അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എച്ച്-1ബി വിസ അപേക്ഷകൾക്ക് 1,00,000 ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ഫീസ് ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ ഒപ്പുവെച്ചത് ആഗോളതലത്തിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. അമേരിക്കയിലെ എച്ച്-1ബി വിസകളിൽ 70 ശതമാനത്തിലധികവും ഇന്ത്യക്കാർക്കാണ് ലഭിക്കുന്നത് എന്നതിനാൽ, ഈ നയപരമായ മാറ്റം ഇന്ത്യൻ കമ്പനികൾക്കും പ്രൊഫഷണലുകൾക്കും കുടുംബങ്ങൾക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഈ തീരുമാനം ഇന്ത്യൻ ഐടി കമ്പനികളെയും പ്രൊഫഷണലുകളെയും എങ്ങനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം. 

To advertise here,

എന്താണ് എച്ച്-1 ബി വിസ?

'Highly specialised knowledge' അഥവാ "ഉയർന്ന വൈദഗ്ധ്യമുള്ള അറിവ്" ആവശ്യമുള്ള പ്രത്യേക ജോലികളിൽ വിദേശ തൊഴിലാളികളെ താൽക്കാലികമായി നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്ന ഒരു നോൺ-ഇമിഗ്രന്റ് വിസയാണ് എച്ച്-1ബി. പതിറ്റാണ്ടുകളായി, ഇന്ത്യൻ പ്രൊഫഷണലുകൾക്ക് അമേരിക്കയിൽ തൊഴിൽ നേടാനുള്ള പ്രധാന മാർഗമാണിത്. 2024 സാമ്പത്തിക വർഷത്തിൽ, അംഗീകാരം ലഭിച്ച 3,99,395 എച്ച്-1ബി അപേക്ഷകളിൽ 71% ഇന്ത്യയിൽ ജനിച്ചവർക്കായിരുന്നു. കഴിഞ്ഞ ദശാബ്ദത്തിലുടനീളം ഈ പ്രവണത തുടരുന്നുണ്ട്.

ടെക് മേഖലയിലെ പ്രാധാന്യം

2024-ൽ അംഗീകരിക്കപ്പെട്ട എച്ച്-1ബി അപേക്ഷകളിൽ 63.9% കമ്പ്യൂട്ടർ സംബന്ധമായ ജോലികൾക്കായിരുന്നു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല തുടങ്ങിയ പ്രമുഖരായ പല ഇന്ത്യൻ-അമേരിക്കൻ മേധാവികളും തങ്ങളുടെ കരിയർ ആരംഭിച്ചത് എച്ച്-1ബി വിസയിലൂടെയാണ്.

പുതിയ ഫീസും മാറ്റങ്ങളും

ട്രംപിന്റെ പുതിയ ഉത്തരവ് പ്രകാരം എച്ച്-1ബി വിസയ്ക്ക് 1,00,000 ഡോളർ ഫീസ് നൽകണം. ഇത് നിലവിലുള്ള ഏകദേശം 1,500 ഡോളർ ഫീസിനേക്കാൾ 60 മടങ്ങ് കൂടുതലാണ്. പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ ആശങ്കകൾക്കൊടുവിൽ, വൈറ്റ് ഹൗസ് ഉത്തരവിൽ വ്യക്തത വരുത്തി.

ആർക്കാണ് ബാധകം

ഈ ഫീസ് പുതിയ എച്ച്-1ബി അപേക്ഷകൾക്ക് മാത്രമാണ് ബാധകം. ഇത് 2026 മാർച്ചിൽ ആരംഭിക്കുന്ന അടുത്ത ലോട്ടറി സൈക്കിൾ മുതലാണ് പ്രാബല്യത്തിൽ വരുന്നത്.

ബാധകമല്ലാത്തത് ആർക്ക്?

നിലവിലെ എച്ച്-1ബി വിസ ഉടമകളെയോ, വിസ പുതുക്കുന്നവരെയോ, കമ്പനി മാറുന്നവരെയോ ഈ ഫീസ് ബാധിക്കില്ല. നിലവിൽ വിസയുള്ളവർക്ക് പുതിയ ഫീസ് അടയ്ക്കാതെ തന്നെ യാത്ര ചെയ്യാനും അമേരിക്കയിലേക്ക് തിരികെ പ്രവേശിക്കാനും സാധിക്കും.

ഫീസ് വാർഷികമല്ല

ആദ്യം ഭയപ്പെട്ടിരുന്നത് പോലെ ഇത് വാർഷിക ഫീസല്ല, മറിച്ച് പുതിയ അപേക്ഷയ്ക്ക് ഒറ്റത്തവണ മാത്രം നൽകേണ്ട ഫീസാണ്. ഈ വ്യക്തതകൾ വന്നെങ്കിലും, പ്രഖ്യാപനം ലോകമെമ്പാടുമുള്ള ബിസിനസുകളിലും പ്രൊഫഷണലുകളിലും വിദ്യാർത്ഥികളിലും " കാര്യമായ അനിശ്ചിതത്വം" സൃഷ്ടിച്ചുവെന്ന് ഇന്ത്യയിലെ പ്രമുഖ വ്യാപാര സംഘടനയായ നാസ്കോം (Nasscom) അഭിപ്രായപ്പെട്ടു. ഈ മാറ്റം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും "മാനുഷിക പ്രത്യാഘാതങ്ങൾ" ഉണ്ടാകുമെന്നും ഇന്ത്യൻ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യൻ കമ്പനികളെയും പ്രൊഫഷണലുകളെയും ഇത് എങ്ങനെ ബാധിക്കും?

ഈ പുതിയ ഫീസിന്റെ സാമ്പത്തികവും തന്ത്രപരവുമായ പ്രത്യാഘാതങ്ങൾ ഏറെയാണ്

  • കനത്ത സാമ്പത്തിക ഭാരം: നൂറുകണക്കിന് ജീവനക്കാരെ അമേരിക്കയിലേക്ക് അയക്കുന്ന ഇന്ത്യൻ ഐടി കമ്പനികളുടെ ലാഭം ഈ ഫീസ് ഗണ്യമായി കുറയ്ക്കും. അമേരിക്കയിലെ ചെറിയ, ഇടത്തരം കമ്പനികളെയും ഇത് സാരമായി ബാധിക്കും, അവയിൽ പലതും ഇന്ത്യക്കാർ സ്ഥാപിച്ചവയാണ്.
  • നിയമന രീതികളിലെ മാറ്റം: പുതിയ സാഹചര്യത്തിൽ അമേരിക്കൻ കമ്പനികൾ സ്വദേശികളെ നിയമിക്കാൻ കൂടുതൽ താൽപ്പര്യം കാണിക്കും. ഉദാഹരണത്തിന്, 80,000 ഡോളർ ശമ്പളമുള്ള ഒരു ഇന്ത്യക്കാരനെ നിയമിക്കാൻ കമ്പനിക്ക് 1,80,000 ഡോളർ ചെലവാകും. എന്നാൽ, ഒരു അമേരിക്കക്കാരന് 1,20,000 ഡോളർ നൽകിയാലും കമ്പനിക്ക് ലാഭമാണ്. ഇത് അമേരിക്കൻ പൗരന്മാർക്കും ഗ്രീൻ കാർഡ് ഉടമകൾക്കും തൊഴിൽ വിപണിയിൽ ആവശ്യകത വർദ്ധിപ്പിക്കും.

'അമേരിക്ക ഫസ്റ്റ്'

സ്വദേശി തൊഴിലവസരങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഈ 'അമേരിക്ക ഫസ്റ്റ്' നയം അമേരിക്കയ്ക്ക് തന്നെ ചിലപ്പോൾ തിരിച്ചടിയായേക്കാം. അതിന് പ്രധാന കാരണങ്ങൾ ഇവയാണ്.

  • വിദ്യാർത്ഥികളുടെ എണ്ണത്തിൽ വരാവുന്ന കുറവ്: പഠനശേഷം ജോലി സാധ്യതയില്ലെങ്കിൽ, ഭീമമായ പണം മുടക്കി അമേരിക്കയിൽ പഠിക്കാൻ അന്താരാഷ്ട്ര വിദ്യാർത്ഥികൾ മടിക്കും. ഇത് അമേരിക്കൻ സർവ്വകലാശാലകളുടെ വരുമാനത്തെ കാര്യമായി ബാധിച്ചേക്കാം.
  • വിദഗ്ധരുടെ അഭാവം: ഇന്ത്യക്കാർ ചെയ്യുന്ന 40-50% ജോലികൾക്കും തത്തുല്യമായ വൈദഗ്ധ്യമുള്ളവരെ അമേരിക്കയിൽ കണ്ടെത്താൻ പ്രയാസമാണ്. ഇത് അമേരിക്കൻ കമ്പനികളുടെ വളർച്ചയെ മുരടിപ്പിച്ചേക്കാം.
  • തീരുമാനം പിൻവലിക്കാൻ സമ്മർദ്ദം: അമേരിക്കൻ സർവകലാശാലകളിൽ നിന്നും കോർപ്പറേറ്റുകളിൽ നിന്നും ഉണ്ടാകാൻ സാധ്യതയുള്ള സമ്മർദ്ദവും, പ്രസിഡന്റിന് ഇങ്ങനെയൊരു ഫീസ് ചുമത്താൻ അധികാരമില്ലെന്ന നിയമപരമായ വാദവും ഈ തീരുമാനം പിൻവലിക്കുന്നതിലേക്ക് നയിച്ചേക്കാം.

ഇന്ത്യയുടെ മുന്നോട്ടുള്ള വഴി

പ്രതിസന്ധി മറികടക്കാൻ ഇന്ത്യൻ കമ്പനികൾ അമേരിക്കയെ ആശ്രയിക്കുന്നത് കുറച്ച്, കിഴക്കൻ രാജ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'ലുക്ക് ഈസ്റ്റ്' നയം സ്വീകരിക്കുന്നുണ്ട്. അയൽരാജ്യങ്ങളായ കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ ഓഫീസുകൾ തുടങ്ങുന്ന 'നിയർഷോറിംഗ്' ഒരു സാധ്യതയാണെങ്കിലും അത് സമ്പൂർണ്ണ പരിഹാരമല്ല.

തിരിച്ചുവരുന്ന പ്രൊഫഷണലുകൾക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നതിനേക്കാൾ പ്രധാനം, ഇന്ത്യയിൽ തന്നെ നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ദീർഘകാല പരിഹാരമെന്നാണ് ഈ രം​ഗത്തെ വിദ​ഗ്ധർ പറയുന്നത്. സ്വന്തം പൗരന്മാർക്ക് നാട്ടിൽത്തന്നെ ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ, വിദേശ വിസ നയങ്ങളിലെ അനിശ്ചിതത്വങ്ങളെ നമുക്ക് മറികടക്കാൻ സാധിക്കും.

In Short | US President Donald Trump has signed a shocking new order imposing a $100,000 (₹88 lakh) fee on fresh H-1B visa applications. Since more than 70% of H-1B visas go to Indians, this change could hit Indian IT companies, professionals, and students hard.