വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയില്‍ പുതിന്‍ വ്യക്തമായ വിജയം കൈവരിച്ചുവെന്ന് മുന്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. അതേസമയം കൂടിക്കാഴ്ചയില്‍ ട്രംപ് പരാജയപ്പെട്ടതുമില്ല. എങ്കിലും യുക്രൈനിനായുള്ള സമാധാനക്കരാര്‍ സാധ്യമാവുമോ എന്നതില്‍ ട്രംപിന് സംശയമുണ്ടെന്നും ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ അലാസ്‌കയിലായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. 

To advertise here,

കൂടുതല്‍ നേരം കൂടിക്കാഴ്ച നടത്തിയെന്നല്ലാതെ ട്രംപിന് ഒന്നും നേടാനായില്ല. അതേസമയം പുതിന്‍ യുഎസുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതില്‍ ഏറെ മുന്നോട്ടുപോയി. പുതിന്റെ ലക്ഷ്യം അതായിരുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ബോള്‍ട്ടണ്‍ പറഞ്ഞു. ആറു വര്‍ഷങ്ങള്‍ക്കുശേഷമാണ് പുതിനും ട്രംപും തമ്മില്‍ കാണുന്നത്. യുക്രൈനിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും പൂര്‍ണമായി പുനഃസ്ഥാപിക്കുക എന്ന നാറ്റോയുടെ ലക്ഷ്യം നേടുന്നതില്‍ ട്രംപ് പരാജയപ്പെട്ടെന്നും ബോള്‍ട്ടണ്‍ വിമര്‍ശിച്ചു. 

യുക്രൈനുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുക വളരെ സങ്കീര്‍ണമാണെന്നതിനാലാണ് വൈറ്റ് ഹൗസ് അതു സംബന്ധിച്ച പ്രതീക്ഷകളില്‍ മയംവരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ട്രംപുമായി ഒരു സമാധാന ബന്ധം സ്ഥാപിക്കുക എന്നതായിരുന്നു പുതിന്റെ യുഎസ് പര്യടന ലക്ഷ്യം. എന്നാല്‍ ആ പദ്ധതി വിജയിക്കാന്‍ സാധ്യതയില്ല. പക്ഷേ, പുതിന്‍ താന്‍ ആഗ്രഹിച്ചതിലും കൂടുതല്‍ ഈ കൂടിക്കാഴ്ചകൊണ്ട് നേടിയിട്ടുണ്ട്. എന്നാല്‍ ട്രംപിന് കുറച്ച് നേട്ടമേ അതുണ്ടാക്കിയിട്ടുള്ളൂ എന്നും അദ്ദേഹം വിലയിരുത്തി. 

ചുവന്ന പരവതാനി വിരിച്ച് സ്വന്തം നാട്ടില്‍ സ്വീകരണം നല്‍കിയിട്ടും യുക്രൈനിലെ റഷ്യന്‍ അതിക്രമം അവസാനിപ്പിച്ച് പുതിനുമായി ഒരു മുന്നേറ്റം നടത്താന്‍ ട്രംപിനായില്ല. രക്തച്ചൊരിച്ചില്‍ തടയാനുള്ള ട്രംപിന്റെ ഏറ്റവും വലിയ ഒരു ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും കൂടുതല്‍ ചോദ്യങ്ങളെ നേരിടാന്‍ കൂട്ടാക്കാതെ, കുറച്ച് വിവരങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തത്. യുക്രൈന്‍ വിഷയത്തില്‍ ഒരു ധാരണയിലെത്തിയിട്ടുണ്ടെന്നും യുക്രൈനും യൂറോപ്പും ഇടപെട്ട് ഉണ്ടായ പുരോഗതിയെ തകര്‍ക്കരുതെന്നും പുതിന്‍ പറഞ്ഞു. വലിയ പുരോഗതിയുണ്ടായെന്ന് ട്രംപും പറയുന്നുവെങ്കിലും പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. 

ഇരുനേതാക്കളും തമ്മില്‍ അടച്ചിട്ട മുറിയില്‍ മൂന്നു മണിക്കൂറോളം നീണ്ട ചര്‍ച്ച അന്തിമ കരാറിലെത്തിയില്ല. വൈകാതെ ആ ലക്ഷ്യത്തിലെത്താനാകുമെന്ന് ട്രംപ് പറഞ്ഞു. ചര്‍ച്ചയില്‍ ട്രംപിനൊപ്പം മാര്‍ക്കോ റൂബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ പങ്കെടുത്തപ്പോള്‍ പുതിനൊപ്പം വിദേശകാര്യമന്ത്രി സെര്‍ഗെയി ലാവ്‌റോവും പങ്കെടുത്തു. കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഉച്ചകോടി.