ആലപ്പുഴ: നാലുവയസ്സിനു താഴെയുള്ള കുട്ടികൾക്കു ജലദോഷത്തിനും ചുമയ്ക്കും നൽകുന്ന മരുന്നുസംയുക്തത്തിനു വിലക്ക്. ക്ലോർഫെനിറാമിൻ മാലേറ്റ്, ഫിനൈലഫ്രീൻ ഹൈഡ്രോക്ലോറൈഡ് എന്നിവയടങ്ങിയ സംയുക്തങ്ങൾക്കാണു കേന്ദ്ര ആരോഗ്യമന്ത്രാലയം വിലക്കേർപ്പെടുത്തിയത്. മരുന്നിന്റെ നിർമാണം, വിൽപ്പന, വിതരണം എന്നിവയിൽ കർശന നിയന്ത്രണവുമേർപ്പെടുത്തി. മരുന്ന് കുട്ടികളുടെ ആരോഗ്യത്തിനു വെല്ലുവിളിയാണെന്നു കണ്ടതിനെത്തുടർന്നാണു നടപടി.

To advertise here,

മുതിർന്നവരുടെ ഉപയോഗത്തിനുള്ള മരുന്നിന്റെ ലേബലിലും ലഘുലേഖയിലും ‘നാലുവയസ്സിനു താഴെയുള്ള കുട്ടികൾക്കു നൽകരുത്’ -എന്ന മുന്നറിയിപ്പ് വ്യക്തമായി പ്രദർശിപ്പിക്കാനാണു നിർദേശം. കുട്ടികളുടെ അസുഖത്തിന് സുരക്ഷിതമായ ബദൽമരുന്ന് ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഈ രാസമൂലകങ്ങൾ ചേർന്ന ചില സംയുക്തങ്ങൾ ഏപ്രിലിൽ സർക്കാർ നിയന്ത്രിച്ചിരുന്നു. വിദഗ്ധസമിതിയുടെയും ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെയും കൂടുതൽ വിലയിരുത്തലിനെത്തുടർന്നാണ് നിയന്ത്രണം വിപുലമാക്കിയത്. പൊതുജനാരോഗ്യം മുൻനിർത്തി ഔഷധനിയമത്തിലെ സെക്‌ഷൻ 26 എ പ്രകാരമാണ് വിജ്ഞാപനം.

കുട്ടികളുടെ ചുമമരുന്നുപയോഗിച്ചതിനെത്തുടർന്ന് ജീവഹാനി ഉൾപ്പെടെയുള്ളവ റിപ്പോർട്ട് ചെയ്തതിനാൽ രാജ്യത്ത് ഇത്തരം മരുന്നുകളിൽ കർശനമായ വിലയിരുത്തലും നിയന്ത്രണ നടപടികളും നടത്തിവരുകയാണ്.