ഒരേ മുഖ്യമന്ത്രി, തുടർഭരണത്തിൽ രണ്ട് മന്ത്രിസഭകൾ. കേരള ചരിത്രത്തിൽ പൂർണമായ രണ്ട് ടേം തികക്കുന്ന മന്ത്രിസഭകളുടെ നായകനെന്ന പദവി പിണറായി വിജയന് മാത്രം അവകാശപ്പെട്ടതാണ്. ആ ചരിത്രം വീണ്ടും തിരുത്തുമോ? ജയമില്ലെങ്കിൽ വനവാസമെന്ന പഞ്ച് ഡയലോഗിന്റെ പശ്ചാത്തലത്തിൽ നൂറിലധികം സീറ്റുകൾ സ്വപ്നം കാണുന്നുണ്ട് യു.ഡി.എഫ്. ഒന്നിലേറെ അംഗങ്ങളുമായി നിയമസഭയിലേക്ക് കടന്നു ചെല്ലാമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു.

To advertise here,

78 സീറ്റുകളിൽ വിജയം ഉറപ്പാണെന്നും മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു. പതിവുപോലെ ഈഴവ വോട്ടുകളിലാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. 2001-ലേതിന് സമാനമായ ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്നും അതിന് ന്യൂനപക്ഷ വോട്ടുകൾ പൂർണ്ണമായും തങ്ങൾക്കൊപ്പം നിൽക്കുമെന്നും കോൺഗ്രസ് ഉറച്ചുവിശ്വസിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എൽഡിഎഫിനോട് മമത കുറഞ്ഞുവെന്നും ആ വോട്ടുകളും തങ്ങളുടെ പെട്ടിയിൽ വീഴുമെന്നും അവർ വിശ്വസിക്കുന്നു.

വിവിധ എക്സിറ്റ് പോൾ ഫലങ്ങളും യു.ഡി.എഫിന് അനുകൂലമായ മാറ്റമാണ് പ്രവചിക്കുന്നത്; ആക്സിസ് മൈ ഇന്ത്യ യു.ഡി.എഫിന് 78 മുതൽ 90 വരെ സീറ്റുകൾ നൽകുന്നു. അതേസമയം, ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മൂന്ന് മുതൽ ഏഴ് വരെ സീറ്റുകൾ നേടി നിർണായക ശക്തിയാകുമെന്നും ചില സർവ്വേകൾ സൂചിപ്പിക്കുന്നു.

ഈ തിരഞ്ഞെടുപ്പിൽ സാമുദായിക വോട്ടുകളുടെ മാറ്റം നിർണായകമാകും. 2021-ൽ എൽ.ഡി.എഫിനെ പിന്തുണച്ച 62 ശതമാനം മുസ്ലീം വോട്ടുകളും 53 ശതമാനം ക്രിസ്ത്യൻ വോട്ടുകളും ഇത്തവണ യു.ഡി.എഫിലേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിശകലനം. അതേസമയം, ഈഴവ, പട്ടികജാതി-വർഗ്ഗ വിഭാഗങ്ങളിൽ സ്വാധീനം നിലനിർത്താൻ കഴിയുന്നത് എൽ.ഡി.എഫിന് ആശ്വാസമാണ്. എൻ.ഡി.എ ആകട്ടെ തൃശ്ശൂരിലെ വിജയത്തിന് പിന്നാലെ ട്വന്റി-20യുമായി സഖ്യമുണ്ടാക്കി നഗരമേഖലകളിൽ വോട്ട് പിടിക്കാനുള്ള തന്ത്രമാണ് പയറ്റിയത്. യുവവോട്ടർമാരുടെ നിലപാടും ഈ തിരഞ്ഞെടുപ്പിൽ ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്നതിൽ വലിയ പങ്ക് വഹിക്കും.

യു.ഡി.എഫ് മുന്നോട്ടുവെച്ച 'ഇന്ദിരാ ഗ്യാരന്റി' പദ്ധതികൾ, പ്രത്യേകിച്ച് 3,000 രൂപ ക്ഷേമ പെൻഷനും വിദ്യാർഥിനികൾക്ക് 1,000 രൂപ സ്റ്റൈപ്പന്റും ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് വോട്ടെണ്ണലിൽ അറിയാം. സൗജന്യ ബസ് യാത്രയും 'ഉമ്മൻചാണ്ടി ഇൻഷുറൻസും' യു.ഡി.എഫിന്റെ പ്രധാന ആയുധങ്ങളായിരുന്നു. ഭരണവിരുദ്ധ വികാരമില്ലെന്ന് എൽ.ഡി.എഫ് ആവർത്തിക്കുമ്പോഴും, സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിവാദങ്ങൾ അവർക്ക് തിരിച്ചടിയായേക്കാം. എന്നാൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തുടർച്ചയും ജനക്ഷേമ പദ്ധതികളും തങ്ങളെ തുണയ്ക്കുമെന്നാണ് എൽ.ഡി.എഫ് മുന്നണിയുടെ പ്രതീക്ഷ.

അതേസമയം മിക്ക മന്ത്രിമാരും ഇത്തവണ കടുത്ത പോരാട്ടമാണ് നേരിടുന്നത്. വി. ശിവൻകുട്ടി, വീണാ ജോർജ്ജ്, വി. അബ്ദുറഹ്മാൻ, എം.പി. രാജേഷ് തുടങ്ങിയവർ സ്വന്തം മണ്ഡലങ്ങളിൽ വലിയ വെല്ലുവിളി നേരിടുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പി. രാജീവും കെ.എൻ. ബാലഗോപാലും താരതമ്യേന സുരക്ഷിതരാണെന്ന് വിലയിരുത്തുമ്പോഴും അടിയൊഴുക്കുകളെ തള്ളിക്കളയാനാവാത്ത സാഹചര്യമാണ്.

ഫലം വരാനിരിക്കെ വലിയൊരു ചർച്ച നടക്കുന്നത് പ്രതിപക്ഷ നേതാവിനെക്കുറിച്ചാണ്. എൽ.ഡി.എഫ് പരാജയപ്പെടുകയാണെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. പകരം കെ.കെ. ശൈലജ, പി. രാജീവ് അല്ലെങ്കിൽ കെ.എൻ. ബാലഗോപാൽ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്.

യു.ഡി.എഫിനാണ് പരാജയമെങ്കിൽ വി.ഡി. സതീശൻ വനവാസത്തിന് പോകുമെന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പകരം രമേശ് ചെന്നിത്തലയോ കെ. മുരളീധരനോ ഈ സ്ഥാനത്തേക്ക് വന്നേക്കാം. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത തൂക്കുസഭയുടെ സാധ്യതയും തള്ളിക്കളയാനാവില്ല. ബി.ജെ.പി 11 സീറ്റുകൾ വരെ നേടിയാൽ അവരായിരിക്കും കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. അത്തരമൊരു സാഹചര്യം വന്നാൽ മുന്നണി മാറ്റങ്ങളും ഉണ്ടായേക്കാം.

വികസനമോ, ക്ഷേമപദ്ധതികളോ അതോ ഭരണവിരുദ്ധ വികാരമോ ഏതാകും ജനങ്ങൾ വിലയിരുത്തുക? കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ഈ തിരഞ്ഞെടുപ്പ് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. മുന്നണികളുടെ എല്ലാ അവകാശവാദങ്ങൾക്കും കൃത്യമായ മറുപടി മേയ് നാലിന് ലഭിക്കും. കേരളത്തിന്റെ വിധി എന്തെന്ന് കാത്തിരുന്ന് കാണാം.