സ്വതന്ത്ര സ്രോതസ്സുകളിൽ നിന്നോ ആഗോള നിരീക്ഷണ സംവിധാനങ്ങളിൽ നിന്നോ പാകിസ്താൻ ആണവായുധം പരീക്ഷിച്ചതിനെക്കുറിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. മാത്രമല്ല, ആണവായുധം പരീക്ഷിച്ചുവെന്ന ട്രംപിന്റെ വാദം പാകിസ്താൻ തള്ളുകയും ചെയ്തു.

പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും | Photo: gettyimages
ആണവായുധങ്ങള്‍ സജീവമായി പരീക്ഷിക്കുന്ന രാജ്യമാണോ പാകിസ്താന്‍? ആണെന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിപ്രായം. പാകിസ്താന് പുറമേ, റഷ്യ, ചൈന, ഉത്തരകൊറിയ തുടങ്ങി നിരവധി രാജ്യങ്ങള്‍ ആണവ പരീക്ഷണം നടത്തുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ‘ഈ രാജ്യങ്ങളൊന്നും പരീക്ഷണം നടത്തുന്നത് എവിടെയാണെന്നറിയില്ല. പക്ഷേ, പരീക്ഷണം നടക്കുന്നുണ്ടെന്നത് ഉറപ്പാണ്. ഭൂമിക്കടിയിലാണ് പരീക്ഷണം നടത്തുന്നത്. അവിടെ സംഭവിക്കുന്നതെന്താണെന്ന് ആളുകള്‍ക്ക് കൃത്യമായി അറിയില്ല. ചെറിയൊരു പ്രകമ്പനം അനുഭവപ്പെടും. അവരൊന്നും അതേക്കുറിച്ച് സംസാരിക്കില്ല. പക്ഷേ, യു.എസ്. ഒരു തുറന്ന പുസ്തകമാണ്. രാജ്യം ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നു. സംസാരിച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യും. പക്ഷേ, മറ്റു രാജ്യങ്ങളിലൊന്നും ആണവ പരീക്ഷണത്തെക്കുറിച്ച് എഴുതാന്‍ റിപ്പോര്‍ട്ടര്‍മാരില്ല’.- ട്രംപ് പറഞ്ഞു. ഈ രാജ്യങ്ങള്‍ ആണവ പരീക്ഷണം നടത്തുന്നതിനാല്‍ യു.എസിനും പരീക്ഷണം നടത്തുന്നത് അത്യാവശ്യമാണെന്നും ട്രംപ് പറഞ്ഞു. യു.എസ്. ആണവായുധ പരീക്ഷണം പുനരാരംഭിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
സാമ്പത്തിക തകര്‍ച്ച നേരിടുന്ന, രാഷ്ട്രീയമായി അസ്ഥിരമായ പാകിസ്താന്‍ ഇപ്പോഴും ആണവായുധങ്ങള്‍ മെച്ചപ്പെടുത്തുകയാണോ? അവർ തുടർ പരീക്ഷണങ്ങൾ നടത്തുന്നുണ്ടോ? പട്ടാളത്തിന്റെ കാരുണ്യത്തില്‍ മാത്രം ഭരണം നടന്നുപോകുന്ന ഒരു രാജ്യത്തെക്കൊണ്ട് ഇത് സാധ്യമാണോ? ഇതിനെല്ലാം ഉത്തരം പറയണമെങ്കില്‍ പാകിസ്താന്റെ അണുബോംബ് നിര്‍മാണപദ്ധതിയുടെ ചരിത്രം പറയേണ്ടിവരും. ചതിയും കള്ളക്കടത്തും ചാരപ്രവര്‍ത്തനവും അടിത്തറയിട്ട പരീക്ഷണം. യൂറോപ്പിൽനിന്ന് മോഷ്ടിച്ച സാങ്കേതികവിദ്യയുടെ പുറത്ത് കെട്ടിപ്പെടുത്ത ആണവ പരീക്ഷണത്തിന്റെ കഥ. ആ കഥ പരിശോധിക്കാം.
ഭയത്തില്‍നിന്ന് ഉടലെടുത്ത പദ്ധതി
വര്‍ഷം 1972. ഇന്ത്യയുമായി നടന്ന യുദ്ധത്തില്‍ പാകിസ്താന്‍ പരാജയപ്പെട്ട് നില്‍ക്കുന്ന സമയം. തോല്‍വിക്ക് പുറമേ തങ്ങളുടെ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗം (പഴയ കിഴക്കൻ പാകിസ്താൻ, നിലവിലെ ബംഗ്ലദേശ്) നഷ്ടപ്പെട്ടതും പാകിസ്താന് വലിയ നാണക്കേടായി. യുദ്ധത്തിന് പിന്നാലെ പ്രസിഡന്റായി അധികാരമേറ്റ സുൾഫിക്കർ അലി ഭൂട്ടോ അധികം വൈകാതെ മുള്‍ട്ടാനില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും സൈനിക മേധാവികളുടെയും യോഗം വിളിച്ചുകൂട്ടി. ഇന്ത്യ ഉയര്‍ത്തുന്ന ഭീഷണി നേരിടാനും സുരക്ഷ ഉറപ്പാക്കാനും ഒരു അണുബോംബ് ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ് എന്നായിരുന്നു ഭൂട്ടോയുടെ വാദം. ‘നിങ്ങള്‍ എനിക്കുവേണ്ടിയും പാകിസ്താനുവേണ്ടിയും ഇത് നിര്‍മിക്കണം. ഇന്ത്യ ഒരു ബോംബ് നിര്‍മിച്ചാല്‍, അതുപോലെ ഒന്ന് സ്വന്തമാക്കാന്‍ വേണ്ടതെല്ലാം നാം ചെയ്യും. അതിനായി നമുക്ക് പുല്ല് തിന്നേണ്ടി വന്നാലും!’- യോഗത്തില്‍ ഭൂട്ടോ പ്രഖ്യാപിച്ചു.
പ്ലൂട്ടോണിയം ഉപയോഗിച്ച് ബോംബ് നിര്‍മിക്കാനാണ് പാകിസ്താന്‍ ശ്രമിച്ചത്. യുറേനിയം സമ്പുഷ്ടീകരിക്കുന്ന സജ്ജീകരണങ്ങള്‍ രഹസ്യമായി ചെയ്യാമെങ്കിലും ഇതിന്റെ സാങ്കേതികവിദ്യ പഠിച്ചെടുക്കാന്‍ സമയമെടുക്കും എന്നതാണ് പാകിസ്താനെ അതിന് പ്രേരിപ്പിച്ചത്. അതോടെ സമ്പുഷ്ടീകരിച്ച യുറേനിയം ഉപയോഗിക്കുന്നതിന് പകരം പ്ലൂട്ടോണിയം ഉപയോഗിച്ചുള്ള, താരതമ്യേന എളുപ്പമുള്ള, വഴി പാകിസ്താന്‍ തിരഞ്ഞെടുത്തു. പക്ഷേ, ഇതിന്റെ പുരോഗതി വളരെ സാവധാനത്തിലായിരുന്നു. ഏതാണ്ട് അതേസമയത്ത് തന്നെ പാകിസ്താന്റെ ആണവ പദ്ധതികള്‍ക്ക് അന്താരാഷ്ട്ര പിന്തുണ ലഭിച്ചിരുന്നു. കാനഡ ഡ്യൂട്ടീരിയം യുറേനിയം (CANDU) എന്നറിയപ്പെടുന്ന 137 മെഗാവാട്ട് ഹെവി വാട്ടര്‍ ന്യൂക്ലിയര്‍ റിയാക്ടര്‍, കാനഡ നല്‍കി. കറാച്ചി ന്യൂക്ലിയര്‍ പവര്‍ പ്ലാന്റില്‍ റിയാക്ടര്‍ സ്ഥാപിച്ചു. താമസിയാതെ ആയുധ ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിക്കാന്‍ തുടങ്ങി. ചാഷ്മ പ്ലൂട്ടോണിയം പുനഃസംസ്‌കരണ പ്ലാന്റ് നല്‍കാന്‍ ഫ്രാന്‍സും സമ്മതിച്ചു.
1974 മേയ് 18-ന് ഇന്ത്യ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇന്ത്യയുടെ ആണവ പരീക്ഷണം പാകിസ്താനെ കൂടുതല്‍ ഭയപ്പെടുത്തി. മാത്രമല്ല, ആണവോര്‍ജ സാങ്കേതികവിദ്യയും ഉപകരണ സംവിധാനങ്ങളുമുള്ള രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ആണവ വസ്തുക്കളുടെ വ്യാപനത്തിനെതിരേ അന്താരാഷ്ട്ര സമൂഹം നടപടികള്‍ കര്‍ശനമാക്കി. ഇതോടെ കാനഡയും ഫ്രാന്‍സും നിലപാട് മാറ്റി. പാകിസ്താന് നല്‍കിവന്ന ആണവ പിന്തുണ 1976-ല്‍ കാനഡ പിന്‍വലിച്ചു. ഫ്രാന്‍സാകട്ടെ ചാഷ്മ പ്ലാന്റ് പൂര്‍ത്തിയാക്കിയതുമില്ല. ഇതെല്ലാം പ്ലൂട്ടോണിയം ഉപയോഗിച്ച് അണുവായുധം നിര്‍മിക്കുന്ന പദ്ധതിക്ക് തിരിച്ചടിയായി. ഈ സന്നിഗ്ദ്ധഘട്ടത്തിലാണ് യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള സാങ്കേതികവിദ്യ കൈവശമുണ്ടെന്ന അവകാശവാദവുമായി ഒരു പാകിസ്താന്‍ യുവശാസ്ത്രജ്ഞന്‍ ഭൂട്ടോയെ സമീപിക്കുന്നത്.
പ്ലൂട്ടോണിയത്തില്‍നിന്ന് യുറേനിയത്തിലേക്ക്
യൂറോപ്യന്‍ ആണവ കമ്പനിയായ യുറെന്‍കോയില്‍ മെറ്റലര്‍ജിസ്റ്റും യുറേനിയം സമ്പുഷ്ടീകരണ വിദഗ്ദ്ധനുമായി ജോലി ചെയ്തുവരികയായിരുന്നു അബ്ദുല്‍ ഖാദിര്‍ ഖാന്‍ എന്ന എ.ക്യു. ഖാന്‍. ഭോപാലില്‍ ജനിച്ച ഖാന്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷമാണ് പാകിസ്താനിലേക്ക് കുടിയേറുന്നത്. അവിടെ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം ജര്‍മനിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് നെതര്‍ലന്‍ഡ്സിൽ നിന്ന് ലോഹസംസ്‌കരണത്തില്‍ ഡോക്ടറേറ്റും നേടി. ലോഹസംസ്‌കരണവിദഗ്ധനായി ജോലിനോക്കിയിരുന്ന അദ്ദേഹം യുറേനിയം സമ്പുഷ്ടീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കത്തുകള്‍ എഴുതാന്‍ തുടങ്ങി. തന്റെ കഴിവുകള്‍ പാകിസ്താന് സ്വന്തമായി അണുബോംബ് നിര്‍മിക്കാന്‍ സഹായിക്കുമെന്നായിരുന്നു വാഗ്ദാനം. ഖാന്റെ കത്തുകള്‍ ഭൂട്ടോ ഗൗരവമായി എടുക്കുകയും 1974-ല്‍ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയില്‍, അക്കാലത്ത് മറ്റ് പാകിസ്താന്‍ ശാസ്ത്രജ്ഞര്‍ പിന്തുടര്‍ന്നിരുന്ന പ്ലൂട്ടോണിയം രീതിക്ക് പകരം യുറേനിയം രീതി ഉപയോഗിക്കാമെന്ന് ഖാന്‍ വാദിച്ചു.
ഇതിനിടെ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ പ്രോജക്റ്റ്-706 എന്ന പേരില്‍ രഹസ്യ ഗവേഷണ വികസന പദ്ധതി ഭൂട്ടോ ആരംഭിച്ചു. ഗവേഷണത്തിന് ആവശ്യമായ ധനസഹായം നല്‍കാന്‍ ധനകാര്യമന്ത്രി ഗുലാം ഇഷാഖ് ഖാനെയും ആവശ്യമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ പട്ടാളമേധാവിയായ സിയ ഉല്‍ ഹഖിനെയും ചുമതലപ്പെടുത്തി. യൂറോപ്പിലെ ജീവിതം ഉപേക്ഷിച്ച് ഖാന്‍ 1975 അവസാനത്തോടെ പാകിസ്താനിലേക്ക് താമസം മാറി. യുറേനിയം സമ്പുഷ്ടീകരണ സാങ്കേതികവിദ്യ മനസിലാക്കിയാണ് ഡോ. ഖാന്‍ യൂറോപ്പില്‍നിന്ന് മടങ്ങിയത്. പാകിസ്താനിലെത്തിയ അദ്ദേഹത്തിന് യുറേനിയം സമ്പുഷ്ടീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആണവ പദ്ധതിയുടെ സ്വതന്ത്ര ചുമതല ലഭിച്ചു.
പട്ടാളത്തിന്റെ സഹായത്തോടെ ഇസ്ലാമാബാദിന് സമീപത്ത് കാഹൂതയില്‍ യുറേനിയം സമ്പുഷ്ടീകരിക്കുന്ന കേന്ദ്രം സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തി. യുറെന്‍കോയില്‍നിന്ന് മോഷ്ടിച്ച സെന്‍ട്രിഫ്യൂജ് ഡിസൈനുകള്‍ ഉപയോഗിച്ച്, പാകിസ്താന്‍ കാഹൂത റിസര്‍ച്ച് ലബോറട്ടറിയില്‍ രഹസ്യമായി യുറേനിയം സമ്പുഷ്ടീകരണ സൗകര്യങ്ങള്‍ നിര്‍മിച്ചു. ഇതിനായി അന്താരാഷ്ട്ര ഉപരോധങ്ങള്‍ കാരണം പെട്ടെന്ന് ലഭ്യമല്ലാത്ത വസ്തുക്കള്‍ രഹസ്യമായി സംഭരിച്ചു. കാഹൂതയിലെ കേന്ദ്രം പ്രവര്‍ത്തനക്ഷമമാകാന്‍വേണ്ട മിക്കവാറും സാമഗ്രികള്‍ ഖാന്‍ സംഘടിപ്പിച്ചു. സൈനിക മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനങ്ങളെ അന്താരാഷ്ട്ര പരിശോധനയില്‍നിന്ന് മറച്ചുവെച്ചു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പാകിസ്താനെ സമ്പുഷ്ടമായ യുറേനിയം ഉത്പാദിപ്പിച്ചു.
പാകിസ്താന്‍ ആണവായുധം പരീക്ഷിക്കുന്നു
എഴുപതുകളുടെ അവസാനം പാകിസ്താനില്‍ വലിയ രാഷ്ട്രീയ മാറ്റം സംഭവിച്ചു. 1977-ല്‍, ജനറല്‍ മുഹമ്മദ് സിയ ഉള്‍-ഹഖ് ഒരു അട്ടിമറിയിലൂടെ അധികാരം ഏറ്റെടുക്കുകയും 1979-ല്‍ ഭൂട്ടോയെ തൂക്കിലേറ്റുകയും ചെയ്തു. ആണവ പദ്ധതിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. സിയയുമായുള്ള അടുപ്പവും ഈ പദ്ധതിയുടെ പ്രാധാന്യവും കാരണം ഖാന്റെ സ്ഥാനത്തിന് മാറ്റമുണ്ടായില്ല. പക്ഷേ ഇതിനിടെ, അണുബോംബ് നിര്‍മാണത്തിനുള്ള പാകിസ്താന്റെ ഒരുക്കങ്ങളെക്കുറിച്ച് അമേരിക്കയ്ക്ക് സൂചനകിട്ടി. അവര്‍ ഇത് തടയാനുള്ള വഴികള്‍ തേടി. പക്ഷേ, 1979-ല്‍, സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്താന്‍ അധിനിവേശം പാകിസ്താന് ഗുണമായി. പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ കീഴില്‍, സോവിയറ്റ് യൂണിയനെതിരെ പോരാടുന്നതിന് അമേരിക്ക അഫ്ഗാന്‍ മുജാഹിദീന് സൈനിക പിന്തുണ നല്‍കി. അഫ്ഗാനിസ്താന്റെ അയല്‍ക്കാരയ പാകിസ്താന്‍ ഈ നീക്കത്തിൽ ഒരു അനിവാര്യ സഖ്യകക്ഷിയായി. ഇതോടെ പാകിസ്താന്റെ ആണവ പദ്ധതിക്ക് നേരെ അമേരിക്ക കണ്ണടച്ചു.
1980-കളുടെ തുടക്കത്തില്‍, പാകിസ്താന്‍ കോള്‍ഡ് ടെസ്റ്റുകള്‍ (ആണവസ്ഫോടനം ഇല്ലാതെയുള്ള ഉപകരണത്തിന്റെ പരീക്ഷണം) നടത്തി. തുടര്‍ന്നുള്ള കാലയളവില്‍ അവര്‍ 20-ലധികം കോള്‍ഡ് ടെസ്റ്റുകള്‍ നടത്തി. ഇതിനിടെ പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ ചൈനയുമായുള്ള സഖ്യം ശക്തിപ്പെടുത്തി. ആണവ പദ്ധതിക്കുള്ള സഹായങ്ങള്‍ക്കൊപ്പം, ചൈനീസ് സര്‍ക്കാര്‍ പാകിസ്താന്‍ ശാസ്ത്രജ്ഞരെ ബീജിംഗിലേക്ക് ക്ഷണിച്ചു. 1990 മെയ് 26-ന്, ലോപ് നൂര്‍ പരീക്ഷണ സ്ഥലത്ത് ചൈന പാകിസ്താന് വേണ്ടി ബോംബ് പരീക്ഷിച്ചു. 1995-ല്‍ ദീര്‍ഘദൂര മിസൈലുകള്‍ പകരമായി ഉത്തര കൊറിയക്ക് യുറേനിയം സമ്പുഷ്ടീകരിക്കുന്നതിന്റെ സാങ്കേതികവിദ്യയും പ്ലാന്റ് നിര്‍മിക്കാനാവശ്യമായ രേഖകളും ഖാന്‍ നല്‍കി. ഇതോടെ മീഡിയം-റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ച, പാകിസ്താന്‍ മിസൈല്‍ സാങ്കേതികവിദ്യയും മെച്ചപ്പെടുത്തി. 1990-കളില്‍, പാകിസ്താന്‍ ആണവ പരീക്ഷണങ്ങള്‍ക്ക് തയ്യാറെടുത്തു. ഇതിനായി തെക്കുപടിഞ്ഞാറന്‍ ബലൂചിസ്താന്‍ പ്രവിശ്യയിലെ റാസ് കോ കുന്നുകള്‍ തിരഞ്ഞെടുത്തു.
1998 മെയ് മാസത്തില്‍ ഇന്ത്യ രണ്ടാമത്തെ പരീക്ഷണം നടത്തിയതോടെ ആണവ പരീക്ഷണങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് മേൽ വലിയ സമ്മര്‍ദ്ദമുണ്ടായി. എന്നാൽ, ഇന്ത്യയുടെ പരീക്ഷണങ്ങളോട് പ്രതികരിക്കരുതെന്ന് അന്താരാഷ്ട്ര സമൂഹം പാകിസ്താനോട് ആവശ്യപ്പെട്ടു. പരീക്ഷണം ഒഴിവാക്കിയാല്‍ ഉപരോധങ്ങള്‍ പിന്‍വലിക്കാമെന്നും അധിക സൈനിക സഹായം നല്‍കാനും അമേരിക്ക വാഗ്ദാനം ചെയ്തു. പക്ഷേ, ഷെരീഫ് പരീക്ഷണത്തിന് ഉത്തരവിട്ടു. 1998 മെയ് 28 ന് - ഇന്ത്യയുടെ ആണവ പരീക്ഷണങ്ങള്‍ക്ക് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ - ബലൂചിസ്താനിലെ ചഗായ് കുന്നുകളില്‍ പാകിസ്താൻ ആദ്യത്തെ ആണവ പരീക്ഷണങ്ങള്‍ നടത്തി. ചാഗൈ-I എന്ന രഹസ്യനാമത്തിലായിരുന്നു ആദ്യത്തെ പരീക്ഷണം. ഞങ്ങള്‍ അഞ്ച് വിജയകരമായ ആണവ പരീക്ഷണങ്ങള്‍ നടത്തിയെന്ന് ഷെരീഫ് പ്രഖ്യാപിച്ചു. രണ്ട് ദിവസത്തിന് ശേഷം, ചാഗൈ-II എന്ന പേരിൽ പാകിസ്താന്‍ ഒരു അധിക പരീക്ഷണംകൂടെ നടത്തി.
ട്രംപ് പറഞ്ഞതിൽ സത്യമുണ്ടോ?
ഇന്ത്യയാണ് ആദ്യം ആണവായുധം പരീക്ഷിച്ചതെങ്കിലും സമീപവര്‍ഷങ്ങള്‍ വരെ പാകിസ്താനായിരുന്നു ആയുധശേഖരത്തില്‍ മുന്നില്‍. 1974 മേയ് 18-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ ആണവ പരീക്ഷണമായ ഓപ്പറേഷന്‍ സ്മൈലിങ് ബുദ്ധയിലൂടെ ഇന്ത്യ ന്യൂക്ലിയര്‍ ക്ലബില്‍ ഇടം പിടിക്കുന്ന ആറാമത്തെ രാജ്യമായി മാറി. 1998 മെയ് 11-ന് ഇന്ത്യന്‍ സൈന്യത്തിന്റെ പൊഖ്റാന്‍ ടെസ്റ്റ് റേഞ്ചില്‍ ഓപ്പറേഷന്‍ ശക്തി എന്ന പേരില്‍ ഇന്ത്യ രണ്ടാമത്തെ ആണവ പരീക്ഷണം നടത്തി. മേയ് 11-ന് ശക്തി -1, ശക്തി -2, ശക്തി -3 എന്നിങ്ങനെ മൂന്ന് അണുബോംബുകളാണ് ഇന്ത്യ പ്രയോഗിച്ചത്. രണ്ട് ദിവസത്തിന് ശേഷം മെയ് 13-ന് മറ്റ് രണ്ട് അണുബോംബുകളായ ശക്തി -4, ശക്തി- 5 എന്നിവയും പരീക്ഷിച്ചു. അന്താരാഷ്ട്ര തലത്തില്‍ നിലനിന്നിരുന്ന കടുത്ത സമ്മര്‍ദങ്ങളെയും ശത്രുരാജ്യങ്ങളുടെ വലിയ നിരീക്ഷണ വലയത്തെയും മറികടന്നായിരുന്നു ഇന്ത്യയുടെ ആ നേട്ടം. 1998-ല്‍ ആണവ ശക്തിയായ പാകിസ്താനാകട്ടെ രണ്ട് ആണവ പരീക്ഷണങ്ങളാണ് നടത്തിയത്.
നേരത്തെ പാകിസ്താന്‍ ആണവ ശേഖരത്തില്‍ ഇന്ത്യയേക്കാള്‍ അല്പം മുന്നിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇന്ത്യയാണ് മുന്നില്‍. യുദ്ധവും ആയുധവും സംബന്ധിച്ച വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ്.ഐ.പി.ആര്‍.ഐ.) കണക്കുകള്‍ പ്രകാരം 2023-ല്‍ പാകിസ്താന്റെ കൈവശമുണ്ടായിരുന്നു 170 എണ്ണം തന്നെയാണ് ഇപ്പോഴുമുള്ളത്. അമേരിക്കന്‍ പ്രസിഡന്റിന്റെ നിലവിലെ വാദങ്ങളോട് ഇത് ചേര്‍ന്നു പോകുന്നില്ല. മറുവശത്ത്, ഇന്ത്യ അതിന്റെ ആണവായുധശേഖരം ചെറുതായി വിപുലീകരിച്ചുവെന്നാണ് എസ്.ഐ.പി.ആര്‍.ഐ. റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ എസ്.ഐ.പി.ആര്‍.ഐ. കണക്കുകള്‍ പ്രകാരം ഇന്ത്യയ്ക്ക് നിലവില്‍ 180 ആണവ പോര്‍മുനകളുണ്ട്. 2024-നെ അപേക്ഷിച്ച് നേരിയ വര്‍ദ്ധനവ് ഇക്കാര്യത്തിലുണ്ട്. ഇന്ത്യയുടെ ആണവ പ്രതിരോധത്തിന്റെ പ്രധാന കേന്ദ്രമായി പാകിസ്താന്‍ തുടരുമ്പോഴും ചൈനയെ ലക്ഷ്യംവെച്ച് ദീര്‍ഘദൂര ആയുധങ്ങള്‍ വികസിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2025-ഓടെ പാകിസ്താന്റെ ശേഖരം ഏകദേശം 200-ആയി വളരുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും അവരുടെ ആയുധങ്ങളുടെ ശേഷിയില്‍ അന്താരാഷ്ട്ര സമൂഹം സംശയം പ്രകടിപ്പിച്ചിരുന്നു. നിലവിലെ വളര്‍ച്ചാ പ്രവണത തുടര്‍ന്നാല്‍, 2025-ഓടെ പാകിസ്താന്റെ ആയുധശേഖരം 220 മുതല്‍ 250 വരെയായി ഉയരുമെന്ന് വിലയിരുത്തിയെങ്കിലും ഇപ്പോഴത്തെ നിലയില്‍ മാറ്റത്തിന് സാധ്യത കുറവാണ്. മാത്രമല്ല, പാകിസ്താൻ നിലവിൽ ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകളൊന്നുമില്ല. പാകിസ്താൻ നടത്തിയ അവസാനത്തെ അറിയപ്പെടുന്ന ആണവ പരീക്ഷണം 1998 ലായിരുന്നു. സ്വതന്ത്ര സ്രോതസ്സുകളിൽ നിന്നോ ആഗോള നിരീക്ഷണ സംവിധാനങ്ങളിൽ നിന്നോ മറിച്ചൊരു സ്ഥിരീകരണം ഇക്കര്യത്തിൽ ലഭിച്ചിട്ടുമില്ല. മാത്രമല്ല, ആണവായുധം പരീക്ഷിച്ചുവെന്ന ട്രംപിന്റെ വാദം പാകിസ്താൻ തള്ളുകയും ചെയ്തു. പാകിസ്താൻ ആണവ പരീക്ഷണങ്ങൾ പുനരാരംഭിച്ചിട്ടില്ലെന്ന് ഒരു മുതിർന്ന പാകിസ്താൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ വാദങ്ങൾ രഹസ്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് ചില നിരീക്ഷകർ അഭിപ്രായം പ്രകടിപ്പിച്ചത്.
Published: 05 Nov 2025, 02:34 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്‍, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില്‍ താല്പര്യം
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented