ആ ഒക്ടോബർ ഏഴ്, ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണങ്ങളിൽ 1200 പേർ കൊല്ലപ്പെടുന്നു. പിന്നീടങ്ങോട്ട്, 21-ാം നൂറ്റാണ്ടിൽ ആധുനിക മനുഷ്യൻ കണ്ട കൊടും ക്രൂരതകളാണ് ഗാസയിൽ നടന്നത്. ഇന്നുവരെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മരിച്ചുവീണവരുടെ എണ്ണം 67,139 ലേറെ വരും. ഒരു മര്യാദയുമില്ലാതെ, ആശുപത്രികളും, ക്യാമ്പുകളും അടക്കം പലസ്തീനികളെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണങ്ങൾ. മരിച്ചുവീണവരിൽ 70 ശതമാനവും കുഞ്ഞുങ്ങളും സ്ത്രീകളും. പരിക്കേറ്റവർ 1.62 ലക്ഷം. ഹമാസും കൂട്ടരും നടത്തിയ പ്രത്യാക്രമണങ്ങളിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവർ 2291. അമേരിക്കൻ പ്രസിഡന്റ് കൊട്ടിഘോഷിച്ച് നടത്തുന്ന സമാധാന ഉദ്യമം തുടങ്ങിക്കഴിഞ്ഞു, അതും രണ്ടു വർഷം കഴിഞ്ഞ്. ഈ രണ്ടു വർഷം ലോകത്തിലൊരു ശക്തിക്കും പ്രശ്നത്തിൽ ഇടപെടാൻ കഴിയാതിരുന്നത് നമ്മളെ ലജ്ജിപ്പിക്കുന്നു. അതിനുമപ്പുറം, കെട്ടിട അവിശിഷ്ടങ്ങളും, മലിനമാക്കപ്പെട്ട ശുദ്ധജല സ്രോതസ്സുകളും, പുകയും പൊടിയും ചോരയുടെ ഗന്ധവും നിറഞ്ഞ വായുവുമുള്ള തകർത്തെറിയപ്പെട്ട ഒരു ഭൂമേഖലയെ നമ്മൾ മറക്കാതിരിക്കണം.

To advertise here,

രക്ഷാപ്രവർത്തകർക്ക് പോലും എത്തിച്ചേരാനാകാതെ, ആയിരക്കണക്കിന് ജീവനുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിലാണ് എന്ന് നാമോർക്കണം. മനസിനും ശരീരത്തിനും മുറിവേറ്റ, നിരന്തരം പലായനം ചെയ്യേണ്ടിവന്ന ലക്ഷക്കണക്കിനാളുകൾ. ബോംബാക്രമണങ്ങളിൽ 90 ശതമാനവും തകർന്നുതരിപ്പണമായി ജീവിതയോഗ്യമല്ലാതായിതീർന്ന നാട്... നടന്നത് വംശഹത്യയാണെന്ന് ലോകം പറഞ്ഞിട്ടും ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക കമ്മിറ്റി അത് സ്ഥിരീകരിച്ചത് രണ്ടാഴ്ച മുൻപ് മാത്രമാണ്. യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ, ലോകരാജ്യങ്ങളെല്ലാം ഗാസയ്ക്ക് വേണ്ടി ശബ്ദമുയർത്തുന്നുണ്ട്. പക്ഷേ ഗാസ ശാന്തമായിട്ടില്ല. മനുഷ്യത്വത്തിന്റെ പേരിൽ കൊടുത്തുവിട്ട സഹായങ്ങൾ പോലും പിടിച്ചുവച്ചിരിക്കുകയാണ്. സംസ്കാരസമ്പന്നനായ മനുഷ്യന് ചിന്തിക്കാനാവുന്നതിനും അപ്പുറം ഭയാനകമാണ് അവിടം.

വിശന്ന് മരിക്കുന്നവർ

വിശപ്പിനെ പോലും ഇസ്രയേൽ ആയുധമാക്കി. 2024 ഓഗസ്റ്റ് ആയപ്പോഴേക്കും ഗാസയിൽ ക്ഷാമം തുടങ്ങിയതായി യുഎൻ നേതൃത്വത്തിലുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ സ്ഥിരീകരിച്ചിരുന്നു. അന്നം വരുന്ന വഴികൾ അടച്ചുപൂട്ടിയപ്പോൾ ഗാസ അനുഭവിക്കേണ്ടിവന്നത് കടുത്ത വിശപ്പ്, പോഷകാഹാരക്കുറവ്, മരണം തുടങ്ങിയവയ്ക്കാണ്. ഏറ്റവും വിനാശകരമായ ഭക്ഷ്യ അരക്ഷിതാവസ്ഥയാണ് അഞ്ച് ലക്ഷത്തിലധികം പലസ്തീനികളും ഇന്ന് നേരിടുന്നത്. 2023 ഒക്ടോബർ മുതൽ, 154 കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 459 പേരെങ്കിലും പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരിച്ചു.

ഗാസയിലേക്ക് സഹായമെത്തിക്കാൻ അതിർത്തിയിലെത്തിയ ട്രക്കുകൾക്ക് ഇസ്രയേൽ പ്രവേശനം തടയുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്ത വാർത്തകൾ വെറും വാർത്തകൾ മാത്രമായി. അനുവദനീയമായ സഹായത്തിന്റെ അളവ് മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ പര്യാപ്തമല്ലെന്നാണ് യുഎൻ ഏജൻസികൾ പറയുന്നത്. "സമുദ്രത്തിലെ ഒരു തുള്ളി"യാണത്രെ നിലവിൽ ലഭിക്കുന്ന സഹായം.

പൂർണമായി തകർന്ന ആരോഗ്യശൃംഖല

ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഗാസയിലെ ആരോഗ്യ സംരക്ഷണ സംവിധാനം പൂർണമായി തകർച്ചയുടെ വക്കിലാണ്. നേരത്തുണ്ടായിരുന്ന 36 ആശുപത്രികളിൽ 34 എണ്ണം പൂർണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടു. ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ സ്റ്റാഫ്, ആംബുലൻസുകൾ എന്നിവയെ ലക്ഷ്യവെച്ച് 400-ലധികം അക്രമണങ്ങളാണ് ഗാസയിൽ നടന്നത്. അവശ്യവസ്തുക്കളില്ല, വൈദ്യുതിയില്ല അങ്ങനെ ഭയാനകമായ സാഹചര്യത്തിലാണ് മെഡിക്കൽ ടീമുകൾ പ്രവർത്തിക്കുന്നത് പോലും. ഭാഗികമായി പ്രവർത്തിക്കുന്ന ചുരുക്കം ചില ആശുപത്രികളിലാണെങ്കിൽ താങ്ങാനാവുന്നതിലും കൂടുതലാണ് രോഗികളുടെ എണ്ണം.

അവസാനിക്കാത്ത പലായനം

ഗാസയിലെ 92 ശതമാനം വീടുകളും 72 ശതമാനം കെട്ടിടങ്ങളും യുദ്ധത്തിൽ തകർന്നു. 67 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തീരദേശമായ അൽ മുവാസി മാത്രമാണ് നിലവിൽ വാസയോഗ്യമായ മേഖല. ഗാസയിലെ ജനസംഖ്യയുടെ 80% ത്തിലധികം വരുന്ന 19 ലക്ഷത്തിലധികം പലസ്തീനികളെയും ബലമായി കുടിയിറക്കി. പലർക്കും പലതവണ പലായനം ചെയ്യേണ്ടിവന്നു. യുദ്ധം ആരംഭിച്ചതിനുശേഷം മിക്കവാറും എല്ലാ കുടുംബങ്ങളും ഒരിക്കലെങ്കിലും കുടിയിറക്കപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ. ഗാസയുടെ 88% ഭൂമിയിലും ഇപ്പോൾ ഒഴിപ്പിക്കൽ നടക്കുകയാണ്. കുട്ടികൾ, പ്രായമായവർ, വികലാംഗർ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് സുരക്ഷിത സ്ഥാനത്തേക്ക് എത്താൻ മണിക്കൂറുകളോളം നടക്കേണ്ടി വന്നു. ഗതാഗതച്ചെലവിനായി പല കുടുംബങ്ങളും ശേഷിച്ച സ്വത്തുക്കൾ വിറ്റു. മറ്റു ചിലർ ഭക്ഷണമോ വെള്ളമോ ഇല്ലാതെ നടന്നു. വടക്കൻ ഗാസയിലെ 70-ലധികം ഷെൽട്ടറുകൾ ജനത്തിരക്കോ, കേടുപാടുകളോ, സഹായത്തിന്റെ അഭാവമോ കാരണം അടച്ചുപൂട്ടി. കുടിയിറക്കപ്പെട്ട പതിനായിരക്കണക്കിന് ആളുകൾ ഇപ്പോൾ തെരുവിലാണ്.

വിദ്യാഭ്യാസമില്ല, വിദ്യാർഥികളും

കുട്ടികളെ എങ്ങനെ പോറ്റണമെന്നോ അവരെ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കണമെന്നോ അറിയാതെ പരിഭ്രാന്തരായ അമ്മമാരുടെ നാടാണ് ഇന്ന് ഗാസ. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 179-ലധികം പൊതുവിദ്യാലയങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടു, 100-ലധികം സ്കൂളുകൾ ഉപയോഗശൂന്യമായി. ഇരുപത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു, 60-ലധികം സർവകലാശാല കെട്ടിടങ്ങൾ നിലംപരിശായി. യുദ്ധം ആരംഭിച്ചതിനുശേഷം, 18,000-ത്തിലധികം സ്കൂൾ വിദ്യാർഥികളും 1,300-ലധികം സർവകലാശാല വിദ്യാർത്ഥികളും കൊല്ലപ്പെട്ടു. 1,000-ത്തിലധികം അധ്യാപകർക്കും ജീവൻ നഷ്ടപ്പെട്ടു. ഏകദേശം 5,000-ത്തിലധികം പേർക്ക് പരിക്കേറ്റു. ഇതിന്റെ ഫലമായി 630,000-ത്തിലധികം വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ടു.

കാത്തിരിക്കുന്ന പാരിസ്ഥിതിക ദുരന്തം

മന്ദഗതിയിലുള്ള ഒരു പാരിസ്ഥിതിക ദുരന്തത്തെ കൂടിയാണ് ഗാസ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഗാസയുടെ പരിസ്ഥിതിക്കുണ്ടായ നാശം പരിഹരിക്കാൻ പതിറ്റാണ്ടുകൾ എടുത്തേക്കാമെന്നാണ് ഐക്യരാഷ്ട്ര പരിസ്ഥിതി സമിതി നൽകിയ മുന്നറിയിപ്പ്. ശുദ്ധജലം കിട്ടാനില്ല. ജലാശയങ്ങളെല്ലാം മലിനമായി. ഗാസയിലെ 97% വൃക്ഷവിളകളും 82% സീസണൽ വിളകളും നശിപ്പിക്കപ്പെട്ടു, ഇത് പ്രാദേശിക ഭക്ഷ്യ ഉൽപാദനം ഏതാണ്ട് ഇല്ലാതാക്കി. ഗാസയിലെ തകർന്ന കെട്ടിടങ്ങൾ മാത്രം 61 ദശലക്ഷം ടൺ അവശിഷ്ടങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത് ഉണ്ടാക്കിയ മലിനീകരണം ചില്ലറയാവില്ല. വായു, ജലം, മണ്ണ് എന്നിവയുടെ മലിനീകരണം പൊതുജനാരോഗ്യത്തിന്, പ്രത്യേകിച്ച് കുട്ടികൾക്ക്, ഗുരുതരമായ ദീർഘകാല അപകടസാധ്യതകളുണ്ടാക്കും.

തുടക്കംകുറിച്ച ഒക്ടോബർ 7

2023 ഒക്ടോബർ 7-ന് പുലർച്ചെ 6.30 ഓടെയാണ് ഹമാസ് ഗാസാ അതിർത്തിയിൽ നിന്ന് ഇസ്രയേലിനെതിരെ വലിയ തോതിലുള്ള റോക്കറ്റ് ആക്രമണം നടത്തുന്നത്. ഏകദേശം 3,000–5,000 റോക്കറ്റുകളാണ് അന്ന് ഇസ്രയേലിലേക്ക് വിക്ഷേപിച്ച‌ത്. അതിർത്തി വേലി തകർത്തെറിഞ്ഞ് 20-ലധികം ഇസ്രയേൽ പട്ടണങ്ങളിലേക്കും ഹമാസ് കടന്നു. അന്ന് ഇസ്രയേലിൽ 1139 പേരാണ് മരിച്ചത്. മിക്കവരും സാധാരണ പൗരന്മാർ. ഇതുകൂടാതെ 240-ഓളം പേരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇസ്രയേലിന്റെ സുരക്ഷാ വീഴ്ചയും അതിർത്തി നിരീക്ഷണ പാളിച്ചയും വലിയ ചർച്ചയായി. പ്രതിരോധ രംഗത്തെ സൂപ്പർ പവറായ ഇസ്രയേൽ അന്ന് നിലംപരിശായി. 1973-ലെ യോംകിപ്പൂർ യുദ്ധത്തിനു ശേഷം ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ ആക്രമണം ആയി അത് മാറി.

വെസ്റ്റ് ബാങ്കിലും ജറുസലേമിലും തുടരുന്ന ഇസ്രയേലി അധിനിവേശത്തിന് പകരം ചോദിക്കാനായിരുന്നു ഒക്ടോബർ ഏഴിലെ ആക്രമണമെന്നാണ്, ഹമാസിന്റെ ന്യായം. പലസ്തീൻകാർ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന പീഡകൾക്കുള്ള പ്രതികരണം. ഗാസയിലും അൽ അഖ്സ പോലുള്ള പുണ്യസ്ഥലങ്ങളിലും പലസ്തീൻകാർക്കുനേരേ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നതായിരുന്നു പ്രധാന ആവശ്യം. എന്നാൽ, അങ്ങനെയൊരു പ്രഹരമേൽപ്പിച്ചാൽ ഇസ്രയേൽ തിരിച്ചടിക്കുമെന്ന് അറിയാതെയായിരുന്നില്ല നടപടി. ഗാസയെന്ന ചെറുതുരുത്തിലെ മനുഷ്യർക്ക് നരകയാതനകളുടെ നീണ്ടദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. പലസ്തീനിലെ ജനതയെ ഉന്മൂലനം ചെയ്യേണ്ടത് തങ്ങളുടെ അവകാശമാണെന്നും തങ്ങളതു ചെയ്തുകൊണ്ടിരിക്കുമെന്നും ഉച്ചത്തിൽ വിളിച്ചു പറഞ്ഞ്. ഒരു കുറ്റബോധവുമില്ലാതെ, പകൽ വെളിച്ചത്തിൽ ഇസ്രയേൽ ഗാസയിൽ വംശഹത്യ നടത്തി.

നരകയാതനകളുടെ ദിനങ്ങൾ

2023 ഒക്ടോബർ 9നാണ് ഗാസയ്ക്കുമേൽ ഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തുന്നത്. ശേഷം 13ാം തീയ്യതി ഏറ്റവും വലിയ നഗരമായ ഗാസാ സിറ്റിയിൽ നിന്ന് 11 ലക്ഷം പേരെ കുടിയിറക്കി ഇസ്രയേൽ കരയാക്രമണം തുടങ്ങി. ഇതിൽ ഏറ്റവും ഭീകരമായിരുന്നു ഒക്ടോബർ 17ന് അൽ അഹ്ലി ആശുപത്രിയിൽ 500 ലേറെപ്പേരുടെ ജീവനെടുത്ത വ്യോമാക്രമണം. ഇക്കാലയളവിൽ ഗാസയിലേക്കുള്ള വൈദ്യുതി, ഇന്ധനം, വെള്ളം, ഇന്റർനെറ്റ് എന്നിവയെല്ലാം ഇസ്രയേൽ വിച്ഛേദിച്ചു. ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ആയിരക്കണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടു. വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മാനുഷിക ദുരന്തത്തെക്കുറിച്ച് യുഎൻ ഇതിനിടെ മുന്നറിയിപ്പ് നൽകി. പക്ഷേ അതൊന്നും എവിടെയും പരിഗണിക്കപ്പെട്ടില്ല.

നവംബറായപ്പോഴേക്കും ഇസ്രയേൽ ടാങ്കുകളും സൈന്യവും വടക്കൻ ഗാസയിലേക്ക് പ്രവേശിച്ചു. ആശുപത്രിക്കടിയിൽ ഹമാസിന്റെ ഭൂഗർഭ കേന്ദ്രമുണ്ടെന്ന് ആരോപിച്ച് നവംബർ 15ന് ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയിൽ ആഴ്ചകൾ നീണ്ട സൈനിക നടപടി ഇസ്രയേൽ നടത്തി. രോഗികളടക്കം നൂറുകണക്കിനാളുകളാണ് അന്ന് മരിച്ചത്. നവംബർ മാസാവസാനത്തോടെ മാത്രം മരിച്ചവരുടെ എണ്ണം 15,000-ത്തിലധികമായി.

ജീവനെടുക്കുന്ന വെടിയൊച്ചകൾക്ക് ഇതിനിടെ ഒരാഴ്ചകാലം ചെറിയൊരു ആശ്വസമുണ്ടായി. മധ്യസ്ഥരായ ഖത്തറിന്റെയും ഈജിപ്തിന്റെയും യുഎസിന്റെയും ഇടപെടലിലൂടെയാണ് നവംബർ 24നാണ് വെടിനിർത്തൽ ഇടവേള ഉണ്ടായത്. 105 ബന്ദികളെ അന്ന് മോചിപ്പിക്കുകയും ചെയ്തു. ആവശ്യസഹായമെത്തിക്കാനും അന്ന് അനുവാദമുണ്ടായി. എന്നാൽ നവംബർ 30ന് വീണ്ടും പഴയസ്ഥിതിയാലി. ജനുവരി ആയപ്പോഴേക്കും റഫ ഉൾപ്പെടെയുള്ള തെക്കൻ ഗാസയിൽ ഇസ്രായേൽ പ്രവർത്തനം ശക്തമാക്കി.

2024 ജനുവരി ഒന്നിന് ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നുവെന്നാരോപിച്ച് ദക്ഷിണാഫ്രിക്ക നൽകിയ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയിലെത്തി. വംശഹത്യ തടയാൻ കോടതി ഇസ്രായേലിനോട് ഉത്തരവിട്ടു, പക്ഷേ വെടിനിർത്തൽ ആവശ്യപ്പെട്ടില്ല. നവംബർ 21ന് രാജ്യാന്തര ക്രിമിനൽ കോടതി നെതന്യാഹുവിനും ഹമാസ് നേതാക്കൾക്കുമെതിരെ വംശഹത്യാക്കുറ്റത്തിന് അറസ്റ്റ് വാറന്റ് നൽകി. 2025 ജനുവരിയിൽ വീണ്ടും ഗാസയിൽ താൽകാലിക വെടിനിർത്തലും ബന്ദികളുടെ മോചനവും നടന്നു. എന്നാൽ മാർച്ച് ഒന്നിന് വീണ്ടും പഴയ സ്ഥിതിയായി. കൂടാതെ ഗാസയിലേക്കുള്ള സഹായവിതരണം ഇസ്രയേൽ തടയുകയും ചെയ്തു. ഓഗസ്റ്റ് 21ന് ഗാസ ജനസംഖ്യയുടെ 25 ശതമാനവും പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന സ്ഥിരീകരിച്ചു.

ഇതിനിടെയെല്ലാം സ്ഥിരമായ വെടിനിർത്തൽ ആവശ്യപ്പെട്ട് ആഗോള പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കൂടുതൽ മാനുഷിക സഹായം അനുവദിക്കാൻ യുഎസും യൂറോപ്യൻ യൂണിയനും ഇസ്രയേലിനുമേൽ സമ്മർദ്ദം ചെലുത്തി. പക്ഷേ അതൊന്നും കൂസാക്കാതെ നെതന്യാഹു ആക്രമണം തുടർന്നുകൊണ്ടേയിരുന്നു.

ഗാസയ്ക്ക് വേണ്ടി ലോകരാജ്യങ്ങൾ

യുദ്ധത്തിന്റെ തുടക്കകാലത്ത് പാശ്ചാത്യലോകമേറെയും ഇസ്രയേലിനൊപ്പമായിരുന്നു. ആക്രമണം തുടങ്ങിയപ്പോൾ ഇസ്രയേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ പിന്തുണച്ച യുഎസ് വീറ്റോ ചെയ്തത് കാരണം വെടിനിർത്തൽ പ്രമേയം പാസാക്കാൻ യുഎൻ സുരക്ഷാ കൗൺസിലിന് സാധിച്ചിരുന്നില്ല. എന്നാൽ ഗാസയിലെ കൂട്ടക്കുരുതി അവസാനമില്ലാതെ തുടർന്നപ്പോൾ ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ ഇസ്രയേലിന്റെ പ്രധാന സഖ്യകക്ഷികൾ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിച്ചു.

ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണെങ്കിലും ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പലവട്ടം ശ്രമിച്ചിട്ടുണ്ട്. ജോ ബൈഡന് ആ കാര്യത്തിൽ പരാജയപ്പെട്ടപ്പോഴാണ് മണിക്കൂറുകൾക്കകം യുദ്ധം അവസാനിപ്പിക്കുമെന്ന വാഗ്ദാനവുമായി ട്രംപ് ഭരണത്തിലേറിയത്. ഇപ്പോൾ മാസങ്ങൾ കഴിഞ്ഞെങ്കിലും പുതിയ സമാധാനകരാറിലൂടെയെങ്കിലും അത് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ലോകം. യുഎസ് പക്ഷപാതത്തെ വിമർശിച്ച റഷ്യയും ചൈനയും ദ്വിരാഷ്ട്ര പരിഹാരത്തിനും ആഹ്വാനം ചെയ്തു. നിലവിൽ ഇറാൻ മാത്രമാണ് ഹമാസിന് പിന്തുണ നൽകുന്നത്.

ഹമാസിന്റെ പ്രവൃത്തികൾക്കെതിരാണെങ്കിലും ഖത്തർ, ഈജിപ്ത്, സൗദി അറേബ്യ എന്നീ അറബ് രാജ്യങ്ങൾ പ്രത്യക്ഷത്തിൽ പലസ്തീന് ഒപ്പമാണ്. ഒന്നിലധികം തവണ വെടിനിർത്തൽ ശ്രമങ്ങൾ നടത്തിയ അവർ ഇപ്പോഴത്തെ സമാധാന കരാറിനും പിന്തുണ നൽകുന്നുണ്ട്. എന്നാൽ അമേരിക്കയും മറ്റും അയയ്ക്കുന്ന ആയുധങ്ങൾ ആദ്യം എത്തുന്നത് ഈജിപ്തിലെയും സൗദിയുടെയും യുഎഇയുടെയും മറ്റും തുറമുഖങ്ങളിലുമാണ്. അതൊക്കെ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇസ്രയേലിലെത്തിക്കുന്നവർക്ക് പലസ്തീനിലേക്കുള്ള ഭക്ഷണവും മരുന്നുമെല്ലാമെത്തിക്കാൻ ആഴ്ചകളോളം സമയമെടുക്കുന്നത് രാജ്യങ്ങളുടെ ഇരട്ടമുഖമാണ് കാത്തിക്കുന്നത്.

സാധ്യമാകുമോ സമാധാന കരാർ?

ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ ഒരു താൽക്കാലിക ഭരണകൂടം സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള 20 ഇന നിർദ്ദേശമാണ് ട്രംപ് സമാധാന കരാറിലൂടെ മുന്നോട്ട് വെച്ചിരിക്കുന്നത്. ട്രംപിന്റെ പദ്ധതി വെള്ളിയാഴ്ചയാണ് ഹമാസ് ഭാഗികമായി അംഗീകരിച്ചത്. അതിലെ വ്യവസ്ഥപ്രകാരം ബന്ദികളെ കൈമാറാമെന്നും ഗാസയുടെ ഭരണത്തിൽനിന്ന് പിന്മാറാമെന്നുമാണ് സമ്മതിച്ചിരിക്കുന്നത്. വെടിനിർത്തൽ പ്രാബല്യത്തിലായാൽ ഗാസയിൽ ശേഷിക്കുന്ന 48 ബന്ദികളിൽ ജീവനോടെയുള്ള 20 പേരെയും മറ്റുള്ളവരുടെ മൃതദേങ്ങളും ഹമാസ് മൂന്നുദിവസത്തിനകം വിട്ടുനൽകണം.

എന്നാൽ കരാറിൽ ഹമാസും ഇസ്രയേലും സമ്മതിച്ചാലും യുദ്ധം അവസാനിക്കുമോ എന്നത് ചോദ്യമാണ്. നേരത്തെയും ഇസ്രയേൽ-പലസ്തീൻ സംഘർഷം പരിഹരിക്കാൻ അമേരിക്ക സമാധാന കരാർ കൊണ്ടുവന്നിരുന്നു. പക്ഷേ അന്നെല്ലാം ഇസ്രയേൽ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് നടപ്പിലായില്ല. നിലവിൽ ട്രംപ് ഉടൻ ബോംബാക്രമണം നിർത്താൻ ആവശ്യപ്പെട്ടിട്ടും ഇസ്രയേൽ ആക്രമണങ്ങൾ തുടരുകയാണ്. ഇസ്രയേൽ സൈന്യം ഗാസയുടെ ഭൂരിഭാഗം പ്രദേശത്തും തുടരുമെന്നും സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ താൻ സമ്മതിച്ചിട്ടില്ലെന്നും നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റയടിക്ക് നിരായുധീകരിക്കുന്നതും മുഴുവൻ ബന്ദികളെയും കൈമാറുന്നതും ഹമാസിനെയും പൂർണമായും തകർക്കും. ഈ സാഹചര്യത്തിൽ ഹമാസ് എത്രത്തോളം വ്യവസ്ഥകൾ അംഗീകരിക്കുമെന്ന് ഈജിപ്തിലെ കയ്‌റോയിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷമറിയാം.

ഇനി കരാർ വന്നാലും ഗാസയിലെ അവസ്ഥ മെച്ചപ്പെടണമെന്നില്ല. ഇസ്രയേലി മിലിട്ടറി ഗാസയില്‍നിന്ന് പിന്‍വാങ്ങിയാല്‍ അധികാരം ഏറ്റെടുക്കുന്ന സ്ഥിരം അന്താരാഷ്ട്ര സേനയുടെ വിശദാംശങ്ങളെ കുറിച്ചൊന്നും കൃത്യമായ പരാമര്‍ശങ്ങള്‍ കരാറിലില്ല. പലസ്തീനിയന്‍ അതോറിറ്റി ഭാവിയില്‍ സര്‍ക്കാരായി മാറുമ്പോള്‍ അതില്‍ തിരഞ്ഞെടുപ്പ് നടത്തുമോ എന്ന കാര്യത്തിലും നടത്തിയാല്‍ ആര്‍ക്കാണ് വോട്ട് ചെയ്യാനാകുക എന്ന കാര്യത്തിലും വ്യക്തതയില്ല. കരാർ സാധ്യമായാൽ പലസ്തീനികളെ നിരായുധീകരിക്കും ഗാസയിൽ സൈന്യം ഇല്ലാതാവും. ഇതോടെ പ്രദേശം പൂർണമായും ദുർബലമാവും. ഇതാണ് ഉയരുന്ന ഒരു ആശങ്ക.

വേണ്ടത് മാനുഷിക പരിഗണന

വ്യോമാക്രമണങ്ങൾ, പട്ടിണി, കുടിയിറക്കം, രോഗം എന്നിവയാൽ ഓരോ ദിവസവും നഷ്ടങ്ങളുടെ നടുവിലാണ് ഗാസയിലെ ജനത കഴിയുന്നത്. വിദ്യാഭ്യാസമോ സുരക്ഷയോ പ്രതീക്ഷയോ ലഭിക്കാതെ മുഴുവൻ തലമുറകളും യുദ്ധത്തിന്റെ നിഴലിലാണ് വളരുന്നത്. ഇതിന്റെ അനന്തരഫലങ്ങൾ പതിറ്റാണ്ടുകളോളം അലയടിക്കും. സമാധാനം സാധ്യമായാലും രാജ്യത്തെ ജനസംഖ്യാ കണക്കുകളിൽ ആശ്രിതരാകും ഭൂരിപക്ഷം. കണക്കുകളോ വാക്കുകളോ കൊണ്ട് പറയാനാകുന്നതല്ല ഗാസയിലെ കാഴ്ചകൾ.