ആരാകും അമരത്ത്? ഫലം വന്ന് അഞ്ച് മിനിറ്റിനകം മുഖ്യനെ പ്രഖ്യാപിക്കാൻ കോൺഗ്രസിനാകുമോ?
സതീശനോ ചെന്നിത്തലയോ അതോ കെ.സിയോ? ആരാകും കോൺഗ്രസിലെ മുഖ്യമന്ത്രി? അധികാരം ആർക്കെന്ന് തീരുമാനമാകും മുമ്പേ മുഖ്യമന്ത്രി ആരെന്ന അനൗദ്യോഗിക ചർച്ചകൾ കോൺഗ്രസ് ക്യാമ്പിൽ ചൂടുപിടിച്ചിരിക്കുന്നു. മുഖ്യൻ എറണാകുളത്തുനിന്നാണോ അതോ ആലപ്പുഴയിൽനിന്നാണോ അതുമല്ലെങ്കിൽ ഡൽഹിയിൽനിന്ന് വരുമോ എന്നതാണ് ഉയർന്നുകേൾക്കുന്ന ചോദ്യം.
മേയ് നാലിന് ഫലംവന്ന് അഞ്ച് മിനിറ്റിനകം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് പിസി വിഷ്ണുനാഥ് കഴിഞ്ഞദിവസം പ്രതികരിച്ചത്. പക്ഷേ കണ്ണൂരിലെ സുധാകരന്റെ സ്ഥാനാർഥിത്വത്തിൽ പോലും മുൾമുനയിൽനിന്ന കോൺഗ്രസിന് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ അത്ര എളുപ്പത്തിൽ സാധിക്കുമോ എന്നതിലാണ് ഇനി ആകാംഷ. ഒരുഭാഗത്ത് പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് പാർട്ടിയെ നയിച്ച വിഡി സതീശൻ. മറുഭാഗത്ത് പാർട്ടിയിലെ സീനിയർ നേതാക്കളായ രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും. മൂന്നുപേരും പാർട്ടിയിലെ പ്രമുഖർ. പറഞ്ഞ സമയത്ത് സ്ഥാനാർഥി പട്ടിക പുറത്തിറിക്കാൻ കഴിയാതിരുന്ന കോൺഗ്രസിന് ഇവരിലെരാളെ ഫലം വന്നയുടൻ മുഖ്യന്ത്രിയായി പ്രഖ്യാപിക്കാനാകുമോ എന്നതിലാണ് സംശയം.
കെ. കരുണാകരനും എ.കെ. ആന്റണിയും ഉമ്മൻചാണ്ടിയുമെല്ലാം മുന്നണിയെ നയിച്ചിരുന്ന കാലത്ത് നേരത്തേ പ്രഖ്യാപിച്ചില്ലെങ്കിൽപ്പോലും അധികാരം ലഭിച്ചാൽ ആരാകും അമരത്ത് എന്ന കാര്യത്തിൽ തർക്കമുണ്ടായിരുന്നില്ല. എന്നാൽ, നിലവിൽ അതല്ല സ്ഥിതി. കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ ആകെമൊത്തം മാറി. പണ്ട് എ, ഐ ഗ്രൂപ്പുകളായിരുന്നെങ്കിൽ ഇന്നത് കെസി, വിഡി, ആർസി എന്ന നിലയിലാണ്. പരസ്യമായി തുറന്നുപറഞ്ഞില്ലെങ്കിലും പാർട്ടിയിൽ പ്രബലരായ മൂന്ന് കൂട്ടർക്കും മുഖ്യമന്ത്രി പദത്തിൽ മോഹമുണ്ട്. മുഖ്യമന്ത്രി ആരെന്ന പരസ്യമായ ചർച്ചകൾ മൂന്ന് പേരും തള്ളുന്നുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്ന് മൂന്നുപേരും നിലപാട് എടുത്തിട്ടുമില്ല.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മൂന്നു പേരുടേയും സാധ്യതകൾ എങ്ങനെയാണെന്ന് നോക്കാം...
യുഡിഎഫ് അധികാരത്തിൽ എത്തിയില്ലെങ്കിൽ രാഷ്ട്രീയവനവാസത്തിന് പോകുമെന്ന സതീശന്റെ ഉറച്ച നിലപാട് മുഖ്യമന്ത്രിക്കസേര കൂടി ലക്ഷ്യമിട്ടുള്ളതാണ്. സതീശൻ പറഞ്ഞപോലെ 100 സീറ്റോളം നേടി ഉജ്വല ജയം യുഡിഎഫ് നേടിയാൽ അതിന്റെ പൂർണ ക്രെഡിറ്റ് സതീശന് അവകാശപ്പെടാം. മുഖ്യമന്ത്രി പദവും ഏറെക്കുറേ ഉറപ്പിക്കാം. സതീശൻ പ്രതിപക്ഷനേതാവായ ശേഷം നടന്ന തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും വിജയവും സതീശന് മേൽകൈ നൽകും. ഈ വിജയങ്ങളിലെല്ലാം പാർട്ടിയെ നയിച്ചത് സതീശനാണെന്ന വാദം ഉന്നയിച്ചാണ് സതീശൻ അനുകൂലികൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം തന്നെ വരണമെന്ന വാദം മുന്നോട്ടുവെക്കുന്നത്.
ഇനിയൊരുപക്ഷേ വലിയ ഭൂരിപക്ഷത്തിലല്ല യുഡിഎഫിന്റെ വിജയമെങ്കിൽ രമേശ് ചെന്നിത്തലയ്ക്കും നറുക്ക് വീഴാം. മുതിർന്ന നേതാവെന്ന നിലയിൽ അമരത്തേക്ക് സതീശനെക്കാൾ പരിഗണന ചെന്നിത്തലയ്ക്ക് കിട്ടിയേക്കാം. സോണിയാ ഗാന്ധിയുടെ പിന്തുണയും ചെന്നിത്തലയ്ക്കാണെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികൾ പറയുന്നത്. എൻഎസ്എസ്-എസ്എൻഡിപി പിന്തുണയും ചെന്നിത്തലയ്ക്ക് അനുകൂലമാണ്. സതീശനെ എതിർക്കുന്ന കെ സുധാകരൻ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുതിർന്ന ചില കോൺഗ്രസ് നേതാക്കളുടെ പിന്തുണയും ചെന്നിത്തലയ്ക്കുണ്ട്.
ഈ രണ്ട് സാധ്യതകൾക്ക് പുറമേ എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഡൽഹിയിൽനിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന ചർച്ചകളും സജീവമാണ്. കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ ഉടൻ പുനഃസംഘടന വരാനിരിക്കെ അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മാറ്റിപ്പരീക്ഷിക്കാനും സാധ്യതയേറെ. അങ്ങനെയെങ്കിൽ മത്സരരംഗത്തില്ലാത്ത, നിലവിൽ എംഎൽഎ അല്ലാത്ത കെസി മുഖ്യമന്ത്രിയാകും. ആറുമാസത്തിനകം ഒരു സിറ്റിങ് എംഎൽഎയെ രാജിവെപ്പിച്ച് ഉപതിരഞ്ഞെടുപ്പിലൂടെ നിയമസാഭാഗത്വം ഉറപ്പിക്കേണ്ടിയും വരും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം ആരെ നിർദേശിച്ചാലും അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണ്. ജയിച്ചുവരുന്ന എംഎൽഎമാരുടെ പിന്തുണ ആർക്കാണ് എന്നതിനെ അനുസരിച്ചായിരിക്കും കാര്യങ്ങൾ. സമീപകാലത്ത് കോൺഗ്രസ് ഭരണംപിടിച്ച സംസ്ഥാനങ്ങളിലെല്ലാം മുഖ്യമന്ത്രിമാരെ തീരുമാനിച്ചത് എംഎൽഎമാരുടെ ഭൂരിപക്ഷം നോക്കിയാണ്. രാജസ്ഥാനിലും കർണാടകയിലും തെലങ്കാനയിലുമെല്ലാം കണ്ടത് അതാണ്. രാജസ്ഥാനിൽ ജയിച്ചപ്പോൾ പിസിസി പ്രസിഡന്റായി പാർട്ടിയെ നയിച്ചത് സച്ചിൻ പൈലറ്റ് ആയിരുന്നെങ്കിൽ മുഖ്യമന്ത്രിയായത് അശോക് ഖലോട്ടിനായിരുന്നു. കർണാടകയിലും ഇതായിരുന്നു സ്ഥിതി. ഡികെ ശിവകുമാറാണ് പാർട്ടിയെ നയിച്ചതെങ്കിലും മുഖ്യമന്ത്രി പദം കിട്ടിയത് സിദ്ധരാമയ്യയ്ക്ക്. തെലങ്കാനയിലും മാറ്റമുണ്ടായില്ല. എംഎൽഎമാരുടെ പിന്തുണയിൽ രേവന്ത് റെഡ്ഡി മുഖ്യമന്തിയായി. കേരളത്തിലും ഇതിന് സമാനമായിരിക്കും കാര്യങ്ങൾ. കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷം മുഖ്യനെ തീരുമാനിക്കും. അതിനാൽ ജയിച്ചുവരുന്ന എംഎൽഎമാരുടെ പിന്തുണ നിർണായകമാണ്. നിലവിൽ കോൺഗ്രസ് സ്ഥാനാർഥിപട്ടികയിലെ ഭുരിഭാഗം പേരും കെസി അനുകൂലികളാണ്. സതീശനുള്ള പ്രധാന വെല്ലുവിളിയും അതാണ്.
അതേസമയം എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പാർട്ടിയുടെ ഉറച്ച തീരുമാനം കെസിയുടെ മോഹങ്ങൾക്ക് വിലങ്ങുതടിയാകും. വലിയ കലാപക്കൊടി ഉയർത്തിയ സുധാകരനേയും അടൂർ പ്രകാശിനേയുമെല്ലാം മത്സരരംഗത്തുനിന്ന് കേന്ദ്രനേതൃത്വം മാറ്റിനിർത്തിയത് എംപിമാർ ആയതുകൊണ്ടാണ്. പാർട്ടിയുടെ ആ തീരുമാനം എല്ലാ എംപിമാർക്കും ബാധകമായതിനാൽ എംപിയായ കെസിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ മറുപക്ഷത്തുനിന്ന് എതിർപ്പുയരാം. എംപിമാർക്ക് മുന്നിൽ നിയമസഭയിലേക്ക് വാതിൽകൊട്ടിയടച്ച കോൺഗ്രസിൽ ഇനി കെസി എങ്ങനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്നതും ചോദ്യമാണ്. അവിടേയും ഹൈക്കമാൻഡ് തീരുമാനം അന്തിമമാകും. ഏതായാലും തിരഞ്ഞെടുപ്പ് ജയിക്കുന്നതിനെക്കാൾ വലിയ അധ്വാനം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ കോൺഗ്രസിനുണ്ടാകുമെന്ന് ഉറപ്പാണ്.
Content Highlights: who will be the congress chief minister assembly election 2026
Published: 14 Apr 2026, 07:03 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented