തോളിൽത്തട്ടി ധോനി; മലയാളികളെ പോലും ഞെട്ടിച്ച മലപ്പുറത്തെ 'ചൈനാമാൻ' പയ്യൻ | Vignesh Puthur
മത്സരശേഷം തോളിൽത്തട്ടി സാക്ഷാൽ മഹേന്ദ്ര സിങ് ധോനിയുടെ അഭിനന്ദനം. ഈയൊരു ചിത്രം മാത്രം മതി സ്വപ്നതുല്യമായ തന്റെ അരങ്ങേറ്റം മലപ്പുറം പെരിന്തൽമണ്ണക്കാരനായ വിഘ്നേഷ് പുത്തൂരിന് എക്കാലവും ഓർത്തുവെക്കാൻ. 'ഇന്ന് ഞങ്ങളുടെ ദിനമായിരുന്നില്ല. ഇത്ര സമ്മർദ്ദമേറിയ കളിയിൽ അതിശയകരമായി പന്തെറിഞ്ഞ വിഘ്നേഷിന് പ്രത്യേക അഭിനന്ദനം'. കളിതോറ്റതിന് പിന്നാലെ മുംബൈ നായകൻ സൂര്യകുമാർ യാദവ് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇങ്ങനെയായിരുന്നു. സീസണിലെ ആദ്യ മത്സരത്തിൽ തോറ്റിട്ടുപോലും ആ ടീമിലെ ഒരു താരം ആഘോഷിക്കപ്പെട്ടെങ്കിൽ അതൊരു സൂചനയാണ്. ക്രീസിൽ ബാറ്റർമാരെ കുഴയ്ക്കുന്ന മുൻനിര ചൈനാമാൻ ബൗളർമാരുടെ കൂട്ടത്തിലേക്കുള്ള വിക്കിയുടെ മാസ് എൻട്രി. ഐപിഎലിൽ ആരും കൊതിക്കുന്നൊരു അരങ്ങേറ്റം.
ചില്ലറക്കാരനല്ലെന്ന് തെളിയിച്ച അരങ്ങേറ്റം
ഒരുഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ചെന്നൈ വിറച്ചത് 24-കാരനായ വിഘ്നേഷിന് മുന്നിലാണ്. രോഹിത് ശർമയ്ക്ക് പകരം ഇംപാക്ട് പ്ലെയറായി കളത്തിലെത്തിയ വിഘ്നേഷ് മുംബൈ ഡഗൗട്ടിനെ പോലും അമ്പരപ്പിച്ചു. ഏഴ് ഓവറിൽ ചെന്നൈ ഒരുവിക്കറ്റ് നഷ്ടത്തിൽ 74 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് വിഘ്നേഷ് പന്തെറിയാനെത്തുന്നത്. അതുവരെ കേരള സീനിയർ ടീമിലോ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലോ പോലും കേട്ടുപരിചിതനല്ലാത്ത വിഘ്നേഷിന്റെ താണ്ഡവമായിരുന്നു പിന്നീട്.
ആദ്യ ഓവറിൽ തന്നെ വിക്കറ്റെടുത്ത് വരവറിയിച്ചു. അവിടേയും തീർന്നില്ല, രണ്ടാം ഓവറിലും മൂന്നാം ഓവറിലും വിക്കറ്റ്. ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്വാദും കൂറ്റനടിക്കാരായ ശിവം ദുബെയും ദീപക് ഹൂഡയും വിക്കിയുടെ ഇരകളായി. താരതമ്യേനെ ചെറിയ സ്കോർ മാത്രം പിറന്ന മത്സരത്തിൽ നാല് ഓവറിൽ വെറും 32 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ്. കളി കൈവിട്ടെങ്കിലും മലപ്പുറത്തെ പയ്യൻ മുംബൈയുടെ പുതിയ താരോദയമായി.
വമ്പൻമാരെ കോടികളെറിഞ്ഞ് പിടിക്കുന്ന ഐപിഎല്ലിൽ, അടിസ്ഥാനവിലയായ 30 ലക്ഷത്തിന് തങ്ങൾ ടീമിലെത്തിച്ചത് ചില്ലറക്കാരനെയല്ലെന്ന് കേവലം ഒറ്റമത്സരം കൊണ്ട് മുംബൈയെ ബോധ്യപ്പെടുത്താൻ വിഘ്നേഷിനായി. താരലേലത്തിൽ ടീമിലിടം പിടിച്ചെങ്കിലും പ്രതിഭാധാരാളിത്തമുള്ള മുംബൈയുടെ ഈ സീസണിലെ അന്തിമ ഇലവനിൽ വിഘ്നേഷ് കളിക്കുമെന്ന് മലയാളികൾ പോലും പ്രതീക്ഷിച്ചിരുന്നില്ല. അവിടെയാണ് അപ്രതീക്ഷിതമായി വിഘ്നേഷ് ഇംപാക്ട് പ്ലെയറായി ഞെട്ടിച്ചത്. അല്ലെങ്കിലും വിഘ്നേഷിന്റെ ക്രിക്കറ്റ് ജീവിതത്തിൽ എല്ലാം അപ്രതീക്ഷിതമാണ്. ഐ.പി.എൽ മെഗാ താരലേലത്തിലും സർപ്രൈസ് എൻട്രി. ലേലം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ മുംബൈയിലേക്ക് നറുക്ക് വീഴുന്നു. സീസണിലെ ആദ്യ മത്സരത്തിൽ രോഹിതിന് പകരം ഇംപാക്ട് പ്ലെയറായി കളത്തിലെത്തിയതും തീർത്തും അപ്രതീക്ഷിതം.
കളി തുടങ്ങിയത് 11-ാം വയസ്സിൽ
ക്രിക്കറ്റിൽ പാരമ്പര്യങ്ങളൊന്നും പറയാനില്ലാത്ത വിഘ്നേഷിന്റെ കൈമുതൽ ക്ഷമയും കഴിവും മാത്രമാണ്. 2024-ൽ നടന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനമാണ് വിഘ്നേഷിന്റെ തലവര മാറ്റിയത്. ആലപ്പി റിപ്പിൾസിനായി പന്തെറിയുമ്പോഴായിരുന്നു മുംബൈ സ്കൗട്ടിങ് ടീമിന്റെ ശ്രദ്ധ വിഘ്നേഷിൽ പതിഞ്ഞത്. പിന്നീട് മുംബൈ ഇന്ത്യൻസിന്റെ ട്രെയൽസിലേക്കും ക്ഷണമെത്തി. അവിടേയും മികച്ച രീതിയിൽ പന്തെറിഞ്ഞു. പിന്നാലെ ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിൽ മുംബൈയുടെ ഉടമസ്ഥതയിലുള്ള ടീമായ എംഐ കേപ്ടൗണിന്റെ ക്യാമ്പിൽ നെറ്റ്ബൗളറാകാനും അവസരം കിട്ടി. അവിടെ അഫ്ഗാൻ താരം റാഷിദ് ഖാനുമായി അടുത്ത് ഇടപഴകാൻ സാധിച്ചതും വിഘ്നേഷിന്റെ കരിയറിൽ നിർണായകമായി. ലേലത്തിൽ വിഘ്നേഷിനെ ഒപ്പംകൂട്ടാൻ തീരുമാനിച്ച മുംബൈ മാനേജ്മെന്റിന്റെ തീരുമാനം ഏതായാലും തെറ്റിയില്ല.
ക്രിക്കറ്റിൽ വളരെ അപൂർവമായി മാത്രം കാണാറുള്ള ചൈനാമാൻ ബൗളറാണ് വിഘ്നേഷ്. കൈക്കുഴ കൊണ്ട് പന്തെറിയുന്ന ഇടൻ കൈയ്യൻ ലെഗ് സ്പിന്നർമാരെയാണ് ചൈനാമാൻ എന്ന് വിളിക്കുന്നത്. ഇത്തരം ബൗളർമാരെ നേരിടാൻ ബാറ്റർമാർക്ക് അത്ര എളുപ്പമല്ല. ഈ ബൗളിങ് ശൈലിയാണ് വിഘ്നേഷിന്റെ മുംബൈയിലേക്കുള്ള തിരഞ്ഞെടുപ്പിനു പിന്നിലും.
11 വയസ്സിൽ, ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിഘ്നേഷ് ക്രിക്കറ്റ് കളിച്ച് തുടങ്ങുന്നത്. അന്നൊന്നും പക്ഷേ കൃത്യമായി പന്തെറിയാൻ പോലും വിഘ്നേഷിന് അറിയില്ലായിരുന്നു. കളി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴാണ് താൻ ബൗൾ ചെയ്യുന്നത് ചൈനാമാൻ രീതിയാണെന്ന് പോലും വിഘ്നേഷ് മനസ്സിലാക്കിയത്. ക്രിക്കറ്റിനെ സീരിയസ്സായ കണ്ടതിൽപ്പിന്നെ, പെരിന്തൽമണ്ണയിലായിരുന്നു ആദ്യ പരിശീലനം. പിന്നീട് കേരള ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള അക്കാദമിയിലേക്കെത്തി. തുടർന്ന് പെരിന്തൽമണ്ണ ജോളി റോവേഴ്സ് ക്ലബ്ബിൽ, ലീഗും കളിച്ചു. പിന്നീട് അണ്ടർ 14, അണ്ടർ 19 കേരള ടീമിലും പന്തെറിഞ്ഞു. പക്ഷേ ഇതുവരെ കേരള സീനിയർ ടീമിന്റെ ജഴ്സി അണിയാനായിരുന്നില്ല. അതിന് മുമ്പാണ് ഐപിഎൽ ഭാഗ്യം തേടിയെത്തിയത്. സീസണിൽ ടീമിനായി ഇനിയും മികവുറ്റ പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രഖ്യാപനം കൂടിയാണ് വിഘ്നേഷിന്റെ ഗംഭീരമായ അരങ്ങേറ്റം.
Vignesh Puthur, IPL debut, Mumbai Indians, MS Dhoni congratulates, Suryakumar Yadav praise, chinaman bowler, Kerala cricket, Perinthalmanna cricketer, Ruturaj Gaikwad wicket, Shivam Dube wicket, Deepak Hooda wicket, MI vs CSK 2025, IPL 2025 highlights, Kerala Cricket League, MI Cape Town net bowler, Rashid Khan training, Impact Player rule, IPL 30 lakh player, left-arm wrist spinner, unexpected IPL debut.
Content Highlights: vignesh puthur sensational IPL debut against chennai super kings
Published: 25 Mar 2025, 07:30 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented