ഊർജ്ജ സാമ്രാജ്യത്തിന്റെ ഹൃദയം, പുരാവസ്തുക്കളാൽ സമ്പന്നം; ഇറാനെ കീഴ്പ്പെടുത്താനുള്ള വഴിയോ ഖാർഗ്?
ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന മേഖല. ഇറാന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുന്ന 'കറുത്ത സ്വർണ്ണത്തിന്റെ കവാടം', ഇറാന്റെ നട്ടെല്ല്- ഖാർഗ് ദ്വീപ്. ഇറാന്റെ തീരത്ത് നിന്ന് വെറും 15 മൈൽ (24 കിലോമീറ്റർ) അകലെയുള്ള പാറക്കെട്ടുകൾ നിറഞ്ഞ എണ്ണായിരത്തോളം പേർ മാത്രം താമസക്കാരായ ആ ചെറുദ്വീപിലാണ് യുഎസ് കഴിഞ്ഞദിവസം ബോംബുകൾ വർഷിച്ചത്. അമേരിക്ക യുദ്ധതന്ത്രങ്ങൾ കടുപ്പിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു അത്. പശ്ചിമേഷ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോംബിങ് അറ്റാക്കാണ് ഖാർഗ് ദ്വീപിലുണ്ടാക്കിയതെന്നാണ് ട്രംപിന്റെ അവകാശവാദം. ഹോർമൂസിലൂടെയുള്ള കപ്പൽ സഞ്ചാരം ഇറാൻ തടഞ്ഞാൽ ഖാർഗിലെ എണ്ണ ടെർമിനലുകൾ ആക്രമിക്കാൻ മടിക്കില്ലെന്ന് യുഎസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്തുകൊണ്ടാണ് ഇറാന് ഖാർഗ് ഇത്രമേൽ തന്ത്രപ്രധാനമായത്? അതിസുരക്ഷാ മേഖലയായി കണക്കാക്കുന്ന ഖാർഗിലേക്ക് എന്തിനാണ് അമേരിക്കൻ സൈന്യം ഇത്രമേൽ ശ്രദ്ധ ചെലുത്തുന്നത്?
പേർഷ്യൻ ഗൾഫിൽ ഇറാന്റെ തെക്കുപടിഞ്ഞാറൻ തീരത്ത് നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പവിഴദ്വീപാണ് ഖാർഗ്. ഏകദേശം 20 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള ഈ പാറക്കെട്ടുകൾ നിറഞ്ഞ ദ്വീപിന് ഇറാന്റെ ആധുനിക ചരിത്രത്തിലും സമ്പദ്വ്യവസ്ഥയിലും വളരെ വലിയ സ്ഥാനമാണുള്ളത്. കേവലം എട്ട് കിലോമീറ്റർ നീളവും അഞ്ച് കിലോമീറ്റർ വീതിയുമുള്ള ഈ ചെറിയ പ്രദേശം ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി കേന്ദ്രങ്ങളിൽ ഒന്നാണ്.
ഖാർഗിൽ എന്തെങ്കിലും സംഭവിക്കുക എന്നാൽ അത് ഇറാനുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. അതുതന്നെയാണ് അമേരിക്കയുടെ പിടിവള്ളിയും. ഖാർഗിനെ ഇറാന്റെ ഊർജ്ജ സാമ്രാജ്യത്തിന്റെ ഹൃദയം അല്ലെങ്കിൽ 'കിരീടത്തിലെ രത്‌നം' എന്ന് വിശേഷിപ്പിക്കുന്നതുപോലും ഈ അതിപ്രാധാന്യം കണക്കിലെടുത്താണ്. നേരത്തെ പറഞ്ഞപോലെ ഇറാന്റെ മൊത്തം എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും നടക്കുന്നത് ഖാർഗ് ദ്വീപ് വഴിയാണ്. പ്രതിവർഷം ഏകദേശം 95 കോടി ബാരൽ ക്രൂഡ് ഓയിൽ ഈ ദ്വീപ് വഴി കൈകാര്യം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അബൂസർ, ഫോറൂസൻ, ദൊറൂദ് തുടങ്ങിയ ഇറാന്റെ പ്രമുഖ എണ്ണപ്പാടങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ കടൽ അടിത്തട്ടിലെ പൈപ്പ് ലൈനുകൾ വഴി ഖാർഗിലെത്തിച്ചാണ് സംസ്‌കരിക്കുന്നതും സംഭരിക്കുന്നതും. അതുകൊണ്ടുതന്നെ ഇറാന്റെ എണ്ണ ശൃംഖലയിലെ ഏറ്റവും നിർണ്ണായകമായ 'നെർവ് സെന്റർ' കൂടിയാണ് ഖാർഗ് ദ്വീപ്. കൂടാതെ അഹ്വാസ് (Ahvaz), മാരുൺ (Marun), ഗച്ച്‌സാരൻ (Gachsaran) തുടങ്ങിയ ഇറാന്റെ വലിയ എണ്ണപ്പാടങ്ങളിൽ നിന്നുള്ള എണ്ണയും നേരിട്ട് ഖാർഗിലെ സംഭരണികളിലേക്ക് എത്തും.
ഇറാന്റെ സമ്പദ്വ്യവസ്ഥയും ഭരണകൂടത്തിനാവശ്യമായ വരുമാനവും പ്രധാനമായും ഈ ദ്വീപ് വഴിയുള്ള എണ്ണ കയറ്റുമതിയെയാണ് ആശ്രയിക്കുന്നത്. മാത്രമല്ല ഇറാന്റെ സൈന്യത്തിനും, പ്രത്യേകിച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിനാവശ്യമായ തുക കണ്ടെത്തുന്നതും ഖാർഗ് ദ്വീപിലൂടെയാണ്. ഖാർഗ് ദ്വീപിന്റെ നിയന്ത്രണം നഷ്ടപ്പെടുക എന്നാൽ ഇറാൻ എന്ന രാജ്യത്തിന്റെ മൊത്തം പ്രവർത്തനങ്ങൾ തലകീഴായി മറിയുക എന്നുകൂടിയാണ്.
ഭൂമിശാസ്ത്രപരമായ പ്രത്യേകത കൂടിയാണ് ഖാർഗ് ദ്വീപിന് ഇത്ര പ്രാധാന്യം നൽകിയത്. ദ്വീപിന് ചുറ്റുമുള്ള കടലിന്റെ ആഴം കൂടുതലായതിനാൽ ഭീമാകാരമായ സൂപ്പർടാങ്കറുകൾക്ക് (ൗെുലൃമേിസലൃ)െ എളുപ്പത്തിൽ അടുക്കാനും എണ്ണ നിറയ്ക്കാനും സാധിക്കുന്നു
.ഇറാന്റെ മറ്റു തീരപ്രദേശങ്ങളിൽ ഇത്തരം സൂപ്പർടാങ്കറുകൾക്ക് അടുക്കാൻ സൗകര്യമില്ലാത്തതിനാൽ ഖാർഗ് ദ്വീപിന് വലിയ തന്ത്രപ്രധാന പ്രാധാന്യമുണ്ട്. ഹോർമൂസ് കടലിടുക്കിന് ഏകദേശം 300 മൈൽ വടക്കുപടിഞ്ഞാറായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത് എന്നതും ഖാർഗിന് പ്രാധാന്യമേറ്റുന്നു
ഇറാന്റെ സമ്പദ് വ്യവസ്ഥയിൽ ഇത്രയേറെ പ്രാധാന്യമുള്ളതുകൊണ്ടും പശ്ചിമേഷ്യൻ സാഹചര്യം കലുഷിതമായതുകൊണ്ടും അതീവസുരക്ഷയാണ് ഇറാൻ ഖാർഗിന് മേൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാന്റെ ശക്തമായ സൈനിക നിയന്ത്രണവും അതീവ രഹസ്യസ്വഭാവവും കൊണ്ടുതന്നെ 'ഫോർബിഡൻ ഐലൻഡ്' (Forbidden Island) അഥവാ 'നിരോധിത ദ്വീപ്' എന്ന പേര് കൂടി ഖാർഗ് ദ്വീപിനുണ്ട്. 1980-കളിലെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഖാർഗ് ദ്വീപിന് നേരെയുണ്ടായ കനത്ത ബോംബാക്രമണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ അതിസുരക്ഷ. അന്ന് തകർക്കപ്പെട്ട ഖാർഗ് ദ്വീപ് പിന്നീട് ഇറാൻ ഇത് പുനർനിർമ്മിക്കുകയായിരുന്നു. നിലവിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ പൂർണനിയന്ത്രണത്തിലുള്ള ദ്വീപിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേക അനുമതി തന്നെ വേണം. ഔദ്യോഗികമായ സുരക്ഷാ അനുമതി (official security clearances) ഉള്ളവർക്ക് മാത്രമേ ഈ ദ്വീപിലേക്ക് പ്രവേശനമുള്ളൂ. 2025 മെയ് മാസത്തിലെ കണക്കുകൾ പ്രകാരം ദിവസേന 15 ലക്ഷം മുതൽ 40 ലക്ഷം ബാരൽ വരെ എണ്ണ കൈകാര്യം ചെയ്യാനുള്ള ശേഷി ഖാർഗ് ദ്വീപിനുണ്ട്
കേവലം ഒരു വ്യവസായ കേന്ദ്രം എന്നതിലുപരി പുരാവസ്തുക്കളാൽ സമ്പന്നമാണ് ഖാർഗ് ദ്വീപ്. എലാമൈറ്റ്, അക്കീമെനിഡ്, സസാനിഡ് കാലഘട്ടങ്ങളിലെ അവശിഷ്ടങ്ങൾ ഇവിടെ കാണാം. ഏഴാം നൂറ്റാണ്ടിലെ മീർ മുഹമ്മദ് ദേവാലയം, പേർഷ്യൻ ഗൾഫ് എന്ന പേര് ആദ്യമായി രേഖപ്പെടുത്തിയവയിൽ ഒന്നായ അക്കീമെനിഡ് കാലത്തെ ലിഖിതങ്ങൾ ഇവിടെയുണ്ട്. കൂടാതെ പുരാതന ക്രിസ്ത്യൻ, സൊറോസ്ട്രിയൻ ശ്മശാനങ്ങളും ദ്വീപിൽ കാണാം. ആധുനിക എണ്ണ വ്യവസായത്തിന് മുൻപ് തന്നെ ഖാർഗ് ദ്വീപിന് തന്ത്രപ്രധാനമായ സ്ഥാനമുണ്ടായിരുന്നു എന്നു തെളിയിക്കുന്നതാണ് ഈ ചരിത്രപരമായ രേഖകൾ. നൂറ്റാണ്ടുകളായി പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും നിയന്ത്രണത്തിലായിരുന്നു ഈ ദ്വീപ്. 1747-ൽ ഡച്ചുകാർ ഇവിടെ ഒരു കോട്ട നിർമ്മിച്ചിരുന്നു
. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ റേസ ഷാ പഹ്ലവിയുടെ ഭരണകാലത്ത് രാഷ്ട്രീയ തടവുകാരെ നാടുകടത്താനുള്ള കേന്ദ്രമായി ഉപയോഗിക്കപ്പെട്ടതും ഇതേ ദ്വീപായിരുന്നു.1958 മുതലാണ് ഖാർഗ് ഒരു പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായി വികസിപ്പിക്കാൻ തുടങ്ങിയത്
ഖാർഗ് ദ്വീപ് ആക്രമിക്കുന്നത് വഴി ഇറാന്റെ സാമ്പത്തിക സ്രോതസ്സിനെ നേരിട്ട് തകർക്കാൻ അമേരിക്കയ്ക്ക് സാധിക്കും. ഇതാണ് അമേരിക്ക ലക്ഷ്യം വയ്ക്കുന്നതും. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നതിൽ നിന്ന് ഇറാനെ പിന്തിരിപ്പിക്കാനുള്ള ഒരു മുന്നറിയിപ്പായാണ് അമേരിക്ക ഖാർഗിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചത്
.എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ ആഗോള എണ്ണ വിപണിയിൽ ഇറാന്റെ സ്വാധീനം ഇല്ലാതാകുകയും അവരെ കീഴടങ്ങാൻ നിർബന്ധിതരാക്കുകയും ചെയ്യാം എന്നതാണ് അമേരിക്കയുടെ തന്ത്രപരമായ ലക്ഷ്യം. . ഖാർഗിനെതിരായ ഏതൊരു നീക്കവും ആഗോള എണ്ണവിലയെ സാരമായി ബാധിക്കും. നിലവിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ സംഘർഷം കാര്യമായി ബാധിച്ചിരിക്കെ ഖാർഗിലെ എണ്ണസംഭരണകേന്ദ്രങ്ങൾ കൂടി ആക്രമിക്കപ്പെട്ടാൽ സ്ഥിതി രൂക്ഷമാകുമെന്ന കാര്യത്തിൽ സംശയമില്ല
ഖാർഗ് ദ്വീപ് ആക്രമിക്കപ്പെട്ടാൽ ജെപി മോർഗൻ റിപ്പോർട്ട് പ്രകാരം ഇറാന്റെ എണ്ണ ഉത്പാദനം പകുതിയായി കുറയും. ഇത് രാജ്യത്തിന്റെ യുദ്ധച്ചെലവുകളെ ബാധിക്കുകയും ആഭ്യന്തര അസ്ഥിരതയ്ക്ക് കാരണമാവുകയും ചെയ്യും. മാത്രമല്ല കയറ്റുമതിയും നിലയ്ക്കും. ആഗോള എണ്ണ വിതരണത്തിന്റെ 4.5% ഇറാനിൽ നിന്നാണെന്നിരിക്കെ എണ്ണവില ഉയരാൻ ഇത് കാരണമാകും. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ധനവില കുത്തനെ കൂടും.
ലോക എണ്ണ വ്യാപാരത്തിന്റെ 20% കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടക്കുമ്പോൾ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ള എണ്ണ വിതരണം നിലയ്ക്കും. പകരം ഖാർഗ് ആക്രമിക്കപ്പെട്ടാൽ സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെ ഇറാനും ലക്ഷ്യം വെച്ചേക്കാം. ഇറാനെ തകർക്കാൻ ഖാർഗിനെ ആക്രമിക്കുന്നത് എളുപ്പമാണെങ്കിലും, അത് ലോക സമ്പദ്വ്യവസ്ഥയെയും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെയും ഒരുപോലെ ബാധിക്കുമെന്നതിനാലാണ് ഇസ്രായേലും യുഎസും ഇതുവരെ ആ നീക്കത്തിൽ നിന്ന് വിട്ടുനിന്നത്. ചുരുക്കത്തിൽ ഖാർഗ് ദ്വീപ് എന്നാൽ 'ഇരുതലമൂർച്ചയുള്ള വാളാണ്'. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിൽ ഖാർഗിന്റെ വിധി എന്താകും എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
Content Highlights: Kharg Island handles 90% of Iran's total crude oil exports., It serves as a critical 'nerve center' for Iran's energy infrastructure and military funding., The island's deep-water geography allows for the docking of massive supertankers., US targeting of Kharg is a strategic pressure tactic to curb Iranian influence in the Strait of Hormuz., Potential destruction of these facilities could trigger a global oil price surge and impact international markets.
Published: 14 Mar 2026, 10:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented