ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നപേരിൽ 2023-27 വർഷത്തേക്ക് പ്രഖ്യാപിച്ച കേന്ദ്രപദ്ധതി- പിഎം ശ്രീ അഥവാ പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റെസിങ് ഇന്ത്യ. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കുന്ന സ്കൂളുകളിൽ കേന്ദ്ര വിദ്യാഭ്യാസ നയവും കേന്ദ്രസിലബസും നടപ്പാക്കണം. എൻ.ഇ.പി.യുടെ പുരോഗതിയും പി.എം-ശ്രീ സ്‌കൂൾ എന്ന ബോർഡും പ്രധാനമന്ത്രിയുടെ ചിത്രവും ഈ സ്‌കൂളിൽ പ്രദർശിപ്പിക്കണം.ദേശീയവിദ്യാഭ്യാസനയത്തിന്റെ പ്രചാരണത്തിനും നടത്തിപ്പിനുമായി കൊണ്ടുവന്നതാണെന്ന് ആരോപിച്ച് കേരളമടക്കമുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ പദ്ധതിയോട് തുടക്കത്തിലേ മുഖം തിരിച്ചു. അതോടെ ഈ സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകാതെ കേന്ദ്രം തിരിച്ചടിച്ചു. അതോടെ സാമ്പത്തിക ബാധ്യതയിൽ വീർപ്പുമുട്ടിയ കേരളം തീരുമാനം മാറ്റി. ‌‌മന്ത്രിസഭയെയും എൽഡിഎഫിനെയും മറികടന്ന്, ഫണ്ട് മാത്രം ലക്ഷ്യം വെച്ച് സർക്കാർ പദ്ധതിയിൽ ഒപ്പുവെയ്ക്കാനൊരുങ്ങിയെന്ന ആരോപണമുയർന്നു. സിപിഐ പരസ്യമായി എതിർപ്പ് അറിയിച്ചു. ഇടതുമുന്നണിയിൽ തർക്കം രൂക്ഷമായി. പരസ്യമായി ബിനോയ് വിശ്വവും മന്ത്രിസഭായോഗത്തിൽ കെ രാജനും കടുത്ത പ്രതിഷേധമുയർത്തി. എന്നാല് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. എന്തുകൊണ്ടാണ് മൂന്ന് വർഷമായി കേരളം പദ്ധതിയിൽ ഒപ്പുവെയ്ക്കാതിരുന്നത്? എന്തൊക്കെയാണ് പദ്ധതിക്കെതിരെ ഉയരുന്ന പ്രധാന വിമർശനങ്ങൾ? തമിഴ്നാടിനെ പോലെ കേരളത്തിനും വിഷയത്തിൽ നിയമവഴി തേടിക്കൂടെ? എന്താണ് സത്യത്തിൽ വിവാദമായ പിഎം ശ്രീ പദ്ധതി?

To advertise here,

2022 സെപ്റ്റംബർ ഏഴിന് അധ്യാപക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി‌യാണ് പിഎം ശ്രീ. രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനമാണ് പദ്ധതിയുടെ ലക്ഷ്യം. കേന്ദ്രവിദ്യാലയങ്ങൾ, നവോദയ സ്കൂളുകൾ, സംസ്ഥാന സർക്കാറിന്റെ സ്കൂളുകൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 14,500 സ്കൂളുകളാണ് പദ്ധതിയുടെ ഭാഗമാവുക. രാജ്യത്ത് നിലവിൽ 13,070 സ്കൂളുകളുകൾ പിഎം ശ്രീയുടെ ഭാഗമായികഴിഞ്ഞു. കേരളം, തമിഴ്‌നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഒഴികെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പദ്ധതിയിൽ ഒപ്പുവെച്ചു. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തോട് ചേർന്നുനിൽക്കുന്ന തരത്തിലായിരിക്കും സുകൂളുകളുടെ പുനരുദ്ധാരണം.

നൂതന പാഠ്യപദ്ധതി, വിദ്യാർഥികളുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്, സ്മാർട് ക്ലാസ് റൂം, ഡിജിറ്റൽ ലൈബ്രറി, പ്രാദേശിക ഇന്റേൺഷിപ്പ്, ധൈഷണിക ശേഷി വർധിപ്പിക്കൽ, ലൈബ്രറി ഗ്രാന്റ്, സ്‌പോർട്‌സ് ഗ്രാന്റ് തുടങ്ങി സ്കൂളുകളുടെ നിലവാരം ഉയർത്താനായി വിവിധ കാര്യങ്ങൾ സജ്ജമാക്കും. വിദ്യാർഥികൾക്ക് പഠനത്തിനൊപ്പം തൊഴിൽ ചെയ്യാനുള്ള സൗകര്യങ്ങളും പ്രത്യേക ശ്രദ്ധ വേണ്ടുന്ന കുട്ടികൾക്കായി ഈ സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കും.

അഞ്ചുവർഷത്തേക്ക് 27,360 കോടി രൂപ ചെലവ് വരുന്ന പദ്ധതിയില് 18,128 കോടി കേന്ദ്രവിഹിതവും 9,232 കോടി സംസ്ഥാനങ്ങളുടെ വിഹിതവുമാണ്. ഏഴ് സ്കൂളുകൾ നവീകരിക്കാനുള്ള മൊത്തം ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകൾക്ക് പ്രതിവർഷം 85 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വിവിധ പദ്ധതികൾക്കു ലഭിക്കും.

സ്കൂളുകളുടെ തിരഞ്ഞെടുപ്പിന് ചില മാനദണ്ഡങ്ങളുണ്ട്. കേടുപാടുകളിലാത്ത സ്കൂൾ കെട്ടിടം, തകരാറില്ലാത്ത പ്രവേശന റാമ്പുകൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കുറഞ്ഞത് ഒരു ടോയ്ലെറ്റ് വീതം തുടങ്ങിയ സൗകര്യങ്ങളുള്ള സ്കൂളുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിച്ച സ്കൂളുകൾക്ക് സ്കോറിങ് നൽകും. നഗരപ്രദേശങ്ങളിലെ സ്കൂളുകൾ 70 ശതമാനം സ്കോർ നേടണം, ഗ്രാമീണ മേഖലയിൽ 60 ശതമാനം മതി. ഒരു ബ്ലോക്ക് റിസോഴ്‌സ് സെന്ററിനു കീഴിൽ പരമാവധി 2 സ്‌കൂളുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക.

കേരളം പദ്ധതിയുടെ ഭാഗമായാൽ

രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളടക്കമുളള കേന്ദ്രസർക്കാർ സ്‌കൂളുകളിൽ പദ്ധതി ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിന് പുറമേ തമിഴ്നാട്, പശ്ചിമബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് പദ്ധതിയിൽ ഒപ്പുവെയ്ക്കാനുള്ളത്. പദ്ധതിയിൽ ചേർന്നാൽ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്നതാണ് ഈ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിർപ്പിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. കേരളം പിഎം ശ്രീ പദ്ധതിയുടെ ഭാഗമായാൽ സംസ്ഥാനത്തെ 168 ബിആർസികളിലായി പരമാവധി 336 സ്‌കൂളുകൾക്കാണ് പ്രയോജനം ലഭിക്കുക.

പദ്ധതിയിൽ കേരളം ഒപ്പുവെക്കാതെ കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് കിട്ടേണ്ട 1500.27 കോടി നൽകില്ലെന്ന് ഈ മെയ് മാസം കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു. രാവിലെ ഒപ്പ് വെച്ചാൽ വൈകീട്ട് ഫണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സത്യത്തിൽ കേന്ദ്രഫണ്ട് നിലച്ചതോടെ സമഗ്ര ശിക്ഷ കേരളം വഴി നടപ്പാക്കുന്ന മിക്ക കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളും പ്രതിസന്ധിയിലാണ്. പിഎം ശ്രീ ഫണ്ട് ലഭിച്ചില്ലെങ്കിൽ സൗജന്യ യൂണിഫോം, പാഠപുസ്തകം, കോംപോ സ്കൂൾ ലൈബ്രറി ഗ്രാന്റ്, സ്പോർട്‌സ് ഗ്രാന്റ്, ഭിന്നശേഷി കുട്ടികൾക്കുള്ള ഗ്രാന്റുകൾ, പെൺകുട്ടികൾക്കുള്ള സ്റ്റൈപ്പെൻഡ്‌, ഭിന്നശേഷികുട്ടികൾക്കുള്ള മെഡിക്കൽ സഹായ ഉപകരണങ്ങളും തെറാപ്പി സേവനങ്ങളും, സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസം, അധ്യാപക പരിശീലനം, ജീവനക്കാരുടെ ശമ്പളം തുടങ്ങി ഒട്ടേറെ പദ്ധതികളെ ബാധിക്കും. ഇതോടെയാണ് വിഷയത്തിൽ സർക്കാർ നയം മാറ്റിയത്.

കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി രണ്ടര വർഷമായി ലഭിക്കാനുള്ള കേന്ദ്ര വിഹിതം നേടിയെടുക്കുകയാണ് നിലവിൽ പൊതു വിദ്യാഭ്യാസ വകുപ്പും സിപിഎമ്മും പദ്ധതിയുടെ ഭാഗമാകുന്നതിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്രം പണം തരാതിരിക്കാൻ നോക്കുമ്പോൾ സാങ്കേതികത്വം പറഞ്ഞ് ഫണ്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലതെന്നും 1,466 കോടി രൂപ എന്തിന് വെറുതേ കളയണമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പറയുന്നത്. എന്നാൽ കേന്ദ്രവിഹിതം മാത്രം ലക്ഷ്യമിട്ട് തീരുമാനമെടുക്കുന്നതിലും പ്രശ്നമുണ്ട്. പിഎം ശ്രീ പദ്ധതിയുടെ പ്രഖ്യാപിത കാലാവധി അടുത്ത അധ്യയന വർഷം അവസാനിക്കുന്നതിനാൽ ഒരു വർഷത്തെ മാത്രം വിഹിതമായിരിക്കുമോ കേരളത്തിലെ സ്കൂളുകൾക്ക് ലഭിക്കുക, അല്ലെങ്കിൽ വർഷ കാലാവധി കഴിയുന്നതു വരെ ലഭിക്കുമോ എന്നതിലും വ്യക്തതയില്ല.

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടാലും എൻഇപിയിലെ തെറ്റായ അജൻഡകൾ കേരളത്തിൽ നടപ്പാക്കില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടിയും സിപിഎം നേതൃത്വവും വ്യക്തമാക്കുന്നത്. എന്നാൽ പദ്ധതിയുടെ ധാരണാപത്രം അനുസരിച്ച് 2020 ലെ ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ പൂർണതോതിൽ നടപ്പാക്കേണ്ടി വരും. കരാർ ഒപ്പിട്ട ശേഷം ഇതിന് സമ്മതിച്ചില്ലെങ്കിൽ നിയമപരമായി കേരളം പ്രതിരോധത്തിലാകും. വലിയ സംഘർഷങ്ങൾക്കും ഇത് കാരണമാകും.

വിമർശനങ്ങൾ നിരവധി

ദേശീയ വിദ്യാഭ്യാസനയത്തിന്റെ പരീക്ഷണശാലകളായി പിഎം ശ്രീ പദ്ധതിയിൽ ഉൾപ്പെടുന്ന സ്കുളുകള് മാറുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. അതുകൊണ്ട് തന്നെ പദ്ധതി ആർഎസ്എസ് അജണ്ടയാണെന്നാണ് പ്രധാന വിമർശനം. പദ്ധതിയുടെ ഭാഗമാകുന്ന സ്‌കൂളിനു മുന്നിൽ ‘പിഎം ശ്രീ സ്‌കൂൾ’ എന്ന ബോർഡ് വയ്‌ക്കേണ്ടിവരുമെന്നതും എതിർപ്പിനു കാരണമായിട്ടുണ്ട്. എൻസിഇആർടി സിലബസ് നടപ്പിലാക്കേണ്ടിവരുമെന്നതാണ് മറ്റൊരു ഭീഷണി. ഫലത്തിൽ പൊതുവിദ്യാലയങ്ങൾ കേന്ദ്രവും സംസ്ഥാനവും നിയന്ത്രിക്കുന്ന സ്ഥിതിവരും. പിഎം ശ്രീയിൽ അക്കാദമിക നിരീക്ഷണത്തിന് വിദ്യാസമീക്ഷാകേന്ദ്രം ഉണ്ടാവും. സ്കൂൾ വിദ്യാഭ്യാസത്തിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയ ഗുജറാത്ത് മോഡലാണ് ഈ സംവിധാനം. ആർഎസ്എസ് സങ്കൽപത്തിലുള്ള ദേശീയതാ സങ്കൽപങ്ങൾ അടിച്ചേൽപ്പിക്കും, കേന്ദ്രനയം നടപ്പാക്കും, പാഠപദ്ധതിയിലൂടെ ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കും, സംസ്ഥാനങ്ങളുടെ അധികാരവും നയരൂപീകരണവും നഷ്ടമാവും, പിഎം സ്കൂളുകളിൽ സംസ്ഥാനത്തിന്റെ നിയന്ത്രണം പേരിലൊതുങ്ങും എന്നൊക്കെയാണ് വിമർശകർ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ.

എൻഇപിയനുസരിച്ച് 5+3+3+4 വിദ്യാഭ്യാസ ഘടന പിഎംശ്രീ സ്കൂളിൽ വേണം. ആദ്യഘട്ടം പ്രീസ്ക്യൂൾ മുതൽ എൽകെജി, യുകെജി രണ്ടുവരെ,- രണ്ടാംഘട്ടം മൂന്ന്, നാല്, അഞ്ച് ക്ലാസുകൾ,- ആറ്, ഏഴ്, എട്ട് മൂന്നാംഘട്ടം,- ഒൻപതു മുതൽ 12 വരെ നാലാംഘട്ടം എന്ന ഈ ഘടന കേരളം അംഗീകരിച്ചിട്ടില്ല.

കേരളം മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ കെട്ടിപ്പടുത്ത സ്കൂളുകളെ എൻഇപി നടപ്പാക്കാനുള്ള കേന്ദ്രങ്ങളായി കേന്ദ്രത്തിന് വിട്ടുനൽകേണ്ടതുണ്ടോ എന്നാണ് സിപിഐ ചോദിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെയുള്ള നിലപാട് സ്വീകരിക്കുമ്പോൾ, നയപരമായ പദ്ധതിയായതിനാൽ തന്നെ ഇതുമായി സഹകരിച്ച് മുന്നോട്ടുപോകാൻ സാധിക്കില്ല എന്ന നിലപാടാണ് സിപിഐയുടേത്. വിഷയത്തിൽ പാർട്ടി പിറകോട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാട് മോഡൽ ബദൽ വിദ്യഭ്യാസ നയം

പിഎം ശ്രീയിൽ കേരളത്തിന്റെ മനംമാറ്റത്തിനിടെ ശ്രദ്ധ നേടുന്നത് തമിഴ്നാടിന്റെ നിയമപോരാട്ടമാണ്. സമഗ്രശിക്ഷയ്ക്കുള്ള വിഹിതം കേന്ദ്രം തടഞ്ഞപ്പോൾ കോടതിയെ സമീപിച്ച് തമിഴ്നാട് ഫണ്ട് നേടിയെടുക്കുകയായിരുന്നു. സമഗ്രശിക്ഷയ്ക്ക് 2152 കോടി രൂപയുടെ കേന്ദ്രഫണ്ട് കിട്ടാത്തതിനാൽ സ്വകാര്യവിദ്യാലയങ്ങളിൽ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചുള്ള 25 ശതമാനം വിദ്യാർഥിപ്രവേശനം തമിഴ്നാട് നിർത്തിവെച്ചിരുന്നു. പ്രശ്നം മദ്രാസ് ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമെത്തി. തുടർന്ന്, രണ്ട് അധ്യയനവർഷങ്ങളിലായി ആർടിഇ ഘടകത്തിൽ സമഗ്രശിക്ഷയ്ക്കു തടഞ്ഞുവെച്ച 700 കോടിയിലേറെ രൂപ കേന്ദ്രസർക്കാർ അനുവദിച്ചു.

അതേസമയം കേരളം ഇതുവരെ നിയമവഴി തേടിയിട്ടില്ല. കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാരിൽ ആലോചന വന്നിരുന്നെങ്കിലും അതു സമയം പാഴാക്കലാണെന്നു പറഞ്ഞ് ഉദ്യോഗസ്ഥതലത്തിൽ എതിർപ്പുയർന്നെന്നാണ് വിവരം. പിഎംശ്രീ നടപ്പാക്കാത്തതിനാലാണ് എസ്എസ്‌കെയ്ക്കു ഫണ്ട് നൽകാത്തതെന്ന് കേന്ദ്രം ഇതുവരെ രേഖാമൂലം അറിയിച്ചിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനും സർക്കാരിനുമുന്നിൽ സാധ്യതകളുണ്ട്.