
യുദ്ധക്കളത്തിലെ പുതിയ സാങ്കേതികവിദ്യകൾ ചൂടുപിടിച്ച ചർച്ചയായത്, ഓപ്പറേഷൻ സിന്ദൂർ സമയത്താണ്. അർദ്ധരാത്രി അതിർത്തി കടന്നെത്തുന്ന ഡ്രോണുകൾ, ആളില്ലാ വിമാനങ്ങൾ... അത് നിമിഷങ്ങൾക്കുള്ളിൽ നിലംപരിശാക്കുന്ന ഇന്ത്യൻ വ്യോമവേധ സംവിധാനങ്ങൾ. പോർക്കളത്തിൽ ഡ്രോണുകളുടെ കാലമാണ്. കൃത്യത, കാര്യക്ഷമത, നിരീക്ഷണം എന്നിവയിൽ ഡ്രോണുകൾക്ക് സമാനതകളില്ലാത്ത ശേഷിയുണ്ട്.
ഇന്ത്യൻ സെെന്യം ഈ മാറ്റം തിരിച്ചറിഞ്ഞ് നേരത്തേ തയ്യാറെടുത്തിരുന്നു. അത് നമ്മൾ കണ്ടറിഞ്ഞതുമാണ്. ദേശീയ സുരക്ഷ വർധിപ്പിക്കാനും തന്ത്രപരമായ മുൻതൂക്കം ലഭിക്കാനും ഡ്രോണുകൾ പ്രതിരോധത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. യുദ്ധരംഗത്തെ ഡ്രോണുകളെ നമുക്ക് ലളിതമായി ഇങ്ങനെ തരംതിരിക്കാം.
നിരീക്ഷണ ഡ്രോണുകൾ (Reconnaissance and Surveillance Drones)
ഇവയാണ് ശരിക്കും സെെന്യത്തിന്റെ ആകാശത്തിലെ കണ്ണുകൾ. ഇവയുടെ പ്രധാന ഉപയോഗം വിവരങ്ങൾ ശേഖരിക്കുക, ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കുക, അതുപോലെ യുദ്ധക്കളത്തിലെ സാഹചര്യം കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുക എന്നിവയാണ്. ഇസ്രയേൽ നിർമിത ഹെറോൺ, സെർച്ചർ ഡ്രോണുകൾ ഇതിന് ഉദാഹരണമാണ്.

കോമ്പാറ്റ് ഡ്രോണുകൾ
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നേരിട്ടുള്ള പോരാട്ടങ്ങളിൽ ഏർപ്പെടാൻ രൂപകൽപ്പന ചെയ്ത ഡ്രോണുകളാണ് ഇവ. ഇവയിൽ പലപ്പോഴും മിസൈലുകളോ ബോംബുകളോ ഘടിപ്പിക്കാൻ സാധിക്കും. ശത്രുതാവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് ഇവ ഉപയോഗിക്കുന്നത്. ഇന്ത്യയുടെ നാഗാസ്ത്ര കോമ്പാറ്റ് ഡ്രോണിന് ഉദാഹരണമാണ്.

ലോജിസ്റ്റിക്സ് ഡ്രോണുകൾ
പോരാട്ടത്തിന് പുറമെ, സൈനികരെ സഹായിക്കുന്നതിനും കൂടി ഉപയോഗിക്കുന്ന ഡ്രോണുകളാണ് ലോജിസ്റ്റിക്സ് ഡ്രോണുകൾ. പ്രധാനമായും. സാമഗ്രികൾ, ഉദാഹരണത്തിന് വെടിക്കോപ്പുകൾ, medical equipment-കൾ എന്നിവ എത്തിച്ചുനൽകാൻ ഇവ ഉപയോഗിക്കുന്നു. പ്രത്യേകിച്ച് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള വിദൂര സ്ഥലങ്ങളിൽ സൈനികർക്ക് സഹായം എത്തിക്കാൻ ഇവ ഉപകാരപ്രദമാണ്.

ടാർഗറ്റ് ഡ്രോണുകൾ
എല്ലാ ഡ്രോണുകളും പ്രതിരോധത്തിന് ഉപയോഗിക്കുന്നതല്ല. ചില ഡ്രോണുകൾ നശിപ്പിക്കപ്പെടാൻ വേണ്ടി മാത്രം നിർമ്മിക്കുന്നവയാണ്. ഇവയാണ് ടാർഗറ്റ് ഡ്രോണുകളെന്ന് അറിയപ്പെടുന്നത്. സൈനിക പരിശീലനങ്ങളുടെ ഭാഗമായി, ആകാശത്തിലെ ലക്ഷ്യങ്ങളായാണ് ഇവ ഉപയോഗിക്കുന്നത്. ശത്രുക്കളുടെ വ്യോമാക്രമണങ്ങളെ നേരിടാനുള്ള കഴിവുകൾ മെച്ചപ്പെടുത്താൻ ഇത്തരം ഡ്രോണുകൾ സൈനികരെ സഹായിക്കും. ഇന്ത്യയുടെ ഡിആർഡിഒ അഭ്യാസ്, ലക്ഷ്യ എന്നിവ ടാർഗറ്റ് ഡ്രോണുകൾക്ക് ഉദാഹരണങ്ങളാണ്.

ലോയിറ്ററിങ് മ്യൂണിഷൻസ് (സൂയിസൈഡ് ഡ്രോണുകൾ) (Loitering Munitions / Suicide Drones)
ടാർഗറ്റ് ആയി മാർക്ക് ചെയ്യപ്പെടുന്ന വ്യക്തിയുടെയോ പ്രദേശത്തിനോ മുകളിൽ പറന്നിറങ്ങി കൃത്യമായി ലക്ഷ്യത്തിലേക്ക് പതിക്കുന്ന തരത്തിലുള്ള ഡ്രോണുകളാണ് ലോയിറ്ററിംഗ് മ്യൂണിഷൻസ് അല്ലെങ്കിൽ സൂയിസൈഡ് ഡ്രോണുകൾ. ശത്രുതാവളങ്ങളും മറ്റ് പ്രധാനപ്പെട്ട ലക്ഷ്യങ്ങളും കൃത്യതയോടെ ആക്രമിക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്.

ഇലക്ട്രോണിക് വാർഫെയർ ഡ്രോണുകൾ
ആധുനിക യുദ്ധത്തിൽ സിഗ്നലുകൾക്കും ഡാറ്റയ്ക്കും പ്രാധാന്യമേറെയാണ്. ഈ ഡ്രോണുകൾ ഇലക്ട്രോണിക് യുദ്ധരംഗത്താണ് പ്രവർത്തിക്കുന്നത്. ശത്രുക്കളുടെ ആശയവിനിമയങ്ങൾ ചോർത്താനും അവരുടെ ഇലക്ട്രോണിക് സംവിധാനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്താനും മറ്റുമാണ് ഇവ ഉപയോഗിക്കുന്നത്.

പ്രതിരോധത്തിൽ ഡ്രോണുകളുടെ പ്രസക്തി
ഇന്ത്യയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതിയിൽ, പ്രത്യേകിച്ച് ഹിമാലയത്തിലെ മലനിരകളിലും വടക്കുകിഴക്കൻ വനമേഖലകളിലും ഫലപ്രദമായ നിരീക്ഷണ സംവിധാനങ്ങൾ അനിവാര്യമാണ്. നിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനുമായി (Surveillance and Reconnaissance) ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്.
പോരാട്ടത്തിൽ തന്ത്രപരമായ പിന്തുണ നൽകുന്നതിൽ ഡ്രോണുകൾക്ക് പ്രധാന പങ്കുണ്ട്. ഉയർന്ന നിലവാരമുള്ള ടാർഗെറ്റിംഗ് സംവിധാനങ്ങളുള്ള ഡ്രോണുകൾ പോരാട്ട കാര്യക്ഷമത വർദ്ധിപ്പിക്കുന്നു. കുറഞ്ഞ അപകടസാധ്യതയോടെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി ആക്രമിക്കാൻ ഇവ സഹായിക്കും. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ (counter-insurgency operations) ഇവ വളരെ ഉപകാരപ്രദമാണ്.
ലഡാക്ക്, സിയാച്ചിൻ പോലുള്ള ഉയരമുള്ള പ്രദേശങ്ങളിലും വിദൂര സ്ഥലങ്ങളിലും സൈനികർക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ ഡ്രോണുകൾ സഹായിക്കുന്നു.

സാധാരണ ഗതാഗതം ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ യഥാസമയം സഹായം നൽകാൻ ഇവയ്ക്ക് കഴിയും. ഇത് ലോജിസ്റ്റിക്സ്, സപ്ലൈചെയിൻ പ്രവർത്തനങ്ങളിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.
അത്യാധുനിക ഡ്രോണുകളിൽ ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. ആശയവിനിമയങ്ങൾ തടസ്സപ്പെടുത്താനും ശത്രു റഡാറുകളെ നിഷ്പ്രഭമാക്കാനും സിഗ്നലുകൾ ജാം ചെയ്യാനും ഇവയ്ക്ക് കഴിയും. ഇത് യുദ്ധസമാന സാഹചര്യങ്ങളിൽ ഇന്ത്യയ്ക്ക് വലിയ മേൽക്കൈ നൽകുന്നുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുറമെ, പ്രകൃതിദുരന്തമുണ്ടാകുമ്പോൾ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കും ഇന്ത്യൻ കരസേന ഡ്രോണുകൾ ഉപയോഗിക്കാറുണ്ട്. വയനാട് മുണ്ടക്കെ ദുരന്തമുണ്ടായപ്പോഴും സേന ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. ദുരന്തബാധിത പ്രദേശങ്ങളുടെ വേഗത്തിലുള്ള ഇത്തരം സർവേകൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നുണ്ട്.

നിരീക്ഷണം, ലോജിസ്റ്റിക്സ്, പ്രതിരോധം എന്നിവയിൽ സമാനതകളില്ലാത്ത മുന്നേറ്റം നടത്തി ഡ്രോണുകൾ ഇന്ത്യൻ കരസേനയെ ഒരു പുതിയ സൈനിക നടപടികളുടെയും ടെക്നോളജിയുടെയും കാലഘട്ടത്തിലേക്കാണ് നയിക്കുന്നത്. രാജ്യസുരക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ അധികം സേന പുറത്തിവിടാറില്ലെങ്കിലും നമുക്ക് ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഡ്രോണുകൾ ഇന്ത്യൻ കരസേനയെ പ്രതിരോധത്തിന് എങ്ങനെ സഹായിക്കുന്നു എന്നും അവർ ഉപയോഗിക്കുന്ന ചില പ്രധാനപ്പെട്ട ഡ്രോണുകൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
IAI ഹെറോണ്‍
ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ് (IAI) വികസിപ്പിച്ചെടുത്ത ഈ ഡ്രോൺ ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഒരു മീഡിയം-ആൾട്ടിറ്റ്യൂഡ് ലോംഗ്-എൻഡുറൻസ് (MALE) ഡ്രോൺ ആണ്. ഇൻ്റലിജൻസ്, സർവൈലൻസ്, റെക്കണൈസൻസ് (ISR) എന്നിയാണ് ഇതിൻ്റെ പ്രധാന ഉപയോഗം. ഏകദേശം 250–470 കിലോഗ്രാം പേലോഡ് വഹിക്കാൻ ഇതിന് കഴിയും. 52 മണിക്കൂർ വരെ തുടർച്ചയായി പറക്കാനും സാധിക്കും. കോൺഫിഗറേഷൻ അനുസരിച്ച് 1,000–3,000 കിലോമീറ്റർ വരെ പരിധിയുണ്ട്. ഇതിൽ ക്യാമറകളും റഡാറുകളും കമ്മ്യൂണിക്കേഷൻസ് ഇൻ്റലിജൻസ് സംവിധാനങ്ങളും ഘടിപ്പിച്ചിട്ടുണ്ട്.

ആയുധങ്ങൾ വഹിക്കാനുള്ള കഴിവ് ഇതിനില്ല. ഇസ്രയേൽ ഇത് ISR ദൗത്യങ്ങൾക്കായി വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യൻ സായുധസേനയും അതിർത്തികളിലെ ISR ദൗത്യങ്ങൾക്കും ലഡാക്ക്, LoC, വടക്കുകിഴക്കൻ മേഖല എന്നിവിടങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഇത് ഉപയോഗിക്കുന്നു. 2017-ലെ ഡോക്ലാം സംഘർഷത്തിൽ ചൈനീസ് സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യൻ സെെന്യം ഇത് ഉപയോഗിച്ചിരുന്നു. 2020-ലെ ലഡാക്ക് സംഘർഷത്തിലും ഇത് നിർണായക രഹസ്യാന്വേഷണ വിവരങ്ങൾ നൽകിയിരുന്നു. ഒരു യൂണിറ്റിന് 20–30 മില്യൺ ഡോളറാണ് ഇതിൻ്റെ വില.
ഹെറോണ്‍ TP (Eitan)
ഇതും ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ് നിർമ്മിച്ചതാണ്. ഹൈ-ആൾട്ടിറ്റ്യൂഡ് ലോംഗ്-എൻഡുറൻസ് (HALE) വിഭാഗത്തിൽ വരുന്ന ഈ ഡ്രോൺ ISR ദൗത്യങ്ങൾക്കും ഉയർന്ന അപകടസാധ്യതയുള്ള പോരാട്ട ദൗത്യങ്ങൾക്കും അനുയോജ്യമാണ്. 1,000 കിലോഗ്രാം വരെ പേലോഡ് വഹിക്കാൻ ഇതിന് കഴിയും. 30 മണിക്കൂറിലധികം പറക്കാനും സാധിക്കും. 7,400 കിലോമീറ്റർ വരെയാണ് റേഞ്ച്. തെർമോഗ്രാഫിക് ക്യാമറകളും ഗ്രൗണ്ട് സർവൈലൻസ് സംവിധാനങ്ങളും ഇതിലുണ്ട്.

പ്രിസിഷൻ-ഗൈഡഡ് മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ വഹിക്കാൻ ഇതിന് കഴിയും. ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ഇത് ISRനും ടാർഗെറ്റഡ് സ്ട്രൈക്കുകൾക്കും ഉപയോഗിച്ചിട്ടുണ്ട്. 2023 സെപ്റ്റംബറിൽ ഒരു തീവ്രവാദി ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ കരസേന തീവ്രവാദികളെ ആക്രമിക്കാൻ ഇത് വിന്യസിച്ചു. ഒരു യൂണിറ്റിന് 30 മുതൽ 40 മില്യൺ ഡോളറാണ് ഇതിൻ്റെ വില.
റസ്റ്റം-II
DRDO വികസിപ്പിച്ചെടുത്ത ഈ ഡ്രോൺ ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയുടെ ഉദാഹരണങ്ങളിലൊന്നാണ്. പ്രധാന ഉപയോഗം ISR തന്നെയാണ് ആണ്. 350 കിലോഗ്രാം പേലോഡ് ശേഷിയുണ്ടിതിന്. 12 മണിക്കൂർ എൻഡുറൻസ് ഉണ്ട്. നിലവിൽ 180-200 കിലോമീറ്റർ പരിധിയുണ്ട്. ഇലക്ട്രോ-ഒപ്റ്റിക്കൽ സെൻസറുകൾ, റഡാർ തുടങ്ങിയവ ഇതിലുണ്ട്. 3mm കെവ്‌ലർ, CFC ഉപയോഗിച്ചുള്ള സ്റ്റെൽത്ത് അഥവാ ഒളിഞ്ഞിരിക്കാനുള്ള തരത്തിലുള്ള രൂപകൽപ്പനയാണ് ഇതിനുള്ളത്.

Helina AGTM, ലേസർ-ഗൈഡഡ് റോക്കറ്റുകൾ എന്നിവ ഇതിൽ ഘടിപ്പിക്കാൻ കഴിയും. ഇത് ഇതുവരെ സജീവമായ യുദ്ധസാഹചര്യങ്ങളിൽ ഉപയോഗിച്ചിട്ടില്ലെങ്കിലും, അതിർത്തി നിരീക്ഷണത്തിലുള്ള അതിൻ്റെ സാധ്യത ഈ അടുത്ത് നടന്ന ഇന്ത്യ പാക് സംഘർഷത്തിൽ തെളിയിക്കപ്പെട്ടതാണ്. തദ്ദേശീയമായ നിർമ്മിച്ചതായതുകൊണ്ടുതന്നെ ഇതിൻ്റെ വില വളരെ കുറവാണ്. ഒരു യൂണിറ്റിന് 5–6 മില്യൺ ഡോളറാണ് വില.
സ്വിച്ച് ഡ്രോണ്‍ (SWITCH Drone)
ഇന്ത്യൻ സ്റ്റാർട്ടപ്പായ ഐഡിയാഫോർജ് വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞ, പോർട്ടബിൾ, മൾട്ടിഫാസറ്റഡ് ഡ്രോൺ ആണ് സ്വിച്ച് ഡ്രോൺ. ലോജിസ്റ്റിക്സ്, ISR എന്നിവയാണ് പ്രധാന ഉപയോഗങ്ങൾ. 6 കിലോഗ്രാം പേലോഡ് വഹിക്കാൻ ഇതിന് കഴിയും. 2 മണിക്കൂർ എൻഡുറൻസാണ് ഇതിനുള്ളത്. 15 കിലോമീറ്റർ പരിധിയും, ഭൂനിരപ്പിൽ നിന്ന് പരമാവധി 1 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കാനുള്ള കഴിവുമുണ്ട്.

ക്യാമറകളും തെർമൽ ഇമേജിംഗ് സംവിധാനവും ഇതിലുണ്ട്. 2020-ലെ ലഡാക്ക് സംഘർഷസമയത്ത് ചൈനീസ് സൈനിക നീക്കങ്ങളുടെ തത്സമയ ദൃശ്യങ്ങൾ നൽകിയത് ഇന്ത്യൻ സെെന്യത്തിന് കൃത്യമായി പ്രതിരോധിക്കാൻ വളരെയധികം പ്രയോജനം ലഭിച്ചിരുന്നു. ഉയരം കൂടിയ പ്രദേശങ്ങളിൽ പോലും ഇത് പ്രവർത്തിപ്പിക്കാൻ എളുപ്പമാണ്. ഒരു യൂണിറ്റിന് 50,000 ഡോളറാണ് വില.
എം.ക്യു-9 റീപ്പർ
ജനറൽ അറ്റോമിക്സ് നിർമ്മിച്ച ലോകത്തിലെ ഏറ്റവും നൂതന ഡ്രോണുകളിൽ ഒന്നാണ് ഇത്. ഇതിനെ "ഹണ്ടർ-കില്ലർ" എന്നും വിളിക്കാറുണ്ട്. മിസൈലുകളും ബോംബുകളും ഉൾപ്പെടെ 1,700 കിലോഗ്രാം വരെ പേലോഡ് വഹിക്കാൻ ഇതിന് കഴിയും. 27 മണിക്കൂർ എൻഡുറൻസ് ഉണ്ട്. സാറ്റലൈറ്റ് നിയന്ത്രണം വഴി 1,850 കിലോമീറ്റർ പരിധിയിൽ പ്രവർത്തിക്കാൻ കഴിയും.

ഇത് യുഎസ് സൈന്യം തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യ MQ-9 ഡ്രോണുകൾ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഇവ ഇന്ത്യയുടെ നിരീക്ഷണ, പ്രിസിഷൻ സ്ട്രൈക്ക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു യൂണിറ്റിന് 32 മില്യൺ ഡോളറാണ് വില.
സ്വാം ഡ്രോണുകള്‍ (Swarm Drones)
യുദ്ധങ്ങളുടെ ഭാവി അഥവാ ഫ്യൂച്ചർ ഓഫ് വാർ എന്ന് കരുതുന്നവയാണ് സ്വാം ഡ്രോണുകൾ. AI ഉപയോഗിച്ച് ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ഒരു കൂട്ടം ചെറു ഡ്രോണുകളാണിവ. നിരീക്ഷണം, ജാമിംഗ്, ആക്രമണം തുടങ്ങി പല പ്രവർത്തനങ്ങൾ ഇവയ്ക്ക് ഒരേസമയം ചെയ്യാൻ കഴിയും. കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്നതും വളരെ വഴക്കമുള്ളതുമാണ് ഇവ.

2020-ലെ നാഗോർണോ-കരബാക്ക് സംഘർഷത്തിൽ ഇവയുടെ കഴിവ് തെളിയിക്കപ്പെട്ടതാണ്. ഇന്ത്യ ബെംഗളൂരു ആസ്ഥാനമായുള്ള ന്യൂസ്പേസ് റിസർച്ച് എന്ന സ്റ്റാർട്ടപ്പുമായി സഹകരിച്ച് സ്വാം ഡ്രോൺ സാധ്യതകളും അതിന്റെ ശേഷിയും വികസിപ്പിക്കുന്നുണ്ട്. 10 ഡ്രോണുകളുടെ ക്ലസ്റ്റർ വാങ്ങുന്നതിന് ഏകദേശം 1–2 മില്യൺ ഡോളറാണ് ചെലവ്.
DRDO ഓറ (ഘട്ടക്)
ഇതൊരു തദ്ദേശീയ സ്റ്റെൽത്ത് UCAV (Unmanned Combat Aerial Vehicle) വികസിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയാണ്. ഇത് ഇപ്പോഴും ഡെവലപ്മെന്റൽ സ്റ്റേജിലാണ്. ശത്രുമേഖലകളിൽ റഡാറിന്റെ കണ്ണുവെട്ടിച്ച് ഉള്ളിലേക്ക് പ്രവേശിച്ചുള്ള ആക്രമണ ദൗത്യങ്ങൾക്കാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1,000–2,000 കിലോഗ്രാം പേലോഡ് വഹിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

5–6 മണിക്കൂർ വരെ എൻഡുറൻസും 2,000–3,000 കിലോമീറ്റർ പരിധിയും ലക്ഷ്യമിടുന്നുണ്ട്. സ്റ്റെൽത്ത് രൂപകൽപ്പനയും ആന്തരിക ആയുധ അറകളും ഇതിൻ്റെ പ്രത്യേകതകളാണ്. ഇതുവരെ ഓറ ഡ്രോണുകൾ പോരാട്ടത്തിൽ ഉപയോഗിച്ചിട്ടില്ല. DRDO, HAL, ADA എന്നിവ ചേർന്നാണ് ഇത് വികസിപ്പിക്കുന്നത്. ഒരു യൂണിറ്റിന് 50-70 മില്യൺ ഡോളറാണ് പ്രതീക്ഷിക്കുന്ന വില.
ത്രിനേത്ര UAV
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) വികസിപ്പിച്ചെടുത്ത ഒരു ബഹുമുഖ ഡ്രോൺ ആണ് ത്രിനേത്ര. തന്ത്രപരമായ നിരീക്ഷണം, രഹസ്യാന്വേഷണ ദൗത്യങ്ങൾ എന്നിവയാണ് പ്രധാന ഉപയോഗം. 10–12 മണിക്കൂർ വരെ എൻഡുറൻസ് ഇതിന്ഉണ്ട്. ഏകദേശം 150 കിലോമീറ്റർ പരിധിയുണ്ട്. തടസ്സങ്ങൾ കണ്ടെത്തുന്നതിനും സ്വയം പ്രവർത്തിക്കുന്നതിനും 8 ക്യാമറകളുണ്ട്. ഒരു യൂണിറ്റിന് 500,000-700,000 ഡോളറാണ് വില.

ഹാർപി: ഇതും ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ് നിർമ്മിച്ച ഒരു ലൂയിറ്ററിംഗ് മ്യൂണിഷൻ ആണ്. ശത്രു റഡാർ സംവിധാനങ്ങളെ കണ്ടെത്തി നശിപ്പിക്കാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനെ ഒരു 'കമ്മികാസി ഡ്രോൺ' എന്നും പറയാം അഥവാ ചാവേർ ഡ്രോണുകൾ. 32 കിലോഗ്രാം പോർമുന വഹിക്കാൻ. 6 മണിക്കൂർ എൻഡുറൻസ് ഇതിനുണ്ട്. 500 കിലോമീറ്റർ പരിധിയുണ്ട്.

ശത്രുവിൻ്റെ എയർ ഡിഫൻസ് സംവിധാനങ്ങളെ നിർജ്ജീവമാക്കുന്നതിൽ കഴിവ് തെളിയിച്ചതാണ്. പാകിസ്താൻ്റെയും ചൈനയുടെയും റഡാർ സംവിധാനങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യ Harpy ഡ്രോണുകൾ വാങ്ങിയിട്ടുണ്ട്. അവയിൽ ചിലത് ഈയിടെ പാകിസ്താനുമായി ഉണ്ടായ സംഘർഷത്തിൽ ഉപയോഗിച്ചതായിറിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു യൂണിറ്റിന് 4 മില്യൺ ഡോളറാണ് വില.
DRDO നേത്ര
DRDOയും ഐഡിയാഫോർജും ചേർന്ന് വികസിപ്പിച്ചെടുത്ത ഒരു ഭാരം കുറഞ്ഞ UAV ആണ് ഇത്. നഗരങ്ങളിലെ നിരീക്ഷണത്തിനും ദുരന്ത നിവാരണത്തിനും ഇത് വളരെ അനുയോജ്യമാണ്. 1.5 കിലോഗ്രാം ഭാരമുണ്ട്. 30 മിനിറ്റ് എൻഡുറൻസ് ഉണ്ട്. 2.5 കിലോമീറ്റർ പരിധിയുണ്ട്. VTOL - vertical take-off and landing - (ലംബമായി ഉയർന്നു പറക്കാനും ഇറങ്ങാനുമുള്ള) കഴിവുണ്ട്. 2013-ലെ വടക്കേ ഇന്ത്യയിലെ വെള്ളപ്പൊക്കത്തിൽ ഇത് രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നു. ജമ്മു കാശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഒരു യൂണിറ്റിന് ₹15- ₹55 ലക്ഷം രൂപയാണ് ഇതിന്റെ വില.
സെർച്ചർ
ഇതും ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ് നിർമ്മിച്ച MALE ഡ്രോൺ ആണ്. നിരീക്ഷണ ആവശ്യങ്ങൾക്കായി ഇന്ത്യൻ സായുധ സേന വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 68–100 കിലോഗ്രാം പേലോഡ് വഹിക്കാൻ കഴിയും. 18 മണിക്കൂർ എൻഡുറൻസ് ഉണ്ട്. ഏകദേശം 300 കിലോമീറ്റർ പരിധിയുണ്ട്. 2000-ൻ്റെ തുടക്കം മുതൽ ഇന്ത്യ അതിർത്തി നിരീക്ഷണത്തിനായി ഇത് ഉപയോഗിക്കുന്നുണ്ട്. സോളാർ ഇൻഡസ്ട്രീസ് ഇന്ത്യയാണ് ഇതിൻ്റെ നിർമ്മാതാക്കൾ. ഒരു യൂണിറ്റിന് 500,000 ഡോളറാണ് വില.

റൂസ്റ്റർ
രാഷ്ട്രീയ രക്ഷാ യൂണിവേഴ്സിറ്റി, ബ്രെയ്ൻ സർവീസസ്, ഇന്ത്യൻ കരസേന എന്നിവർ ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് റൂസ്റ്റർ ഡ്രോൺ. ഇതിന് ഒരു റോബോട്ട് പോലെ ഉരുളാനും ഒരു ഡ്രോൺ പോലെ പറക്കാനും കഴിയും. പ്രധാന ഉപയോഗം ISR ആണ്. 300 ഗ്രാം പേലോഡ് ശേഷിയുണ്ട്. 400 മീറ്റർ പരിധിയുണ്ട്, എന്നാൽ റിലേ ചെയ്ത് 1200 മീറ്റർ വരെ ഇത് വർധിപ്പിക്കാം.

ബ്ലാക് ഹോർണറ്റ്
നോർവേ ആസ്ഥാനമായുള്ള പ്രോക്സ് ഡൈനാമിക്സ് എഎസ് വികസിപ്പിച്ചെടുത്ത ഒരു മൈക്രോ ഡ്രോൺ ആണ് ബ്ലാക് ഹോർണറ്റ്. നിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനും ഇന്ത്യൻ കരസേന ഇത് ഉപയോഗിക്കുന്നു. 16 cm നീളവും 2.5 cm വീതിയും 18 ഗ്രാം മാത്രം ഭാരമുള്ള ഒരു കുഞ്ഞൻ ഡ്രോൺ ആണ് ഇത്. പരമാവധി 2 കിലോമീറ്റർ പരിധിയുണ്ട്. 20-25 മിനിറ്റ് എൻഡുറൻസ് ഉണ്ട്. 2018-ൽ ഇത് ഇന്ത്യൻ കരസേനയുടെ ഭാഗമായി. അതിർത്തിയിലെ സംഘർഷ മേഖലകളും നിയന്ത്രണ രേഖയും (LoC) നിരീക്ഷിക്കാൻ ഇത് സെെന്യം ഉപയോഗിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ NATO ഓപ്പറേഷനുകളിലും ഇവ ഉപയോഗിച്ചിട്ടുണ്ട്.

നാഗാസ്ത്ര-1: സോളാർ ഇൻഡസ്ട്രീസ് ഇന്ത്യയും Z-മോഷൻ ഓട്ടോണമസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു പ്രിസിഷൻ ലൂയിറ്ററിംഗ് മ്യൂണിഷൻ ഡ്രോൺ ആണ് നാഗാസ്ത്ര 1. GPS സഹായത്തോടെ 2 മീറ്ററിൽ താഴെ കൃത്യതയോടെ ശത്രുക്കളെ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നതാണിത്. ഇതിനെ ഒരു സൂയിസൈഡ് ഡ്രോൺ എന്നും പറയാം. 9 കിലോഗ്രാം ഭാരമുണ്ട്.

മാൻ-ഇൻ-ലൂപ്പ് മോഡിൽ 15 കിലോമീറ്ററും ഓട്ടോണമസ് മോഡിൽ 30 കിലോമീറ്ററും പരിധിയുണ്ട്. 60 മിനിറ്റ് എൻഡുറൻസ് ഉണ്ട്. 1 കിലോഗ്രാം സ്ഫോടകവസ്തു വഹിക്കാൻ ഇതിന് സാധിക്കും. ഒരു യൂണിറ്റിന് 70,000 ഡോളറാണ് ഇതിന്റെ വില. വിക്ഷേപിച്ച് കഴിഞ്ഞ് ദൗത്യം റദ്ദാക്കേണ്ടി വന്നാൽ പാരച്യൂട്ട് ഉപയോഗിച്ച് തിരിച്ചെടുക്കാനുള്ള സംവിധാനം ഇതിലുണ്ട്.
ഡ്രോണുകളും ഭാവിയും
ഇന്ത്യയുടെ ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ, അതിൻ്റെ വടക്കൻ അതിർത്തികളിലെ പർവതനിരകൾ, പടിഞ്ഞാറൻ മരുഭൂമികൾ, ഇന്ത്യൻ മഹാസമുദ്ര മേഖല എന്നിവയെല്ലാം നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഈ മേഖലകളിൽ ജാഗ്രത പുലർത്തുന്നതിന് ഡ്രോണുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഇന്ത്യൻ കരസേന ഡ്രോണുകൾ ഉപയോഗിക്കുക മാത്രമല്ല, ഒരു ഡ്രോൺ എകോസിസ്റ്റം തന്നെ കെട്ടിപ്പടുക്കുകയാണ്. ഇറക്കുമതി ചെയ്ത സാങ്കേതികവിദ്യയെ തദ്ദേശീയമായ കണ്ടുപിടിത്തങ്ങളുമായി സമന്വയിപ്പിക്കുന്നതിലൂടെ ശക്തവും ബജറ്റിലൊതുങ്ങുന്നതുമായ ഒരു ആയുധശേഖരം സൃഷ്ടിചെചടുക്കുന്നതിൽ ഇന്ത്യ വിജയിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് നാഗാസ്ത്ര ഉൽപ്പടെയുള്ള ഡ്രോണുകൾ.

ഇറക്കുമതി ചെയ്ത Harpy, MQ-9 Reaper തുടങ്ങിയ ഡ്രോണുകൾ അവയുടെ കരുത്ത് തെളിക്കുമ്പോൾ, Rustom-II, Aura, Netra പോലുള്ള തദ്ദേശീയ സംവിധാനങ്ങൾ ഒരു ഡ്രോൺ നിർമ്മാണങ്ങളുടെ കേന്ദ്രമാകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെ അടിവരയിടുന്നതാണ്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും സ്വയംഭരണശേഷിയും സംയോജിപ്പിക്കാനുള്ള പദ്ധതികളോടെ ഡ്രോണുകൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളുടെ പരിധി കരസേന വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിലെ യുദ്ധം കേവലം ഫയർപവറിനെക്കുറിച്ചല്ല, മറിച്ച് ഇൻ്റലിജൻസ്, അഡാപ്റ്റബിലിറ്റി, കൃത്യത എന്നിവയെക്കുറിച്ചാണ്. ഇവിടെയാണ് ഡ്രോണുകളുടെ പ്രസക്തി.
Content Highlights: Drone explainer
Published: 31 May 2025, 02:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented