കര്‍ഷകന്റെ മകള്‍, സാമൂഹ്യ പ്രവര്‍ത്തക, അധ്യാപിക; ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ഹരിണിയെത്തുമ്പോള്
ലോകത്ത് ആദ്യമായി ഒരു വനിതാപ്രധാനമന്ത്രിയുണ്ടായ ശ്രീലങ്കയുടെ അമരത്തേക്ക് പ്രധാനമന്ത്രിയായി വീണ്ടുമൊരു വനിതയെത്തുകയാണ്. ഹരിണി അമരസൂര്യ. ശ്രീലങ്കയുടെ 16-ാമത്തെ പ്രധാനമന്ത്രി. സാമൂഹ്യ പ്രവര്‍ത്തക, സര്‍വ്വകലാശാല അധ്യാപിക, വിദ്യാഭ്യാസ അവകാശപ്രവര്‍ത്തക...കേവലം രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങാത്ത വ്യക്തിത്വം. അതുകൊണ്ട് കൂടിയാണ് സാമ്പത്തികപ്രതിസന്ധിയും ആഭ്യന്തരകലാപവും നടുവൊടിച്ച ശ്രീലങ്കന്‍ ജനതയുടെ പുതിയ പ്രതീക്ഷയായി ഈ 54കാരി മാറുന്നത്.
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി അനുര കുമാര ദിസനായകെ ചുമതലയേറ്റതിനെ തുടര്‍ന്ന് ദിനേശ് ഗുണവര്‍ധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പിന്നാലെയാണ് അനുര കുമാര ദിസനായകെ ഹരിണിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. 6,55,289 വോട്ടുകളാണ് ഹരിണി തിരഞ്ഞെടുപ്പില്‍ നേടിയത്.
ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി അമരസൂര്യ. സിരിമാവോ ബന്ദാരനായകെ, ചന്ദ്രിക കുമാരതുംഗെ എന്നിവരാണ് ഇതിന് മുന്‍പ് പ്രധാനമന്ത്രിയായിട്ടുള്ള വനിതകള്‍. രാഷ്ട്രീയ കുടുംബത്തില്‍ നിന്നല്ലാത്ത ആദ്യ വനിതപ്രധാമന്ത്രി. വടക്കന്‍ മധ്യ ശ്രീലങ്കയിലെ അനുരാധപുരയിലെ കര്‍ഷക കുടുംബത്തില്‍ അല്ലലും ആധിയുമറിഞ്ഞ് വളര്‍ന്ന കുട്ടിക്കാലം. കര്‍ഷക തൊഴിലാളിയായ അച്ഛനെ കണ്ടുവളര്‍ന്ന ഹരിണിക്ക് തൊഴിലാളി വര്‍ഗ ഉന്നമന ആശയങ്ങളോടല്ലാതെ മറ്റൊരു ആശയങ്ങളോടും താത്പര്യ തോന്നിയില്ല.
ഡല്‍ഹിയിലെ ഹിന്ദുകോളേജ് സര്‍വകലാശാലയിലാണ് ബിരുദം പൂര്‍ത്തിയാക്കിയത്. ശേഷം ഓസ്ട്രേലിയയില്‍ അപ്ലൈഡ് ആന്ധ്രപോളജിയില്‍ ബിരുദാനന്തര ബിരുദം. എഡിന്‍ബെര്‍ഗ് സര്‍വകലാശാലായില്‍ നിന്നും സോഷ്യല്‍ ആന്ധ്രോപോളജയില്‍ നിന്നും പിഎച്ച്ഡിയും നേടി. പഠനത്തിന് ശേഷം നാട്ടിലെത്തിയ ഹരിണി ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ് ഡെവലപ്പ്മെന്റ് രംഗത്ത് സജീവ പ്രവര്‍ത്തകയായി.
സോഷ്യല്‍ ഹെല്‍ത്ത് ഓഫീസറായിട്ടാണ് ഹരിണി കരിയര്‍ ആരംഭിച്ചത്. 1990കളില്‍ യുദ്ധത്തില്‍ തകര്‍ന്ന സാധാരണക്കാരുടെ കണ്ണീരൊപ്പിയും എയഡ്സ് രോഗികള്‍ക്ക് തണലായും സുനാമി ബാധിത പ്രദേശങ്ങളിലെ കുഞ്ഞുങ്ങള്‍ക്കായും അവര്‍ നിലകൊണ്ടു. ജാതി,വര്‍ഗ, വ്യത്യാസമില്ലാതെ. ലിംഗ തുല്യതയ്ക്കും എല്‍ജിബിടിക്യു സമൂഹത്തിന്റെ നീതിക്ക് വേണ്ടിയും അവര്‍ നിരന്തരം ശബ്ദമുയര്‍ത്തി. വലിയൊരു ജനതയ്ക്ക് ഞാന്‍ അമ്മയാണ് അതിനാലാണ് എനിക്ക് എനിക്ക് സ്വന്തം രക്തത്തില്‍ കുട്ടികളില്ലാത്തതെന്ന് അവര്‍ അടുത്തിടെ ഒരു മാധ്യമത്തോട് അഭിമാനപൂര്‍വ്വം പറയുകയുണ്ടായി.
2011ലാണ് ശ്രീലങ്ക ഓപ്പണ്‍ സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗത്തില്‍ സീനിയര്‍ പ്രൊഫസറായി ഹരിണി ചുമതലയേറ്റത്. ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേര്‍സ് അസോസിയേഷന്റെ ഭാഗമായി സംഘടന പ്രവര്‍ത്തനങ്ങളിലും സജീവമായി. അവകാശ സംരക്ഷണത്തിനായി 2011-2012 ല്‍ നടന്ന സര്‍വകാലാശാല അധ്യാപക സമരങ്ങളായിരുന്നു ഹരിണിയുടെ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ്. വിദ്യാഭ്യാസത്തെ കച്ചവടത്തെ എതിര്‍ത്ത ഹരിണി .സൗജന്യ വിദ്യഭ്യാസ നയത്തിന് വേണ്ടി നിലകൊണ്ടു.
2019ലെ ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അനുര കുമാര നായകയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച നാഷണല്‍ ഇന്റലക്ച്വല്‍ ഓര്‍ഗനൈസേഷനില്‍ ഹരിണിയും അംഗമായിരുന്നു. 2020ലെ തിരഞ്ഞെടുപ്പിലാണ് ഹരിണി പാര്‍ലമെന്റിലെത്തുന്നത്. അധ്യാപികയായ ഹരിണി രാഷ്ട്രീയ ജീവിതത്തില്‍ നീതി പുലര്‍ത്തുമോയെന്നായിരുന്നു അക്കാലത്തുയര്‍ന്ന വലിയൊരു ചര്‍ച്ച. എന്നാല്‍ അത്തരം വാക്കുകള്‍ക്ക് ഫുള്‍സ്റ്റോപ്പിട്ടതായി പിന്നീടുള്ള ഹരിണിയുടെ ഓരോ പ്രവര്‍ത്തവും.
2022ല്‍ ശ്രീലങ്ക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധികാലത്ത് സര്‍ക്കാരിനെതിരെയുള്ള എന്‍പിപി പ്രതിഷേധങ്ങളില്‍ ഹരിണി സജീവ സാന്നിധ്യമായി. ജാതി-ലിംഗ-വര്‍ഗ വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ തട്ടിലും ഹരിണി സ്വീകാര്യയായത് എന്‍പിപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലുള്ള നിര്‍ണായക ഘടകങ്ങളിലൊന്നായി.
വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, വൊക്കേഷണല്‍ ട്രെയിനിങ്ങ് വകുപ്പുകളും ഹരിണിയുടെ ചുമതലയിലാണ്. ശ്രീലങ്കന്‍ രാഷ്ട്രീയ ഭൂമിയിലേക്ക് എന്തൊക്കെ സംഭാവനകള്‍ ഹരിണിക്ക് നല്‍കാനാവുമെന്ന് കാത്തിരുന്ന കാണാം
Inshort| Harini Amarasuriya becomes Sri Lanka’s 16th Prime Minister, marking a historic moment as the country’s third woman to hold the position. A social activist and academic, Harini brings a fresh perspective to a nation recovering from economic turmoil and social unrest. With a background in sociology and a career dedicated to education and human rights, she has emerged as a unifying figure. Appointed by President Anura Kumara Dissanayake, Harini is expected to play a key role in steering the nation towards stability. Her journey from humble beginnings to the Prime Minister’s office symbolizes hope and progress for Sri Lanka.
Content Highlights: Sri Lanka women leaders, Sri Lanka Prime Minister Harini Amarasuriya, Sri Lanka political changes
Published: 21 Nov 2024, 10:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented