64 വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1960 സെപ്റ്റംബര്‍ 19-ന് ഒപ്പുവച്ച ഒരു കരാര്‍. അയല്‍രാജ്യങ്ങളെങ്കിലും അത്ര സുഖകരമല്ലാത്ത രീതിയില്‍ തുടര്‍ന്ന് പോന്ന ഇന്ത്യ-പാക് ബന്ധം കൂട്ടിയോജിപ്പിച്ചതിലെ ഏറ്റവും ശക്തമായ ചരട്- സിന്ധു നദീജല കരാര്‍ (Indus Waters Treaty - IWT)). ഉടമ്പടിക്ക് ശേഷം പലവുരു ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളലുണ്ടായി. സംഘര്‍ഷങ്ങള്‍ പലതുണ്ടായി. യുദ്ധകാലത്തു പോലും പാകിസ്താന്റെ കാര്‍ഷിക മേഖലയെ താങ്ങിനിര്‍ത്തുന്ന ആ ജലകരാറില്‍ ഇന്ത്യ കൈവച്ചില്ല. ഒരു യുദ്ധകാലത്തും കരാര്‍ മരവിപ്പിച്ചുമില്ല. എന്നാല്‍, 65 വര്‍ഷത്തിനിപ്പുറം പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളെ വെടിവെച്ച് കൊലപ്പെടുത്തിയതിന് തിരിച്ചടിയായി പാകിസ്താനുമായുള്ള നയതനന്ത്രബന്ധത്തിലെ 90 ശതമാനവും ഇന്ത്യ വെട്ടിച്ചുരുക്കി. അതിനൊപ്പം സിന്ധു നദീജല കരാര്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ മരവിപ്പിച്ചു. 

To advertise here,

ചരിത്രപശ്ചാത്തലം

ജന്മമെടുത്തതു മുതല്‍ ഇന്ത്യയുമായി ഇടഞ്ഞുനില്‍ക്കുന്ന പാകിസ്താനുമായി ഇന്ത്യ ഒപ്പുവെച്ച ഈ കരാറിന് ചരിത്രപരമായ പ്രാധാന്യമേറെയുണ്ട്. ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്യം ലഭിച്ചതിനൊപ്പം, ഇന്ത്യന്‍ മണ്ണിനെ വിഭജിച്ച് പാകിസ്താന് രൂപം കൊടുത്ത ആ നീക്കം തന്നെയായിരുന്നു സിന്ധു നദിയിലെ ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട ഈ കരാറിലേക്ക് നയിച്ചത്. രണ്ട് രാജ്യങ്ങളായി മാറിയതിന് പിന്നാലെ നദീജലത്തില്‍ പാകിസ്താന്‍ അവകാശമുന്നയിച്ചതോടെ പ്രശ്നം ഗുരുതരമായി. നദിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ പതിവായതോടെ പഞ്ചാബിലെ ഫിറോസ്പൂരില്‍നിന്ന് പാകിസ്താനിലേക്കുള്ള ജലവിതരണം 1948 ഏപ്രില്‍ ഒന്നിന് ഇന്ത്യ താത്കാലികമായി നിര്‍ത്തിവച്ചു. പാകിസ്താന്റെ കാര്‍ഷികമേഖലയെ സാരമായി ബാധിക്കുന്നതായിരുന്നു നടപടി. എന്നാല്‍ ആ മാസം തന്നെ ഇരുരാജ്യങ്ങളും ഒപ്പുവച്ച ഇന്റര്‍-ഡൊമിനിയന്‍ ഉടമ്പടിയോടെ പ്രശ്‌നത്തിന് താത്കാലിക പരിഹാരമായി

പാകിസ്താനിലേക്കുള്ള ജലവിതരണം ഇന്ത്യ പുനരാരംഭിച്ചു. എന്നാല്‍, നല്‍കുന്ന ജലത്തിന് പകരമായി പാകിസ്താന്‍ വര്‍ഷം നിശ്ചിത തുക നല്‍കണമെന്നതായിരുന്നു ഉടമ്പടി. വിതരണച്ചെലവായാണ് ഈ തുക കണക്കാക്കിയത്. തര്‍ക്കങ്ങള്‍ വീണ്ടും തുടര്‍ന്നതോടെ ഇന്റര്‍-ഡൊമിനിയന്‍ ഉടമ്പടി വന്‍പരാജയമായി. ഇതോടെ പരാതിയുമായി പാകിസ്താന്‍ ഐക്യരാഷ്ട്രസഭയിലുമെത്തി. അതിനിടെ 1951-ല്‍ സിന്ധു നദിയിലും അതിന്റെ പോഷകനദികളിലുമുള്ള ജലസേചന പദ്ധതികള്‍ നിര്‍മിക്കുന്നതിനുള്ള ധനസഹായത്തിനായി ഇരുരാജ്യങ്ങളും  ലോക ബാങ്കിനെ സമീപിച്ചിരുന്നു.  ഇതിന്റെ തുടര്‍ച്ചയായാണ് ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുന്നത്. 1952-ല്‍ ആരംഭിച്ച് ഒമ്പത് വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ 1960-ല്‍ സിന്ധു നദീജല കരാര്‍  രൂപപ്പെട്ടു. കറാച്ചിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ജവാഹര്‍ലാല്‍ നെഹ്‌റുവും പാകിസ്താനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അയൂബ് ഖാനും ഒപ്പുവച്ചു. ലോകബാങ്കിന്റെ വൈസ് പ്രസിഡന്റ് ഡബ്ല്യു.എ.ബി. ഇലിഫ് മധ്യസ്ഥനായി

സിന്ധു നദീജല കരാര്‍- പ്രധാന വ്യവസ്ഥകള്‍

1960 സെപ്റ്റംബര്‍ 19-ന് സിന്ധു നദീജല കരാര്‍ നിലവില്‍ വന്നു.  കരാര്‍ കൃത്യമായി പാലിക്കുന്നതിനായി ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള കമ്മീഷണര്‍മാരുള്‍പ്പെട്ട കമ്മീഷന്‍ നിലവില്‍ വന്നു. 

നദികളുടെ വിഭജനം:  കരാര്‍ പ്രകാരം, സിന്ധു നദിയുമായി ബന്ധപ്പെട്ടു കിടക്കുന്ന ആറ് പ്രധാന നദികളുടെ ജലവിതരണം ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ വിഭജിക്കപ്പെട്ടു. കരാര്‍ പ്രകാരം സിന്ധു, ഝലം, ചിനാബ് എന്നീ പടിഞ്ഞാറന്‍ നദികള്‍ പാകിസ്താന്റെ നിയന്ത്രണത്തിലും കിഴക്കന്‍ നദികളായ ബിയാസ്, രവി, സത് ലജ്എന്നിവ ഇന്ത്യയുടെ നിയന്ത്രണത്തിലുമായിരിക്കും. ആര്‍ക്കും നല്‍കാത്ത ചെറുനദികള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഇരുരാജ്യങ്ങള്‍ക്കും ഉപയോഗിക്കാം. ഇത് പ്രകാരം സിന്ധുനദീ വ്യവസ്ഥയുടെ മൊത്തം ജലത്തിന്റെ 20 ശതമാനം(33 MAF)  ഇന്ത്യയ്ക്കും 80 ശതമാനം(135 MAF) പാകിസ്താനുമാണ്. പടിഞ്ഞാറന്‍ നദികളിലെ ജലം പരിമിതമായ ജലസേചന ഉപയോഗത്തിനും വൈദ്യുതി ഉത്പാദനം, ജലഗതാഗതം, മത്സ്യകൃഷി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പരിധിയില്ലാതെയും ഇന്ത്യയ്ക്ക് ഉപയോഗിക്കാം. കിഴക്കന്‍ നദികളുടെ നഷ്ടപരിഹാരമായി ടര്‍ബേല, മംഗ്ല ഡാമുകള്‍, ലിങ്ക് കനാലുകള്‍ നിര്‍മിക്കാന്‍ ലോകബാങ്ക് പാകിസ്താന് ധനസഹായം നല്‍കി. ഓസ്‌ട്രേലിയ -യു.എസ് ധനസഹായത്തോടെ ഇന്‍ഡസ് ബേസിന്‍ ഡെവലപ്‌മെന്റ് ഫണ്ട് വഴിയായിരുന്നു ധനസഹായം. 

പടിഞ്ഞാറന്‍ നദികളില്‍ ഇന്ത്യയ്ക്ക് വൈദ്യുതി പദ്ധതികള്‍ നിര്‍മിക്കാന്‍ അവകാശമുണ്ടെങ്കിലും, അവയുടെ രൂപകല്‍പ്പനയും പ്രവര്‍ത്തനവും നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം. നദിയില്‍ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള നിര്‍മാണ പ്രവൃത്തി നടത്തുന്നുണ്ടെങ്കില്‍ പാകിസ്താന് അഭിപ്രായമോ എതിര്‍പ്പോ അറിയിക്കാം. നിര്‍മാണം സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സുതാര്യവുമായിരിക്കണം. ജലപ്രവാഹം തടസ്സപ്പെടുത്താത്ത നിര്‍മാണ (റണ്‍-ഓഫ്-ദി-റിവര്‍) പദ്ധതികള്‍ക്ക് അനുമതിയുണ്ട് (കിഷന്‍ഗംഗ, സലാല്‍ ഡാമുകള്‍).

സിന്ധുനദീജല കമ്മീഷന്‍ 

ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള കമ്മീഷണര്‍മാരെ ഉള്‍പ്പെടുത്തിയുണ്ടാക്കിയ സിന്ധുനദീജല കമ്മീഷന്‍ (സ്ഥിരം സമിതി) ആണ് കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തേണ്ടത്. കരാര്‍ പരിപാലിച്ചു പോരുന്നതിന്റെ ഭാഗമായി നടത്തുന്ന വാര്‍ഷിക യോഗങ്ങള്‍, വിവര കൈമാറ്റം, തര്‍ക്കപരിഹാരള്‍ എന്നിവയും കമ്മീഷന്റെ നേതൃത്വത്തിലായിരിക്കും.  ഇന്ത്യയിലും പാകിസ്താനിലും മാറിമാറി വര്‍ഷത്തില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും കമ്മീഷന്‍ യോഗം ചേരേണ്ടതാണ്. എന്നാല്‍, 2020 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടക്കേണ്ടിയിരുന്ന യോഗം കോവിഡ് മഹാമാരിയെത്തുടര്‍ന്ന് മാറ്റിവെക്കേണ്ടി വന്നു. കരാര്‍ നിലവില്‍ വന്നശേഷം ആ ഒറ്റത്തവണ മാത്രമാണ് വാര്‍ഷികയോഗം റദ്ദാക്കപ്പെട്ടത്. 

ഇരുരാജ്യങ്ങളും ഒരുപോലെ അംഗീകരിച്ചാല്‍ സിന്ധു നദീജല കരാറിന്റെ വ്യവസ്ഥകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്കു വിധേയമാക്കാം. എന്തെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളുണ്ടെങ്കില്‍ മൂന്ന് ഘട്ടങ്ങളായാണ് പ്രശ്‌നപരിഹാരം കാണുക. കമ്മീഷനിനില്‍ തന്നെ ചര്‍ച്ച ചെയ്യുന്നതാണ് ആദ്യഘട്ടം. ലോകബാങ്കിന്റെ നിഷ്പക്ഷ വിദഗ്ധന്‍ (Neutral Expert) ഉള്‍പ്പെട്ട ചര്‍ച്ചയാണ് രണ്ടാം ഘട്ടം. അവിടേയും പരിഹാരമായില്ലെങ്കില്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍. ഉടമ്പടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നതിനായി സ്ഥാപിച്ച നിയമപരമായ ബദല്‍ തര്‍ക്കപരിഹാര സംവിധാനമാണ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍. 

പാക് കര്‍ഷകരെ താങ്ങി നിര്‍ത്തിയ കരാര്‍

പാകിസ്താന്റെ ജിഡിപിയില്‍ 21 ശതനമാനവും സംഭാവന ചെയ്യുന്നത് കാര്‍ഷിക മേഖലയാണ്. ഗോതമ്പ്, അരി, കരിമ്പ്, പച്ചക്കറി-പഴവര്‍ഗങ്ങള്‍ എന്നിവയാണ് പ്രധാന പാകിസ്താനിലെ വിളകള്‍. പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലാണ് കൃഷി ഏറ്റവുമധികമുള്ളത്. ജലസേചനത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി കാര്‍ഷികമേഖലയുടെ 80 ശതമാനവും ആശ്രയിക്കുന്നത് സിന്ധു, ഝലം, ചിനാബ് നദികളേയും അവയോട് ചേര്‍ന്നുള്ള ചെറുനദികളേയുമാണ്. നദികളില്‍നിന്ന് കാര്‍ഷിക ഭൂമികളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന കനാലുകളുടെ വിപുലമായ ശൃംഖല തന്നെ രാജ്യം ഒരുക്കിയിട്ടുണ്ട്. വരള്‍ച്ചാ സമയങ്ങളില്‍ തടയണ നിര്‍മിച്ചും ജലവിതരണം നിയന്ത്രിച്ചുമാണ് പ്രശ്‌നപരിഹാരം. ഒപ്പം ഝലം നദിയിലെ മംഗ്ല, സിന്ധു നദിയിലെ ടര്‍ബേല ഡാമുകളും വേനല്‍കാലത്ത് ജലലഭ്യത ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ കൃഷി, ജലവൈദ്യുതി ഉത്പാദനം, കുടിവെള്ള വിതരണം എന്നിവയും ഇതേ നദികളെ ആശ്രയിച്ചാണ്. പാകിസ്താന്റെ കാര്‍ഷിക-സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സിന്ധുനദീജല കരാര്‍ നിര്‍ണായമാകുന്നതും അങ്ങനെയാണ്. 

മാനുഷിക നിലപാട് ഇനിയും വേണമോ?

പടിഞ്ഞാറന്‍ നദികളില്‍ ഇന്ത്യ സംഭരണ ഡാമുകള്‍ നിര്‍മിക്കുകയോ ഏതെങ്കിലും നിര്‍മാണപ്രവൃത്തി നടത്തിയാല്‍ പോലും ജലലഭ്യതയെ സാരമായി ബാധിക്കാം. ഇതുകണക്കിലെടുത്ത് മൂന്ന് യുദ്ധങ്ങള്‍, 2001-ലെ പാര്‍ലമെന്റ് ആക്രമണം, 2019-ലെ പുല്‍വാമ ആക്രമണം തുടങ്ങിയ സംഭവങ്ങളില്‍പ്പോലും ഇന്ത്യ ഈ കരാറില്‍ നിന്ന് പിന്മാറിയിരുന്നില്ല. എന്നാല്‍, പഹല്‍ഗാമിലെ ഭീകരാക്രമണം ഇന്ത്യയെ ചരിത്രപരമായ തീരുമാനത്തിലേക്കാണ് നയിച്ചത്. കരാര്‍ മരവിപ്പിക്കുന്നതിലൂടെ ഇനിയും ക്ഷമിക്കാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് ഇന്ത്യ പാകിസ്താനും ലോകത്തിനും മുന്‍പാകെ വയ്ക്കുന്നത്. പഞ്ചാബിലെ കാര്‍ഷികമേഖലയെ ആകെ തകിടം മറിക്കാന്‍ കെല്‍പ്പുള്ളതും പാകിസ്താനില്‍ ഭക്ഷ്യക്ഷാമത്തിനടക്കം കാരണമാകാവുന്നതുമാണ് ഇന്ത്യയുടെ പിന്മാറ്റം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ നിലവിലെ സാഹചര്യത്തില്‍ ഭക്ഷ്യക്ഷാമം കൂടി നേരിടുക എന്നത് പാകിസ്താന് കടുത്തവെല്ലുവിളിയാകും. കരാര്‍ ഇല്ലാതായാല്‍ അത് പാകിസ്താന്റെ സാമ്പത്തികവും കാര്‍ഷികവുമായ മേഖലകളില്‍ കടുത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. 

പ്രത്യാഘാതം ഗുരുതരം 

പാകിസ്താന്റെ കിഴക്കന്‍ മേഖലകളിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി സിന്ധു നദിയെയും അതിന്റെ പോഷകനദികളെയുമാണ് പ്രധാനമായി ആശ്രയിക്കുന്നത്. കരാര്‍ റദ്ദാക്കുന്നതോടെ കടുത്ത ജലക്ഷാമത്തിന് കാരണമാകും. ജലലഭ്യത കുറയുന്നത് നഗര-ഗ്രാമീണ മേഖലകളെയാകും കാര്യമായി ബാധിക്കുക. കൃഷിയാണ് പാകിസ്താന്റെ പ്രധാന വരുമാനമാര്‍ഗം. കാര്‍ഷിക മേഖലയിലെ തകര്‍ച്ച പാകിസ്താന്റെ പ്രധാന വരുമാന സ്രോതസ്സിനെയാണ് ഇല്ലാതാക്കുക. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കുറയുന്നത് പാകിസ്താന്റെ ആഗോള വ്യാപാരത്തെ പോലും ദുര്‍ബലപ്പെടുത്തും. 

ഭീകരാക്രമണവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഇന്ത്യ-പാക് ബന്ധത്തെ ആകമാനമാണ് ഉലച്ചത്. സഹകരണവുമായി മുന്നോട്ടില്ലെന്ന തീരുമാനം സാരമായി ബാധിക്കുകയും പാകിസ്താനെയാകും. ലോകബാങ്കിന്റെ മധ്യസ്ഥതയിലുണ്ടായ കരാറാണെന്നിരിക്കെ കരാറിലെ പിന്മാറ്റം ഇന്ത്യയ്ക്കും എളുപ്പമായിരിക്കില്ല. പാകിസ്താന്‍ ഈ വിഷയം ഐക്യരാഷ്ട്രസഭയിലോ മറ്റ് അന്താരാഷ്ട്ര വേദികളിലോ ഉന്നയിച്ചേക്കാം. ഇത് വീണ്ടും മറ്റൊരു മാര്‍ഗം തുറന്നേക്കാം അല്ലെങ്കില്‍ 64 വര്‍ഷത്തെ സഹകരണത്തിന്റെ അവസാനമായി മാറുകയോ ഇന്ത്യ-പാക് ബന്ധം മറ്റൊരു തലത്തിലേക്ക് മാറുകയോ ചെയ്തേക്കാം. നടപടി ആഗോളതലത്തില്‍ തന്നെ രാജ്യങ്ങള്‍ തമ്മില്‍ നിലവിലുള്ള നദീജലകരാറുകളുടെ ഭാവിയെത്തന്നെ ചോദ്യം ചെയ്യുന്നതുമാകാം. ചുരുക്കത്തില്‍ സിന്ധു നദീജല കരാര്‍ റദ്ദാക്കല്‍ പാകിസ്താന്റെ കാര്‍ഷിക, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം കടുത്തതാകും

Inshorts | The Indus Waters Treaty, signed in 1960, governs water sharing between India & Pakistan.  Explore its history, key provisions, and recent suspension.