പ്രശംസ കേട്ടാലും സന്തോഷമില്ല, കഴിവില്‍ സംശയം; എന്താണ് ഇംപോസ്റ്റര്‍ സിന്‍ഡ്രോം ? | Explained
പ്രശംസകൾ തേടിയെത്തുമ്പോൾ ഒരു സന്തോഷമൊക്കെ തോന്നുന്നുണ്ടാവുമല്ലേ... അതോ ഇല്ലെന്നാണോ..? അർഹിക്കാത്തത് എന്തോ ആണ് ലഭിച്ചിരിക്കുന്നത്, ആളുകൾ ഇതിന് എനിക്ക് യോഗ്യതയുണ്ടോ എന്ന് ചിന്തിക്കുമോ? ഇങ്ങനെയൊക്കെ തോന്നിയെങ്കിൽ നിങ്ങൾ കടന്നുപോകുന്നത് ഇംപോസ്റ്റർ സിൻഡ്രോമിലൂടെയാവാം. നിങ്ങളുടെ കഴിവുകൾക്കും നേട്ടങ്ങൾക്കും ശ്രദ്ധയോ അംഗീകാരമോ ലഭിക്കുമ്പോൾ അതിൽ സന്തോഷത്തിന് പകരം സംശയം, അല്ലെങ്കിൽ അനാവശ്യമായ കുറ്റബോധം അനുഭവപ്പെടുന്ന അവസ്ഥയാണ് ഇംപോസ്റ്റർ സിൻഡ്രോം. ഇത്തരം സ്വയം സംശയം വ്യക്തികളെ തളർത്തുകയും അവരുടെ വിവിധമേഖലയിലുള്ള പ്രവർത്തനക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഈ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ ചിന്ത, തന്റെ കഴിവുകൾക്കുപരി കുറവുകളെ കുറിച്ചും ചുറ്റുപാടുമുള്ള ലോകം എങ്ങനെ ഇതിനെ നോക്കികാണുമെന്നുമുള്ള അനാവശ്യ ധാരണകളിലൂടെയാവും. താൻ ചതിയിലൂടെയാണ് ഈ വിജയം നേടിയതെന്നാവുമോ മറ്റുള്ളവർ ചിന്തിക്കുക.... ഈ അഭിനന്ദനങ്ങളും പ്രശംസകളും മറ്റുള്ളവരുടെ ഉദാരമനസുക്കൊണ്ടാണ്, താൻ അത് അർഹിക്കുന്നില്ല, താൻ ഈ വിജയത്തിന് അൽപം പോലും യോഗ്യനല്ല, കഴിവല്ല, ഭാഗ്യമാണ് തന്നെ ഇവിടെ എത്തിച്ചത്.... തുടങ്ങി എന്തിലും ഏതിലും ഉത്കണ്ഠയോ വിഷാദമോ തോന്നുന്ന അവസ്ഥയിലൂടെയാവും ഇവർ കടന്നുപോകുക..
ഇവരെ ബാഹ്യമായ ചില പെരുമാറ്റങ്ങളിലൂടെ തിരിച്ചറിയാകുമെന്നാണ് വിദഗ്ദർ പറയുന്നത്. പോസിറ്റീവ് ഫീഡ്ബാക്കുകളിൽ നിന്ന് അകലം പാലിക്കുക... എന്തുകാര്യങ്ങൾക്കും അമിതമായ തയ്യാറെടുപ്പുകൾ, മറ്റുള്ളവരോടുള്ള അവിശ്വാസം മുതലായ ലക്ഷണങ്ങൾ ഇംപോസ്റ്റർ സിൻഡ്രോമിന്റെയാവാം.. ഈ അവസ്ഥ വ്യക്തിയുടെ തീരുമാനങ്ങളിലും പ്രവർത്തനങ്ങളിലും വലിയ സ്വാധീനം ചെലുത്തും.
മനഃശാസ്ത്രജ്ഞരായ പോളിൻ ക്ലാൻസും സുസെയ്ൻ ഇമെസും 1978-ൽ നടത്തിയ പഠനത്തിലാണ് "ഇംപോസ്റ്റർ സിൻഡ്രോം" അവസ്ഥയെ കുറിച്ച് ആദ്യമായി പ്രതിപാദിക്കുന്നത്. 150 സ്ത്രീകളിൽ അവർ നടത്തിയ പഠനത്തിൽ കൂടുതൽ പേരും അവരുടെ നേട്ടങ്ങളിൽ സംശയാലുക്കളാണെന്നു കണ്ടെത്തി. വ്യക്തിപരമായ പ്രശ്നങ്ങൾ, ജെൻഡർ, സംസ്കാരം മുതലായ ഘടകങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നായിരുന്നു ക്ലാൻസിന്റെയും ഇമെസിന്റെയും കണ്ടെത്തൽ. പ്രായ ലിംഗ ഭേദമില്ലാതെ ഇംപോസ്റ്റർ സിൻഡ്രോം അനുഭവപ്പെടാം.
കുടുംബ പശ്ചാത്തലവും ഒരു വിഷയമാകാം, കുട്ടിക്കാലം മുതലേയുള്ള വിജയ പരാജയങ്ങളെ കുറിച്ചുണ്ടായ ബോധ്യങ്ങൾ ജീവിതത്തിലുടനീളം നിലനിൽക്കും. ഇത് ഇംപോസ്റ്റർ സിൻഡ്രോമിനും കാരണമാകാം. വ്യത്യസ്ത സംസ്കാരങ്ങൾ വിദ്യാഭ്യാസം, തൊഴിൽ, വിജയത്തിന് വ്യത്യസ്ത നിർവചനങ്ങൾ നൽകിയേക്കാം. മറ്റുള്ളവരുമായുള്ള താരതമ്യപ്പെടുത്തലുകളും തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളും ഭാവിയിൽ നേട്ടങ്ങളിലും സംശയം പ്രകടിപ്പിക്കുന്നതിന് ഒരു കാരണമാകാം.
അഞ്ച് തരത്തിൽ ഇംപോസ്റ്റർ സിൻഡ്രോം അനുഭവപ്പെടാമെന്നാണ് വിദഗ്ദർ പറയുന്നത്
പെർഫെക്ഷനിസ്റ്റ്: ചെറിയ തെറ്റ് പോലും ഒരു പരാജയമായി അനുഭവപ്പെടുന്ന അവസ്ഥയാണിത്.
എക്സ്പെർട്ട്: ഈ വ്യക്തിക്ക് എത്രത്തോളം അറിയാം അല്ലെങ്കിൽ ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. എന്തെങ്കിലുമൊരു കാര്യത്തിൽ ചെറിയ അറിവ് പോലുമില്ലെങ്കിൽ അവർ പരാജയമാണെന്ന് തോന്നുന്നു.
സോളോയിസ്റ്റ്: മറ്റുള്ളവരിൽ നിന്ന് സഹായം സ്വീകരിക്കാൻ വിമുഖത കാണിക്കുന്ന ഇവർ അങ്ങനെയുള്ള അംഗീകാരങ്ങളെ വിജയമായി കണക്ക് കൂട്ടാറില്ല.
ജീനിയസ്: നേട്ടങ്ങൾ എങ്ങനെ, എപ്പോൾ സംഭവിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇവർ വിജയത്തെ അടയാളപ്പെടുത്തുന്നത്. അധിക സമയം എടുക്കുന്നതോ എന്തെങ്കിലും വീണ്ടും ചെയ്യേണ്ടിവരുന്നതോ പരാജയത്തിന് സമാനമായാവാം ഇവർ കാണുക.
സൂപ്പർ വുമൺ/സൂപ്പർമാൻ/സൂപ്പർ സ്റ്റുഡന്റ്: എത്ര റോളുകൾ കൈകാര്യം ചെയ്യാനും അതിൽ മികവ് പുലർത്താനും കഴിയും എന്നതിനെ അടിസ്ഥാനമാക്കി നേട്ടങ്ങൾ അളക്കുന്നവരാണ് ഇവർ.
ഇംപോസ്റ്റർ സിൻഡ്രോം അവസ്ഥയിലൂടെ കടന്നുപോകുന്നവർ ഉത്കണ്ഠ അല്ലെങ്കിൽ വിഷാദാവസ്ഥ അഭീമുഖീകരിക്കുന്നുണ്ടെങ്കിൽ ഒരു തെറാപ്പിസ്റ്റിനെ സമീപിക്കുന്നത് ഉചിതമായിരിക്കും.
സ്വന്തം വൈദഗ്ധ്യം തിരിച്ചറിയുക, ബാഹ്യ മൂല്യനിർണ്ണയത്തെ മാത്രം ആശ്രയിക്കാതിരിക്കുക, പരാജയത്തോട് ആരോഗ്യകരമായ രീതിയിൽ പ്രതികരിക്കാൻ പരിശീലിക്കുക, വിജയങ്ങൾക്കും പരിശ്രമങ്ങൾക്കും സ്വയം അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുക, ആരും പൂർണരല്ലെന്ന് എപ്പോഴും ഓർമയിൽ വയ്ക്കുക മുതലായവ ഒരു പരിധിവരെ ഇംപോസ്റ്റർ സിൻഡ്രോമിനെ മറികടക്കാം. ഉത്കണ്ഠ അല്ലെങ്കിൽ വിഷാദാവസ്ഥ അഭീമുഖീകരിക്കുന്നുണ്ടെങ്കിൽ ഒരു തെറാപ്പിസ്റ്റിനെ സമീപിക്കുന്നത് ഉചിതമായിരിക്കും.
In Short | Impostor syndrome is feeling unworthy of success, leading to self-doubt and fear of being exposed as a fraud. People dismiss praise, overwork, or avoid help. It stems from childhood, societal pressures, or self-comparisons. Overcome it by recognizing achievements, accepting mistakes, and focusing on self-worth. Seek support if needed.
Content Highlights: Not happy with the accolades? Or do you doubt your ability? Then it could be imposter syndrome VIDEO
Published: 18 Jan 2025, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented