കാത്തുകാത്തിരുന്നവർക്ക് വേണ്ടി ടെസ്‌ല ഇന്ത്യയിൽ വരുന്നു. അതും ഒരു മോഡൽ മാത്രം. മോഡൽ വൈ. ചൈനയിൽ ഉണ്ടാക്കിയ കാറാണ് ഇവിടെ വിൽക്കുക. അതും ഇരട്ടിവിലയ്ക്ക്‌. ഇവിടെ നിർമ്മിക്കാൻ പരിപാടിയൊന്നുമില്ല. ടെസ്‌ലക്ക് ഇന്ത്യയിലുള്ളത് ഷോറൂം മാത്രം.

To advertise here,

ഒന്നോ രണ്ടോ വർഷം മുമ്പ്, ടെസ്‌ല എന്ന കേൾക്കുമ്പോൾ ഉണ്ടായ വികാരമല്ല, മിക്ക വാഹനപ്രേമികൾക്കും ഇന്ന്. ടെസ്‌ല മോഡലുകളുടെ പകുതിയിൽ താഴെ വിലക്ക് ചൈനയുടെ ബിവൈഡി അരങ്ങു വാണു തുടങ്ങിയിരിക്കുന്നു. വിയറ്റ്നാംകാരനായ വിൻഫാസ്റ്റ് വരെ ഇന്ത്യൻ മാർക്കറ്റിൽ പ്രവേശനം തേടുന്നു. ഇതിലൊന്നുമില്ലാത്തത് പിന്നെ ടെസ്‌ലയിലെന്താണ് എന്നു ചോദിച്ചാൽ, ആരുമില്ലാതെ ഒറ്റക്ക് ഡ്രൈവ് ചെയ്തുപോകുന്ന ഓട്ടോണമസ് ഡ്രൈവിങ് ഫീച്ചർ എന്നാണ് ഉത്തരം. അതാണെങ്കിൽ ഇന്ത്യയിൽ നിലവിൽ അനുവദനീയമല്ല. അനുവദിച്ചാൽ തന്നെ വിരലിലെണ്ണാവുന്ന ദേശീയ പാതകളിലല്ലാതെ, ഇന്ത്യൻ റോഡുകളിൽ ഓട്ടോണമസ് ഡ്രൈവിങ്ങിന് ടെസ്‌ല ഇറക്കാൻ ആർക്കും ധൈര്യമുണ്ടാവുമെന്ന് തോന്നുന്നില്ല. പിന്നെന്ത് ടെസ്‌ല എന്ന് ആരെങ്കിലും ചോദിച്ചാൽ, അവരെ കുറ്റം പറയാനാകില്ല.

ഇറക്കുമതി ചെയ്ത കാറുകൾ വിൽക്കാനായിരുന്നു ടെസ്‌ലയുടെ ലക്ഷ്യം. എന്നാൽ, ഇന്ത്യക്കാവശ്യം ഇവിടെത്തന്നെ നിർമ്മിക്കുന്ന ടെസ്‌ല മോഡലുകൾ നിരത്തിലിറക്കുക എന്നതായിരുന്നു. ചർച്ചകൾ അങ്ങനെ നീണ്ടുപോയി. 2021 മുതൽ ടെസ്‌ലയും ഇന്ത്യൻ സർക്കാരും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പച്ചക്കൊടി ലഭിച്ചത്. കൃത്യമായി പറഞ്ഞാൽ, അമേരിക്കയിൽ ട്രംപ് അധികാരത്തിൽ വരികയും ഇലോൺ മസ്ക് അമേരിക്കൻ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്ത കാലത്ത്.

placeholder
ടെസ്‌ല തലവൻ ഇലോണ്‍ മസ്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍നിന്ന് | Photo: PTI

ഉത്പാദനം ഇന്ത്യയിൽ തുടങ്ങുന്നത് സംബന്ധിച്ച് നിലവിൽ ടെസ്‌ലയ്ക്ക് എന്തെങ്കിലും പദ്ധതികളുള്ളതായി അറിവില്ല. മുംബൈയിൽ അവർ തങ്ങളുടെ ആദ്യത്തെ ഷോറൂം തുറന്നു കഴിഞ്ഞു. അത് ഒരു "എക്സ്പീരിയൻസ് സെന്റർ" എന്നാണ് കമ്പനി വിളിക്കുന്നത്. ഡൽഹിയിൽ രണ്ടാമതൊരു ഷോറൂം കൂടി തുടങ്ങാനും അവർക്ക് പദ്ധതിയുണ്ട്.

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോയ മോഡല്‍ വൈ എന്ന ഇലക്ട്രിക് എസ്‌യുവിയുമായാണ് ടെസ്‌ല ഇന്ത്യയിൽ കളം പിടിക്കാനൊരുങ്ങുന്നത്. അല്ലാതെ എല്ലാ ടെസ്‌ല മോഡലുകളും ഇന്ത്യയിൽ ലഭ്യമാകില്ല. ഇന്ത്യയില്‍, മോഡല്‍ വൈ റിയര്‍-വീല്‍ ഡ്രൈവിന് 60 ലക്ഷം രൂപയും ലോങ് റേഞ്ച് പതിപ്പിന് 68 ലക്ഷം രൂപയുമാണ് വില. ഫുൾ സെൽഫ് ഡ്രെെവിങ് ഓപ്ഷൻ കൂടി വേണമെങ്കിൽ 6 ലക്ഷം രൂപയാണ് അധികം നൽകേണ്ടത്. ചെെനയിലെയും അമേരിക്കയിലെയും വില താരതമ്യം ചെയ്യുമ്പോൾ ഏകദേശം ഇരട്ടിയാണ് ഇന്ത്യയിലെ വില.

placeholder
ടെസ്‌ല മോഡല്‍ വെെ | Photo: Tesla

‌ഓട്ടണോമസ്-ഡ്രൈവിങ് സിസ്റ്റമാണ് ടെസ്‌ലയുടെ ഹെെലെെറ്റ്. അത് തന്നെയാണ് അവരുടെ സെല്ലിങ് പോയിന്റും. ഇന്ത്യയിലെ പുതിയ വാഹനങ്ങളിലുള്ള ലെവൽ 2 ADAS സിസ്റ്റങ്ങൾക്ക് അപ്പുറമുള്ള സംവിധാനമാണ് ഇത്. മോഡൽ Y-ക്ക് തിരക്കുള്ള നഗര പരിതസ്ഥിതികളിൽ നാവിഗേറ്റ് ചെയ്യാനും ലെയിൻ മാറ്റാനും സ്വന്തമായി ഓവർടേക്കു ചെയ്യാനും കഴിയും.

ഇന്ത്യയിൽ സെൽഫ്-ഡ്രൈവിങ് ടെസ്‌ലയുടെ വാഗ്ദാനം മാത്രമായാണ് കരുതപ്പെടുന്നത്. കാരണം, ഇന്ത്യയിൽ ഈ ഫീച്ചറിന് ഇപ്പോഴും അനുമതി ലഭിച്ചിട്ടില്ല എന്നതുതന്നെ.  മാത്രമല്ല, സെൽഫ് ഡ്രെെവിങ് ഓപ്ഷന് ആറ് ലക്ഷം രൂപ അധികം നൽകുകയും വേണം. ഇന്ത്യയിലെ കുഴപ്പം നിറഞ്ഞ ഡ്രൈവിങ് സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ മോഡൽ വെെയ്ക്ക് കഴിയുമോ എന്ന് കണ്ടറിയണം. ഇന്ത്യൻ മാർക്കറ്റിലെ വിൽപ്പനയുടെ രീതി വിലയിരുത്തിയ ശേഷം ഒരുപക്ഷേ സൈബർ ട്രക്ക് (Cybertruck) അല്ലെങ്കിൽ മോഡൽ X (Model X) പോലുള്ള മറ്റ് മോഡലുകൾ കൊണ്ടുവരാനും സാധ്യതയുണ്ട്.

placeholder
ടെസ്‌ല മോഡല്‍ എക്സ് | Photo: Tesla

ഇന്ത്യൻ വിപണിയിൽ വിജയിക്കാൻ ടെസ്‌ലക്ക് കഴിയുമോ? ബിവൈഡിക്കും മറ്റും വലിയ മാർക്കറ്റുള്ള ഈ കാലത്ത് ആ ചോദ്യത്തിന് വലിയ പ്രാധാന്യമുണ്ട്.

ചരിത്രം പരിശോധിച്ചാൽ മിക്ക വിദേശ കാർ ബ്രാൻഡുകൾക്കും വലിയ തിരിച്ചടി നേരിട്ടിട്ടുണ്ട്. അവർ ആകർഷകമായ മോഡലുകളുമായി കളം പിടിക്കാനെത്തിയാലും, ഇന്ത്യൻ ഉപഭോക്താക്കൾ പലപ്പോഴും അവയെ സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കാറുണ്ട്. ഫോർഡും ജനറൽ മോട്ടോഴ്സും പോലുള്ള ലോകോത്തര ബ്രാൻഡുകൾക്ക് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ട സാഹചര്യം വരെ എത്തിയത് അതിനുദാഹരണമാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?

placeholder
ഫോർഡ്, ജനറല്‍ മോട്ടേഴ്സ് ആസ്ഥാനങ്ങള്‍ | Photo: Wikimedia Commons

നമ്മുടെ വിപണി അങ്ങേയറ്റം പ്രെെസ് സെൻസിറ്റീവ് ആണ് എന്നതു തന്നെയാണ് കാരണം. ഇന്ത്യൻ ഉപഭോക്താക്കളിൽ സിംഹഭാഗവും വാഹനത്തേക്കുറിച്ച് വിശദവിവരങ്ങൾ പഠിച്ച്, തങ്ങൾക്ക് നൽകുന്ന പണത്തിന് മൂല്യമുണ്ടാകുമെന്ന് ഉറപ്പുവരുത്തിയാൽ മാത്രം അതിന് പിന്നാലെ പോകുന്നവരാണ്. അതിൽ വണ്ടിയുടെ വിലയും മെെലേജും റീസെയില്‍ വാല്യുവുമെല്ലാം വലിയ ഘടകങ്ങളാണ്. അവിടേക്കാണ് ടെസ്‌ലയുടെ മോഡ‍ൽ വൈയുടെ വരവ്. അതും ഇരട്ടിവിലക്ക്.

ഇനി ഇതൊന്നും നോക്കാത്ത വാഹനപ്രേമികളെയാണ് ടെസ്‌ല ലക്ഷ്യം വെക്കുന്നതെങ്കിലും എളുപ്പമല്ല കാര്യങ്ങൾ. ചൈനീസ് കമ്പനിയായ BYD ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്നുണ്ട്. BYD സീലിന്റെ (BYD Seal) ടോപ്പ് മോഡലിന് 580 കിലോമീറ്ററാണ് റേഞ്ച്. അതിന്റെ എക്സ്ഷോറൂം വില 53 ലക്ഷം രൂപയാണ്. ഏറ്റവും വില കുറഞ്ഞ പതിപ്പിന് 41 ലക്ഷം രൂപയും. മോഡൽ Y-യുടെ ഒരു പ്രധാന എതിരാളിയായി കാണുന്ന BYD സീലയണ്‍ 7-ന്റെ (BYD Sealion 7) റേഞ്ച് 540-നും 560-നും ഇടയിലാണ്. പ്രീമിയം പതിപ്പിന് 48 ലക്ഷവും പെർഫോമൻസ് പതിപ്പിന് 54 ലക്ഷവും.

placeholder
ബിവെെഡി സീല്‍ | Photo: BYD India

വിൻഫാസ്റ്റ് (VinFast) എന്ന വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളാണ് അടുത്ത സെൻസേഷൻ‌. വിൻഫാസ്റ്റും ഓഗസ്റ്റിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നുണ്ട്. 21,000 രൂപയ്ക്ക് VF6, VF7 എന്നീ മോഡലുകൾക്കുള്ള പ്രീ-ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. 450 കിലോമീറ്റർ റേഞ്ചും കമ്പനി കാറുകൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ തുക പൂർണമായും റീഫണ്ട് ചെയ്യും. ടെസ്‌ല വാഹനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ, വിൻഫാസ്റ്റ് തമിഴ്‌നാട്ടിൽ 2 ബില്യൺ ഡോളറിന്റെ നിക്ഷേപത്തോടെ ഒരു നിർമ്മാണകേന്ദ്രം സ്ഥാപിക്കുകയാണ്.

placeholder
വിൻഫാസ്റ്റ് വി6, വി7 മോഡലുകള്‍ | Photo: VinFast

ഇതുകൂടാതെ ഇന്ത്യൻ കമ്പനിയായ മഹീന്ദ്രയുടെ മൂന്ന് ഇലക്ട്രിക് വാഹനങ്ങൾ മാർക്കറ്റിലുണ്ട്. ബിഇ6, എക്സ് ഇവി 9ഇ, എക്‌സ്‌യുവി 400 എന്നിവയാണവ. എല്ലാ മോഡലിനും 30 ലക്ഷം രൂപയിൽ താഴെയാണ് വില. നിലവിൽ ഈ മോഡലുകൾക്ക് ഇന്ത്യൻ നിരത്തിൽ നല്ല സ്വീകാര്യതയുമുണ്ട്. ടാറ്റയുടെ ഇവി കാറുകളുടെ കാര്യം പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. ഏറ്റവും അടുത്ത് പുറത്തിറക്കിയ ഹാരിയർ ഇവി ഉൾപ്പടെയുള്ള ഇലക്ട്രിക് കാറുകൾ ടാറ്റയുടേതായി നിരത്തിലുണ്ട്. അതുകൊണ്ടുതന്നെ വില ഒരു ഘടകമാണെങ്കിൽ ടെസ്‌ലയ്ക്ക് ഈ കാറുകളെല്ലാം വെല്ലുവിളി ഉയർത്തുന്നുണ്ട്.

ടെസ്‌ല സാധാരണയായി രണ്ട് കാര്യങ്ങളാണ് പ്രധാനമായി മാർക്കറ്റ് ചെയ്യാറുള്ളത്. ഒന്ന്, നേരത്തേ പറഞ്ഞ അവരുടെ ഓട്ടോണമസ് ഡ്രൈവിങ് (Autonomous Driving) സവിശേഷതയാണ്. കാർ സ്വയം ഓടിക്കുന്ന സംവിധാനമാണിത്. ഈ ഫീച്ചർ ഇന്ത്യയിൽ അംഗീകരിച്ചിട്ടില്ല എന്നു പറഞ്ഞല്ലോ.

placeholder
ടെസ്‌ല സെല്‍ഫ് ഡ്രെെവിങ് | Photo: Tesla

രണ്ടാമത്തെ സവിശേഷത ടെസ്‌ല സൂപ്പർചാർജർ നെറ്റ്‌വർക്കാണ്. സാധാരണ ഇവി ചാർജിംഗ് സ്റ്റേഷനുകളേക്കാൾ വേഗത്തിൽ ഇവ കാറുകൾ ചാർജ് ചെയ്യും. ലോകമെമ്പാടും 70,000-ത്തോളം സൂപ്പർ ചാർജറുകൾ ടെസ്‌ലക്കുണ്ട്. അമേരിക്കയിൽ 30,000, ചൈനയിൽ 2,000-ത്തിലധികം, യൂറോപ്പിൽ 1,000-ത്തിലധികം എന്നിങ്ങനെയാണ് കണക്കുകൾ. അപ്പോൾ ഇന്ത്യയിൽ എത്രയെണ്ണമുണ്ടാകും? നിലവിൽ ഒന്നുമില്ല. മുംബൈയിൽ 16 സൂപ്പർചാർജറുകൾ തുറക്കാൻ  പദ്ധതിയിടുന്നുണ്ടെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ ടെസ്‌ലയുടെ പ്രധാന വിൽപന പോയിന്റുകളായ ഓട്ടോണമസ് ഡ്രൈവിങ്ങും ചാർജിങ് ശൃംഖലയും ഇന്ത്യയിൽ അപ്രസക്തമാണ്.

placeholder
ടെസ്‌ലയുടെ സൂപ്പർചാർജർ സ്റ്റേഷൻ | Photo: Tesla

വിലയെയും ഫീച്ചറുകളെയും കൂടാതെ, ടെസ്‌ലക്ക് മറ്റൊരു വലിയ തടസ്സമുണ്ട് - ലളിതമായ കണക്കുകൾ തന്നെ. മിക്ക ടെസ്‌ല കാറുകൾക്കും ഇന്ത്യയിൽ 50 ലക്ഷം രൂപയിൽ കൂടുതൽ വില വരും. ഇത് നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ ‌ചെറിയ മാർക്കറ്റാണ്. ഈ വിഭാഗത്തിൽ പ്രതിവർഷം ഏകദേശം 50,000 കാറുകൾ മാത്രമാണ് വിൽക്കപ്പെടുന്നത്. ഇതിൽ ഇലക്ട്രിക് വാഹനങ്ങൾ 5% ആണെന്ന് സങ്കൽപ്പിച്ചാൽ പോലും, നമ്മൾ സംസാരിക്കുന്നത് ഒരു വർഷം വിൽക്കുന്ന ഏതാണ്ട് 2,500 കാറുകളെക്കുറിച്ചാണ്. ഈ 2,500 കാറുകളും ടെസ്‌ലകളാണെന്ന് സങ്കൽപ്പിച്ചാൽ പോലും, 2024-ൽ ടെസ്‌ല ചൈനയിൽ 6,50,000-ൽ അധികം കാറുകൾ വിറ്റഴിച്ചതുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ചെറിയ സംഖ്യയാണ്. അതുകൊണ്ട് തന്നെ, വിലകൂടിയ കാറുകൾക്ക് ലാഭകരമായ ഒരു വിപണിയല്ല ഇന്ത്യ, പ്രത്യേകിച്ച് വിലകൂടിയ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രയാസമാണ്.

placeholder
ടെസ്‌ല മോഡല്‍ വെെ | Photo: Tesla

അപ്പോൾ ടെസ്‌ലക്ക് മുന്നിൽ എന്തൊക്കെ വഴികളാണുള്ളത്? ഇറക്കുമതി ചെയ്ത കാറുകൾക്ക് ഇന്ത്യ നിലവിൽ 60% മുതൽ 100% വരെ തീരുവ ഈടാക്കുന്നുണ്ട്. ഈ തീരുവയിൽ മാറ്റം വന്നാൽ ടെസ്‌ലക്ക് വലിയ നേട്ടമുണ്ടാകും. അങ്ങനെയാണെങ്കിൽ അവരുടെ കാറുകൾക്ക് ഗണ്യമായി വില കുറയും. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെട്ട് ഇന്ത്യയിൽ തന്നെ കാറുകൾ നിർമ്മിക്കാൻ കമ്പനി തീരുമാനിച്ചാലും ടെസ്‌ലയ്ക്ക് നേട്ടമാകും. തീരുവയുടെ പ്രശ്നവുമില്ല. ഇവയെല്ലാം സംഭവിക്കണം. ഈ സാഹചര്യങ്ങളെല്ലാം മറ്റ് വിദേശ കമ്പനികൾക്കും ബാധകമാണ് എന്നോർക്കണം.