കരാർ അംഗീകരിക്കാൻ ഹമാസ്; ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ട്രംപിനാവുമോ? നൊബേൽ സ്വന്തമാക്കുമോ?
രണ്ട് വർഷം മുമ്പ്, 2023 ഒക്ടോബർ ഏഴിനാണ് ഇസ്രയേലിന്റെ മണ്ണിൽ ഹമാസ് കടന്നുകയറി, ചരിത്രത്തിൽ അതുവരെ കാണാത്ത രക്തച്ചൊരിച്ചിൽ ഹമാസും കൂട്ടരും നടത്തുന്നത്. പ്രതിരോധ രംഗത്തെ സൂപ്പർ പവർ നിലംപരിശാവുന്നത് ലോകം കണ്ടു. അത് ഇസ്രയേലിന് താങ്ങാവുന്നതായിരുന്നില്ല. ബന്ധവൈരിയായ ഹമാസിനേയും കൂട്ടരേയും ഇല്ലാതാക്കാൻ പലസ്തീനിൽ അന്നു തുടങ്ങിയതാണ് രക്തച്ചൊരിച്ചിൽ. മരിച്ചുവീണത് പിഞ്ചുകുഞ്ഞുങ്ങളും നിരപരാധികളും. അതുകൊണ്ട് ലോകം വെറുങ്ങലിച്ചു നിന്നു. ഇത് വെറും യുദ്ധമല്ല, ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയാണെന്ന് ലോകമൊന്നാകെ പറഞ്ഞു. ഒടുവിൽ സമാധാന ശ്രമങ്ങൾക്ക് വഴി തുറക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. പിന്നിലാര് പ്രവർത്തിച്ചു എന്നാണ് ലോക അറിയുന്നത് എന്നതിനും പ്രാധാന്യമുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാറിന്റെ ഭാഗമായി അനുനയത്തിന് തയ്യാറാണ് ഹമാസ് എന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാൻ സമ്മതിച്ചിട്ടുണ്ടെങ്കിലും യുഎസ് സമാധാന പദ്ധതിയിൽ പറഞ്ഞിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ചർച്ചകൾ വേണമെന്നാണ് ഹമാസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹമാസ് കരാറിലെ വ്യവസ്ഥകള് പൂർണമായി അംഗീകരിക്കുമോ? പലവട്ടം വെടിനിർത്തൽ കരാറുകള് ലംഘിച്ച ഇസ്രയേലിനെ എത്രത്തോളം വിശ്വസിക്കാനാവും? സമാധാന കരാർ വിജയിച്ചാലെങ്കിലും ട്രംപ് ആഗ്രഹിച്ച സമാധാന നോബേൽ സ്വന്തമാക്കാനാവുമോ? ചോദ്യങ്ങൾ പലതാണ്.
ട്രംപിന്റെ സമാധാന കരാർ
ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ ഒരു താൽക്കാലിക ഭരണകൂടം സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള 20 ഇന നിർദ്ദേശമാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ എല്ലാ ബന്ദികളെയും മോചിപ്പിക്കുക, ഇസ്രയേലി സൈന്യത്തെ ഗാസയിൽ നിന്ന് ഘട്ടംഘട്ടമായി പിൻവലിക്കുക, 1950 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുക എന്നിവയാണ് ഇതിലെ പ്രധാന നിർദേശങ്ങൾ. ഹമാസിനെ നിരായുധീകരിക്കുകയും ഗാസയുടെ ഭരണത്തിൽനിന്ന് പുറത്താക്കുകയും ചെയ്യും. ഗാസയുടെ ഭരണത്തിൽ നേരിട്ടോ അല്ലാതെയോ ഏതെങ്കിലും രൂപത്തിലോ ഒരു പങ്കും വഹിക്കില്ലെന്ന് ഹമാസും മറ്റ് വിഭാഗങ്ങളും സമ്മതിക്കണം.
കരാർ അംഗീകരിച്ചാലുടൻ, ഗാസ മുനമ്പിലേക്ക് പൂർണ്ണമായ സഹായം അയയ്ക്കും. ട്രംപിന്റെ അധ്യക്ഷതയിലുള്ള ഒരു അന്താരാഷ്ട്ര ഇടക്കാല സമിതിയുടെ മേൽനോട്ടത്തിൽ പലസ്തീൻ സമിതി ഗാസയിലെ ദൈനംദിന സിവിലിയൻ കാര്യങ്ങൾ നിർവഹിക്കും. 'ബോർഡ് ഓഫ് പീസ്' എന്നായിരിക്കും ഈ അന്താരാഷ്ട്ര സമിതി അറിയപ്പെടുക. സ്വതന്ത്ര നിരീക്ഷകരുടെ മേൽനോട്ടത്തിൽ ഗാസയെ സൈനികവിമുക്തമാക്കുന്ന ഒരു പ്രക്രിയ ഉണ്ടാകും. ഗാസയിൽ ഉടനടി വിന്യസിക്കുന്നതിനായി ഒരു താൽക്കാലിക അന്താരാഷ്ട്ര സ്ഥിരതാ സേന (ISF) രൂപീകരിക്കാൻ അമേരിക്ക അറബ്, അന്താരാഷ്ട്ര പങ്കാളികളുമായി പ്രവർത്തിക്കും. ഇസ്രയേൽ ഗാസയെ അധിനിവേശം ചെയ്യുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യില്ല. ഐഎസ്എഫ് നിയന്ത്രണവും സ്ഥിരതയും സ്ഥാപിക്കുമ്പോൾ, ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പിൻവാങ്ങും തുടങ്ങിയവയാണ് മറ്റ് നിർദേശങ്ങൾ.
യുദ്ധം അവസാനിപ്പിക്കുന്നതിൽ മാത്രമൊതുങ്ങാതെ യുദ്ധാനന്തര ഗാസയുടെ ഭാവി എങ്ങനെയായിരിക്കണം എന്ന് കൂടി വിഭാവനം ചെയ്യുന്നതാണ് പുതിയ കരാർ. ഇതിന്റെ ഭാഗമായാണ് 'ബോർഡ് ഓഫ് പീസ്' സമിതി, അന്താരാഷ്ട്ര സ്ഥിരതാ സേന തുടങ്ങിവയെല്ലാം പുതുതായി ഏർപ്പെടുത്തിയത്.
ഭാഗികമായി കരാർ അംഗീകരിച്ച് ഹമാസ്
ഗാസ സമാധാനപദ്ധതി തങ്ങൾ ഭാഗികമായി അംഗീകരിച്ചതായാണ് മധ്യസ്ഥരായ ഖത്തറിനെ ഹമാസ് അറിയിച്ചത്. ഭരണത്തിൽ നിന്ന് മാറിനിൽക്കാനും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രയേലി തടവുകാരെയും മോചിപ്പിക്കാനും ഹമാസ് തയ്യാറാണ്. ഗാസ മുനമ്പിന്റെ ഭരണം ഒരു സ്വതന്ത്ര പലസ്തീൻ സമിതിക്ക് കൈമാറാണമെന്നതിനോടും ഹമാസ് യോജിച്ചിട്ടുണ്ട്. പക്ഷേ ആയുധം വെച്ച് കീഴടങ്ങണമെന്ന ആവശ്യം പോലുള്ള മറ്റു പല നിർദേശങ്ങളോടും വിയോജിപ്പ് അറിയിച്ചതായാണ് വിവരം.
ഇസ്രയേൽ പലസ്തീനിൽ നിന്ന് പൂർണമായി പിന്മാറിയാലല്ലാതെ ആയുധം ഉപേക്ഷിക്കില്ലെന്ന് ഹമാസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. സമഗ്ര പലസ്തീനിയൻ ദേശീയ ചട്ടക്കൂടിന് അകത്ത് നിന്നായിരിക്കും ഗാസയുടെ ഭാവി സംബന്ധിച്ച ചർച്ചകളെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കരാർ യാഥാർഥ്യമായാൽ ഹമാസിനെ കാത്തിരിക്കുന്നത് രാഷ്ട്രീയവും സൈനികവുമായ അന്ത്യമായിരിക്കുമെന്നാണ് വിശകലനം. ഒറ്റയടിക്ക് നിരായുധീകരിക്കുന്നതും മുഴുവൻ ബന്ദികളെയും കൈമാറുന്നതും ഹമാസിന് പൂർണമായും തകർക്കും. കരാറുകൾ ലംഘിച്ച് ചരിത്രമുള്ള നെതന്യാഹു ഹമാസിനെ പൂർണമായും ഇല്ലാതാക്കാനുള്ള സാഹചര്യമായി ഇത് ഉപയോഗിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഹമാസ് എത്രത്തോളം വ്യവസ്ഥകൾ അംഗീകരിക്കുമെന്ന് കണ്ടറിയണം.
എന്തായാലും ഹമാസിന്റെ പ്രതികരണത്തിന്റെ പശ്ചാത്തലത്തിൽ, എല്ലാ ബന്ദികളെയും ഉടനടി മോചിപ്പിക്കുന്നതിനുള്ള ആദ്യ ഘട്ടം ഉടൻ നടപ്പാക്കാൻ ഇസ്രയേൽ തയ്യാറെടുക്കുകയാണെന്ന് ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചിട്ടുണ്ട്.
നടപ്പിലാവുമോ സമാധാനകരാർ?
നേരത്തെയും ഇസ്രയേൽ-പലസ്തീൻ സംഘർഷം പരിഹരിക്കാൻ അമേരിക്ക സമാധാന കരാർ കൊണ്ടുവന്നിരുന്നു. പക്ഷേ അന്നെല്ലാം ഇസ്രയേൽ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് നടപ്പിലായില്ല. ഇപ്പോൾ ഹമാസ് കരാറിൽ ഒപ്പിട്ടാലും കരാർ വ്യവസ്ഥകൾ ലംഘിക്കാതിരിക്കാൻ അമേരിക്ക ഇസ്രയേലിന്റെ മേൽ വലിയ സ്വാധീനം ചെലുത്തേണ്ടിവരും. എന്നാൽ നെതന്യാഹു അമേരിക്കയുടെ നിയന്ത്രണത്തിലല്ല എന്ന കാര്യം ഇസ്രയേലിന്റെ ഖത്തർ ആക്രമണ സമയത്തുൾപ്പടെ വ്യക്തമായതാണ്. അതിനാൽ തന്നെ അമേരിക്കയ്ക്ക് ഈ കരാർ വ്യവസ്ഥകൾ നിലനിർത്താൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുയരുന്നുണ്ട്.
നിലവിൽ ട്രംപ് ഉടൻ ബോംബാക്രമണം നിർത്താൻ ആവശ്യപ്പെട്ടിട്ടും ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയാണ്. ട്രംപിന്റെ ഉത്തരവ് വന്ന് മണിക്കൂറുകൾക്ക് ശേഷം ഗാസ സിറ്റിയിലും ഖാൻ യൂനിസിലുമായി ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. തെക്കൻ ഗാസയിലെ അൽ-മവാസിയിൽ ഒരു ഡ്രോൺ ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ് സമാധാന കരാറിന് സമ്മതം മൂളിയപ്പോൾ ബോംബാക്രമണം കുറച്ചെങ്കിലും ഇസ്രയേൽ ഇപ്പോഴും അക്രമണം നിർത്തിയിട്ടില്ലെന്ന് ചുരുക്കം.
കരാറിന്റെ പല പ്രധാന ഭാഗങ്ങളിലും വ്യക്തതയില്ലാത്തതിനാൽ കരാർ ലംഘനങ്ങൾ നിരന്തരം ആരോപിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഇത്തരം തർക്കങ്ങളിൽ തീരുമാനങ്ങളെടുക്കാൻ മേൽനോട്ടം വഹിക്കുന്ന ഏജൻസികൾക്ക് സാധിക്കാതെ വരുന്ന സാഹചര്യങ്ങളുമുണ്ടാകാം. ഇത് വീണ്ടും പഴയ സാഹചര്യത്തിലേക്ക് തന്നെ കൊണ്ടുപോവും. നേരത്തെ ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസിനെതിരെ ആരോപണമുയർത്തി ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചത് ഇതിനൊപ്പം ഓർക്കണം.
അമേരിക്കയുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയതിനാൽ തന്നെ കരാറിലെ പല വ്യവസ്ഥകളും ഇസ്രയേലിന് അനുകൂലമാണെന്നതും പരിമിതിയാണ്. പലസ്തീനിയൻ അതോറിറ്റിക്ക് ഗാസയുടെ അധികാരം കൈമാറുമെന്നും പലസ്തീൻ രാഷ്ട്രത്തിന്റെ സാധ്യതകൾ പരിശോധിക്കുമെന്നുമെല്ലാമുള്ള വ്യവസ്ഥകൾ നെതന്യാഹു പൂർണമായി അംഗീകരിക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്. ഇത്തരം കാര്യങ്ങൾ അംഗീകരിക്കില്ലെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് യുഎനിൽ ഉൾപ്പടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഗാസയുടെ ഭാവിയിൽ അവ്യക്തത
വെടിനിർത്തലിന് ശേഷമുള്ള ഗാസയുടെ ഭാവിയെ കുറിച്ചുള്ള കാര്യങ്ങളിലും കരാറിലെ വ്യവസ്ഥകളിൽ വലിയ അവ്യക്തതകളുണ്ട്. ഇസ്രയേലി മിലിട്ടറി ഗാസയിൽനിന്ന് പിൻവാങ്ങിയാൽ അധികാരം ഏറ്റെടുക്കുന്ന അന്താരാഷ്ട്ര സ്ഥിരതാ സേനയുടെ വിശദാംശങ്ങളെ കുറിച്ചൊന്നും കൃത്യമായ പരാമർശങ്ങൾ കരാറിലില്ല. ഏതെല്ലാം രാജ്യങ്ങളാണ് ഈ സേനയിൽ പങ്കാളികളാവുകയെന്നും അത്തരം രാജ്യങ്ങളെ എന്ത് മാനദണ്ഡത്തിലാണ് തീരുമാനിക്കുക എന്നും പറയുന്നില്ല. അറബ് രാജ്യങ്ങളുണ്ടാവും എന്ന് അമേരിക്ക നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തിൽ പിന്നീട് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. തങ്ങളിതിൽ പങ്കാളികളാവും എന്ന കാര്യത്തിൽ അറബ് രാജ്യങ്ങളും പ്രതികരിച്ചിട്ടില്ല. പലസ്തീനിയൻ അതോറിറ്റി ഭാവിയിൽ സർക്കാരായി മാറുമ്പോൾ അതിൽ തിരഞ്ഞെടുപ്പ് നടത്തുമോ എന്ന കാര്യത്തിലും നടത്തിയാൽ ആർക്കാണ് വോട്ട് ചെയ്യാനാകുക എന്ന കാര്യത്തിലും വ്യക്തതയില്ല. ചുരുക്കത്തിൽ തങ്ങളുടെ സർക്കാരിനെ തീരുമാനിക്കുന്ന കാര്യത്തിൽ ഗാസയിലെ ജനതയ്ക്ക് എത്രത്തോളം പങ്കാളിത്തമുണ്ട് എന്ന് കരാർ വ്യക്തമാക്കുന്നില്ല.
ട്രംപിന് ലഭിക്കുമോ നോബേൽ?
ഇസ്രായേൽ സർക്കാരോ ഹമാസോ തന്റെ 20 ഇന സമാധാന പദ്ധതി അംഗീകരിച്ചിട്ടില്ലെങ്കിലും, ഇസ്രായേൽ-ഹമാസ് യുദ്ധം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചു. ഇത് വിജയിക്കുകയാണെങ്കിൽ, എട്ട് മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിക്കും. ഇതുവരെ ആരും അത് ചെയ്തിട്ടില്ല, സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് താൻ അർഹനാണെന്ന് കാണിച്ച് രണ്ടുദിവസം മുൻപ് ട്രംപ് പറഞ്ഞ വാക്കുകളാണിത്. നൊബേൽ കിട്ടിയാലും ഇല്ലെങ്കിലും സമാധാന കരാർ അംഗീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിക്ക് അവസാനം കണ്ടെത്താനായാൽ ട്രംപിന് അത് വലിയ നേട്ടമാകും. ബന്ദികളെ മോചിപ്പിക്കുന്നതും അക്രമം അവസാനിപ്പിക്കുന്നതും സമാധാനത്തിന് വേണ്ടിയുള്ള പ്രധാന സംഭാവനയായി കാണാനാകും. വിജയകരമായ ഒരു സമാധാന കരാർ അദ്ദേഹത്തിന്റെ നോബൽ സാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് ചില രാഷ്ട്രീയനിരീക്ഷകരും അനുമാനിക്കുന്നുണ്ട്. ഈ സംഘർഷം അവസാനിപ്പിച്ചാൽ മാത്രമേ ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം സാധ്യമാകൂവെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ പരസ്യമായി പറഞ്ഞതും ഇതിലൊന്നാണ്.
അതേസമയം സമാധാനത്തിനുള്ള നൊബേൽസമ്മാനം വേണമെന്ന ട്രംപിന്റെ സമ്മർദത്തിൽ കുലുങ്ങില്ലെന്നാണ് നൊബേൽ കമ്മിറ്റിയുടെ നിലപാട്. ''ചില പ്രത്യേക സ്ഥാനാർഥികൾക്കുകിട്ടുന്ന മാധ്യമശ്രദ്ധ ഞങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ, അത് കമ്മിറ്റിയുടെ ചർച്ചകളെ സ്വാധീനിക്കില്ല. നാമനിർദേശം ലഭിക്കുന്ന ഓരോ വ്യക്തിയുടെയും യോഗ്യതകളാണ് കമ്മിറ്റി പരിഗണിക്കുന്നത് - എന്നാണ് സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർപ്വികെൻ പറഞ്ഞു. ആൽഫ്രഡ് നൊബേലിന്റെ വിൽപത്രപ്രകാരം, 'രാഷ്ട്രങ്ങൾക്കിടയിലുള്ള സാഹോദര്യം വളർത്തുന്നതിനും, സ്ഥിരം സൈന്യങ്ങളെ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനും, സമാധാന സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ' വ്യക്തികൾക്കോ സംഘടനകൾക്കോ പ്രസ്ഥാനങ്ങൾക്കോ ആണ് നൊബേൽ സമാധാന പുരസ്‌കാരം നൽകുന്നത്. നോർവേയുടെ പാർലമെന്റ് നിയമിക്കുന്ന അഞ്ച് അംഗങ്ങളുള്ള നോർവീജിയൻ നൊബേൽ കമ്മിറ്റി, ദീർഘമായ അവലോകനത്തിന് ശേഷമാണ് വിജയിയെ തീരുമാനിക്കുന്നത്. ഈ സമിതി പരമ്പരാഗതമായി സമ്മർദ്ദ തന്ത്രങ്ങളെ എതിർക്കാറുണ്ടെന്ന് റോയിട്ടേഴ്‌സിന്റെ ഒരു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Content Highlights: Hamas partially accepts Trump`s peace proposal for Israel-Hamas conflict, agreeing to prisoner release and governance changes. Key details and potential hurdles discussed.
Published: 04 Oct 2025, 10:38 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented