ശത്രുവിന്റെ ചെറുഡ്രോൺ പോലും അതിർത്തി കടക്കില്ല, ഛിന്നഭിന്നമാക്കും ഇന്ത്യയുടെ ഭാർഗവാസ്ത്ര
ഭാർഗവാസ്ത്ര. മെയ്ഡ് ഇൻ ഇന്ത്യ ഡ്രോൺ കില്ലർ. ഇന്ത്യൻ ആയുധശേഷിയിലെ പുതിയ വജ്രായുധം. ഞെട്ടിവിറച്ച പാകിസ്താൻ മാത്രമല്ല, ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യൻ ആയുധങ്ങളുടെ പ്രഹരശേഷിയും സൈനിക ശക്തിയും മറ്റ് ലോകരാജ്യങ്ങളും തിരിച്ചറിഞ്ഞിരിക്കുകയാണ്. പാകിസ്താനിൽ കനത്ത നാശം വിതച്ച ഇന്ത്യയുടെ ബ്രഹ്‌മോസ് ക്രൂസ് മിസൈലിനായി താത്പര്യം പ്രകടിപ്പിച്ച് നിരവധി രാജ്യങ്ങൾ രംഗത്തെത്തിയത് ഇതിനുള്ള തെളിവാണ്. ഇന്ത്യൻ നിർമിത യുദ്ധോപകരണങ്ങളുടെ മികവ് ലോകം തിരിച്ചറിഞ്ഞ ഇതേ വേളയിലാണ് പുതിയ ഡ്രോൺ പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം രാജ്യം വിജയകരമായി പൂർത്തീകരിച്ചത്.
ശത്രുവിന്റെ ഡ്രോൺ ആക്രമണങ്ങളെ ചെറുക്കുന്ന ഹ്രസ്വദൂര മിസൈൽ സംവിധാനമാണ് ഭാർഗവാസ്ത്ര. ഡ്രോൺ ആക്രമണം പ്രധാന യുദ്ധതന്ത്രമാകുന്ന മാറിയ കാലത്ത് രാജ്യത്തിന്റെ പുതിയ തുറപ്പുചീട്ട്. ഇന്ത്യയെ ലക്ഷ്യംവെച്ച് വരുന്ന ഏതൊരു ഡ്രോണിനേയും ഭാർഗവാസ്ത്ര നിമിഷങ്ങൾക്കകം നിർവീര്യമാക്കും. രണ്ടര കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ലക്ഷ്യം കണ്ടെത്തി നശിപ്പിക്കും. ആറ് മുതൽ 10 കിലോമീറ്റർ ദൂരത്തിലുള്ള ഡ്രോണുകളെ റഡാർ ഉപയോഗിച്ച് ട്രാക്ക് ചെയ്യും. അങ്ങനെ ട്രാക്ക് ചെയ്യുന്ന ഡ്രോണുകളാണ് രണ്ടര കിലോമീറ്റർ അകലെവെച്ച് ഛിന്നഭിന്നമാക്കുക.
ഡ്രോണുകൾ കൂട്ടമായി വന്നാലും തുരത്തും
ചെലവ് കുറഞ്ഞതും എന്നാൽ കനത്ത പ്രഹരശേഷിയുള്ളതുമായ മിസൈൽ സംവിധാനമാണിത്. ഏത് തരത്തിലുള്ള ഭൂപ്രദേശത്തും സമുദ്രനിരപ്പിൽനിന്ന് 5000 മീറ്റർ ഉയരത്തിൽ വരെ തടസ്സമില്ലാതെ തൊടുത്തുവിടാം. ഇനിയൊരുപക്ഷേ ശത്രു ഒന്നല്ല, ഒരുകൂട്ടം ഡ്രോണുകൾ ഒന്നിച്ച് അയച്ചാലും അവയെയെല്ലാം നിഷ്പ്രയാസം തകർക്കാനും ഭാർഗവാസ്ത്രയ്ക്ക് കഴിയും. ഡ്രോണുകളെ നേരിട്ട് നശിപ്പിക്കാതെ തന്നെ അവയിലെ ആശയവിനിമയ സംവിധാനങ്ങൾ തടസ്സപ്പെടുത്തി നിർവീര്യമാക്കാനുള്ള സംവിധാനവും ഭാർഗവാസ്ത്രയിലുണ്ട്.
പൂർണമായും തദ്ദേശീയമായി നിർമിച്ച ചെലവ് കുറഞ്ഞ മിസൈലാണിത്. നാഗ്പൂർ ആസ്ഥാനമായുള്ള സോളാർ ഡിഫൻസ് എയ്‌റോസ്‌പേസ് ലിമിറ്റഡാണ് ഭാർഗവാസ്ത്ര വികസിപ്പിച്ചത്. ഒഡീഷയിലെ തീരദേശ പട്ടണമായ ഗോപാൽപൂരിലെ ഫയറിങ് റെയ്ഞ്ചിൽ വെച്ചായിരുന്നു അന്തിമഘട്ട പരീക്ഷണം. നാല് മൈക്രോ റോക്കറ്റുകൾ വരെ ഇതിൽ ഘടിപ്പിക്കാം. പരീക്ഷണഘട്ടത്തിൽ ആദ്യം ഓരോ മിസൈലുകൾ വിക്ഷേപിച്ചും. പിന്നീട് രണ്ട് മിസൈലുകൾ സെക്കൻഡുകൾ വ്യത്യാസത്തിൽ വിക്ഷേപിച്ചും കൃത്യമായ ലക്ഷ്യത്തിലെത്തിക്കാനായി.
പേര് വന്നത് പുരാണങ്ങളിൽനിന്ന്
പുതിയ ഡ്രോൺ പ്രതിരോധ സംവിധാനത്തിന് ഭാർഗവാസ്ത്ര എന്ന പേര് വന്നത് പുരാണങ്ങളിൽനിന്നാണ്. ഐതിഹ്യമനുസരിച്ച് പരശുരാമൻ അഥവ ഭാർഗവരാമൻ തപസ്സ് ചെയ്ത് സൃഷ്ടിച്ചതാണ് ഭാർഗവാസ്ത്രം. ഇത് അദ്ദേഹം തന്റെ ശിഷ്യരായ ഭീഷ്മർ, ദ്രോണർ, കർണൻ എന്നിവർക്ക് നൽകി. മഹാഭാരതത്തിൽ കർണൻ ഭാർഗവാസ്ത്രം തൊടുത്തതായും പറയപ്പെടുന്നു. അതേ പേരുള്ള ആയുധമാണിപ്പോൾ സൈന്യത്തിന്റേയും ഭാഗമായത്.
ചെലവ് കുത്തനെ കുറയും
പാക്-ചൈനീസ് അതിർത്തികളിൽ നിലവിൽ ഇന്ത്യ നേരിടുന്ന പ്രധാന ഭീഷണികളിലൊന്ന് ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ്. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നിരീക്ഷണത്തിനും ജനവാസ മേഖലകളിലേക്കുള്ള ആക്രമണത്തിനും എതിരാളികൾ ഡ്രോണുകൾ ഉപയോഗിച്ചേക്കാം. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്താന്റെ ഭാഗത്തുനിന്ന് രാജ്യം കണ്ടതും ഇതാണ്. അത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാൻ വലിയ തുക ചെലവഴിച്ച് വാങ്ങിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇനി ഉപയോഗിക്കേണ്ടതില്ല എന്നതാണ് പ്രധാന നേട്ടം.
ഓപ്പറേഷൻ സിന്ദൂറിൽ പകച്ച പാകിസ്താൻ അവരുടെ പ്രത്യാക്രമണമായി ഇന്ത്യയിലേക്ക് തൊടുത്തുവിട്ടവയിൽ ഏറെയും ഡ്രോണുകളായിരുന്നു. അതെല്ലാം നിഷ്പ്രഭാമാക്കിയത് ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമായ എസ് 400 സുദർശൻചക്രയാണ്. ഇന്ത്യ റഷ്യയിൽനിന്ന് വാങ്ങിയ പ്രതിരോധ സംവിധാനമായിരുന്നു ഇത്. അതിർത്തിയിൽ വീണ്ടും ശത്രുരാജ്യത്തിന്റെ പ്രകോപനമുണ്ടായാൽ ചെറുഡ്രോണുകളെ നേരിടാൻ ഇനി സുദർശൻചക്രയുടെ ആവശ്യമില്ല. ഭാർഗവാസ്ത്രയിലൂടെ വലിയ ചെലവില്ലാതെ തന്നെ ശത്രു ഡ്രോണുകൾ അടിച്ചിടാൻ ഇന്ത്യയ്ക്കാകും. വ്യോമപ്രതിരോധ സംവിധാനങ്ങൾക്കായി രാജ്യം ചെലവഴിക്കുന്ന തുകയും ഇതുവഴി ഗണ്യമായി കുറയും.
മറ്റ് രാജ്യങ്ങൾക്കും സമാനമായ മൈക്രോ മിസൈൽ സംവിധാനങ്ങളുണ്ടെങ്കിലും ഭാർഗവാസ്ത്ര പോലെ ചെലവ് കുറഞ്ഞ ഒരേസമയം കൂടുതൽ ഡ്രോണുകളെ നശിപ്പിക്കാൻ ശേഷിയുള്ള കൗണ്ടർ ഡ്രോൺ സംവിധാനം അപൂർവമാണ്. നൂതനമായ ഭാർഗവാസ്ത്ര രാജ്യത്തിന്റെ ആയുധശേഷിയിലേക്ക് ചേരുമ്പോൾ ഇന്ത്യ സൈനികമായും കൂടുതൽ കരുത്താർജിക്കും. ശത്രു രാജ്യങ്ങളും ഇനി കൂടുതൽ കരുതിയിരിക്കണം.
Inshort - BharatAstra, a cost-effective, Made in India drone defense system, neutralizes enemy drones within 2.5km. A game-changer in counter-drone technology.
Content Highlights: bharatastra indias new drone defense system features
Published: 16 May 2025, 09:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented