പുരസ്കാരം നൽകരുതെന്ന് എം.എസ്.സുബ്ബലക്ഷ്മിയുടെ ബന്ധുക്കൾ; സംഗീത കലാനിധി പുരസ്കാര വിവാദം
സംഗീത കലാനിധി പുരസ്കാരം ടി.എം കൃഷ്ണക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രശസ്ത കർണാടക സംഗീതജ്ഞ എം എസ് സുബ്ബലക്ഷ്മിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരിക്കുകയാണ്. 2024-ലെ സംഗീതകലാനിധി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയതാണ് വിവാദം. എം.എസ്.സുബ്ബലക്ഷ്മിയുടെ സ്മരണാർത്ഥമാണ് സംഗീത കലാനിധി പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. മുൻപ് ഇതേ സുബ്ബലക്ഷ്മിക്കെതിരെ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയ ടി.എം.കൃഷ്ണ എന്ന തോഡൂർ മാടബുസി കൃഷ്ണ അന്ന് മുതൽ അവരുടെ കുടുംബത്തിന്റെ കണ്ണിൽ കരടാണ്.
മ്യൂസിക് അക്കാദമി അവാർഡ് പിൻവലിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ് സുബ്ബലക്ഷ്മിയുടെ പേരക്കുട്ടിയായ വി.ശ്രീനിവാസൻ. സുബ്ബലക്ഷ്മിക്കെതിരെ സംസാരിച്ച വ്യക്തിക്ക് അവരുടെ പേരിലുള്ള പുരസ്കാരം സമ്മാനിക്കുന്നത് ഭക്തിക്കുള്ള പുരസ്കാരം ഒരു നിരീശ്വരവാദിക്ക് നൽകുന്നതിന് തുല്യമാണെന്നാണ് വി.ശ്രീനിവാസൻ പറയുന്നത്. മദ്രാസ് മ്യൂസിക് അക്കാദമി മാർച്ചിൽ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ ഒരുപാട് കർണാട്ടിക് ആർട്ടിസ്റ്റുകൾ രംഗത്തുവന്നിരുന്നു. എന്തുകൊണ്ടാണ് ടി.എം.കൃഷ്ണയ്ക്കെതിരെ ഇത്രയും ആർട്ടിസ്റ്റുകൾ രംഗത്തുവന്നതെന്ന ചോദ്യം എല്ലാവരുടേയും മനസിലുണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല കർണാടിക് സംഗീതത്തിന്റെ മുൻഗാമികളായ ത്യാഗരാജ സ്വാമികൾ, എം.എസ്.സുബ്ബലക്ഷ്മി എന്നിവർക്കെതിരെ കടുത്ത വിമർശനങ്ങളാണ് ടി.എം.കൃഷ്ണ ഉയർത്തിയത്.
2017ലാണ് ടി.എം.കൃഷ്ണ എം.എസ്.സുബ്ബലക്ഷ്മിക്കെതിരെ സംസാരിച്ചത്. ദേവദാസി വംശത്തിൽ പിറന്ന ആളാണെന്ന് മറച്ചുവെച്ച് ബ്രാഹ്മണ സ്ത്രീയായി ജീവിച്ച വ്യക്തിയാണ് എം.എസ്.സുബ്ബലക്ഷ്മി. കർണാടക സംഗീതത്തിൽ വലിയ സ്വീകാര്യത ലഭിക്കാൻ വേണ്ടിയാണ് സുബ്ബലക്ഷ്മി തന്റെ വംശം മറച്ചുവെച്ചത്. താനൊരു സവർണജാതിയിൽ നിന്ന് വന്ന ആളല്ലെന്ന് തുറന്നു പറയാൻ സുബ്ബലക്ഷ്മിക്ക് എന്തുകൊണ്ട് കഴിഞ്ഞില്ലെന്നായിരുന്നു ടി.എം.കൃഷ്ണ അന്ന് ഉന്നയിച്ച ചോദ്യം. ഇതു മാത്രമല്ല സംഗീതത്തിലെ ജാതിയേയും മതത്തേയും വിമർശിച്ചുകൊണ്ട് ഒരുപാട് പ്രസ്താവനകൾ ടി.എം.കൃഷ്ണ നടത്തിയിട്ടുണ്ട്.
സംഗീതം ഒരിക്കലും ഒരു മതത്തിലോ ജാതിയിലോ അധിഷ്ടിതമായ കലയല്ലെന്ന് വാദിക്കുന്ന ടി.എം.കൃഷ്ണയുടെ രാഷ്ട്രീയത്തെ മിക്ക കർണാട്ടി ക് ആർട്ടിസ്റ്റുകളും എതിർക്കാറുണ്ട്. അതിന്റെ പ്രതിഫലനമാണ് ഈ പുരസ്കാര വിവാദത്തിലും കാണാൻ കഴിയുന്നത്. ത്യാഗരാജ സ്വാമികളുടെ കൃതികളിൽ ജാതിയും മതവും തുറന്നുകാണിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചതും കർണാട്ടിക് സംഗീത മേഖലയിൽ ടി.എം.കൃഷ്ണയ്ക്ക് ശത്രുക്കളെ സമ്മാനിച്ചിരുന്നു.
എല്ലാ മാസവും ഒരു ക്രിസ്തുമതത്തെ അധിഷ്ടിതമാക്കി കർണാട്ടിക് സംഗീതം ചിട്ടപ്പെടുത്തുമെന്ന് ടി.എം.കൃഷ്ണ 2018ൽ എടുത്ത തീരുമാനം വലിയ തരംഗമായിരുന്നു. അതിനു കാരണം ടി.സാമുവൽ ജോസഫിന്റെ യേശുവിൻ സംഗമ സംഗീതം എന്ന സംഗീതകച്ചേരിക്കെതിരെ കർണാട്ടിക് സംഗീതജ്ഞനായ ഒ.എസ്.അരുൺ നടത്തിയ പരാമർശമാണ്. ഹിന്ദു മതത്തിലല്ലാതെ കർണാട്ടിക് സംഗീതം ചിട്ടപ്പെടുത്തുന്നതിനെക്കുറിച്ച് ഒ.എസ്.അരുൺ സോഷ്യൽമീഡിയയിൽ മോശമായ പരാമർശം നടത്തിയതാണ് ടി.എം.കൃഷ്ണയെ ക്രിസ്തീയ കർണാട്ടിക് സംഗീതം ചിട്ടപ്പെടുത്താൻ പ്രേരിപ്പിച്ചത്. ഇസ്ലാം മതത്തെ ഉൾപ്പെടുത്തിയും ടി.എം.കൃഷ്ണ കർണാട്ടിക് സംഗീതം ചെയ്തിട്ടുണ്ട്. കർണാട്ടിക് സംഗീതത്തിന്റെ ശാസ്ത്രീയതയ്ക്ക് എതിരായാണ് ടി.എം.കൃഷ്ണ തന്റെ രാഷ്ട്രീയത്തെ ഉൾപ്പെടുത്തുന്നതെന്ന് വാദിച്ചാണ് ഇപ്പോൾ സംഗീത കലാനിധി പുരസ്കാര വിവാദവും പൊട്ടിമുളച്ചിരിക്കുന്നത്.
Content Highlights: Sangeetha Kalanidhi Award Controversy
Published: 07 Oct 2024, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented