ലോകത്തെ സുരക്ഷിത പോർവിമാനങ്ങളിലൊന്ന്; തേജസ് തകർന്നത് 'നെഗറ്റീവ് ജി' കാരണമോ?
ഇന്ത്യൻ വ്യേമസേനയുടെ കരുത്തും അഭിമാനവുമായ തേജസ്. രാജ്യം തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംപാക്റ്റ് യുദ്ധവിമാനം. 2001 മുതൽ ഇന്ത്യൻ ആകാശത്ത് പറക്കുന്ന തേജസ്സിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം അപകടമാണ് കഴിഞ്ഞ ദിവസം ദുബായ് എയർഷോയിലുണ്ടായത്. പൈലറ്റിന് രക്ഷപ്പെടാനാകാതെ പോകുന്ന ആദ്യത്തേയും. തീർത്തും അപ്രതീക്ഷിതമായൊരു അപകടത്തിൽ ധീരനായൊരു വൈമാനികനെ രാജ്യത്തിന് നഷ്ടമായി. ഹിമാചൽ സ്വദേശിയായ വിങ് കമാൻഡർ നമംശ് സ്യാൽ. ആ ജീവന് പകരം വെക്കാൻ മറ്റൊന്നിനുമാകില്ല. അത്തരമൊരു ദുരന്തത്തിന് വഴിവെച്ചതാകട്ടെ ലോകത്തെ ഏറ്റവും സുരക്ഷിതമായ യുദ്ധവിമാന പട്ടികയിലുള്ള തേജസ്സും.
നാല് പതിറ്റാണ്ട് നീണ്ട തേജസ് ചരിത്രം
സിംഗിൾ എൻജിൻ, മൾട്ടിറോൾ സൂപ്പർ സോണിക് പോർവിമാനമാണ് തേജസ്. എയർ ടു എയർ അറ്റാക്കിനും എയർ ടു സർഫേസ് അറ്റാക്കിനും നിരീക്ഷണത്തിനും വ്യോമസേനയുടെ മുന്നണി പോരാളി. തേജസ്സിന്റെ ചരിത്രം തുടങ്ങുന്നത് ഏകദേശം 45 വർഷങ്ങൾക്ക് മുമ്പാണ്. വിദേശ യുദ്ധവിമാനങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാൻ ആകില്ലെന്ന ഇന്ത്യയുടെ തിരിച്ചറിവാണ് തേജസിലേക്ക് നയിച്ചത്. അങ്ങനെ ഒരു തദ്ദേശീയ യുദ്ധവിമാനത്തിനായി 1980കളിൽ തുടങ്ങിയ പ്രയത്‌നം തേജസിന്റെ പിറവിക്ക് വഴിവെച്ചു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും DRDOയ്ക്ക് കീഴിലെ എയറോനോട്ടിക്കൽ ഡെവലപ്പ്‌മെന്റ് എജൻസിയും സംയുക്തമായാണ് തേജസ് വികസിപ്പിച്ചത്. 2001ലായിരുന്നു ആദ്യ പരീക്ഷണ പറക്കൽ. പിന്നേയും വർഷങ്ങൾ കടന്നുപോയി. 2016 വരെ കാത്തിരിക്കേണ്ടി വന്നു തേജസ് ഔദ്യോഗികമായി ഇന്ത്യൻ വ്യേമസേനയുടെ ഭാഗമാകാൻ.
ലോകത്തെ സൂപ്പർസോണിക് യുദ്ധവിമാനങ്ങളുടെ ക്ലാസിലെ ഏറ്റവും ചെറുതും, ഭാരം കുറഞ്ഞതുമായ മോഡലാണ് തേജസ്. ആകാശത്തുവെച്ച് തന്നെ ഇന്ധനം നിറയ്ക്കാനുള്ള ശേഷി. രാത്രികാലങ്ങളിൽ പോലും തടസ്സമില്ലാത്ത ആക്രമണ ശേഷി. അത്യാധുനിക ഡിജിറ്റൽ റഡാർ വാണിങ് റിസീവറുകൾ, സെൽഫ് പ്രൊട്ടക്ഷൻ ജാമർ പോഡുകൾ, ഉപഗ്രഹാധിഷ്ഠിത ദിശാസൂചിക സംവിധാനം. ഡിജിറ്റൽ കമ്പ്യൂട്ടർ നിയന്ത്രിത ആക്രമണ ശേഷി എന്നിവയെല്ലാം തേജസിനെ ശത്രുക്കൾക്ക് കൂടുതൽ അപകടകാരിയാക്കും. ഇന്ത്യ തദ്ദേശീയമായി നിർമിച്ചതാണെങ്കിലും തേജസിന്റെ എൻജിൻ വിദേശിയാണ്. അമേരിക്കയിലെ ജനറൽ ഇലക്ട്രിക്കിന്റെ എഫ് 404 എൻജിനാണ് തേജസിന് കരുത്തേകുന്നത്.
നീളം 13.2 മീറ്റർ. വിങ്ങ് സ്പാൻ 8.2 മീറ്റർ. ഉയരം 6.36 മീറ്റർ. മണിക്കൂറിൽ 2200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. വഹിക്കുന്ന ആയുധശേഷി 4000 കിലോഗ്രാം. കരയിലേക്കോ ആകാശത്തേക്കോ കടലിലേക്കോ തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, ലേസർ ബോംബുകൾ എന്നിവ വഹിക്കാൻ ശേഷി. ഒറ്റ സീറ്റുള്ള തേജസാണ് യുദ്ധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. രണ്ട് സീറ്റുള്ളത് വ്യോമസേന പൈലറ്റുമാരുടെ പരിശീലനത്തിനും. 275 മുതൽ 300 കോടി വരെയാണ് ഒരു വിമാനത്തിനുള്ള ചെലവ്. തേജസ് മാർക്ക് 1, തേജസ് മാർക്ക് 1എ, തേജസ് ട്രെയിനർ എന്നീ മൂന്ന് തേജസ് വകഭേങ്ങൾ ഇതുവരെ സേനയുടെ ഭാഗമായി. ഇതിൽ മാർക്ക് 1എ-യാണ് പുതിയ പതിപ്പ്. ദുബായിൽ അപകടത്തിൽപ്പെട്ടതും ഈ മോഡലാണ്.
അപകടമില്ലാതെ 23 വർഷം
നിലവിൽ രണ്ട് തേജസ് സ്‌ക്വാഡ്രനുകളിലായി 31 പോർവിമാനങ്ങളും ആറ് ട്രെയിനർ വിമാനങ്ങളുമാണ് വ്യോമസേനയ്ക്കുള്ളത്. നാളിന്നുവരെ തേജസിന്റെ വലിയ സവിശേഷതകളിലൊന്ന് അതിന്റെ മികച്ച സുരക്ഷാ റെക്കോർഡാണ്. 2001 മുതൽ നീണ്ട 23 വർഷത്തോളം ഒരൊറ്റ അപകടം പോലും തേജസിനുണ്ടായിരുന്നില്ല. ഇതിനൊരു കളങ്കം വരുത്തി 2024 മാർച്ചിൽ രാജസ്ഥാനിലെ ജയ്‌സാൽമീറിലായിരുന്നു ആദ്യ അപകടം. വിമാനം താഴെവീഴുന്നതിന് മുമ്പ് പാരച്യൂട്ടിൽ ഇജക്റ്റ് ചെയ്തതിനാൽ അന്ന് പൈലറ്റ് സുരക്ഷിതനായി രക്ഷപ്പെട്ടു. രണ്ടാം അപകടമാണ് ദുബായ് എയർഷോയ്ക്കിടെ കഴിഞ്ഞ ദിവസം സംഭവിച്ചത്. പൈലറ്റിന് രക്ഷപ്പെടാനാകാതെ പോയ ആദ്യ അപകടം. കാലപ്പഴക്കം കാരണം ഇന്ത്യ ആകാശത്തുനിന്ന് പിൻവലിച്ച മിഗ് 21 യുദ്ധവിമാനങ്ങൾക്ക് പകരക്കാരനായി സേനയിലേക്ക് കൂടുതൽ തേജസ് വിമാനങ്ങൾ എത്താനിരിക്കെയാണ് ഈ അപകടം. സുരക്ഷിത പോർവിമാനമെന്ന് വിശ്വസിച്ചിരുന്ന തേജസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടത്തിന് വഴിവെച്ച കാരണം എന്തെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ വ്യോമസേന സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പൈലറ്റ് നെഗറ്റീവ് ജിയിൽ കുടുങ്ങിയോ?
അപകടത്തിന് കാരണം 'നെഗറ്റീവ് ജി'അഭ്യാസ പ്രകടനത്തിനിടെ പൈലറ്റിനുണ്ടായ പ്രശ്നങ്ങളാകാമെന്നാണ് സൂചന. പോർവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളിൽ ഉപയോഗിക്കുന്ന അതിസങ്കീർണ്ണമായതന്ത്രമാണ് 'നെഗറ്റീവ് ജി' മാന്വേവർ. ഇതിൽ ജി എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത് ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തെയാണ്. യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനത്തിൽ പൈലറ്റുമാർക്ക് രണ്ടുതരത്തിലുള്ള ഗുരുത്വാകർഷണ ബലത്തിന്റെ സവിശേഷതകളെ അതിജീവിക്കേണ്ടിവരും. പോസിറ്റീവ് ജി, നെഗറ്റീവ് ജി എന്നിവയാണത്.
വിമാനം പൈലറ്റ് കുത്തനെ മുകളിലേക്ക് ഉയർത്തുമ്പോഴൊ തിരിയുകയോ ചെയ്യുമ്പോൾ ഗുരുത്വാകർഷണ ബലത്തിന് സമാനമായി പൈലറ്റിനെ സീറ്റിലേക്ക് താഴോട്ട് അമർത്തുന്ന ശക്തിയാണ് പോസിറ്റീവ് ജി. ഇത് രക്തയോട്ടം തലച്ചോറിൽനിന്ന് കാലുകളിലേക്ക് തള്ളിവിടുന്നു. പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം താഴേക്ക് കുത്തനെ കൊണ്ടുവരുമ്പോൾ ഗുരുത്വാകർഷണത്തിന്റെ എതിർദിശയിൽ പ്രവർത്തിക്കുന്ന ശക്തിയാണ് നെഗറ്റീവ് ജി. ഇങ്ങനെ ചെയ്യുമ്പോൾ പൈലറ്റിനെ സീറ്റിൽനിന്ന് മുകളിലേക്ക് വലിച്ചെറിയുന്നതുപോലെ അനുഭവപ്പെടും. വ്യോമ അഭ്യാസത്തിലെ ഏറ്റവും സങ്കീർണമായ അഭ്യാസപ്രകടനങ്ങളിലൊന്നാണ് ഇത്.
നെഗറ്റീവ് ജി സമ്മർദം കൂടുമ്പോൾ, രക്തം താഴെനിന്ന് തലച്ചോറിലേക്ക് കുതിച്ചെത്തും. ഇത് പൈലറ്റിന് താൽക്കാലികമായി കാഴ്ച നഷ്ടപ്പെടാനോ, ദിശാബോധം തെറ്റാനോ,അല്ലെങ്കിൽ ബോധക്ഷയം സംഭവിക്കാനോ കാരണമായേക്കാം. കുറഞ്ഞ ഉയരത്തിൽ ഈ അഭ്യാസം നടത്തുമ്പോൾ, ബോധക്ഷയം സംഭവിക്കുകയോ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്താൽ, വിമാനം വീണ്ടെടുക്കാൻ വേണ്ടത്ര സമയം ലഭിക്കാതെ വരുകയും അപകടം സംഭവിക്കുകയും ചെയ്യാം. ദുബായിൽ തേജസ് യുദ്ധവിമാനം തകർന്നുവീണത് നെഗറ്റീവ് ജി അഭ്യാസപ്രകടനത്തിനിടെയാണ്. പുറത്തുവന്ന അപകടത്തിന്റെ വീഡിയോകൾ പരിശോധിക്കുമ്പോൾ പൈലറ്റിനുണ്ടായ പ്രശ്‌നങ്ങളാകാം ഇത്തരമൊരു ദുരന്തത്തിന് കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വിമാനത്തിന് സാങ്കേതിക തകരാർ സംഭവിക്കാനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളഞ്ഞിട്ടില്ല. വ്യോമസേനയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാലേ അപകടത്തിന്റെ കൃത്യമായ കാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയു.
Content Highlights: possible reasons behind tejas fighter jet crash
Published: 22 Nov 2025, 06:29 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented