരിക്കാന്‍ മൊബൈല്‍ ഫോണ്‍ കൊടുത്താണ് പല മാതാപിതാക്കളും കുഞ്ഞുങ്ങളെ പിടിച്ചിരുത്തുക. കുറ്റം പറഞ്ഞതല്ല, ഇപ്പഴത്തെ ഈ ലൈഫ്സ്‌റ്റൈലില്‍, ജോലി, വീട്, കുട്ടികള്‍ എല്ലാം കൂടി ഒരുമിച്ചുകൊണ്ടുപോവുക പാരന്റ്സിനല്‍പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പക്ഷേ, 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ നല്‍കാതിരിക്കുക. മൂന്ന് വയസ് മുതല്‍ എട്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് സ്‌ക്രീന്‍ സമയം ഒരുമണിക്കൂറായി പരിമിതപ്പെടുത്തുക. അവരെ എന്‍ഗേജ് ചെയ്യിക്കുന്ന കളിപ്പാട്ടങ്ങളിലേക്കോ കളികളിലേക്കൊ ഒക്കെ ശ്രദ്ധ തിരിക്കാം. ബില്‍ഡിംഗ് ബ്ലോക്കുകള്‍, ചിത്രരചന, പാട്ട്, ഡാന്‍സ്, സ്പോര്‍ട്സ്&ഗെയിംസ് എന്നിവയിലേതിലേക്കെങ്കിലും കുട്ടിയുടെ താത്പര്യം കൂടി കണക്കിലെടുത്ത് വഴി തിരിച്ചുവിടാം.  

സോഷ്യലൈസിങ് മസ്റ്റാണ്: സമപ്രായക്കാരുമായും മറ്റുള്ളരുമായി ഇടപെടാന്‍ കുട്ടികളെ പ്രാപ്തരാക്കാം. ഒരുമിച്ച് വായിക്കുക, കളിക്കുക, കുടുംബമൊന്നിച്ചുള്ള സമയം എഫക്ടീവായി വിനിയോഗിക്കുക, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക..തുടങ്ങി സോഷ്യലൈസിങ് പരമാവധി ഉറപ്പ് വരുത്തുന്നതിലൂടെ ഓരോ സാഹചര്യത്തിലും ഏത് രീതിയില്‍ ഇടപെടണമെന്ന് കുട്ടികള്‍ പഠിക്കും.  

വേണം ചിട്ട: കുട്ടികളുടെ ഒരു ദിവസം എങ്ങനെയായിരിക്കണമെന്ന ബോധ്യം അവരില്‍ വളര്‍ത്താന്‍ ഒരു ചിട്ട ഉണ്ടാക്കുന്നത് നല്ലതാണ്. പട്ടാളച്ചിട്ടപോലെ കടുത്ത അച്ചടക്കമോ ശിക്ഷണരീതിയോ അല്ല പറഞ്ഞത്. ഒരു താളം. അവരുടെ ഒരു ദിവസം തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ നീളുന്ന സമയം നല്ല രീതിയില്‍ വിനിയോഗിക്കാനുള്ള പരിശീലനം. എഴുന്നേല്‍ക്കുന്നതിനും ഉറങ്ങുന്നതിനും പഠനത്തിനും മൊബൈല്‍ നോക്കുന്നതിനുമെല്ലാം ഒരു ചെറിയ സമയനിഷ്ഠ കൊണ്ടുവന്നു നോക്കൂ. ഒരാഴ്ച ശീലിപ്പിച്ചാല്‍ മതി. എട്ടാം ദിവസം അവരത് ശീലമാക്കിയിരിക്കും. 

സ്‌ക്രീന്‍രഹിത സോണുകള്‍: ഈ സമയച്ചിട്ട കൊണ്ടുവരുമ്പോള്‍ സ്വാഭാവികമായും ഇന്ന സ്ഥലത്ത് ഇന്നകാര്യം ചെയ്യണമെന്ന ബോധ്യം കൂടിയാണ് കുട്ടികള്‍ക്കുണ്ടാവുന്നത്. പഠിക്കുന്ന സ്ഥലം അതിന് മാത്രമുള്ളതാണെന്നും കിടക്കുന്നയിടം ഉറങ്ങാനുള്ളതെന്നുമുള്ള ബോധ്യം. അപ്പോ ചിലയിടങ്ങള്‍ നമുക്ക് സ്‌കീന്‍ പ്രൊഹിബിറ്റഡ് ഏരിയ ആക്കാം. 

നിയന്ത്രണം മാതാപിതാക്കള്‍ക്കും: മാതാപിതാക്കള്‍ ചെയ്യുന്നതാണ് കുട്ടികള്‍ അനുകരിക്കുന്നത്. അവരോട് ഫോണ്‍ നോക്കരുതെന്ന് ഉപദേശിച്ച നിങ്ങള്‍ മണിക്കൂറുകളോളം ഫോണില്‍ കുത്തിയിരിക്കുന്നത് ശരിയാണോ. അല്ല. അപ്പോള്‍ സ്‌ക്രീന്‍ നിയന്ത്രണം നമുക്കുമാകാം. അവര്‍ക്ക് വേണ്ട രീതിയില്‍ നമ്മള്‍ അവെയ്​ലബിള്‍ ആകുമ്പോള്‍ തന്നെ കുട്ടികള്‍ നമ്മോട് ചേര്‍ന്ന് നില്‍ക്കും. ഒരുമിച്ചുള്ള സമയങ്ങളില്‍ പരസ്പരം നന്നായി ഇടപെടാം, കളിക്കാം, പാട്ടുപാടാം, ചെറിയ ചെറിയ വഴക്കുകള്‍ രമ്യമായ രീതിയില്‍ പരിഹരിക്കാം. കുട്ടികള്‍ കണ്ടുപഠിക്കട്ടെ. 

എന്ത് കാണുന്നു എന്നതും പ്രധാനം: കുട്ടികള്‍ക്ക് അനുവദിക്കപ്പെട്ട സ്‌ക്രീന്‍ ടൈമില്‍ കാണുന്നത് അവര്‍ക്ക് ദോഷം ചെയ്യാത്ത കണ്ടന്റുകളാണെന്നുകൂടി മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.  സജീവമായ ഇടപഴകലും പഠനവും പ്രോത്സാഹിപ്പിക്കുന്ന ഏതെങ്കിലും തരത്തില്‍ അവരുടെ മാനസിക വികാസത്തിനുതകുന്ന ഉള്ളടക്കങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുക. വേഗതയേറിയതോ അമിതമായി ഉത്തേജിപ്പിക്കുന്നതോ ആയ ഷോകള്‍ കാണുന്നത് തടയാനും സാധിക്കണം. റീല്‍സും ഷോര്‍ട്സും കാണാന്‍ അനുവദിക്കാതിരിക്കുക. ഓരോ റീലും ഓരോ തരം കണ്ടന്റുകളാണ്. ഒന്ന് സങ്കടമാണെങ്കില്‍ മറ്റൊന്ന് അമിത സന്തോഷം തരുന്നതാവും. കുട്ടികളുടെ വൈകാരിക തലത്തെയാണ് ഇത് ബാധിക്കുക. 

വേണം കളികളും ഫിസിക്കല്‍ ആക്ടിവിറ്റിയും: കളികള്‍, പ്രത്യേകിച്ച് ഔട്ട്‌ഡോര്‍, ശാരീരികവും വൈജ്ഞാനികവുമായ വികസനത്തിന് ഗുണം ചെയ്യും. ഇത് കുട്ടികളിലെ പഠ്യേതര കഴിവുകളെ വളര്‍ത്താനും ഓവറോള്‍ ഡെവലപ്മെന്റിനും സഹായിക്കും 

മൊബൈല്‍ പൂര്‍ണമായി ഒഴിവാക്കുക എന്നത് പുതിയ കാലത്ത് അത്ര സാധ്യമാകുന്ന കാര്യമല്ല. ടെക്‌നോളജി ഫലപ്രദമായി ഉപയോഗിക്കാനാണ് നാമവരെ പ്രാപ്തരാക്കേണ്ടത്. നേരത്തേ പറഞ്ഞ ലക്ഷണങ്ങള്‍ കുട്ടികളില്‍ കാണുന്നുവെങ്കില്‍ സ്‌ക്രീന്‍ അഡിക്ഷന്‍ കുറയാനുള്ള മാര്‍ഗങ്ങള്‍ പരീക്ഷിച്ചിട്ടും രക്ഷയില്ല എന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പീഡിയാട്രീഷന്റെ സഹായം തേടണം. ചെറിയ ചെറിയ ആക്ടിവിറ്റികളിലൂടെയും, കൗണ്‍സിലിങ്ങിലൂടേയും ആവശ്യമെങ്കില്‍ മരുന്നുകളിലൂടേയുംം നമുക്കവരെ മിടുക്കരാക്കാം

Inshort| Virtual autism refers to a behavioral disorder caused by excessive screen time in children, especially those under 6 years old. This condition leads to communication issues, social withdrawal, and delayed developmental milestones. Learn about its signs, effects, and tips for managing screen time to promote healthier development.