ഉപരോധം പകരച്ചുങ്കം വേണമെങ്കിൽ വിരട്ടലും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുത്തൻ നയത്തോട് ശക്തമായി പ്രതികരിച്ച രാജ്യമാണ് നമ്മുടെ ഇന്ത്യ. ട്രംപിന്റേത് മാത്രമല്ല, ആപ്പിളും, കോളയും, ടെസ്‌ലയും, ആമസോണും, ഗൂഗിളും ഫെയ്സ്ബുക്കുമടക്കമുള്ള മാർക്കറ്റിലെ സകല വമ്പന്മാരുടേത് കൂടിയാണ് അമേരിക്ക എന്ന് ഓർമ്മിപ്പിച്ച ജനങ്ങളുള്ള നമ്മുടെ ഇന്ത്യ.  അമേരിക്കയുമായുള്ള നയതന്ത്രം മരിച്ചുവെന്ന് ലോകരാഷ്ട്രങ്ങൾ വിലയിരുത്തുന്ന സാഹചര്യത്തിലാണ്, ആ വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്ന നയവുമായി ഇന്ത്യ മുന്നോട്ടു വന്നത്.

To advertise here,

പ്രധാനമായും രണ്ട് തരത്തിലാണ് ട്രംപിനെ നേരിടാൻ ഇന്ത്യ തയ്യാറെടുത്തത്. ഒന്ന്, അമേരിക്കയില്ലെങ്കിൽ വേണ്ട, കയറ്റുമതിക്ക് മറ്റ് രാജ്യങ്ങളെ കുടുതൽ ആശ്രയിക്കാമെന്ന സർക്കാർ തീരുമാനം. രണ്ട്, അമേരിക്കക്ക് നമ്മളെ വേണ്ടെങ്കിൽ അവരെ നമുക്കും വേണ്ട എന്ന പൊതുജന പ്രതികരണം.  

അമേരിക്ക പോലെ ലോകത്തിലെ ഏറ്റവും വലിയ വിപണിയിലേക്കുള്ള കയറ്റുമതിക്ക് ഏൽക്കുന്ന ഏത് ആഘാതവും ഇന്ത്യയെ പോലെ ഒരു രാജ്യത്തിന് ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല. പ്രത്യേകിച്ചും കയറ്റുമതി സമ്പദ് വ്യവസ്ഥയുടെ പ്രധാന ഭാഗമായുള്ള ഒരു രാജ്യത്ത്. ബദലുകളാണ് ഇന്ത്യയുടെ ചെറുത്തു നിൽപ്പ്. ഇപ്പോൾ അതിനുള്ള കരുത്ത് നമുക്ക് ഉണ്ടുതാനും.

കയറ്റുമതിയുടെ കാര്യത്തിൽ വളരെ ശ്രദ്ധിച്ചാണ് ഇന്ത്യയുടെ ഓരോ നീക്കവും. ഒരൊറ്റ രാജ്യത്തെ മാത്രം കേന്ദ്രീകരിച്ചുള്ള കയറ്റുമതി നയത്തിന് പകരം കയറ്റുമതിവ്യവസായം വൈവിധ്യവത്കരിക്കാനുള്ള നീക്കങ്ങള്‍ നമ്മൾ തുടങ്ങിക്കഴിഞ്ഞു.

ഇപ്പോൾ തന്നെ,പശ്ചിമേഷ്യയും ആഫ്രിക്കയുമുള്‍പ്പടെ 50 രാജ്യങ്ങളിലേക്ക് കയറ്റുമതി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.  നിലവിൽ ഇന്ത്യന്‍ കയറ്റുമതിയുടെ 90 ശതമാനം പങ്കും ഈ 50 രാജ്യങ്ങളിൽ നിന്നാണ്. ട്രംപിന്റെ തീരുവയേര്‍പ്പെടുത്തിയ ആഘാതം ലഘൂകരിക്കാന്‍ കയറ്റുമതിരംഗത്തെ മത്സരക്ഷമത  വര്‍ദ്ധിപ്പിക്കുകയാണ് ഒരു വഴി. വൈവിധ്യമായ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുകയാണ് അടുത്ത വഴി. വാണിജ്യ മന്ത്രാലയം ഈ നയങ്ങളിലൂന്നിയാണ് പുതിയ തന്ത്രങ്ങൾ മെനയുന്നത്.

കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.  ഓരോ വിപണിയേയും പഠിച്ച്, അവയ്ക്ക് വേണ്ട മുന്‍ഗണനാ ഉത്പന്നങ്ങള്‍ തിരിച്ചറിഞ്ഞ് വ്യാപാരം നടത്തുക എന്ന തന്ത്രമാണ് മറ്റൊന്ന്. കയറ്റുമതി മേഖലക്ക് ഉണർവേകാൻ, സാങ്കേതിക തടസ്സങ്ങൾ ഉടൻ പരിഹരിക്കാനുള്ള ശ്രമങ്ങളും വാണിജ്യമന്ത്രാലയം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഭാഗമായി 2,250 കോടി രൂപയുടെ കയറ്റുമതി പുനരുജ്ജീവന പദ്ധതി ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കയറ്റുമതി വ്യവസായമേഖലയിലുള്ളവരുടെ ദീര്‍ഘകാലാവശ്യമായിരുന്നു ഇത്.

ട്രംപിന്റെ പകരച്ചുങ്കമെന്ന വിരട്ടലിനോട് ജനങ്ങൾ പ്രതികരിച്ചത് ആദ്യം സോഷ്യൽ മീഡിയയിലൂടെയുള്ള ബഹിഷ്കരണ ആഹ്വാനങ്ങളിലൂടെയും, പ്രതിഷേധങ്ങളിലൂടെയുമാണ്. ഒപ്പം സ്വദേശി ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം കൂടി കഴിഞ്ഞ ദിവസം വന്നതോടെ പ്രതിഷേധം കുടുതൽ ശക്തമായി.

അമേരിക്ക ആസ്ഥാനമായുള്ള എല്ലാ ടെക് കമ്പനികളിലും ഒഴിച്ചു കൂടാനാവാത്ത സ്ഥാനമുണ്ട് ഇന്ത്യൻ ടെക്കികൾക്ക്. എന്തിന്  ടെക്ഭീമന്മാരുടെ തലപ്പത്തുള്ളവരും ഇന്ത്യൻ വംശജർ തന്നെ. അതിന് പുറമേ, ഇന്ത്യയിലെ ടെക് കമ്പനികള്‍ ലോകത്തിനായി ഉത്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുകയും ചെയ്യുന്നു. എന്നാൽ, രാജ്യത്തിന് മുന്‍ഗണന നല്‍കേണ്ട സമയമാണിതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രിക്ക് പിന്നാലെ ഇതേ ആവശ്യവുമായി രാജ്യത്തെ വ്യവസായപ്രമുഖരുമെത്തി. അമേരിക്കന്‍ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം സാമൂഹികമാധ്യമങ്ങളില്‍ ശക്തമായത് ഇതോടെയാണ്.

ഇന്ത്യയില്‍ പ്രചാരമുള്ള പ്രമുഖ അമേരിക്കന്‍ ബ്രാന്‍ഡുകളായ ആപ്പിള്‍, മക്ഡൊണാള്‍ഡ്സ്, കൊക്ക-കോള, പെപ്സി, ഡോമിനോസ്, ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണ്‍ എന്നിവയ്ക്കൊക്കെ ബഹിഷ്‌കരണാഹ്വാനമുണ്ട്. ഈ വ്യവസായഭീമന്മാരുടെയെല്ലാം പ്രധാനവിപണികളിലൊന്നാണ് ഇന്ത്യ. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പിന് ഏറ്റവും കൂടുതല്‍ യൂസര്‍മാരുള്ളത് ഇന്ത്യയിലാണ്. ആപ്പിളിന്റെയും കൊക്കകോളയുടെയും പെപ്സിയുടേയും സ്റ്റാര്‍ബക്സിന്റെയുമൊക്കെ വരുമാനദാതാക്കളില്‍ മുന്‍പന്തിയില്‍ ഇന്ത്യയുണ്ട്. ഇലോൺ മസ്കിന്റെ ടെസ്ലയും, സ്റ്റാർലിങ്കുമൊക്കെ ഇന്ത്യൻ വിപണിയിലേക്ക് ഇറങ്ങാനുള്ള അന്തിമ നീക്കത്തിലുമാണ്. ഈ സാഹചര്യത്തിലാണ് ബഹിഷ്കരണ ആഹ്വാനം.

അമേരിക്കയുടെ എട്ടാമത്തെ വലിയ ഇറക്കുമതി പങ്കാളിയാണ് ഇന്ത്യ.  പ്രതിവര്‍ഷം 40 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങളാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. മിനറല്‍ ഓയില്‍, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, നുക്ലിയര്‍ റിയാക്ടറുകളും ബോയിലറുകളുമുള്‍പ്പടെയുള്ള മെഷിനറികള്‍, മെഡിക്കല്‍ അപ്പാരറ്റസുകള്‍, മുത്ത്, രത്‌നം, ലോഹങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, പ്ലാസ്റ്റിക്,പഴവര്‍ഗങ്ങള്‍, ഡ്രൈഫ്രൂട്ട്‌സ് തുടങ്ങിയവയാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള  പ്രധാന ഇറക്കുമതി ഉൽപ്പന്നങ്ങൾ.

അമേരിക്കന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്ന സാഹചര്യമുണ്ടായാല്‍ മെഷിനറികള്‍, പഴവര്‍ഗങ്ങള്‍, ബദാം തുടങ്ങിയ ഇന്ത്യ പ്രധാനവിപണിയായ മേഖലയില്‍ യുഎസിന് തിരിച്ചടി നേരിട്ടേക്കാം. പല ഉത്പന്നങ്ങൾക്കും ബദല്‍ വിപണി കണ്ടെത്താന്‍ യുഎസിന് കഴിയുമെങ്കിലും ഇറക്കുമതി ചെലവ് വര്‍ധിച്ചേക്കാം. കൂടാതെ ആപ്പിളും ആമസോണും കൊക്കകോളയും ബോയിങ്ങുമുള്‍പ്പടെയുള്ള ബ്രാന്‍ഡ് ഭീമന്മാര്‍ക്ക് അവരുടെ പ്രധാനവിപണികളിലൊന്നായ ഇന്ത്യയില്‍ ബഹിഷ്കരണം നേരിട്ടാല്‍ അത് അവരുടെ  വളര്‍ച്ചക്ക് വരെ ഭീഷണിയാകും. അതുകൊണ്ടുതന്നെ വ്യാപാരനിലപാടുകളില്‍ മൃദുസമീപനം സ്വീകരിക്കാന്‍ അവര്‍ യുഎസ് ഗവണ്‍മെന്റിന്റിന് മേല്‍ സമ്മര്‍ദം ചെലുത്തിയേക്കും.

ബഹുരാഷ്ട്ര കമ്പനികകൾക്ക് എന്നും ആവശ്യമുള്ള വിപണിയാണ് ഇന്ത്യ. ഉപഭോക്തൃ തലത്തിലുള്ള ഒരു ബഹിഷ്‌കരണം ശക്തമായാൽ‌ അത് ഇന്ത്യ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ സഹിക്കില്ല എന്ന രാഷ്ട്രീയ സന്ദേശമായി വ്യാഖ്യാനിക്കപ്പെടാം. അത് തന്നെയാണ്, ബഹിഷ്കരണം കൊണ്ട് ഉദ്ദേശിക്കുന്നതും.

