'എന്റെ ജീവിതം എന്നെ സന്തോഷിപ്പിച്ചില്ല, അതുകൊണ്ട് ഞാനതിനെ സൃഷ്ടിച്ചെടുത്തു'- അവരുടെ വാക്കുകള്‍ പോലെ തന്നെയായിരുന്നു കോക്കോ ഷനേലിന്റെ ജീവിതവും. അനാഥാലയം വിട്ടിറങ്ങിയ ഒരു പെണ്‍കുട്ടി 20-ാം നൂറ്റാണ്ടിലെ ഏറ്റവും വിലയേറിയ ഫാഷന്‍ ഡിസൈനറായി മാറിയത് കെട്ടുകഥയല്ല. തയ്യല്‍ മാത്രമറിയുന്ന ആ പെണ്‍കുട്ടിയാണ് ആയിരം കോടികളുടെ ഫാഷന്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്. ലോക ഫാഷനില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയ കോക്കോ ഷനേലിന്റെ ജീവിതകഥയിങ്ങനെയാണ്.

To advertise here,

1883- ആഗസ്ത് 19-ന് സൗമ്യൂര്‍ എന്ന ചെറിയ ഫ്രഞ്ച് പട്ടണത്തില്‍ ഗബ്രിയേല്‍ ബോണ്‍ഹ്ര് ഷനേല്‍ എന്ന പെണ്‍കുട്ടി ജനിച്ചു. കഷ്ടപ്പാടുകള്‍ നിറഞ്ഞ കുട്ടിക്കാലം. അവള്‍ക്ക് വെറും 12 വയസ്സുള്ളപ്പോള്‍ അമ്മ യൂജിന്‍ ജീന്‍ ഡെവോള്‍ മരിച്ചു. അഞ്ചു മക്കളെ നോക്കാന്‍ കഴിയാതെ വന്ന പിതാവ് ആല്‍ബര്‍ട്ട് ഷനേല്‍ ഗബ്രിയേലിനേയും സഹോദരിമാരെയും കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു അനാഥാലയത്തിലേയ്ക്ക് മാറ്റി.അന്നാണവള്‍ തന്റെ പിതാവിനെ അവസാനമായി കണ്ടതും. അവിടെ നിന്നും അവള്‍ തയ്യല്‍ പഠിച്ചുമൗലിന്‍സിലെ കത്തോലിക്കാ സ്ത്രീകള്‍ക്കായുള്ള ബോര്‍ഡിങ് ഹൗസില്‍ താമസിക്കവേ തന്റെ 20-ാം വയസില്‍ തയ്യല്‍ക്കാരിയായി അവള്‍ ജോലി നേടി.പട്ടാളക്കാരുടെ യൂണിഫോം തയ്ക്കുന്ന ജോലിയില്‍ അവള്‍ പെട്ടെന്ന് തന്നെ ശ്രദ്ധേയയായി. തയ്യല്‍ജോലിയ്ക്കിടെ അവള്‍ കാബറെകളില്‍ പാടുന്ന ജോലിയിലും ഏര്‍പ്പെട്ടു.ഗബ്രിയേല്‍ എന്ന പെണ്‍കുട്ടിയ്ക്ക് കോക്കോ എന്ന വിളിപ്പേരുണ്ടാകുന്നത് അവിടെ നിന്നാണ്.

ലോകമറിയുന്ന ഫാഷന്‍ ഡിസൈനറായി വളര്‍ന്നപ്പോഴും തന്റെ ഭൂതക്കാലത്തില്‍ നിന്നും ഒളിച്ചോടാന്‍ നിരന്തരം ശ്രമിച്ചിരുന്ന വ്യക്തിയായിരുന്നു അവര്‍.തന്നെക്കുറിച്ച് അവര്‍ വെളിപ്പെടുത്തിയ പലതും കെട്ടുകഥകളായിരുന്നു.തന്റെ അച്ഛന്‍ തന്നെ വിളിച്ചിരുന്ന ഓമനപ്പേരാണ് കോക്കോയെന്നാണ് പിന്‍കാലത്ത് അവര്‍ വെളിപ്പെടുത്തിയത്. 1906-ലാണ് കുതിരപ്പട ഉദ്യോഗസ്ഥനായ എറ്റിയെന്‍ ബന്‍സണുമായി കോക്കോ അടുക്കുന്നത്. ബെന്‍സണ്‍ നല്‍കിയ വിലയേറിയ വസ്ത്രങ്ങള്‍ അവള്‍ നിരസിച്ചു. ഇരുകിയതും ശ്വാസം മുട്ടിയ്ക്കുന്നതുമായ അന്നത്തെ കോര്‍സെറ്റ് വസ്ത്രങ്ങളോട് പൊരുത്തപ്പെടാന്‍ അവള്‍ക്കായില്ല.ഭാരമേറിയ ഗൗണുകളും നീളന്‍ പാവാടകളും അവള്‍ മാറ്റിവെച്ചു. പകരം ബന്‍സന്റെ സ്യൂട്ട് സ്വന്തം അളവില്‍ കോക്കോ തയ്ച്ചിട്ടു. കൂടെ ഒരു ബോട്ടര്‍ തൊപ്പിയും ടൈംയും അണിഞ്ഞ് അവള്‍ പുറത്തേയ്ക്കിറങ്ങി.

പുരുഷന്മാരെ പോലെയുള്ള അവളുടെ വസ്ത്രധാരണത്തില്‍ സ്ത്രീകള്‍ക്ക് തന്നെ അസ്വാഭാവികത തോന്നി. എന്നാല്‍ എല്ലായ്പ്പോഴും അവളുടെ വസ്ത്രധാരണം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. സ്ത്രീകള്‍ക്കായി പുരുഷന്മാര്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞുകൊണ്ട് സ്ത്രീകളുടെ ഫാഷനെ അവള്‍ മാറ്റിയെഴുതി. ഒരിക്കല്‍ ഇതിനെക്കുറിച്ച് അവള്‍ ഇപ്രകാരമാണ് പറഞ്ഞത്.'ആഡംബരം സുഖകരമായിരിക്കണം, അല്ലാത്തപക്ഷം അത് ആഡംബരമല്ല.'

ബന്‍സണുമായി വേര്‍പിരിഞ്ഞ ശേഷം അയാളുടെ സുഹൃത്തുകൂടിയായിരുന്ന ക്യാപ്റ്റര്‍ ആര്‍തര്‍ എഡ്വേര്‍ഡ് കാപ്പലുമായി അവള്‍ പ്രണയത്തിലായി.അതിസമ്പന്നനായ കാപ്പല്‍ കോക്കോയുടെ ആദ്യത്തെ ഡിസൈനര്‍ ഷോപ്പിനുള്ള പണം നല്‍കി.1910-ല്‍ തൊപ്പികളുണ്ടാക്കുന്ന ലൈസന്‍സ് നേടി കോക്കോ ഷാനേല്‍ മോഡ്സ് എന്ന സംരംഭം തുടങ്ങി.സ്ത്രീകളുടെ കായിക വസ്ത്രങ്ങള്‍ക്ക് കോക്കോ രൂപം നല്‍കി. ഫ്രാന്‍സിലെ സമ്പന്നരുടെ പ്രിയപ്പെട്ടയിടമായ ഡോവില്‍ അവള്‍ തന്റെ ആദ്യത്തെ ബൊട്ടീക് തുറന്നു.കായികവിനോദത്തിന് പറ്റിയ എളുപ്പത്തില്‍ ധരിക്കാവുന്നതും പ്രയോഗികതയുള്ളതുമായ കാഷ്വല്‍വെയര്‍ വസ്ത്രങ്ങള്‍ അവിടെ അവതരിപ്പിച്ചു. ലിറ്റില്‍ ബ്ലാക്ക് ഡ്രസ്സ്, ലിറ്റില്‍ ബ്ലാക്ക് ജാക്കറ്റ്, ഷനേല്‍ സ്യൂട്ട്, ക്വില്‍റ്റഡ് ബാഗ്, ഷനേല്‍ നമ്പര്‍ 5 പെര്‍ഫ്യൂം തുടങ്ങിയ കോക്കോയുടെ അതുല്യ സൃഷ്ടികളാണ്.ഇവ സ്ത്രീകളുടെ ഫാഷനെ പുനര്‍നിര്‍മ്മിക്കുകയും ഇന്നും കാലാതീതമായ ക്ലാസിക്കുകളായി നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. അവരുടെ ഫാഷന്‍ സാമ്രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയൂട്ടിയുറപ്പിച്ചത് ഷാനേല്‍ നമ്പര്‍ 5 എന്ന പെര്‍ഫ്യൂമാണ്.

ഫ്രാന്‍സിലെ ഏറ്റവും മികച്ച പെര്‍ഫ്യൂം നിര്‍മ്മാതാക്കളില്‍ ഒരാളായ ഏണസ്റ്റ് ബ്യൂക്സിന്റെ സഹായത്തോടെയാണ് 1921-ല്‍ അവര്‍ അസാധാരണമായ വിജയം നേടിയ ഈ പെര്‍ഫ്യൂം വികസിപ്പിച്ചെടുത്തത്. ഷാനേല്‍ നമ്പര്‍ 5 ഇന്നും വിപണിയില്‍ ഉപഭോക്താക്കള്‍ക്കേറെ പ്രിയപ്പെട്ട പെര്‍ഫ്യൂമാണ്. പ്രാദേശിക ഫ്ളീ മാര്‍ക്കറ്റുകളില്‍ നിന്നും പഴയ ജേഴ്സികളും മറ്റു വസ്തുക്കളും കണ്ടെത്തി കോക്കോ അവയ്ക്ക് പുതിയ രൂപം കൊടുക്കുമായിരുന്നു. പുരുഷന്മാരുടെ അടിവസ്ത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന തുണിയുപയോഗിച്ച് അവള്‍ സ്ത്രീകള്‍ക്കായുള്ള പുതിയ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു. ഈ നൂതന ഉപയോഗം പിന്നീട് അവളുടെ ഡിസൈനുകളുടെ ഒരു സവിശേഷതയായി മാറി, പ്രത്യേകിച്ച് ഒന്നാം ലോകമഹായുദ്ധകാലത്ത് തുണി ദുര്‍ലഭമായിരുന്നപ്പോള്‍ ഈ വസ്ത്രങ്ങള്‍ കൂടുതല്‍ ശ്രദ്ധ നേടുകയുണ്ടായി.

പ്രശസ്തി കൂടിയതോടെ കൊക്കോയുടെ സ്വകാര്യ ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമായി മാറി. രണ്ടാം ലോകമഹായുദ്ധസമയത്ത് വെസ്റ്റ്മിന്‍സ്റ്റര്‍ ഡ്യൂക്കും ഒരു ജര്‍മ്മന്‍ ഉദ്യോഗസ്ഥനും ഉള്‍പ്പെടെയുള്ള നിരവധി ഉന്നതരുമായി അവര്‍ ബന്ധം പുലര്‍ത്തി.പിന്നീട് നാസികളുമായി സഹകരിച്ചുവെന്ന ആരോപണങ്ങള്‍ യുദ്ധാനന്തരം അവരുടെ പ്രശസ്തിക്ക് കോട്ടം വരുത്തി.അതോടെ തന്റെ ഡിസൈനര്‍ ഷോപ്പും അടച്ചുപൂട്ടി സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവാസത്തില്‍ കഴിയാന്‍ അവള്‍ നിര്‍ബന്ധിതയായി.

ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളിലൂടെയാണ് അവരന്ന് കടന്നുപോയത്. പക്ഷേ കൊക്കോ പരാജയപ്പെടാന്‍ തയ്യാറായില്ല. 1954-ല്‍, 70-ാം വയസ്സില്‍, അവര്‍ ഫാഷന്‍ ലോകത്തേക്ക് വിജയകരമായ തിരിച്ചുവരവ് നടത്തി. തന്റെ ബ്രാന്‍ഡ് ഹൗസ് വീണ്ടും തുറന്നു. തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഡിസൈനര്‍ കളക്ഷന്‍ അവര്‍ അവതരിപ്പിച്ചു.1971 ജനുവരി 10-ന് കോക്കോ ഷനേല്‍ തന്റെ 87-ാം വയസില്‍ ലോകത്തോട് വിട പറഞ്ഞു. അവര്‍ 30 വര്‍ഷത്തിലേറെയായി താമസിച്ചിരുന്ന ഹോട്ടല്‍ റിറ്റ്സിലായിരുന്നു അവരുടെ അവസാനകാലം ചെലവഴിച്ചത്.പാരീസിലെ ലാ മഡലീനില്‍ അവരുടെ സംസ്‌കാരച്ചടങ്ങ് നടന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ ബോയിസ്-ഡി-വോ സെമിത്തേരിയിലാണ് അവരുടെ ശവകൂടീരം നിലകൊള്ളുന്നത്. തന്റെ ജീവിതത്തിലെ അവസാനദിനം വരെയും ഷനേല്‍ തന്റെ പ്രിയപ്പെട്ട കാര്യങ്ങള്‍ ചെയ്തു.

അവരുടെ മരണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം കോക്കോ അവസാനം സൃഷ്ടിച്ചെടുത്ത വസ്ത്രങ്ങളും ഹൗസ് ഓഫ് ഷനേല്‍ ലോകത്തിന് മുന്നിലവതരിപ്പിച്ചു. ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ, വ്യക്തിപരമായ അപവാദങ്ങള്‍, യുദ്ധം എല്ലാം അവരുടെ ജീവിതത്തില്‍ അവര്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഈ വെല്ലുവിളികള്‍ ഒരിക്കലും തന്നെ തളര്‍ത്താന്‍ അവര്‍ അനുവദിച്ചില്ല.'കൊക്കോ ചാനല്‍ വെറുമൊരു ഡിസൈനര്‍ മാത്രമായിരുന്നില്ല; സ്ത്രീകളുടെ വസ്ത്രധാരണം, ജീവിതം, ചിന്താരീതി എന്നിവയെ മാറ്റിമറിച്ച ഒരു വിപ്ലവകാരി കൂടിയായിരുന്നു.അവരുടെ ജീവിതം തന്നെയായിരുന്നു അതിനുള്ള തെളിവും.

 

Inshort: From an orphanage to a global fashion icon, Coco Chanel redefined women’s fashion by prioritizing comfort and elegance, creating iconic designs like the Chanel No. 5 perfume and little black dress, and building a fashion empire despite numerous challenges.