നേട്ടം പുതിന്, കാരണം ട്രംപ്; അലാസ്ക ഉച്ചകോടിക്ക് പിന്നിൽ എന്ത് ? | Explained
അലാസ്കയിലെ ഉച്ചകോടിയിലേയ്ക്കാണ് ലോകം ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുതിനും നടത്തിയ കൂടികാഴ്ചയ്ക്ക് പ്രതീക്ഷിച്ചപോലെയുള്ള വലിയചലനമൊന്നും കൊണ്ടുവരാന്‍ കഴിഞ്ഞില്ല. അലാസ്ക ഉച്ചകോടിയില്‍ 'വലിയ പുരോഗതി' ഉണ്ടായതായി ട്രംപ് അവകാശപ്പെട്ടുവെങ്കിലും , യുക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാന്‍ ഒരു കരാറിലും എത്തിയിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു. ഇത് ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങളാണ് ബാക്കിയാക്കിയിരിക്കുന്നത്. പുതിന്റെ പ്രത്യേക സൈനിക നടപടിയുടെ' യഥാര്‍ത്ഥ ലക്ഷ്യം - യുക്രൈയ്നെ ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ തകര്‍ക്കുക എന്നതാണ്. ഇതിനെതിരേ മൂന്നര വര്‍ഷത്തെ പലരുടേയും ശ്രമങ്ങളൊന്നും അദ്ദേഹത്തിന്റെ മനസ്സ് മാറ്റിയില്ല. അതില്‍ ഇനി അലാസ്ക ഉച്ചകോടിയും ഉള്‍പ്പെടും. കൂടിക്കാഴ്ചയ്ക്ക് ശേഷവും തുടരുന്ന അനിശ്ചിതത്വം ആശങ്കാജനകമാണ്. ഇനി എന്ത് സംഭവിക്കും? റഷ്യയുടെ ആക്രമണങ്ങള്‍ നിര്‍ബാധം തുടരുമോ? ചോദ്യങ്ങള്‍ ബാക്കിയാണ്
കഴിഞ്ഞ കുറച്ച് മാസങ്ങളായി, പാശ്ചാത്യ രാജ്യങ്ങള്‍ നല്കിയ സമയപരിധികള്‍ ഒരുഫലവും കാണാതെ നിഷ്പ്രഭമാകുന്നതാണ് നമ്മള് കണ്ടത്. ഒരിക്കലും നടപ്പാക്കാത്ത ഭീഷണികളും ഇതിലുണ്ടായിരുന്നു. പുതിന്റെ ആക്രമണം തുടരാനുള്ള ഒരു ക്ഷണമായിട്ടാണ് ഉക്രേനിയന്‍ ജനത ഇതിനെ കാണുന്നത്. അലാസ്കയിലെ ചര്‍ച്ചയും പുരോഗതിയില്ലാതെയായി.റഷ്യയുടെ ഉക്രെയ്നിനെതിരായ മൂന്നര വര്‍ഷത്തെ യുദ്ധത്തില്‍ ശാശ്വതമായ വെടിനിര്‍ത്തല്‍ കരാറായിരുന്നു ട്രംപിന്റെ ലക്ഷ്യം. ട്രംപ്-പുതിന് കൂടിക്കാഴ്ചയില്‍ സംഭവിച്ചതെന്തൊക്കെയെന്നതിന്റെ പൂര്‍ണ ചിത്രം വ്യക്തമല്ലെങ്കിലും കൂടിക്കാഴ്ചയില്‍ പുതിന് മേല്‍ക്കൈ നേടിയെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അലാസ്കയുടെ തലസ്ഥാനമായ ആങ്കറേജിലെ എല്‍മന്‍ഡോര്‍ഫ്- റിച്ചാഡ്സണ് സൈനികത്താവളത്തില്‍ ലോകത്തില്‍ ഏറ്റവും ശക്തരായ രണ്ട് നേതാക്കളുടെ കൂടിക്കാഴ്ചയാണ് നടന്നത്. ശീതയുദ്ധം മുതല്‍ യുഎസ്-റഷ്യ ബന്ധങ്ങള്‍ സങ്കീര്‍ണ്ണവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമാണ്. സഹകരണം, സംഘര്‍ഷം, ചര്‍ച്ചകള്‍, അവിശ്വാസം എന്നിവയുടെ നീണ്ട ചരിത്രത്തിലെ ഏറ്റവും പുതിയ അധ്യായമാണ് അലാസ്ക ഉച്ചകോടി.
പുതിന് ലോകവേദിയിലേയ്ക്ക് തിരികെയെത്തുമ്പോള്‍ അലാസ്കയിലെ ആകാശം മേഘാവൃതമായിരുന്നു. അവിടെ ചുവന്ന പരവതാനി വിരിച്ച് കാത്തിരുന്നത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപായിരുന്നു. അടുത്തെത്തിയ പുതിനെ ട്രംപ് പുഞ്ചിരിയോടെ കൈകൊടുത്ത് സ്വീകരിച്ചു. 2022-ല്‍ മോസ്കോ ഉക്രെയ്നില് പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം മിക്ക പാശ്ചാത്യ രാജ്യങ്ങളും അദ്ദേഹത്തെ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. ശേഷമുള്ള അദ്ദേഹത്തിന്റെ അന്താരാഷ്ട്ര യാത്രകള്‍ റഷ്യന്‍ ഫെഡറേഷനുമായി സൗഹൃദമുള്ള രാജ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പുതിനെ സംബന്ധിച്ചിടത്തോളം ആ നിമിഷത്തിനേറെ വിലയുണ്ടായിരുന്നു. യുക്രെയ്ന് വിഷയത്തില്‍ നിരോധനങ്ങളില്പ്പെട്ട് ഒറ്റപ്പെട്ടിരിക്കുന്ന റഷ്യയെന്ന പരിഹാസങ്ങളെ ജയിക്കാനും അന്നും ഇന്നും റഷ്യ ഒരുപോലെ ആഗോള വേദിയിലെ ഒരു പ്രധാന ശക്തിയാണെന്ന് തെളിയിക്കാനും പുതിന് ട്രംപിന്റെ ഈ ഒരു ക്ഷണം മാത്രം മതിയായിരുന്നു.
പുതിന്റെ വിജയമായിപ്പോലും അലാസ്ക ഉച്ചകോടിയെ കണക്കാക്കാന്‍ കഴിയും. സുഹൃത്തിനെപ്പോലെ അമേരിക്കന്‍ മണ്ണിലേയ്ക്ക് ലഭിച്ച സ്വാഗതത്തെ അങ്ങനെ നിസാരമായി കാണാന്‍ കഴിയില്ല. പ്രസിഡന്‍ഷ്യല്‍ സ്റ്റേറ്റ് കാറില്‍ സഞ്ചരിക്കുന്നതിനുപകരം പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട്, പുതിന് ട്രംപിനൊപ്പം അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ലിമോസിനായ 'ദി ബീസ്റ്റ്' എന്ന വാഹനത്തില്‍ കയറി.വാഹനം മുന്നോട്ട് നീങ്ങിയപ്പോള്‍, പിന്‍സീറ്റില്‍ ഇരുന്ന് ചിരിക്കുന്ന പുതിനെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. പുതിനെ വിമാനത്താവളത്തില്‍ ട്രംപ് സ്വീകരിക്കുമ്പോള്‍ ഒരു ബി- 2 ബോംബര്‍ ,നാലുവീതം എഫ് 22, എഫ് 35 വിമാനങ്ങളും റണ്‍വേയ്ക്കു മുകളിലൂടെ അകമ്പടിയായി പറന്നിരുന്നു. യുദ്ധവിമാനങ്ങള്‍ പറത്തി അമേരിക്കയുടെ സൈനികശക്തി തെളിയിക്കാനുള്ള ട്രംപിന്റെ ശ്രമമായും ഇതിനെ വ്യാഖ്യാനിക്കാം. ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ അമേരിക്കയിലെത്തിയ സെലെന്‍സ്കി നേരിട്ടത് കടുത്ത അപമാനമായിരുന്നെങ്കില്, ട്രംപ് പുതിനെ സ്വീകരിച്ചത് രാജകീയമായായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
കടുത്ത വെല്ലുവിളികള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് ഇത്തരമൊരു കൂടിക്കാഴ്ച നടന്നത് എന്ന കാരണത്താല്‍ തന്നെ ഉച്ചകോടി വിജയത്തിലെത്തിക്കേണ്ടത് ട്രംപിന്റെ ആവശ്യമായിരുന്നു. പക്ഷെ പ്രത്യേക കരാറുകളൊന്നുമില്ലാതെയാണ് ട്രംപിന് മടങ്ങേണ്ടി വന്നത്. ഉച്ചകോടിയില്‍ പുതിന് തന്റെ നിലപാടുകളിലും, വാദങ്ങളിലും ഉറച്ചുനിന്നു എന്ന് തന്നെയാണ് വ്യക്തമാകുന്നത്. ഉച്ചകോടി എന്ന് വിശേഷിപ്പിക്കപ്പെട്ട യോഗത്തില്‍ രണ്ട് റൗണ്ട് ചര്‍ച്ചകള്‍ ഉണ്ടാകുമെന്നായിരുന്നു കരുതിയിരുന്നെങ്കിലും ആദ്യ റൗണ്ട് ചര്‍ച്ചയ്ക്ക് ശേഷം തന്നെ അവസാനിച്ചു.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെക്കാണുകയുണ്ടായി. തന്റെ 25 വര്‍ഷത്തെ പ്രസിഡന്റ് ഭരണത്തില്‍ മാധ്യമസ്വാതന്ത്ര്യത്തെ വകവെയ്ക്കാത്ത വ്യക്തിയാണ് പുതിന്.എന്നിട്ടും അലാസ്കയില്‍ മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ കേട്ടുനിന്നു ത്രിരാഷ്ട്ര ഉച്ചകോടിക്കായി പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയെ കാണാന്‍ പുടിന് തയ്യാറാകുമോ എന്ന ചോദ്യമുയര്‍ന്നിട്ടും ഒരു നിഗൂഢമായ പുഞ്ചിരിയല്ലാതെ റഷ്യന്‍ പ്രസിഡന്റില്‍ നിന്ന് വ്യക്തമായ പ്രതികരണമൊന്നും ഉണ്ടായില്ല. സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വെറും 12 മിനിറ്റ് നീണ്ടുനിന്ന രണ്ട് ഹ്രസ്വ പ്രസ്താവനകള്‍ മാത്രമാണ് ഇരുനേതാക്കളും നടത്തിയത്. ഇതില്‍ എട്ട് മിനുട്ട് നേരം പുതിന് സംസാരിച്ചു. പതിവില്‍ നിന്ന് വിപരീതമായി മാധ്യമങ്ങളോട് ആദ്യം സംസാരിച്ചതും പുതിനായിരുന്നു. വാചാലനായ ട്രംപ് അപ്പോള്‍ നിശബ്ദനായിരുന്നു. പുതിന് റഷ്യ-യുക്രെയ്ന് സംഘര്‍ഷത്തിന്റെ മൂലകാരണത്തെ കുറിച്ചാണ് അധികവും സംസാരിച്ചത്. അത് പരിഹരിച്ചാല്‍ മാത്രമേ ശാശ്വത സമാധാനം കൈവരികയുള്ളൂവെന്നും പുതിന് പറഞ്ഞു. ട്രംപ് 2023-ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്നെങ്കില്‍ യുദ്ധം സംഭവിക്കില്ലായിരുന്നുവെന്ന് പുതിന് ആവര്‍ത്തിച്ചത് കരാറുകളൊന്നുമുണ്ടായില്ലെങ്കിലും ഉച്ചകോടി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഫലപ്രദമായിരുന്നു എന്നുള്ളതിന്റെ തെളിവാണ്. ഒപ്പം നോബേലിനായി സ്വന്തം കാണുന്ന ട്രംപിനുള്ള ആശ്വാസവാക്കുകളായും ഇതിനെ വായിക്കാം.
യുക്രെയ്നിലെ യുദ്ധവും സമാധാനവും ചര്‍ച്ച ചെയ്യാനായി നടന്ന കൂടിക്കാഴ്ചയില്‍ യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്കിക്ക് ക്ഷണിച്ചില്ലായെന്നത് ശ്രദ്ധേയമാണ്. തന്റെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കാളിയാകാന്‍ സെലെന്‍സ്കിക്ക് അവസരം ലഭിച്ചില്ല. പകരം പുതിന് കഴിഞ്ഞു. യുക്രെയ്ന് ജനതയെ പുതിന് വിശേഷിപ്പിച്ചത് സ്വന്തം ജനത എന്നായിരുന്നു. യുക്രെയ്ന് റഷ്യക്ക് എത്രമാത്രം പ്രധാന്യമുള്ളതാണെന്ന് ലോകത്തെ കാണിക്കാനുള്ള പുതന്റെ തന്ത്രമായി ഇതിനെ കാണാം.
യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു കരാറിലെത്താനാണ് താന്‍ ഈ ഉച്ചകോടിയില്‍ പങ്കെടുത്തതെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു, എന്നാല്‍ ട്രംപ് സംസാരിക്കാന്‍ വന്നപ്പോള്‍ അദ്ദേഹം ഉക്രെയ്നിനെക്കുറിച്ചോ വെടിനിര്‍ത്തലിന്റെ സാധ്യതയെക്കുറിച്ചോ ഒരിക്കല്‍ പോലും പരാമര്‍ശിച്ചില്ല. യുക്രേനിയന്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് എന്തെങ്കിലും വ്യക്തമായ നടപടികള്‍ സ്വീകരിച്ചതായി പറഞ്ഞില്ല. പ്രധാന കരാറുകളോ പ്രസിഡന്റ് സെലെന്‍സ്കിയുമായുള്ള ത്രികക്ഷി കൂടിക്കാഴ്ചയോ പ്രഖ്യാപിച്ചില്ല. വെടിനിര്‍ത്തല്‍ ഉണ്ടായില്ലെങ്കില്‍ ട്രംപ് ഭീഷണിപ്പെടുത്തിയ 'കഠിനമായ പ്രത്യാഘാതങ്ങളെ' കുറിച്ച് ഒരു പരാമര്‍ശവും ഇല്ലായിരുന്നുവെന്നതും മോസ്കോയ്ക്ക് ആശ്വാസം നല്കി.
പുതിനുമായുള്ള ചര്‍ച്ചയില്‍ 'വലിയ പുരോഗതി' ഉണ്ടായതായി അവകാശപ്പെട്ട ഡൊണാള്‍ഡ് ട്രംപ്, എന്നാല്‍ ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാന്‍ ഒരു കരാറിലും എത്തിയിട്ടില്ലെന്ന് സ്ഥീരികരിച്ചിട്ടുണ്ട്. ഇനി ഇത് 'പൂര്‍ത്തിയാക്കേണ്ടത്' വോളോഡിമര്‍ സെലെന്‍സ്കിയാണ് എന്നും ട്രംപ് അറിയിച്ചു.ഷോണ്‍ ഹാനിറ്റിയുമായുള്ള അഭിമുഖത്തിലാണ് പന്ത് ഉക്രെയ്നിന്റെ കോര്‍ട്ടിലാണെന്ന് പറഞ്ഞ അദ്ദേഹം ഇനി അത് പൂര്‍ത്തിയാക്കേണ്ടത് പ്രസിഡന്റ് സെലെന്‍സ്കിയുടെ ഉത്തരവാദിത്തമാണെന്നും പറഞ്ഞു. വൈകാതെ നേറ്റോയെയും സെലന്‍സ്കിയെയും വിഷയത്തെക്കുറിച്ച് അറിയിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.
ആയിരക്കണക്കിന് ആളുകള്‍ ആഴ്ചകള്‍തോറും കൊല്ലപ്പെടുന്ന യുദ്ധത്തിന് അവസാനം ഉണ്ടാവണമെന്ന് തന്നെപ്പോലെ പുതിനും ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു.പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ ട്രംപ് സെലെന്‍സ്കിയോട് ആവശ്യപ്പെടുന്നതും ഉച്ചകോടിക്ക് ശേഷം ലോകം കണ്ടു. ഇതെല്ലാം കാണിക്കുന്നത് സ്വന്തം നിലപാടുകളില്‍ ഉറച്ച് നിന്ന പുതിന്റെ വിജയം തന്നെയാണ്. അടുത്തതവണ കൂടിക്കാഴ്ച മോസ്കോയിലാക്കാം എന്നും പുതിന് ട്രംപിനെ ക്ഷണിച്ചിട്ടുമുണ്ട്.
വെടിനിര്‍ത്തലിന് റഷ്യ തയ്യാറായില്ലങ്കില്‍ പ്രത്യാഘാതങ്ങള്‍ ഭീകരമായിരിക്കുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് മുന്‍പുള്ള ട്രംപിന്റെ ഭീഷണി മുഴക്കിയിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അധികത്തീരുവ ചുമത്തുമെന്നായിരുന്നു പ്രഖ്യാപനം. റഷ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉപയോക്താക്കളായ ഇന്ത്യയ്ക്ക് അധികത്തീരുവയും പ്രഖ്യാപിച്ചിരുന്നു. തത്ക്കാലത്തേക്ക് തീരുവവര്‍ധന നിര്‍ത്തിവച്ചത് ഇന്ത്യയ്ക്കും ആശ്വാസിക്കാനുള്ള വാര്‍ത്തയാണ്. അലാസ്ക ഉച്ചകോടി റഷ്യയ്ക്ക് വലിയൊരു നയതന്ത്ര വിജയമാണെന്നും വിലയിരുത്താവുന്നതാണ്.
Inshort-The Alaska summit between Trump and Putin yielded no significant agreements on the Ukraine conflict, leaving many questions unanswered. Putin appeared to maintain the upper hand.
Content Highlights: Trump-Putin Alaska Summit: No Breakthrough on Ukraine
Published: 18 Aug 2025, 09:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented