
കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ കടകളിൽനിന്ന് നേരിട്ട് വാങ്ങുന്ന രീതി ഇല്ലാതാവും. 1945-ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിയാണ് കഫ് സിറപ്പുകൾക്ക് കുറിപ്പടി നിർബന്ധമാക്കിയത്. കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടാണ് പുതിയ നടപടി.
കഫ് സിറപ്പ് കഴിച്ചതിനു പിന്നാലെ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കുട്ടികൾ മരിച്ച് മാസങ്ങൾ പിന്നിടുംമുമ്പാണ് കേന്ദ്രത്തിന്റെ നടപടി. കുട്ടികളുടെ മരണത്തിനു പിന്നാലെ സാധാരണയായി ഉപയോഗിക്കുന്ന കഫ് സിറപ്പുകളുടെ കാര്യത്തിൽ ആശങ്ക ഉയർന്നിരുന്നു, ഇതോടെയാണ് കഫ് സിറപ്പുകളുടെ നിർമാണത്തിലും വിതരണത്തിലും കടുത്ത നിയന്ത്രണം വരുത്താൻ തീരുമാനമായത്. കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയ കരട് നിർദ്ദേശങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.
ഈ ഭേദഗതി പ്രകാരം ഡ്രഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ-യിൽ ഉൾപ്പെടുത്തിയിരുന്ന മരുന്നുകളുടെ വിഭാഗത്തിൽനിന്ന് "സിറപ്പുകൾ" എന്ന വാക്ക് നീക്കം ചെയ്യുകയും ഇതോടെ ഇവയുടെ ഇളവ് ഒഴിവായി നേരിട്ടുള്ള വിൽപ്പന അവസാനിപ്പിക്കുകയും ചെയ്യും. ഡ്രഗ്സ് (അഞ്ചാം ഭേദഗതി) റൂൾസ്, 2026 എന്ന് പുതിയ നിയമങ്ങൾ അറിയപ്പെടുമെന്നും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്നും വിജ്ഞാപനത്തിലുണ്ട്.
ഇതോടെ, കഫ് സിറപ്പുകൾ നേരിട്ട് ഫാർമസികളിൽനിന്ന് വാങ്ങുന്നതിന് പകരം ഡോക്ടർ നൽകുന്ന കുറിപ്പടി ഹാജരാക്കിയാൽ മാത്രമേ ലഭിക്കൂ. മരുന്നുകളുടെ തെറ്റായ ഉപയോഗം, സ്വയം ചികിത്സ തുടങ്ങിയവ ഒഴിവാക്കാനും രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കാനും പുതിയ തീരുമാനം വഴിവെക്കുമെന്നാണ് വിദഗ്ധർ കരുതുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബറിൽ തമിഴ്‌നാട്ടിലെ ശ്രേസൻ ഫാർമ നിർമിച്ച 'കോൾഡ്രിഫ്' ചുമമരുന്ന് കഴിച്ച് മധ്യപ്രദേശിൽ മാത്രം ഇരുപതിലേറെ കുട്ടികളാണ് മരിച്ചത്. കമ്മീഷൻ വാങ്ങി മരുന്ന് കുറിച്ച മധ്യപ്രദേശിലെ സർക്കാർ ആരോഗ്യകേന്ദ്രത്തിലെ ശിശുരോഗ വിദഗ്ധൻ ഡോ. പ്രവീൺ സോണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രാജസ്ഥാനിലും സമാനമായി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അനുവദനീയമായ അളവിനേക്കാൾ ഏകദേശം 500 മടങ്ങിലധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ ചുമമരുന്നിൽ അടങ്ങിയിട്ടുണ്ടെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) കണ്ടെത്തിയിരുന്നു.
Content Highlights: Cough Syrup Rules Change: Doctor’s Prescription Now Mandatory
Published: 16 Jun 2026, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented