ക്രിസ്റ്റഫര്‍ നോളന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം ഇന്റര്‍സ്റ്റെല്ലാറില്‍ നമ്മള്‍ ആകാംക്ഷയോടെ കണ്ടിരുന്ന ആ സീന്‍ ഓര്‍മയില്ലേ? ബഹിരാകാശത്ത് അതിവേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന രണ്ട് പേടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന ഡോക്കിങ് സീന്‍. അതിസങ്കീര്‍ണ്ണമായൊരു സാങ്കേതിക വിദ്യയാണത്. യു.എസ്, റഷ്യ, ചൈന എന്നിങ്ങനെ ലോകത്ത് ആകെ മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രം സാധ്യമായത്. ഈ രാജ്യങ്ങള്‍ക്ക് പുറമേ ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സ് മാത്രമാണ്‌ ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇപ്പോൾ സ്‌പെയ്‌സ് ഡോക്കിങ്ങ് നടത്തി ബഹിരാകാശ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ് ഇന്ത്യയും. രണ്ടുവ്യത്യസ്ത പേടകങ്ങള്‍ ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുന്നതിനെയാണ് സ്‌പെയ്‌സ് ഡോക്കിങ് എന്ന് പറയുന്നത്. ഇന്ത്യ ഈ ദൗത്യത്തിന് നല്‍കിയ പേരാണ് സ്പെയ്ഡെക്സ് അഥവാ സ്‌പെയ്‌സ് ഡോക്കിങ് എക്‌സ്പിരിമെന്റ്. ഇന്ത്യയുടെ ഭാവി ബഹിരാകാശദൗത്യങ്ങളിൽ നിർണായകമാണ് ഈ ദൗത്യം.

To advertise here,

ദൗത്യത്തിന്റെ ആദ്യഘട്ടം രണ്ട് ചെറുഉപഗ്രഹങ്ങളുടെ വിക്ഷേപണമായിരുന്നു. 220 കിലോഗ്രാം ഭാരമുള്ള ഉപഗ്രങ്ങള്‍ പി.എസ്.എല്‍.വി. 60 വിക്ഷേപണവാഹനത്തില്‍ ഡിസംബര്‍ 30-ന് വിക്ഷേപിച്ചു. എസ്.ഡി.എക്സ്-01, എസ്.ഡി.എക്സ്-02 എന്നീ ഉപഗ്രഹങ്ങളാണ് വിജയകരമായി ബഹിരാകാശത്ത് എത്തിച്ചത്. ഇവയെ യഥാക്രമം ചേസര്‍, ടാര്‍ഗറ്റ് എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. ഇതിനൊപ്പം മറ്റ് 24 പരീക്ഷണോപകരണങ്ങള്‍ കൂടി പി.എസ്.എല്‍.വി. ഭ്രമണപഥത്തില്‍ എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററിന്റെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നായിരുന്നു പി.എസ്.എല്‍.വി 60 കുതിച്ചുയര്‍ന്നത്. ഭൂമിയില്‍നിന്ന് 476 കിലോമീറ്റര്‍ മാത്രം ഉയരെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിച്ചത്. റോക്കറ്റിന്റെ മുകള്‍ഭാഗം അതിനും താഴെ 355 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് ഭൂമിയെ ചുറ്റുന്നത്. പി.എസ്. ഫോര്‍ ഓര്‍ബിറ്റര്‍ എക്സ്പിരിമെന്റ് മൊഡ്യൂള്‍ അഥവാ പോയം-4 എന്നാണ് ഇതിനെ വിളിക്കുന്നത്.

20 കിലോമീറ്റര്‍ അകലത്തിലാണ് ആദ്യം ഉപഗ്രഹങ്ങള്‍ ഭൂമിയെ ചുറ്റിയത്. ഇത് ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവന്നാണ് കൂട്ടിയോജിപ്പിച്ചത്. ഐ.എസ്.ആർ.ഒയുടെ ബെംഗളൂരു പീനിയയിലെ ടെലിമട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽനിന്നാണ് ശാസ്ത്രജ്ഞർ പേടകങ്ങളെ നിയന്ത്രിച്ചിരുന്നത്. ഡോക്കിങ് വിജയകരമായതോടെ അണ്‍ഡോക്കിങ്ങും പരീക്ഷിച്ചിരുന്നു. ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റപേടകംപോലെ പ്രവര്‍ത്തിച്ചശേഷം ഉപഗ്രഹങ്ങളെ വേര്‍പ്പെടുത്തുന്നതിനെയാണ് അണ്‍ഡോക്കിങ് എന്നുവിളിക്കുന്നത്. വേര്‍പ്പെടുത്തിയ ഭാഗങ്ങള്‍ രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി രണ്ടുവര്‍ഷത്തോളം പ്രവര്‍ത്തിക്കും.

ഒറ്റദൗത്യത്തിന് പലപേടകങ്ങള്‍ ലോഞ്ച് ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളിലാണ് ഡോക്കിങ് സാങ്കേതികവിദ്യയുടെ സഹായം ആവശ്യമായി വരിക. ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാനിന്റെ അടുത്തഘട്ടത്തിന് ഡോക്കിങ് സാങ്കേതികവിദ്യ നിര്‍ണായകമാണ്. ചന്ദ്രനിലിറങ്ങി പാറയും മണ്ണും ശേഖരിക്കുകയാണ് ചന്ദ്രയാന്‍-4 ന്റെ ലക്ഷ്യം. ഇതിനായി രണ്ടു പേടകങ്ങള്‍ ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള റോക്കറ്റുകള്‍ക്ക് വഹിക്കാവുന്നതിനേക്കാള്‍ ഭാരം ചന്ദ്രയാന്‍ പേടകത്തിനുണ്ടാവും എന്നതുകൊണ്ടാണ് രണ്ടായി വിക്ഷേപിക്കുന്നത്. ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിച്ചശേഷം ചന്ദ്രനിലേക്ക് പ്രയാണം തുടരും. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും സ്‌പെയ്സ് ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്നപേരില്‍ ഇന്ത്യ വിഭാവനംചെയ്യുന്ന ബഹിരാകാശനിലയം നിര്‍മിക്കാനും ഈ സാങ്കേതിക വിദ്യ ആവശ്യമാണ്. പലതവണയായി വിക്ഷേപിക്കുന്ന വ്യത്യസ്ത പേടകങ്ങള്‍ ഒരുമിച്ചു ചേര്‍ത്തുകൊണ്ടാവും ബഹിരാകാശനിലയം നിര്‍മിക്കുക.

ദൗത്യത്തിന്റെ ഭാഗമായി മറ്റ് രണ്ട് നിര്‍ണായക നേട്ടങ്ങളും ഐ.എസ്.ആര്‍.ഒ. സ്വന്തമാക്കി. ബഹിരാകാശത്ത് പയര്‍വിത്തുകള്‍ മുളപ്പിച്ചതാണ് ഇതില്‍ പ്രധാനം. ഗുരുത്വാകര്‍ഷണബലം ഇല്ലാത്ത ബഹിരാകാശത്ത് നാലുദിവസങ്ങള്‍ കൊണ്ടാണ് എട്ടുപയര്‍വിത്തുകള്‍ മുളപ്പിച്ചത്. പോയെം- ഫോറിലെ, 24 പരീക്ഷണ ഉപകരണങ്ങളിലൊന്നായ കോംപാക്റ്റ് റിസര്‍ച്ച് മൊഡ്യൂള്‍ ഫോര്‍ ഓര്‍ബിറ്റര്‍ പ്ലാന്റ് സ്റ്റഡീസ് ഉപയോഗിച്ചാണ് വിത്തുകള്‍ മുളപ്പിച്ചത്. തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

വിവിധ ആവശ്യങ്ങള്‍ക്കായി ബഹിരാകാശത്ത് സ്ഥാപിച്ച യന്ത്രക്കൈയുടെ പരീക്ഷണവും വിജയമായിരുന്നു. തിരുവനന്തപരുത്തെ ഐ.എസ്.ആര്‍.ഒ. ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റാണ് യന്ത്രക്കൈ വികസിപ്പിച്ചത്. ബഹിരാകാശത്ത് പ്രവര്‍ത്തിക്കുന്ന ആദ്യ ഇന്ത്യന്‍ റോബോട്ടാണ് റീ ലൊക്കേറ്റബിള്‍ റോബോട്ടിക് മാനിപ്പുലേറ്റര്‍. ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സാങ്കേതിക വിദ്യയുള്ളത്.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണരംഗത്ത് വന്‍കുതിച്ചുചാട്ടത്തിന് ഇടയാക്കുന്നതാണ് സ്പെയ്ഡെക്സ് ദൗത്യം. പരീക്ഷണത്തോടെ സ്വന്തമായി ബഹിരാകാശ നിലയമെന്ന ഇന്ത്യയുടെ വലിയ സ്വപ്‌നത്തിലേക്ക് ദൂരം കുറയും.  ദൗത്യം വിജയകരമായതോടെ നേട്ടം സാധ്യമാവുന്ന ലോകത്തെ നാലാമത്തെ രാജ്യമാവും ഇന്ത്യ.

In Short | India achieved a historic milestone in space exploration with the successful Space Docking Experiment (SPADEX), joining the US, Russia, China, and SpaceX in mastering this complex technology. Conducted by ISRO, SPADEX involved docking and undocking two satellites, SDX-01 (Chaser) and SDX-02 (Target), in orbit, a critical step for future missions like Chandrayaan-4, Gaganyaan, and India’s envisioned space station. This breakthrough also included successful germination of seeds in microgravity and testing robotic arms, showcasing India's growing capabilities in advanced space technologies. SPADEX positions India as a global leader in space research, paving the way for transformative missions.