സ്വാഭിമാനത്തിന്റെ കാര്യത്തില്‍ മറ്റാര്‍ക്കും മുന്നില്‍ കീഴടങ്ങാന്‍ താത്പര്യമില്ലാത്ത ഒരുജനതയാണ് നമ്മുടേത്. നൂറ്റാണ്ടുകള്‍ നീണ്ട വൈദേശിക അടിമത്തത്തില്‍ നിന്ന് രാജ്യം പഠിച്ച ഏറ്റവും വലിയ പാഠം ഇനി ആര്‍ക്കുവേണ്ടിയും ഒന്നിനുവേണ്ടിയും രാജ്യതാത്പര്യങ്ങള്‍ ബലികഴിക്കരുത് എന്നുള്ളതായിരുന്നു. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അമേരിക്ക ലോകത്തിന്റെ കിരീടം വെയ്ക്കാത്ത സാമ്രാട്ടായി സ്വയം ഉയര്‍ന്നു. ലോകഗതിവിഗതികള്‍ മാറിയതോടെ മുന്‍കാലങ്ങളില്‍സ്വീകരിച്ചിരുന്ന സോവിയറ്റ് ചായ്‌വ് ഇന്ത്യ പതിയെ മാറ്റി തുടങ്ങിയിരുന്നു. എന്നിരുന്നാലും സോവിയറ്റ് യൂണിയന്റെ അനന്തരാവകാശിയായ റഷ്യയുമായി ദൃഢമായ ബന്ധം വെച്ചുപുലര്‍ത്തി. ഏഷ്യയിലെ വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയ്ക്ക് സ്വയം ശക്തി തെളിയിക്കേണ്ട സമയങ്ങളായിരുന്നു പിന്നീടുണ്ടായിരുന്നത്.  അങ്ങനെ ആണവപരീക്ഷണമെന്ന് സാഹസത്തിന് വീണ്ടും രാജ്യമൊരുങ്ങി. നിരവരാഷ്ട്രീയ ചുഴലികള്‍ സംഭവിച്ചിരുന്നിട്ടും ഇന്ത്യയുടെ രണ്ടാമത്തെ ആണവപരീക്ഷണമാണ് ലോകത്തിന് മുന്നില്‍ വീണ്ടും ഈ രാജ്യത്തെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത്. നമുക്കതിന്റെ പിന്നാമ്പുറ കഥകളിലേക്ക് പോകാം.

To advertise here,

ഇന്ദിര തുടങ്ങിവെച്ചു

1974 ലെ ആണവ പരീക്ഷണത്തെ തുടര്‍ന്ന് ഇന്ത്യ കടന്നുപോയത് പ്രതിസന്ധികളുടെ മഹാസമുദ്രങ്ങളെയാണ്. സമാധാന ആവശ്യത്തിന് വേണ്ടിയാണ് ആണവപരീക്ഷണം നടത്തിയതെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ലോകത്തോട് പറഞ്ഞുകൊണ്ടേയിരുന്നു. ഈ സമയത്ത് ആണവായുധ വികസന പദ്ധതികള്‍ക്ക് സാങ്കേതിക ജ്ഞാനം ഇന്ത്യ വേണ്ടവിധം ആര്‍ജിച്ചുകഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ പരീക്ഷണം നടന്നെങ്കിലും അതിനെ ആയുധമാക്കി മാറ്റുന്നതിലേക്ക് ഇന്ത്യയ്ക്ക് കടക്കാനായില്ല. ഇതിനിടെ പാശ്ചാത്യ ഉപരോധങ്ങള്‍ മൂലം സാങ്കേതിക വിദ്യകള്‍ ഇന്ത്യയ്ക്ക് നല്‍കുന്നത് വിലക്കപ്പെടുകയും ചെയ്തു. എങ്കിലും സ്വന്തമായി ഒരു ന്യൂക്ലിയര്‍ ഫ്യൂഷന്‍ ബോംബ് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അനുമതി നല്‍കുകയും ചെയ്തു. 1972ല്‍ ഇന്ത്യ പരീക്ഷിച്ചത് ഫിഷന്‍ ബോംബായിരുന്നു. പ്ലൂട്ടോണിയത്തിനെ വിഘടിപ്പിച്ച് സ്ഫോടനം സൃഷ്ടിക്കുന്ന ബോംബായിരുന്നു അത്. ഫ്യൂഷന്‍ ബോംബ് എന്നാല്‍ ഒരേമൂലകത്തിന്റെ ആറ്റങ്ങളെ പരസ്പരം കൂട്ടിച്ചേര്‍ത്ത് സ്ഫോടനമുണ്ടാക്കുന്നവയാണ്. ഹൈഡ്രന്‍ ആറ്റങ്ങളെ കൂട്ടിച്ചേര്‍ത്ത് ഹീലിയം ആക്കുന്ന പ്രകൃയയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഫിഷന്‍ ബോംബുകളേക്കാള്‍ ആയിരത്തിലധികം മടങ്ങ് ഊര്‍ജം പുറത്തുവിടുന്നവയാണ് ഫ്യൂഷന്‍ ബോംബുകള്‍. തെര്‍മോ ന്യൂക്ലിയര്‍ ബോംബുകളെന്ന് ഇവയെ പൊതുവെ വിളിക്കുക. 

ആണവ പദ്ധതികള്‍ മുന്നോട്ടുപോകുന്നതിനിടെ അടിയന്തരാവസ്ഥയുള്‍പ്പെടെ നിരവധി രാഷ്ട്രീയ വെല്ലുവിളികള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് നേരിടേണ്ടി വന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിര അധികാരത്തില്‍ നിന്ന് പുറത്തുപോകുകയും ജനതാ സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. ആണവ പദ്ധതികള്‍ക്ക് ഈ സമയത്ത് തുടര്‍ച്ച നഷ്ടപ്പെട്ടു.  എന്നാല്‍ ഈ സാഹചര്യം അധികകാലം നീണ്ടുനിന്നില്ല. ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പോവുകയും 1980ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു. ഇതോടെ ആണവ പദ്ധതികള്‍ക്ക് വീണ്ടും ചൂടുപിടിച്ചു.  1982 ല്‍ ഇതിനായി പൊഖ്റാനില്‍ പരീക്ഷണത്തിനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യയുടെ ആണവപദ്ധതികള്‍ സസൂഷ്മം നിരീക്ഷിച്ചിരുന്ന അമേരിക്ക ഇത് കണ്ടുപിടിക്കുകയും ചെയ്തു. കടുത്ത ഉപരോധ ഭീഷണി ഉയര്‍ത്തി അമേരിക്ക സമ്മര്‍ദ്ദം തുടര്‍ന്നതോടെ അത് മാറ്റിവെക്കാന്‍ ഇന്ദിരാഗാന്ധി നിര്‍ബന്ധിതയായി. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വെല്ലുവിളികള്‍ നേരിടുന്ന സമയം കൂടിയായിരുന്നു അത്. ഈ സമയത്ത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയുമായിരുന്നു. എങ്കിലും അതീവ രഹസ്യമായി ഇന്ത്യ ആണവായുധ വികസന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോയി. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് രാജാ രാമണ്ണയായിരുന്നു. ആണവായുധ വികസനത്തിന് അത്യാവശ്യം വേണ്ട ഘന ജലം അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ഇന്ത്യയ്ക്ക് പരസ്യമായി വാങ്ങാന്‍ സാധിക്കുമായിരുന്നില്ല. തുടര്‍ന്ന് സോവിയറ്റ് യൂണിയന്‍ നോര്‍വെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇടനിലക്കാര്‍ വഴി ഇന്ത്യ അത് സ്വന്തമാക്കി.

placeholder
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെപ്പറ്റിയുള്ള മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത,  വിലാപയാത്ര (വലത്)

1984ല്‍ ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതോടെ രാജ്യം വീണ്ടും പ്രതിസന്ധികളിലേക്ക് വീണു. പിന്നീട് രാജീവ് ഗാന്ധി അധികാരത്തില്‍ വന്നപ്പോഴും ഇന്ദിരാഗാന്ധി തുടങ്ങിവെച്ച പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോയി. 1985ല്‍ കൂടിയ അളവില്‍ ആണവായുധത്തിന് ആവശ്യമായ സമ്പുഷ്ടീകരിച്ച പ്ലൂട്ടോണിയം ഉണ്ടാക്കാന്‍ സാധിക്കുന്ന ധ്രുവ എന്ന റിയാക്ടര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത് ഇന്ത്യന്‍ ആണവായുധ പദ്ധതികള്‍ക്ക് ഗതിവേഗം കൂട്ടി. ഇന്ത്യന്‍ മിസൈല്‍ പദ്ധതികള്‍ എപിജെ അബ്ദുള്‍കലാമെന്ന പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയായ പ്രതിഭാധനനായ ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ അതിന്റെ പരിപൂര്‍ണതയിലേക്ക് കടക്കുന്ന സമയമായിരുന്നു ഇത്. മിസൈലുകളില്‍ സ്ഥാപിക്കാനുള്ള ആണവ പോര്‍മുനകള്‍ നിര്‍മിക്കാന്‍ തുടങ്ങിയ ഇന്ത്യ പരമാവധി 100 ആണവപോര്‍മുനകള്‍ നിര്‍മിക്കാനാണ് പദ്ധയിട്ടത്. ഈ സമയത്ത് തന്നെ ഒരു ഫിഷന്‍ ബോംബ് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗം വര്‍ധിക്കുകയും ചെയ്തു. എന്നിരുന്നാലും ഒരുരാജ്യത്തിനെതിരെയും ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്ന നയം ഇന്ത്യ സ്വീകരിച്ചിരുന്നു. 

രാജീവ് ഗാന്ധിക്ക് ശേഷം 1989ല്‍ അധികാരത്തില്‍ വന്ന വി.പി സിങ് സര്‍ക്കാര്‍ മുതല്‍ ഇന്ത്യയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ വീണ്ടും നാടകങ്ങള്‍പോലെ ആവര്‍ത്തിച്ചു തുടങ്ങി. ഈ സമയത്ത് സര്‍ക്കാര്‍ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് താഴെവീണു. ഇന്ത്യാ- പാകിസ്താന്‍ ബന്ധം മോശമായി. കശ്മീരില്‍ ഭീകരവാദം അതിന്റെ മൂര്‍ധന്യത്തിലെത്തി. ആഭ്യന്തരവും അന്തര്‍ദേശീയവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ആണവ പദ്ധതികള്‍ക്ക് ഇന്ത്യ ഒരു മൊറട്ടോറിയം കൊണ്ടുവന്നു. ഇതോടെ പരീക്ഷണങ്ങളും വികസന പദ്ധതികളും നിര്‍ത്തിവെച്ചു. ഇന്ത്യയെ കൊണ്ട് ആണവനിരായുധീകരണ കരാറില്‍ ഒപ്പുവെപ്പിക്കാന്‍ ആഗോള ശക്തികള്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് അക്കാലത്ത് നടത്തിയത്. എന്നാല്‍ നരസിംഹറാവു സര്‍ക്കാര്‍ അധികാരത്തിലെത്തുകയും 1995ല്‍ ആണവായുധ പദ്ധതികള്‍ വീണ്ടും തുടങ്ങാന്‍ ഉത്തരവിടുകയും ചെയ്തു. ഇതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അമേരിക്കന്‍ ചാര ഉപഗ്രഹങ്ങള്‍ ഇന്ത്യയുടെ പദ്ധതികള്‍ കണ്ടെത്തി. തുടര്‍ന്ന് അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യയ്ക്ക് വീണ്ടും പദ്ധതി നിര്‍ത്തിവെയ്ക്കേണ്ടി വന്നു.

അചഞ്ചലനായ അടല്‍

രാമജന്മഭൂമി പ്രക്ഷോഭത്തിലൂടെ രാജ്യത്ത് രാഷ്ട്രീയവേരുകളാഴത്തില്‍ പടര്‍ത്തി വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു ആ സമയത്ത് ബിജെപി. ബിജെപിക്ക് രാഷ്ട്രീയ വളര്‍ച്ച ഉണ്ടായെങ്കിലും 1996 മുതല്‍ 1998 വരെ രണ്ടുവര്‍ഷത്തോളം സ്ഥിരതയില്ലാത്ത സര്‍ക്കാരുകളുടെ കാലമായിരുന്നു. രാമജന്മഭൂമി പ്രക്ഷോഭം ഏറ്റെടുത്തതോടെ 1994 ഡിസംബറില്‍ നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്ല പ്രകടനം കാഴ്ചവക്കുകയും 1995 മാര്‍ച്ചില്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കുകയും ചെയ്തതിലൂടെ ബി.ജെ.പിയുടെ പ്രസക്തി കുതിച്ചുയര്‍ന്നു. ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ 1996-ലും 1998-ലും ലോകസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നു. 1996-ല്‍ തെരഞ്ഞെടുപ്പിന് ശേഷം 161 സീറ്റുകള്‍ നേടിയ ബി.ജെ.പി സഖ്യത്തിലൂടെ 13 ദിവസം പ്രധാനമന്ത്രി പദത്തില്‍ എത്തിയ എ.ബി. വാജ്‌പേയി, ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജി വച്ചൊഴിഞ്ഞു. രാഷ്ട്രീയ അനിശ്ചിതാവസ്ഥ കാരണം 1998-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യം(എന്‍.ഡി.എ) 182 സീറ്റുകള്‍ നേടുകയും പ്രധാനമന്ത്രി പദത്തില്‍ എ.ബി. വാജ്‌പേയി അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു. ഈ സഖ്യത്തിന്റെയും ഭാവി തുലാസിലായിരുന്നുവെങ്കിലും 98ലെ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ട് വെച്ച പ്രകടനപത്രികയില്‍ ആണവ പദ്ധതികളുടെ കാര്യം ഉള്‍പ്പെടുത്തിയിരുന്നു. അധികാരത്തിലെത്തി ഒട്ടും താമസിയാതെ ആണവായുധ പരീക്ഷണങ്ങളടക്കം ദേശീയസുരക്ഷ ശക്തമാക്കുന്നതില്‍ ഈ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചു. അങ്ങനെ ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണമായ ഓപ്പറേഷന്‍ ശക്തിയുടെ കഥ അവിടെ തുടങ്ങുന്നു.

placeholder
പൊഖ്‌റാനിലെ ആണവ പരീക്ഷണം നടന്ന സ്ഥലം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി എ.ബി. വാജ്‌പേയി| PTI File Photo

ആണവപരീക്ഷണം നടത്തുമെന്ന് മുന്‍കൂട്ടി പറഞ്ഞുകൊണ്ട് ഒരുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍തന്നെ ഇന്ത്യയുടെ കാര്യത്തില്‍ അമേരിക്ക ജാഗ്രതപുലര്‍ത്തിയിരുന്നു. 1998 മാര്‍ച്ച് 28ന് ആണവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയി അനുമതി നല്‍കി.  അബ്ദുള്‍കലാമിനും ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍. ചിദംബരത്തിനുമായിരുന്നു ഇതിനുള്ള ചുമതല നല്‍കിയത്. അമേരിക്കന്‍ ചാരന്മാരെ കരുതിയിരിക്കണമെന്ന് മുന്‍കാല അനുഭവങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിരുന്ന ഇന്ത്യ പൊഖ്റാനിലെ രണ്ടാമത്തെ ആണവ പരീക്ഷണത്തിന് പുതിയൊരു പദ്ധതി തയ്യാറാക്കി. കരസേനയുടെ 58-ാം എന്‍ജിനീയര്‍ റെജിമെന്റിനാണ് രഹസ്യമായ പദ്ധതിയുടെ നടത്തിപ്പ് ചുമതലയേല്‍പ്പിച്ചത്. അമേരിക്കന്‍ ചാര ഉപഗ്രഹങ്ങളുടെ കണ്ണുകള്‍ വെട്ടിക്കാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രാത്രിയില്‍ നടത്തും. നേരം പുലരുമ്പോള്‍ അവിടെ അങ്ങനെയൊരു നിര്‍മാണം നടന്നുവെന്ന് പുറമെക്ക് തോന്നാത്ത തരത്തില്‍ മണല്‍കൊണ്ട് മറയ്ക്കുകയും ചെയ്യും. മാത്രമല്ല ഉപകരണങ്ങളും വാഹനങ്ങളുമൊക്കെ എവിടെനിന്നാണോ വന്നത് അവിടേക്ക് തന്നെ തിരികെ പോവുകയും ചെയ്യും. 

ഒരുമാറ്റവും ശ്രദ്ധയില്‍ വരാതിരിക്കാനാണ് ഈ രീതി അവലംബിച്ചത്. ഇങ്ങനെ മാസങ്ങള്‍ സമയമെടുത്താണ് അവര്‍ പ്രവൃത്തികള്‍ മുന്നോട്ടുകൊണ്ടുപോയത്. കൃത്രിമമായി നിര്‍മിച്ച മണല്‍കൂനയ്ക്കുള്ളിലാണ് ബോംബ് സ്ഥാപിക്കാനുള്ള സംവിധാനമൊരുക്കിയത്. ഇതിലേക്കുള്ള കേബിളുകളും മറ്റും മണല്‍കൊണ്ട് മറച്ചു. പരീക്ഷണം നടത്താനുള്ള പദ്ധതിയില്‍ പങ്കെടുത്തവര്‍ക്ക് എല്ലാവര്‍ക്കും സൈനിക യൂണിഫോം നല്‍കി. അവര്‍ക്കെല്ലാം വ്യാജപേരുകളും അത് റെക്കോര്‍ഡില്‍ ചേര്‍ക്കുകയും ചെയ്തു. ഈ സ്ഥലത്ത് കരസേനയുടെ സൈനികാഭ്യാസം നടക്കുന്നുവെന്ന പ്രതീതിയാണ് പുറമേക്ക് ഉണ്ടാക്കിയത്. ഏതെങ്കിലും തരത്തില്‍ ശാസ്ത്രജ്ഞര്‍ സംഘത്തിലുണ്ട് എന്ന് മറ്റൊരാള്‍ക്കും അറിവുണ്ടാകാതിരിക്കാന്‍വേണ്ടിയാണ് ഈ മുന്‍കരുതലെടുത്തത്. മാത്രമല്ല പരീക്ഷണം നടത്തുന്ന സ്ഥലത്തേക്ക് ചെറു സംഘങ്ങളായാണ് പോക്കും വരവുമെല്ലാം നിശ്ചയിച്ചത്. 1998 മെയ് ഒന്നിന് പുലര്‍ച്ചെ മൂന്നുമണിക്ക് ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ നിന്ന് പരീക്ഷണത്തിനുള്ള അഞ്ച് ആണവ ബോംബുകള്‍ മുംബൈ വിമാനത്താവളത്തിലെത്തിച്ചു. ഇവ വ്യോമസേനയുടെ എ.എന്‍-32 എന്ന ചരക്ക് വിമാനത്തില്‍ രാജസ്ഥാനിലെ ജയ്സാല്‍മീര്‍ വിമാനത്താവളത്തിലെത്തിച്ചു. തുടര്‍ന്ന് കരസേനയുടെ നാല് ട്രക്കുകളിലായി ഇവയെ പരീക്ഷണം നടത്താനായി സജ്ജമാക്കിയ സ്ഥലത്തേക്ക് എത്തിച്ചു.

ശക്തിപ്രകടനം

ഓപ്പറേഷന്‍ ശക്തിയില്‍ രണ്ട് സംഘങ്ങളായാണ് ആളുകളെ തിരിച്ചത്. ആദ്യത്തെ സംഘത്തിന് ശക്തി ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ പേരിട്ടിരുന്ന ബോംബുകളും, രണ്ടാമത്തെ സംഘത്തിന് നാലും അഞ്ചും ബോംബുകളാണ് പരീക്ഷിക്കേണ്ടത്. ഇതില്‍ ശക്തി ഒന്ന് തെര്‍മോ ന്യൂക്ലിയര്‍ ബോംബ് ആയിരുന്നു. രണ്ടാമത്തേക്ക് സ്മൈലിങ് ബുദ്ധയില്‍ ഉപയോഗിച്ചതിനേക്കാള്‍ ശക്തിയേറിയ പ്ലൂട്ടോണിയം ബോംബും. 12 കിലോടണ്‍ പ്രഹരശേഷിയുള്ള ബോംബായിരുന്നു അത്. മിസൈലുകളിലും വിമാനങ്ങളില്‍ നിന്ന് പ്രയോഗിക്കാവുന്ന ബോംബുകളിലും ഉപയോഗിക്കാവുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തതായിരുന്നു ഇത്. മറ്റൊന്ന് ആണവ റിയാക്ടറുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഗ്രേഡ് കുറഞ്ഞ പ്ലൂട്ടോണിയം ഉപയോഗിച്ചുള്ള ബോംബായിരുന്നു മൂന്നാമത്തേത്. നാലാമത്തെത് ശേഷി കുറഞ്ഞ ഗവേഷണാവശ്യത്തിന് വേണ്ടി വിവരങ്ങള്‍ ശേഖരിക്കാനുള്ള പ്ലൂട്ടോണിയം ബോംബ് ആയിരുന്നെങ്കില്‍ ഇന്ത്യയില്‍ ധാരാളം കാണപ്പെടുന്ന തോറിയത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത യുറേനിയനം ഉപയോഗിച്ച് നിര്‍മിച്ച ബോംബായിരുന്നു. ആറാമതൊരു ബോംബ് കൂടി നിര്‍മിച്ചുവെങ്കിലും അത് പരീക്ഷിച്ച് നോക്കിയില്ല.

1998 മെയ് 11 നായിരുന്നു ആദ്യത്തെ സ്ഫോടനത്തിന് പദ്ധതിയിട്ടത്. ഇതുപ്രകാരം ശക്തി ഒന്ന് എന്ന് പേരിട്ട തെര്‍മോ ന്യൂക്ലിയര്‍ ബോംബ് പരീക്ഷണം നടത്താനുള്ള സ്ഥലത്ത് സ്ഥാപിച്ചു. 750 അടി ആഴത്തിലാണ് ഈ ബോംബ് സ്ഥാപിക്കാനുള്ള ഷാഫ്റ്റുണ്ടാക്കിയത്. വൈരുധ്യമെന്തെന്നാല്‍ ഒന്നാമത്തെ ബോംബ് സ്ഥാപിച്ച ഈ ഷാഫ്റ്റിന് നല്‍കിയ കോഡ് നാമം വൈറ്റ് ഹൗസ് എന്നായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുമായുള്ള ആ സാമ്യം തീര്‍ച്ചയായും അവരെ ചൊടിപ്പിക്കുക തന്നെ ചെയ്തു. താജ്മഹല്‍ എന്നായിരുന്നു രണ്ടാമത്തെ ബോംബ് സ്ഥാപിച്ച സ്ഥലത്തിന് നല്‍കിയ പേര്. 490 അടി ആഴത്തിലാണ് ഈ ബോംബ് സ്ഥാപിച്ചത്. മൂന്നാമത്തെ ബോംബ സ്ഥാപിച്ചത് കുംഭാകരന്‍ അഥവാ കുഭകര്‍ണന്‍ എന്നുപേരിട്ട ഷാഫ്റ്റിലായിരുന്നു. മെയ് 10ന് ഈ മൂന്ന് ബോംബുകളും അതാത് സ്ഥലത്ത് സ്ഥാപിച്ചു. തുടര്‍ന്ന് മെയ് 11ന് രാവിലെ 3.45ന് മൂന്ന് ബോംബുകളും ഒരുമിച്ച് ഡിറ്റണേറ്റ് ചെയ്തു. മെയ് 13ന് മറ്റ് രണ്ട് ബോംബുകളും ഡിറ്റണേറ്റ് ചെയ്തു. ശക്തികുറഞ്ഞ ബോംബുകളായിരുന്നതിനാല്‍ ഇവയുടെ സ്ഫോടനം ഒരുഭൂകമ്പമാപിനികളിലും രേഖപ്പെടുത്തിയില്ല. എന്നാല്‍ ഒന്നാമത്തെ ബോംബിന്റെ സ്ഫോടനം വളരെ വലുതായിരുന്നുവെന്നതിനാല്‍ അതിന്റെ പ്രകമ്പനം ഭൂകമ്പമാപിനികളില്‍ രേഖപ്പെടുത്തപ്പെട്ടു. തുടര്‍ന്ന് 1998 മെയ് 13ന് അടല്‍ബിഹാരി വാജ്പേയി പത്രസമ്മേളനം വിളിച്ച് തങ്ങള്‍ വീണ്ടും ആണവപരീക്ഷണം നടത്തിയതായി ലോകത്തോട് വിളിച്ചുപറഞ്ഞു.

placeholder
ആണവപരീക്ഷണം നടത്തിയെന്ന് വാര്‍ത്താസമ്മേളനത്തിലൂടെ അറിയിക്കുന്ന പ്രധാനമന്ത്രി വാജ്‌പേയി| PTI File Photo

കടുത്ത ഉപരോധം നിലനില്‍ക്കുമ്പോഴും ഇന്ത്യ അതിനെ വെല്ലുവിളിച്ച് ആണവപരീക്ഷണം നടത്തിയത് രാജ്യവ്യാപകമായി സ്വീകരിക്കപ്പെട്ടു. ആ സമയത്ത് ഇന്ത്യയ്ക്ക് ലോകബാങ്കിലും അന്താരാഷ്ട്ര നാണ്യനിധിയിലുമായി 44 ബില്യണ്‍ ഡോളര്‍ കടമുണ്ടായിരുന്നുവെന്നോര്‍ക്കണം. ഇന്നത്തെ കണക്കില്‍ അത് മൂന്നുലക്ഷം കോടിയോളം വരും. മാത്രമല്ല ഇന്ത്യന്‍ കമ്പനികള്‍ അന്താരാഷ്ട്ര ഉപരോധങ്ങളൊക്കെ കാരണം തപ്പിത്തടയുന്ന സമയവും. എന്നാല്‍ എന്തുതന്നെ വന്നാലും ആണപരീക്ഷണം നടത്തുമെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും പരിണിതഫലങ്ങളെ നേരിടാനും തയ്യാറാണെന്നായിരുന്നു അന്ന് ഭരണാധികാരികള്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് ആണപരീക്ഷണത്തെ വിമര്‍ശിക്കുകയും ബിജെപി രാഷ്ട്രീയനേട്ടത്തിനായി ഇതിനെ ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തു.

പാശ്ചാത്യ രാജ്യങ്ങള്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ തിരിഞ്ഞു. കൂടുതല്‍ ഉപരോധങ്ങള്‍ അമേരിക്ക ഏര്‍പ്പെടുത്തി. ഇന്ത്യയ്ക്കുള്ള മാനുഷിക സഹായം ഒഴികെയുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും അമേരിക്ക റദ്ദാക്കി. ഇന്ത്യയിലേക്കുള്ള സാങ്കേതിക വിദ്യ കയറ്റുമതിയുള്‍പ്പെടെ വിലക്കി. ആണവ നിരായുധീകരണ കരാറില്‍ ഇന്ത്യ ഒപ്പുവെച്ചേമതിയാകുവെന്ന് അമേരിക്ക നിലപാടെടുത്തു. ഒന്നല്ല രണ്ടുതവണയാണ് അമേരിക്കയെ കബളിപ്പിച്ച് ഇന്ത്യ ആണവ പരീക്ഷണം നടത്തിയത്. ഇത് അവര്‍ക്ക് വലിയ ക്ഷീണമായി മാറി. അമേരിക്കന്‍ രഹസ്യാന്വേഷണ സംവിധാനത്തിന്റെ പരാജയമായി ഇത് വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. മുമ്പത്തേപ്പോലെ തന്നെ കാനഡ ഇന്ത്യയുടെ ആണവ പരീക്ഷണത്തെ അപലപിച്ച് അമേരിക്കയ്ക്ക് ഒപ്പം കൂടി. ജപ്പാന്‍ ഇന്ത്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആണവായുധ വികസനത്തെ ഭയന്ന ചൈന ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ആണവപദ്ധതികളില്‍ നിന്ന് പിന്തിരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ചൈനയുടെ പക്കല്‍ ആണവായുധമിരിക്കുന്ന കാലത്തോളം പ്രതിരോധത്തിനും ദേശീയ സുരക്ഷയ്ക്കും തങ്ങളുടെ പക്കല്‍ ആണവായുധമുണ്ടായിരിക്കുമെന്ന ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയത്.

അതേസമയം ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗങ്ങളായ യുകെ, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഈ സമയങ്ങളില്‍ നിശബ്ദത പാലിച്ചത് ലോകത്തെ അത്ഭുതപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ വിദേശ നയതന്ത്രത്തിന്റെ വിജയംകൂടിയായി ഈ നിശബ്ദതയെ വ്യാഖ്യാനിക്കപ്പെട്ടു. ഇന്ത്യ ആണവ പരീക്ഷണം നടത്തിയതിന് പിന്നാലെ 1998 മേയ് 28ന് പാകിസ്താനും ആണവ പരീക്ഷണം നടത്തി. ഇന്ത്യയ്ക്ക് പുറമെ പാകിസ്താനെതിരെയും ഉപരോധങ്ങളുണ്ടായി.  ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണം ആണവായുധ ഗവേഷണത്തില്‍ ഇന്ത്യയുടെ അറിവ് വെളിപ്പെടുത്തിയതാണെങ്കില്‍ രണ്ടാമത്തെ ആണവ പരീക്ഷണങ്ങള്‍ ആണവായുധ വികസനത്തിലുള്ള ശേഷിയും പ്രഹരശക്തിയും എത്രത്തോളമുണ്ടെന്ന് ലോകത്തെ അറിയിക്കുന്നതായിരുന്നു.  ശക്തി ഒന്ന് എന്ന് പേരിട്ട തെര്‍മോ ന്യൂക്ലിയര്‍ ബോംബിന് അമേരിക്ക നാഗസാക്കിയില്‍ ഉപയോഗിച്ചതിനേക്കാള്‍ പ്രഹര ശേഷിയുള്ളവയാണ്. നാഗസാക്കിയിലെ ബോംബിന് 25 കിലോടണ്‍ ശക്തിയായിരുന്നുവെങ്കില്‍ പൊഖ്റാനിലെ ശക്തി ഒന്ന് എന്ന് പേരിട്ട ബോംബിന് 45 കിലോടണ്‍ ശക്തിയായിരുന്നു ഉണ്ടായിരുന്നത്. എന്നുവച്ചാല്‍ നാലുകോടി 50 ലക്ഷം കിലോ ടിഎന്‍ടി സ്‌ഫോടനത്തിന് തുല്യമായ ശക്തി. 

ഇത് മാത്രമല്ല പിന്നീടൊരിക്കല്‍ 1999ല്‍ പൊഖ്റാനിലെ രണ്ടാമത്തെ ആണവപരീക്ഷണത്തിന് ചുക്കാന്‍ പിടിച്ച ആര്‍ ചിദംബരം പിടിഐയ്ക്ക് നല്‍കിയ ഒരഭിമുഖത്തില്‍ ന്യൂട്രോണ്‍ ബോംബ് നിര്‍മിക്കാനാവശ്യമായ സാങ്കേതിക വിദ്യ ഇന്ത്യയ്ക്കുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. സാധാരണ ആണ ബോംബുകള്‍ സകലതും നശിപ്പിക്കുമെങ്കില്‍ ന്യൂട്രോണ്‍ ബോംബുകള്‍ സചേതനമായ അതായത് ജീവനുള്ള എല്ലാത്തിനെയും കൊന്നൊടുക്കുമ്പോള്‍ അചേതനമായ കെട്ടിടങ്ങളുള്‍പ്പെടെയുള്ളവയുടെ നാശനഷ്ടങ്ങള്‍ കുറയ്ക്കുകകയും ചെയ്യും. വ്യാപക കൂട്ടക്കൊലകള്‍ക്ക് കാരണമാകുന്ന ന്യൂട്രോണ്‍ ബോംബ് സ്വന്തമായുണ്ടായിരുന്നത് അമേരിക്കയ്ക്ക് മാത്രമായിരുന്നു. എന്നാല്‍ അവര്‍ എവിടെയും അത് വിന്യസിച്ചിട്ടില്ല. എന്നാല്‍ ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ ന്യൂട്രോണ്‍ ബോംബ് പരീക്ഷിച്ച രാജ്യങ്ങളാണ്. പാകിസ്താനും തങ്ങളുടെ പക്കല്‍ ന്യൂട്രോണ്‍ ബോംബുണ്ടാക്കാനുള്ള സംവിധാനമുണ്ടെന്ന് പ്രഖ്യാപിച്ച രാജ്യമാണ്. എന്നാല്‍ അമേരിക്ക ഒഴികെ ഒരു രാജ്യവും ന്യൂട്രോണ്‍ ബോംബ് ഉണ്ടാക്കി സൂക്ഷിച്ചില്ല.  

ആണവ പരീക്ഷണത്തെ തുടര്‍ന്ന് വാജ്പേയി സര്‍ക്കാരിന് രാജ്യത്താകെ സ്വീകാര്യത കിട്ടിയെങ്കിലും ആ സര്‍ക്കാരിന് അല്‍പായുസാകാനായിരുന്നു വിധി. എന്നാല്‍ 1999ലെ തിരഞ്ഞെടുപ്പിന് ശേഷം സ്ഥിരതയുള്ള കൂട്ടുകക്ഷി സര്‍ക്കാരിനെ അഞ്ചുവര്‍ഷം വിജയകരമായി വാജ്പേയി മുന്നോട്ടുകൊണ്ടുപോയി. ഈ സമയത്താണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ കാര്‍ഗിലില്‍ സംഘര്‍ഷമുണ്ടായത്. അത് മറ്റൊരു കഥയാണ്. അതേപറ്റി അടുത്ത തവണ.

In Short | India’s second nuclear test, conducted amid shifting global power dynamics after the Soviet collapse, marked a turning point in the country’s strategic and diplomatic history. It highlighted India’s growing economic strength and its commitment to maintaining strategic autonomy.