To advertise here,

ഇന്ത്യയിലെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ ദുരന്തങ്ങളിലൊന്നാണ് മധ്യപ്രദേശിലുണ്ടായിരിക്കുന്നത്. 11 കുട്ടികൾക്കാണ് മരുന്ന് കഴിച്ചതിന് പിന്നാലെ ജീവൻ നഷ്ടമായിരിക്കുന്നത്. വിഷാംശമുള്ള ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരണപ്പെട്ട ഈ സംഭവം രാജ്യത്തുടനീളം വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരത്തെ സംബന്ധിച്ച് ചോദ്യങ്ങൾക്കും വലിയ ആശങ്കകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

എന്താണ് കോൾഡ്രിഫ് ദുരന്തം?

മധ്യപ്രദേശിലെ ചിന്ദ്‌വാര ജില്ലയിൽ പരാസിയ തെഹ്‌സിലിലെ ഗ്രാമങ്ങളിൽ 11 കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവമാണ് കോൾഡ്രിഫ് ദുരന്തം എന്ന പേരിൽ വാർത്തകളിൽ നിറയുന്നത്.

തുടക്കത്തിൽ ചെറിയ പനിയും ജലദോഷവുമായിരുന്ന കുട്ടികൾക്ക് ഡോക്ടർമാർ കോൾഡ്രിഫ് ഉൾപ്പെടെയുള്ള കഫ് സിറപ്പുകൾ നിർദ്ദേശിച്ചു. എന്നാൽ കുട്ടികളുടെ നില അതിവേഗം വഷളാവുകയും വൃക്കസംബന്ധമായ പ്രശ്നങ്ങളും മൂത്രത്തിന്റെ അളവ് കുറയുന്ന ലക്ഷണങ്ങളുമുണ്ടായി. പിന്നീട് ഇവരുടെ വൃക്ക തകരാറിലാകുകയായിരുന്നു. അധികം വെെകാതെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. മരിച്ച കുട്ടികൾക്കെല്ലാം അഞ്ച് വയസ്സിന് താഴെയായിരുന്നു പ്രായം. അഞ്ച് കുട്ടികൾ നിലവിൽ നാഗ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഓഗസ്റ്റ് - സെപ്തംബർ മാസങ്ങളിലായിരുന്നു സംഭവവികാസങ്ങൾ അരങ്ങേറിയത്.

പിന്നീട് ഒക്ടോബറിൽ നടത്തിയ ലാബ് പരിശോധനയിലാണ് കോൾഡ്രിഫ് സിറപ്പില്‍ വിഷവസ്തു ഡൈഎഥിലീൻ ഗ്ലൈക്കോൾ (Diethylene Glycol – DEG) കണ്ടെത്തിയത്. ഡി.ഇ.ജി എന്നറിയപ്പെടുന്ന ഒരു വ്യാവസായിക രാസവസ്തുവാണിത്. ആന്റിഫ്രീസ്, ബ്രേക്ക് ഫ്ലൂയിഡുകൾ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഇത് ഉപയോഗിക്കുന്നത്, ഇത് ഉള്ളിൽ ചെന്നാൽ ഗുരുതര പ്രത്യാഘാതങ്ങളാണ് മനുഷ്യശരീരത്തിലുണ്ടാകുക.

കോൾഡ്രിഫ് സിറപ്പിന്റെ ഒരു ബാച്ചിൽ 48.6% ഡൈഎഥിലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. നിയമപരമായ പരിധി 0.1% മാത്രമായിരിക്കെ, ഇത്രയും വലിയ അളവിൽ മരുന്നിൽ വിഷവസ്തു അടങ്ങിയിരുന്നതാണ് കുട്ടികളുടെ മരണത്തിന് കാരണമായത്. വിഷാംശമുള്ള ഈ സിറപ്പിന്റെ നിർമ്മാതാക്കൾ തമിഴ്‌നാട്ടിലെ സ്രേസൻ ഫാർമസ്യൂട്ടിക്കൽസ് ആണ്.

തുടർനടപടികൾ‍

മരുന്നിൽ വിഷാംശം കണ്ടെത്തിയതിനെത്തുടർന്ന് രാജ്യവ്യാപകമായി സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിച്ചു നിയന്ത്രണങ്ങൾ കർശനമാക്കി. മധ്യപ്രദേശ് സർക്കാർ ഉടനടി കോൾഡ്രിഫിന്റെ നിർമ്മാതാക്കളായ സ്രേസൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ നടപടിയെടുത്തു. അവരുടെ മറ്റ് ഉൽപ്പന്നങ്ങളുടെയടക്കം വിൽപനയും വിതരണവും നിരോധിച്ചു. മക്കളെ നഷ്ടമായ ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ എല്ലാ ചികിത്സാചെലവുകളും സർക്കാർ വഹിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ കുട്ടികൾക്ക് ചുമ സിറപ്പ് എഴുതി നൽകിയ ഡോക്ടർ പ്രവീൺ സോണിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനെതിരെയും 'കോൾഡ്രിഫ്' നിർമാതാക്കളായ സ്രെസൺ ഫാർമസ്യൂട്ടിക്കൽസിനെതിരെയും കേസ് രജിസ്റ്റർ ചെയ്തു. സ്രേസൻ ഫാർമസ്യൂട്ടിക്കൽസിന്റെ മറ്റ് മരുന്നുകളിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.

ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ കർശനമായ നടപടികൾക്ക് കോൽഡ്രിഫ് ദുരന്തം കാരണമായിട്ടുണ്ട്. വിഷയം രാജ്യവ്യാപകമായി ആശങ്കയുണ്ടാക്കിയതിനെത്തുടർന്ന് മധ്യപ്രദേശ് കൂടാതെ മറ്റ് സംസ്ഥാനങ്ങളും നടപടിയെടുത്തു. റെയ്ഡുകളും സാമ്പിൾ പിടിച്ചെടുക്കലും രാജ്യത്തുടനീളം നടക്കുന്നുണ്ട്. സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) മധ്യപ്രദേശ്, തമിഴ്‌നാട്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അപകടസാധ്യതകൾ വിലയിരുത്തിക്കൊണ്ടുള്ള പരിശോധനകൾ നടത്തി.

ഈ പരിശോധനകൾ പ്രധാനമായും ലക്ഷ്യമിട്ടത് കഫ് സിറപ്പുകൾ, ആന്റിബയോട്ടിക്കുകൾ, പനി കുറയ്ക്കുന്ന മരുന്നുകൾ എന്നിവയുടെ നിർമ്മാതാക്കളെയാണ്. മധ്യപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാൻ, കേരളം, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കർശന പരിശേധന നടക്കുന്നുണ്ട്. മരുന്നുകളുടെ വിതരണത്തെയും ഇത് ബാധിച്ചിട്ടുണ്ട്. അടിയന്തര ബാച്ച് പരിശോധനകളും നടക്കുന്നുണ്ട്.

കേരളത്തിൽ കോൾഡ്രിഫ്

കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കോൾഡ്രിഫ് വിൽപന നിർത്തിവയ്ക്കുകയും സ്വന്തം നിലയിൽ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഫ്ലാഗ് ചെയ്ത ബാച്ചുകൾ കേരളത്തിൽ വിറ്റിട്ടില്ലെങ്കിലും, ജാഗ്രതയുടെ ഭാഗമായി വിതരണം നിർത്തിവെക്കാൻ കേരള ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.

കേരളത്തില്‍ 8 വിതരണക്കാര്‍ വഴിയാണ് ഈ മരുന്നിന്റെ വില്‍പ്പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ വിതരണവും വില്‍പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയുള്ള കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ നടന്നു വരികയാണ്. കോള്‍ഡ്രിഫ് സിറപ്പിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റ് ചുമ മരുന്നുകളുടേയും (സിറപ്പ്) സാമ്പിളുകള്‍ ശേഖരിച്ച് വരുന്നു. കേരളത്തില്‍ ചുമ മരുന്നുകള്‍ നിര്‍മ്മിക്കുന്ന 5 കമ്പനികളുടെ മരുന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സെന്‍ട്രല്‍ ഡി.ജി.എച്ച്.സിന്റെ നിര്‍ദ്ദേശപ്രകാരം 2 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് പ്രിസ്‌ക്രൈബ് ചെയ്യരുത്. അഥവാ അത്തരത്തില്‍ മരുന്ന് കുറിപ്പടി വന്നാലും ചുമയ്ക്കുള്ള സിറപ്പ് നല്‍കരുതെന്ന് എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 5 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ചുമയ്ക്കുള്ള സിറപ്പ് നല്‍കുന്നെങ്കില്‍ നിരീക്ഷണം ശക്തമാക്കാനും സർക്കാർ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

പതിനൊന്ന് കുരുന്നുകളുടെ മരണത്തിനിടയാക്കിയ കോൺഡ്രിഫ് ദുരന്തം മെഡിക്കൽ, റെഗുലേറ്ററി രംഗത്തെ ചില പാളിച്ചകൾ ചൂണ്ടിക്കാണിക്കുന്നതാണ്. നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇത്തരം സംയുക്തങ്ങൾ അടങ്ങിയ കഫ് സിറപ്പുകൾ നൽകരുതെന്ന 2023-ലെ ഒരു നിർദ്ദേശം നിലവിലുണ്ടായിരുന്നിട്ടും ചില ഡോക്ടർമാർ ഇത് അവഗണിച്ചത് ഗുരുതരമായ ചട്ടലംഘനം തന്നെയാണ്. ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കർശനമായ നിയന്ത്രണങ്ങളും ഡോക്ടർമാരുടെ ജാഗ്രതയും എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് അടിവരയിടുന്നതാണ് കോൾഡ്രിഫ് കഫ് സിറപ്പ് ദുരന്തം.