സോഡിയം അയണ്‍ ബാറ്ററിയെ ആഗോളതലത്തില്‍ വ്യാപകമാക്കാനുള്ള പ്രയത്‌നത്തിലാണ് ചൈന. ചൈനയെ കടത്തിവെട്ടി ആറ് മിനിറ്റില്‍ 80 ശതമാനം ചാര്‍ജാകുന്ന സോഡിയം അയണ്‍ ബാറ്ററി വികസിപ്പിച്ച് ബാറ്ററി സാങ്കേതികവിദ്യയില്‍ ഇന്ത്യയും പുതിയ ചുവടുവെപ്പിനൊരുങ്ങുകയാണ്. സോഡിയം അയണ്‍ ബാറ്ററിയുടെ വരവ് മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്തും ഇലക്ട്രിക് വാഹനമേഖലയിലും ഏറെ നിര്‍ണായകമായ കുതിച്ചുചാട്ടങ്ങള്‍ക്ക് വഴിവെക്കും. എന്താണ് ബാറ്ററി സാങ്കേതികലോകത്ത്  തരംഗമാകുന്ന സോഡിയം അയണ്‍ ബാറ്ററി.

To advertise here,

നിലവില്‍ ഇലക്ട്രിക് വാഹനങ്ങളിലും മൊബൈല്‍ ഫോണുകളിലുമൊക്കെ ലിഥിയം അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. താരതമ്യേന ചെറുതും വലിപ്പം കുറഞ്ഞതുമായ ഒരു പാക്കേജില്‍ വലിയ അളവില്‍ ഊര്‍ജം സംഭരിക്കാനുള്ള അവയുടെ കഴിവാണ് ടെക് ലോകത്ത് ലിഥിയം അയണ്‍ ബാറ്ററികളെ പ്രിയപ്പെട്ടതാക്കിയത്. എന്നാല്‍ ലിഥിയം ബാറ്ററികള്‍ക്ക് ചില പോരായ്മകളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലിഥിയം ഖനനം ചെയ്യുന്ന പ്രക്രിയ പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷമാണ്. ലിഥിയം ഖനനം വിപുലമായ ഭൂനാശത്തിന് കാരണമാകുന്നുണ്ട്. ആവാസവ്യവസ്ഥ നശിപ്പിക്കുകയും ജൈവവൈവിധ്യത്തിന് ഗണ്യമായ നാശനഷ്ടം വരുത്തിവെക്കുകയും ചെയ്യുന്നു. 

ലിഥിയം, കോബാള്‍ട്ട്, നിക്കല്‍, ചെമ്പ് തുടങ്ങിയ അപൂര്‍വവും വിലകൂടിയതുമായ ലോഹങ്ങളാണ് ലിഥിയം-അയോണ്‍ ബാറ്ററികളുടെ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത് ഇവയുടെ ലഭ്യത പരിമിതമായതു കൊണ്ടു തന്നെ ലിഥിയം ബാറ്ററികളുടെ ഉയര്‍ന്ന വിലയാണ് മറ്റൊരു പ്രശ്‌നം. കൂടാതെ മാറുന്ന കാലാവസ്ഥ ബാറ്ററിയുടെ കാര്യക്ഷമതയെ ബാധിക്കും. ഓവര്‍ചാര്‍ജിങ് മൂലമുണ്ടാകുന്ന സുരക്ഷാപ്രശ്‌നങ്ങളാണ് മറ്റൊന്ന്. അവിടെയാണ് സോഡിയം അയണ്‍ ബാറ്ററിയുടെ മെച്ചം. 

ഭൂമിയില്‍ സമൃദ്ധമായി ലഭിക്കുന്ന ആറാമത്തെ മൂലകമാണ് സോഡിയം. ലിഥിയത്തേക്കാള്‍ ലഭ്യത കൂടുതലെന്നര്‍ഥം.  ഉപ്പില്‍ നിന്ന് വരെ സോഡിയം അയണ്‍ ബാറ്ററികള്‍ നിര്‍മിച്ചെടുക്കാം. ഇലക്ട്രോളിസിസ് വഴിയാണ് ഉപ്പ് അഥവാ സോഡിയം ക്ലോറൈഡില്‍ നിന്ന് സോഡിയം വേര്‍തിരിച്ചെടുക്കുന്നത്. ഉപ്പുവെള്ളത്തില്‍ നിന്ന് യഥേഷ്ടം നിര്‍മിക്കാമെന്നതു കൊണ്ടു തന്നെ ലിഥിയം ബാറ്ററികളെ അപേക്ഷിച്ച് സോഡിയം അയണ്‍ ബാറ്ററികള്‍ ഉത്പാദനചെലവ് കുറഞ്ഞവയാണ്. വിഷരഹിതവും പരിസ്ഥിതി സൗഹൃദവുമായതുകൊണ്ട് തന്നെ ഭൂമിക്കും ദോഷമില്ല. ലിഥിയം ബാറ്ററികളെ അപേക്ഷിച്ച് സോഡിയം ബാറ്ററികള്‍ റീസൈക്കിള്‍ ചെയ്യാനും എളുപ്പമാണ്. സോഡിയം ബാറ്ററികള്‍ക്ക് ലിഥിയം-അയോണ്‍ ബാറ്ററിയെ അപേക്ഷിച്ച് താപനഷ്ട സാധ്യത കുറവാണ്, ഇത് ഉയര്‍ന്ന താപനിലയുള്ളതായ പരിതസ്ഥിതികളില്‍ അവയെ കൂടുതല്‍ സുരക്ഷിതമാക്കുന്നു.

മാത്രമല്ല നിലവിലുള്ള ലിഥിയം-അയോണ്‍ ബാറ്ററി ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിച്ച് സോഡിയം അയണ്‍ ബാറ്ററി ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും, ഇത് നിര്‍മ്മാതാക്കള്‍ക്ക് മൂലധന നിക്ഷേപം കുറയ്ക്കുന്നു. കൂടാതെ ലിഥിയം ബാറ്ററികളെക്കാള്‍ ഫാസ്റ്റ് ചാര്‍ജിങ്ങും ബാക്കപ്പും സോഡിയം ബാറ്ററികള്‍ ഉറപ്പാക്കുന്നുണ്ട്. ലിഥിയം ബാറ്ററികളേക്കാള്‍ ഈട് നില്‍ക്കുന്നതുമാണ് സോഡിയം ബാറ്ററികള്‍. ക്ലീന്‍ എനര്‍ജിക്ക് പ്രാധാന്യം വര്‍ദ്ധിച്ചുവരുന്ന കാലത്ത് ഏറെ നിര്‍ണായകമാണ് സോഡിയം അയണ്‍ ബാറ്ററികള്‍. 

നിലവില്‍ ചൈനയാണ് സോഡിയം ബാറ്ററികളുടെ പ്രധാന നിര്‍മാതാക്കള്‍. സോഡിയം ബാറ്ററികളുമായി ബന്ധപ്പെട്ട് അതിനിര്‍ണായകമായ കണ്ടുപിടുത്തങ്ങളാണ് ചൈനയില്‍ നടക്കുന്നത്. 
2023 മുതലാണ് ചൈനയില്‍ സോഡിയം അയണ്‍ ബാറ്ററികളുടെ നിര്‍മാണം ആരംഭിച്ചത്. നിലവില്‍ ഇലക്ട്രിക് വാഹനമേഖലയില്‍ പ്രത്യേകിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ പോലെയുള്ള ലോ റേഞ്ച് ഇലക്ട്രിക് വാഹനങ്ങളിലാണ് പ്രാഥമികഘട്ട പരീക്ഷണം ചൈന നടത്തിയത്. ഫോക്‌സ് വാഗണ്‍ പോലുള്ള കമ്പനികളും സോഡിയം അയേണ്‍ ബാറ്ററി പരീക്ഷിച്ചിട്ടുണ്ട്. 
 ഇഅഠഘ, ആഥഉ പോലുള്ള ചൈനീസ് ഭീമന്മാരാണ് ലിഥിയം ബാറ്ററി ഉല്‍പ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 

ലോക ബാറ്ററി വിപണിയില്‍ ചൈനയുടെ കുത്തക മേധാവിത്വത്തിന് വെല്ലുവിളിയുയര്‍ത്തിയാണ് ബെംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ ഗവേഷകര്‍ സോഡിയം അയണ്‍ ബാറ്ററി വികസിപ്പിച്ചെടുത്തത്. വെറും ആറ് മിനിറ്റില്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ ശേഷിയുള്ള ഈ ബാറ്ററി, 3000-ലേറെ ചാര്‍ജിംഗ് സൈക്കിളുകളോടെ ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് ശക്തമായ എതിരാളിയായി മാറുന്നു. ഇന്ത്യയുടെ ഈ നേട്ടം ഇലക്ട്രിക് വാഹന വിപണിയിലും ഊര്‍ജ സംഭരണ സംവിധാനങ്ങളിലും വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്നു. എങ്കിലും, ജെ.എന്‍.സി.എ.എസ്.ആര്‍. വികസിപ്പിച്ച സോഡിയം അയോണ്‍ ബാറ്ററി ഇപ്പോഴും ഗവേഷണ ഘട്ടത്തിലാണ്. വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിന് മുമ്പ് കൂടുതല്‍ പരീക്ഷണങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും ഇത് വിധേയമാക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യന്‍ സാങ്കേതിക വിദ്യയില്‍ സോഡിയം അയോണ്‍ ബാറ്ററികള്‍ യാഥാര്‍ത്ഥ്യമാക്കാനായാല്‍, ചൈനയുടെ ലിഥിയം ആധിപത്യത്തിന് വെല്ലുവിളിയാകുമെന്ന് മാത്രമല്ല, ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ബാറ്ററി സാങ്കേതികവിദ്യ ലഭ്യമാകും.

In Short: China has been a global leader in the production of sodium-ion batteries since 2023, particularly for low-range electric vehicles. However, Indian researchers at the Jawaharlal Nehru Centre for Advanced Scientific Research have made a breakthrough by developing a sodium-ion battery that can charge up to 80% in just six minutes and endure over 3,000 charging cycles. Unlike lithium-ion batteries, which are expensive, environmentally damaging, and reliant on scarce metals like lithium and cobalt, sodium-ion batteries use abundant and inexpensive sodium—often sourced from salt—and are safer and more sustainable. While this Indian innovation is still in the research phase, it promises to disrupt global battery markets and reduce dependence on China's lithium technology, potentially transforming mobile and EV sectors worldwide.