അതേ സമയം ഇന്ത്യയെ സംബന്ധിച്ച് ആഭ്യന്തര ഉത്പാദനം ശക്തമാകാനുള്ള അവസരമായും ബഹിഷ്കരണത്തെ കാണുന്നവരുണ്ട്. ഇലക്ട്രോണിക്‌സ്, പ്രതിരോധം, യന്ത്രങ്ങള്‍ തുടങ്ങിയ മേക്ക് ഇന്‍ ഇന്ത്യ മേഖലകളിലെ നിക്ഷേപങ്ങള്‍ ത്വരിതപ്പെടുത്താൻ ഇത് കാരണമായേക്കാം, ഇത് കാലക്രമേണ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കും. യുഎസിനു ബദലായി റഷ്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍ അല്ലെങ്കില്‍ ആസിയന്‍ രാജ്യങ്ങളുമായുള്ള വ്യപാരബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും ഇന്ത്യ നടത്തും.

മറിച്ചുള്ള അഭിപ്രായവും ഉയരുന്നുണ്ട്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുന്നത് ചില മേഖലകളില്‍ വിപരീതമായി ബാധിക്കും. ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍, സെമി കണ്ടക്ടറുകള്‍, ഇലക്രോണിക് ഉപകരണങ്ങള്‍, വാണിജ്യ വിമാനങ്ങളുടെ ഭാഗങ്ങള്‍, ചില കെമിക്കലുകള്‍ എന്നിവ വാങ്ങാന്‍ ഇന്ത്യ ആശ്രയിക്കുന്ന പ്രധാനവിപണി യുഎസ് ആണ്. യുഎസിനെ ബഹിഷ്‌കരിച്ചാല്‍ ഇവ വാങ്ങാന്‍ ഇന്ത്യക്ക് യൂറോപ്പോ ജപ്പാനോ പോലുള്ള മറ്റു വിപണികള്‍ കണ്ടെത്തേണ്ടി വരും അല്ലെങ്കില്‍ ആഭ്യന്തര ഉത്പാദനം നടത്തണം. ഇതിന് മാസങ്ങളോ വര്‍ഷങ്ങളോ സമയമെടുക്കും. കൂടാതെ വിതരണക്കാരെ മാറ്റുന്നത് വിലവര്‍ദ്ധനവിന് കാരണമാകുകയും ചെയ്യും. കൂടാതെ യുഎസ്-ഇന്ത്യ പ്രവാസി ബന്ധങ്ങളിൽ പിരിമുറുക്കമുണ്ടാക്കാനും ഇത് കാരണമാകും.

ഇതിനു മുമ്പ് വിദേശ ഉത്പന്നങ്ങള്‍ക്കെതിരേ ഇന്ത്യയില്‍ നടന്ന പ്രധാന ബഹിഷ്‌കരണം ബ്രിട്ടീഷുകാര്‍ക്കെതിരേ നടത്തിയ 1905ലെ സ്വദേശി പ്രസ്ഥാനവും 1920-കളിലെ നിസഹകരണ പ്രസ്ഥാനവുമാണ്. അന്നത്തെ ബഹിഷ്‌കരണം ഇന്ത്യയുടെ ആഭ്യന്തര വ്യവസായ വളര്‍ച്ചയ്ക്ക് സഹായിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത്തരമൊരു നീക്കം ശക്തമായാൽ അത് ഇന്ത്യൻ വിപണിയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ട്. എന്തൊക്കെയായാലും, ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യക്കുള്ള സ്വീകാര്യത കൊണ്ടും, ശക്തമായിക്കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ ആയതുകൊണ്ടും, മികച്ച വിപണിയായതുകൊണ്ടും ട്രംപിന്റെ വിരട്ടലിന് അധികം ആയുസ്സുണ്ടാവാൻ സാധ്യതയില്ല എന്നു തന്നെയാണ് വിലയിരുത്തൽ.

In Short: India responds to Trump’s tariff hike with public boycott calls and plans to diversify exports to other markets, aiming to reduce dependence on the US while boosting domestic production.