To advertise here,

കൊടും ക്രൂരതകളുടെ പേരിൽ ലോകം ചർച്ച ചെയ്ത രാഷ്ട്ര നേതാക്കളുടെ മുഖം ഓർക്കേണ്ടി വന്നാൽ, നിങ്ങളുടെ മനസ്സിൽ ആദ്യം തെളിഞ്ഞു വരിക നിഗൂഢതകളൊളിപ്പിച്ചുവച്ച ആ മുഖമായിരിക്കും. അത്യാവശ്യമെങ്കിൽ മാത്രം നേർത്ത പുഞ്ചിരി വിടരുന്ന, അതിൽ പോലും നിഗൂഢത ഒളിപ്പിച്ചുവെച്ച ബെഞ്ചമിൻ നെതന്യാഹുവിന്റെ മുഖം. ലോക രാഷ്ട്രീയ ഭൂപടത്തിൽ, പ്രതിരോധ സാങ്കേതിക വിദ്യയുടെ അംബാസഡറായി സ്വയം നടിക്കുന്ന ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ സൃഷ്ടിച്ചുവെച്ച ആ ഇമേജിന് കടുത്ത ആഘാതമേൽപ്പിച്ചാണ്, ആരുമറിയാതെ ഹമാസ് ഭീകരർ ഇസ്രയേലിൽ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്. അതു മാത്രമല്ല, ജൂതർക്കു നേരെ ജന്മശത്രുക്കൾ നടത്തിയ ആക്രമണത്തിനെതിരെ പിന്നീട് നെതന്യാഹു നടത്തിയ അട്ടഹാസങ്ങൾ ലോകം കേട്ടു. ക്രൂരതകളുടെ പല അധ്യായങ്ങൾ നമ്മൾ കണ്ടു.

ഇസ്രയേലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി. അനുയായികളുടെ പ്രിയപ്പെട്ട കിംഗ് ബിബി. അനവധി ചോരക്കുഞ്ഞുങ്ങൾ മരിച്ചുവീണിട്ടും, അതിനെ ലോകമൊട്ടാകെ അപലപിച്ചിട്ടും കുലുങ്ങാത്ത, വംശീയവെറി പ്രകടിപ്പിക്കാൻ ഒരു മടിയും കാണിക്കാത്ത ഏകാധിപതി. വിനാശത്തിന്റെ മാലാഖയെന്ന് പേര് കേട്ട ബെഞ്ചമിൻ നെതന്യാഹു. ഈ നെതന്യാഹുവിനെയാണ് യുഎൻ പൊതു സഭാ സമ്മേളന വേദിയിൽ ലോകരാജ്യങ്ങളുടെ നേതാക്കളിൽ പലരും ബഹിഷ്കരിച്ചത്, കൂവി വിളിച്ചത്. അവിടെയും നെതന്യാഹു ഗാസയിലെ കൂട്ടക്കുരുതിയെ ന്യായീകരിച്ചു, ജൂതന്മാരെ കൊലപ്പെടുത്തിയതിനെതിരെ കടുത്ത ഭാഷയിൽ പ്രസംഗിച്ചു.

രണ്ടുവര്‍ഷം നീണ്ട രക്തച്ചൊരിച്ചിലിന് അന്ത്യം കുറിച്ച് ഗാസയില്‍ വെടിനിര്‍ത്തല്‍ വന്നു. ഗാസയിലുടനീളം ആശ്വാസം അലയടിക്കുമ്പോഴും ഉടമ്പടിയിലൂടെ ഒരു അംഗീകൃക രാഷ്ട്രത്തിലേക്കുള്ള യഥാര്‍ഥ പാത തുറക്കുമോ അതോ യുദ്ധം താത്കാലികമായി നിര്‍ത്തുക മാത്രമാണോ എന്ന ചോദ്യം അവശേഷിക്കുന്നു. എന്താകും നെതന്യാഹുവിന്റെ പദ്ധതി.
മുന്‍തലമുറകളുടെ രക്തക്കറ കഴുകി കളഞ്ഞ് ബ്രിട്ടനടക്കമുള്ള ലോകരാജ്യങ്ങള്‍ വരെ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു. എന്നിട്ടും ഗാസയുടെ രക്തം കൊണ്ട് ഗ്രേറ്റര്‍ ഇസ്രയേല്‍ പണിയുമെന്ന നെതനാഹ്യുവിന്റെ കടുംപിടുത്തത്തിന് പിന്നിലെ കാരണെമെന്തായിരുന്നു.
ആ കഥയിലേക്ക് പോകുന്നതിന് മുമ്പ്, നെതന്യാഹുവിന്റെ പശ്ചാത്തലമറിയണം, തീവ്ര സയണിസ്റ്റായ അദ്ദേഹത്തിൻ്റെ പിതാവിനെ അറിയണം. കുട്ടിക്കാലമറിയണം.
1949 ഒക്ടോബർ 21-ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ ജനനം. ജൂതരാഷ്ട്രത്തിന്റെ അക്രമോത്സുകനായ,, മധ്യപൂർവേഷ്യയുടെ ഭൗമരാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുന്ന നേതാവായി നെതന്യാഹുവിനെ വളർത്തിയത് തീവ്രസയണിസ്റ്റ് അനുകൂലിയായിരുന്ന പിതാവ് ബെൻസിയോൺ നെതന്യാഹുവിന്റെ സ്വാധീനമാണ്.
അറബികൾ അടിസ്ഥാനപരമായി ശത്രുക്കളാണെന്നും ഇസ്രയേൽ സ്ഥാപിക്കാൻ അറബികളെ കീഴ്പ്പെടുത്തണമെന്നുമുള്ള കാഴ്ചപ്പാടുള്ളയാളായിരുന്നു ബെൻസിയോൺ. ആ ലോകവീക്ഷണത്തിൽ നെതന്യാഹുവും വളർന്നു.,, 1963-ൽ ബെൻസിയോൺ അമേരിക്കയിൽ അധ്യാപകജോലി സ്വീകരിച്ചതോടെ കുടുംബം അവിടേക്ക് പോയി.. ഹീബ്രു മാത്രം സംസാരിച്ചിരുന്ന ബെഞ്ചമിൻ അമേരിക്കയുമായി പൊരുത്തപ്പെട്ടത് പെട്ടെന്നായിരുന്നു.. സഹപാഠികൾക്ക് ബെഞ്ചമിൻ അമേരിക്കാരനല്ല എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത വിധം.. പക്ഷേ അപ്പോഴും ഇസ്രയേലി വേരുകൾ ഉടഞ്ഞില്ല... എല്ലാ അവധിക്കും കുടുംബം ഇസ്രയേൽ സന്ദർശിച്ചു... പിതാവിന്റെ സയണിസ്റ്റ് പ്രത്യയശാസ്ത്രം ബെഞ്ചമനിൽ സ്വാധീനം ചെലുത്തിക്കൊണ്ടേയിരുന്നു. നെതന്യാഹുവിന് ചെറുപ്പത്തിലേ അമേരിക്കയിലെ ലിബറൽ യഹൂദ സമൂഹങ്ങളോടുള്ള ഒരു അകലം രൂപപ്പെട്ടു... സോഷ്യലിസത്തോടുള്ള അവിശ്വാസവും കൗമാരകാലം മുതൽ പ്രകടമായിരുന്നു.
ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിൽ ചിലവഴിച്ചിരുന്ന ആ വർഷങ്ങളിലാണ്, ഇസ്രായേലിന്റെയും അറബ് രാജ്യങ്ങളുടെയും ബന്ധം സംഘർഷപൂർണമാകുന്നതും. 1950-കളുടെ അവസാനത്തിലും 1960-കളിലും സ്യൂയസ് പ്രതിസന്ധിയും ആറുദിവസത്തെ യുദ്ധവും ഉൾപ്പെടെ അനവധി യുദ്ധങ്ങളും പ്രതിസന്ധികളും സംഭവിച്ചു. ആ കാലഘട്ടത്തിൽ ഇസ്രയേലികൾക്കിടയിൽ അലയടിച്ച ദേശീയതാവാദവും അസ്തിത്വ പ്രതിസന്ധിയും ബെൻസിയോണിന്റെ മുന്നറിയിപ്പുകളായി കുടുംബത്തിലും പ്രതിഫലിച്ചു. ദീർഘകാല സമാധാനം അസാധ്യമാണ്, ഇസ്രായേലിന്റെ സുരക്ഷ അതിന്റെ ശക്തിയിലും ജാഗ്രതയിലുമാണ് ആശ്രയിക്കുന്നത് എന്ന വിശ്വാസം ബെഞ്ചമിനിലുമുണ്ടായി.
ഈ കാലഘട്ടവും ബെൻസിയന്റെ ആശയപാഠങ്ങളും ചേർന്നാണ് പിന്നീട് ബെഞ്ചമിൻ നെതന്യാഹുവിന്റെ നയതന്ത്രത്തോടും സുരക്ഷയോടും ഉള്ള സമീപനം രൂപപ്പെട്ടത്. സമാധാനപ്രക്രിയകളോടുള്ള അവിശ്വാസവും, ഇസ്രായേൽ സൈനികശക്തിയോടുള്ള അതീവ വിശ്വാസവുമാണ് അതിന്റെ മുഖ്യ സ്വഭാവം.
മൂത്ത സഹോദരൻ യൊനാതൻ നെതന്യാഹുവിന്റെ മരണമായിരുന്നു ബെഞ്ചമിന്റെ ജീവിതത്തെ മാറ്റിമറിച്ച പ്രധാനസംഭവം. നെതന്യാഹു പലവട്ടം ഈ നഷ്ടത്തെ തന്റെ ജീവിതത്തിലെ ഏറ്റവും ശക്തമായ അനുഭവമായി വിശേഷിപ്പിച്ചിട്ടുണ്ട്. മരണസമയത്ത് നെതന്യാഹു അമേരിക്കയിൽ തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. പക്ഷേ ആ ദുരന്തം നെതന്യാഹുവിനെ മാറ്റിചിന്തിപ്രിച്ചു; ബിസിനസ്സിൽ നിന്ന് പൊതു സേവനത്തിലേക്കുള്ള വഴിയിലേക്ക് തിരിയാൻ നെതന്യാഹു നിർബന്ധിതനായി.
1976-ൽ പലസ്തീൻ- ജർമ്മൻ ഭീകരർ തട്ടിക്കൊണ്ടുപോയ Air France Flight ലെ യാത്രക്കാരെ രക്ഷിക്കാൻ നടത്തിയ ഓപ്പറേഷനിലാണ് യൊനാതൻ കൊല്ലപ്പെട്ടത്. പലസ്തീനിയൻ വിമോചനപോരാട്ട സംഘടനയായ പിഎഫ്എൽപിയാണ് 1976 ജൂൺ 27-ന് എയർ ഫ്രാൻസ് വിമാനം റാഞ്ചി ഉഗാണ്ടയിലെ എന്റബെ എയർപോർട്ടിൽ ഇറക്കിയത്. ആ വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാൻ നടത്തിയ മിന്നലാക്രമണമാണ് ഓപ്പറേഷൻ എന്റബെ എന്നറിയപ്പെട്ടത്. യോനാതന്റെ ആ മരണം, ഇസ്രയേലിൽ അയാൾക്ക് വീര പരിവേഷം നൽകി. അന്നു മുതൽ ബെഞ്ചമിൻ നെതന്യാഹു മാറി ചിന്തിച്ചു തുടങ്ങി. യൊനാതന്റെ മരണം മനുഷ്യജീവിതത്തോടുള്ള ഉത്തരവാദിത്വബോധവും ജാഗ്രതയുമാണ് വളർത്തിയതെന്നാണ് നെതന്യാഹു പറയുന്നത്. സൈനിക തീരുമാനങ്ങൾ എടുക്കുമ്പോൾ ജീവന്റെ മൂല്യത്തെ എങ്ങനെ വിലയിരുത്തണമെന്ന് യൊനാതന്റെ മരണം പഠിപ്പിച്ചതായും നെതന്യാഹു ആവർത്തിച്ചു
ബെഞ്ചമിന്റെ സ്വന്തം വാക്കുകളിൽ പറഞ്ഞാൽ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പിറവി അവിടെയായിരുന്നു. അദ്ദേഹം യൊനാതൻ ആന്റി ടെറർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 1988-ൽ ഇസ്രയേൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് നെതന്യാഹുവിന്റെ ഔദ്യോഗിക രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്.

‌1967-ലാണ് ഇസ്രയേലിൽ തിരിച്ചെത്തിയ നെതന്യാഹു ഇസ്രയേൽ പ്രതിരോധ സേനയുടെ സയാറത് മട്ക്കൽ എന്ന പ്രത്യേക വിഭാഗത്തിൽ ചേർന്നു. ഇസ്രയേൽ - അറബ് സംഘർഷങ്ങൾ കൊടുമ്പിരിക്കൊണ്ട കാലമായിരുന്നു അത്. ആ കാലഘട്ടത്തിൽ 1967-ലെ വാർ ഓഫ് അട്രീഷൻ, യോം കിപ്പൂർ യുദ്ധം തുടങ്ങി നിരവധി ദൗത്യങ്ങളുടെ ഭാഗമായി.
1993ൽ ലിക്കുഡ് പാർട്ടിയുടെ നേതാവായി ഉയർന്ന ബഞ്ചമിൻ നെതന്യാഹു, അതോടെ ഇസ്രായേൽ രാഷ്ട്രീയത്തിലെ പ്രധാനശക്തിയായി മാറി. മൂന്ന് വർഷങ്ങൾക്ക് ശേഷം, 1996ൽ, 46-ആം വയസ്സിൽ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി.
നെതന്യാഹുവിന്റെ രാഷ്ട്രീയ ഉയർച്ച, പലസ്തീനും ഇസ്രയേലും തമ്മിലുള്ള സമാധാന ശ്രമങ്ങൾ കുതിച്ചുയർന്നിരുന്ന കാലഘട്ടത്തിലായിരുന്നു. 1993ൽ ഒപ്പുവെച്ച ഓസ്ലോ കരാറിനെ നെതന്യാഹു ശക്തമായി എതിർത്തു, പലസ്തീനുമായുള്ള സമാധാന ചർച്ചകൾ ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിശ്വസിച്ചു. ഈ അവിശ്വാസഭാവം നെതന്യാഹുവിന്റെ ഭരണകാലത്തുടനീളം പ്രകടമായിരുന്നു. തന്റെ ആദ്യ കാലഘട്ടത്തിൽ അദ്ദേഹം കർശനമായ ഭീകരവാദവിരുദ്ധ നയങ്ങൾ സ്വീകരിച്ചിരുന്നു.
ആദ്യ ഭരണകാലത്ത് നെതന്യാഹു സാമ്പത്തിക പരിഷ്‌ക്കാരങ്ങൾക്കും സ്വകാര്യവൽക്കരണത്തിനും തുടക്കം കുറിച്ചു, എന്നാൽ ഇതേ സമയം അഴിമതി ആരോപണങ്ങളും പാർട്ടിക്കുള്ളിലെ അധികാര പോരാട്ടങ്ങളും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിച്ചു. ഇതിന്റെ ഫലമായി, 1999ലെ തെരഞ്ഞെടുപ്പിൽ യഹൂദ് ബരാക്കിനോട് പരാജയം നേരിച്ചു, അങ്ങനെ രാഷ്ട്രീയ ജീവിതത്തിൽ താൽക്കാലിക ഇടവേളയുണ്ടായി.
2005ൽ നെതന്യാഹു വീണ്ടും ലിക്കുഡ് പാർട്ടിയുടെ ചെയർമാൻ സ്ഥാനത്തേക്ക് മടങ്ങി വന്നു, തുടർന്ന് ധനമന്ത്രിയായി പ്രവർത്തിച്ച കാലഘട്ടത്തിൽ ഇസ്രയേൽ സാമ്പത്തിക നയങ്ങളിൽ വൻ മാറ്റങ്ങൾ വരുത്തി. 2009ൽ അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. ഈ കാലഘട്ടം ഇസ്രയേൽ ചരിത്രത്തിലെ ഏറ്റവും ദീർഘമായ അധികാരവാഴ്ചകളിൽ ഒന്നായി. 2009 മാർച്ച് 31 മുതൽ 2021 ജൂൺ 13 വരെ തുടർന്ന ഈ ഭരണം, അദ്ദേഹത്തിന്റെ സുരക്ഷാ നയങ്ങൾ, അധിനിവേശ മേഖലകളിലെ കെട്ടിടനിർമാണം, ഇറാൻ വിരുദ്ധ നിലപാട്, അമേരിക്കയുമായുള്ള ബന്ധം, അറബ് രാഷ്ട്രങ്ങളുമായുള്ള കരാറുകൾ തുടങ്ങി ഇസ്രയേലിന്റെ ആഭ്യന്തര-ആന്തരിക നയങ്ങളിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തി.
രാഷ്ട്രീയത്തിൽ ശക്തമായി തിരിച്ചുവന്നത് 2005-ലാണ്. പാർട്ടിയുടെ ചെയർമാൻ സ്ഥാനം വീണ്ടെടുത്ത നെതന്യാഹു കുറച്ചുനാൾ ധനമന്ത്രിയായി. ഒടുവിൽ 2009-ൽ വീണ്ടും പ്രധാനമന്ത്രിയായി. റെക്കോഡ് ഭേദിക്കുന്ന അധികാരവാഴ്ചയുടെ തുടക്കമായിരുന്നു അത്, 2009 മാർച്ച് 31 മുതൽ 2021 ജൂൺ 13 വരെ. ചെറിയൊരു ഇടവേളയ്ക്കു ശേഷം 2022-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്തി. ഈ ദീർഘകാലയളവിൽ സ്വീകരിച്ച നയങ്ങളും നടപടികളും ഇസ്രായേലിന്റെ ആഭ്യന്തരവും അന്താരാഷ്ട്രവുമായ എല്ലാ കാര്യങ്ങളെയും അടിമുടി സ്വാധീനിച്ചു.
പ്രധാനമന്ത്രിയായശേഷം, പലസ്തീൻ അതോറിറ്റിയുമായി ചർച്ചകൾ നടത്താൻ സമ്മതിച്ചെങ്കിലും, ജറുസലേമിന് മേൽ പൂർണ്ണ ഇസ്രായേൽ അധികാരവും, ഭാവിയിലുള്ള പലസ്തീൻ രാജ്യം ആയുധരഹിതമാകണമെന്നും ആവശ്യപ്പെട്ടതിനാൽ ചർച്ചകൾ നിലച്ചുപോയി. 1997-ൽ ഹമാസ് നേതാവ് ഖാലിദ് മാഷാലിനെ കൊല്ലാനുള്ള തീരുമാനമായിരുന്നു നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ അതിനിർണായകമായ തീരുമാനങ്ങളിലൊന്ന്. വിഷം കൊടുത്തു കൊല്ലാനായിരുന്നു ശ്രമം. അതിന് രണ്ട് മൊസാദ് ഏജന്റുമാരെ ഏർപ്പെടുത്തി. വിഷം കൊടുത്തെങ്കിലും മാഷാൽ മരിച്ചില്ല. ഈ ശ്രമം ജോർദാനുമായി വലിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായി. മാഷൽ മരിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ജോർദാൻ രാജാവ് മുന്നറിയിപ്പ് നൽകി. അതോടെ വിഷത്തിന് മറുമരുന്ന് നൽകാൻ ഇസ്രയേൽ നിർബന്ധിതരായി.
നെതന്യാഹുവിന്റെ പ്രധാനതന്ത്രം ഇസ്രയേൽ സെറ്റിൽമെന്റുകളുടെ വ്യാപനമായിരുന്നു. 1967-ൽ ഇസ്രയേൽ പിടിച്ചെടുത്ത അതിർത്തികളിലും വെസ്റ്റ് ബാങ്കിലും കിഴക്കൻ ജെറുസലേമിലും സെറ്റിൽമെന്റുകൾ വ്യാപിപ്പിച്ചു. അന്താരാഷ്ട്ര നിയമപ്രകാരം ഇത് നിയമവിരുദ്ധമായിരുന്നുവെങ്കിലും നെതന്യാഹുവിനെ സംബന്ധിച്ച് അത് ഗ്രേറ്റർ ഇസ്രയേലിന്റെ ഭാഗമായിരുന്നു. നെതന്യാഹുവിന്റെ ഭരണകാലത്ത് പലസ്തീനികളുടെ സ്വാതന്ത്ര്യങ്ങളും മനുഷ്യാവകാശങ്ങളും നിരന്തരം ലംഘിക്കപ്പെട്ടു, അവരുടെ രാഷ്ട്രസ്വപ്നം അകന്നു പോയി.
ഹമാസും നെതന്യാഹുവും തമ്മിലുള്ള ബന്ധം ദുർഘടം പിടിച്ചതായിരുന്നുവെങ്കിലും പലപ്പോഴും ഹമാസിന്റെ ആക്രമണങ്ങൾ നെതന്യാഹുവിന്റെ രാഷ്ട്രീയ നേട്ടങ്ങൾക്ക് കാരണമായി. 1996-ലെ തിരഞ്ഞെടുപ്പിൽ ഷിമോൺ പെരെസിനോട് നേടിയ വിജയത്തിൽ നെതന്യാഹു ആയുധമാക്കിയത് ഹമാസ് നടത്തിയ ചാവേർ ആക്രമണങ്ങളായിരുന്നു. നെതന്യാഹു ഹമാസിന്റെ സാന്നിധ്യം ഉപയോഗിച്ച് പലസ്തീൻ നേതൃത്വത്തെ ദുർബലപ്പെടുത്തുകയും, സ്വതന്ത്ര പലസ്തീൻ രാജ്യത്തിന് സാധ്യത ഇല്ലാതാക്കുകയും ചെയ്തു. മറുവശത്ത്, ഹമാസ് നെതന്യാഹുവിന്റെ കഠിന നയങ്ങളെ പലസ്തീൻ ജനതയ്ക്ക് മുന്നിൽ ആയുധമാക്കി.
നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതത്തിൽ അഴിമതി ആരോപണങ്ങൾ കുറവായിരുന്നില്ല. 2019-ൽ വിശ്വാസവഞ്ചന, കൈക്കൂലി, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. മാധ്യമ മുതലാളിമാരും മറ്റു ബിസിനസുകാരുമായി പരസ്പര ലാഭമുണ്ടാക്കുന്ന ഇടപാടുകൾ നടത്തിയെന്നായിരുന്നു ആരോപണങ്ങൾ. രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലാണെന്നു പ്രതിരോധിച്ചുവെങ്കിലും നിയമപ്രശ്നങ്ങളും ആരോപണങ്ങളും രാജ്യത്ത് വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ പ്രതിസന്ധിക്കും വഴിവെച്ചു. വകുപ്പ് ചുമതലകൾ കയ്യൊഴിയാൻ നെതന്യാഹു നിർബന്ധിതനായി. പ്രധാനമന്ത്രിയായി തുടരുന്നെങ്കിലും. രാഷ്ട്രീയമായ കൂർമ്മബുദ്ധി ഉപയോഗിച്ച് രാജ്യത്തെ സങ്കീർണമായ സാഹചര്യത്തെ കൈകാര്യം ചെയ്യാൻ നെതന്യാഹുവിനായി. 2020 മെയ് മാസത്തിൽ തുടങ്ങിയ വിചാരണ, യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ നീണ്ടുപോയിരിക്കുകയാണ്.
2023 ജനുവരിയിൽ, ഈ നിയമപ്രശ്‌നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായി കരുതപ്പെടുന്ന വിധത്തിൽ, നെതന്യാഹു സുപ്രീം കോടതിയുടെ അധികാരങ്ങൾ ചുരുക്കുന്ന ന്യായാധിപത്യ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. നെതന്യാഹു രാജ്യം കീറി മുറിക്കുകയാണെന്നും ജനാധിപത്യത്തിന് ഭീഷണിയാണെന്നും അന്ന് പ്രതിഷേധസ്വരങ്ങളുയർന്നു.
നെതന്യാഹു ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും തീവ്രമായ വലതുപക്ഷ സർക്കാരിനെയാണ് നയിച്ചത്. മതരാഷ്ട്രവാദികളായ പാർട്ടികളോടും തീവ്ര സയണിസ്റ്റ് പാർട്ടി ഒട്‌സ്മ യെഹൂദിതി നോടും കൂട്ടുകെട്ടുണ്ടാക്കി. ഈ പാർട്ടിക്ക് 1994ലെ ഹെബ്രോൺ പള്ളിയിൽ നടന്ന പാട്രിയാർക്കുകളുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ''കാച്ച്'' പ്രസ്ഥാനത്തോടുള്ള ബന്ധമുണ്ട്. ഇതോടെ ഇസ്രായേൽ രാഷ്ട്രീയം സങ്കീർണമായതായി അഭിപ്രായങ്ങളുയർന്നു.
2023 ഒക്ടോബർ 7-നാണ് നെതന്യാഹുവിന്റെ ഭരണകാലത്തെ ഏറ്റവും രക്തരൂഷിതമായ അധ്യായം ആരംഭിച്ചത്. അന്ന് ഹമാസ് ഗാസ അതിർത്തി തകർത്തു കടന്നു കയറി, ഏകദേശം 1,200 പേരെ കൊന്നു, നിരവധി പേരെ തടവിലാക്കി. ഈ സുരക്ഷാ പരാജയം നെതന്യാഹുവിന്റെ ജനപ്രീതി തകർത്തു. പിന്തുണക്കാനുണ്ടായവരും എതിരാളികളും ഒരുമിച്ച് ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു, പക്ഷേ നെതന്യാഹു അതിന് തയ്യാറായില്ല. ഇസ്രയേലിന്റെ ചരിത്രത്തിലേക്കും വലിയ സുരക്ഷ, ഇന്റലിജൻസ് പരാജയങ്ങളിൽ ഒന്നായാണ് ആ ആക്രമണം വിലയിരുത്തപ്പെട്ടത്. അത് നെതന്യാഹുവിന്റെ നേതൃത്വം ഇഴകീറി പരിശോധിക്കുന്നതിന് വഴിവെച്ചു.
ആ ദിവസം തന്നെ നെതന്യാഹു യുദ്ധം പ്രഖ്യാപിച്ചു. പിന്നീട് നടന്നത് ലോകം കണ്ട ഏറ്റവും ക്രൂരമായ വംശഹത്യകളിലൊന്ന്. 15 മാസത്തിനിടെ 47,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. നെതന്യാഹുവിനെതിരേ ആഗോളവിമർശനങ്ങളുയർന്നു. ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് ഇസ്രയേലിൽ നടന്ന പ്രതിഷേധങ്ങളും നെതന്യാഹുവിനെ പ്രതിരോധത്തിലാക്കി. ഭരണകക്ഷിക്കുള്ളിൽ പോലും എതിരഭിപ്രായമുണ്ടായി. ഒക്ടോബർ 7-ലെ ആക്രമണത്തിന് വഴിവെച്ച ഇന്റലിജൻസ്, സൈനിക പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജി വെക്കണമെന്നും ആവശ്യമുയർന്നു. ഇതിനിടെ ലെബനൻ, യെമൻ, സിറിയ, ഖത്തർ എന്നിവിടങ്ങളിലേക്കും ഇസ്രായേൽ സൈനികാക്രമണങ്ങൾ വ്യാപിച്ചു.
2024 നവംബറിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റങ്ങളും മനുഷ്യവിരുദ്ധ കുറ്റങ്ങളും ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇത് നെതന്യാഹുവിനെ വ്‌ലാദിമിർ പുടിൻ, ഒമർ അൽ-ബഷീർ, മുഹമ്മർ ഗദ്ദാഫി തുടങ്ങിയ ഏകാധിപതികളുടെ പട്ടികയിൽ എത്തിച്ചു. ബാല്യകാല സുഹൃത്തായ ഉസി ബെല്ലർ, നെതന്യാഹു ഒരു നുണയനാണെന്ന് ആരോപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അമേരിക്കൻ ജീവിതകാലത്ത് 'ബെഞ്ചമിൻ നിതായ്' എന്ന പേര് ഉപയോഗിച്ചത്, ഇസ്രായേലിലേക്ക് മടങ്ങിവരാൻ ഉദ്ദേശ്യമില്ലായിരുന്നു എന്നതിന്റെ തെളിവായി രാഷ്ട്രീയ എതിരാളികൾ പിന്നീട് ഉപയോഗിക്കുകയും ചെയ്തു.
കീറാമുട്ടിയായ പലസ്തീൻ പ്രശ്നം പരിഹരിക്കാൻ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ നിർദ്ദേശിക്കുന്നത് ദ്വിരാഷ്ട്ര പരിഹാരമാണ്- ഇസ്രയേലും പലസ്തീനും രണ്ട് വ്യത്യസ്ത പരമാധികാര രാഷ്ട്രങ്ങൾ. പക്ഷേ, നെതന്യാഹുവിന്റെ നടപടികൾ അത് ഏറെക്കുറെ അസംഭവ്യമാക്കിയിരിക്കുകയാണ്. പലസ്തീന്റെ ഭാഗമായ വെസ്റ്റ്ബാങ്കിൽ വൻതോതിൽ ജൂതരെ കുടിയിരുത്തുകയാണ് നെതന്യാഹു. പുതിയ കുടിയേറ്റ കേന്ദ്രങ്ങൾ ഉണ്ടാക്കി അതിവേഗം വികസിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ സർക്കാർ. ആയിരക്കണക്കിന് പുതിയ ഭവന യൂണിറ്റുകൾക്ക് അനുമതി കൊടുക്കുന്നുണ്ട്. ഈ കുടിയേറ്റ കേന്ദ്രങ്ങൾ ഇസ്രയേലിന്റെ സുരക്ഷയ്ക്കും ഭൂമിയിലുള്ള ചരിത്രപരമായ അവകാശം നിലനിർത്തുന്നതിനും നിർണായകമാണെന്ന് പ്രധാനമന്ത്രി പറയുന്നു. കുടിയേറ്റം ഈ വേഗത്തിൽ വളർന്നാൽ പലസ്തീൻ രാഷ്ട്രം ഏതു മണ്ണിലാണ് സ്ഥാപിക്കുക? ഗാസയിലും അതിവേഗം ഭൂമി വിഴുങ്ങുകയാണ് ജൂതപ്പട്ടാളം.
'ബിബി, മൈ സ്റ്റോറി' എന്ന ആത്മകഥയിൽ നെതന്യാഹു സ്വയം വിവരിക്കുന്നത് പ്രായോഗികമതിയും എന്നാൽ വിട്ടുവീഴ്ച ചെയ്യാത്ത നേതാവുമായാണ്. ആദർശവും യാഥാർത്ഥ്യവും തമ്മിൽ സന്തുലനം നിലനിർത്തുന്നയാൾ. തന്റെ എല്ലാ പ്രവൃത്തികളും തീരുമാനങ്ങളും ഇസ്രയേലിന്റെ സുരക്ഷയ്ക്കും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടിയാണെന്നും ശത്രുക്കളാൽ ചുറ്റപ്പെട്ട രാജ്യത്തിന്റെ അതിജീവനത്തിനു വേണ്ടി ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രതന്ത്രജ്ഞൻ ചെയ്യുന്ന പ്രവൃത്തികളാണെന്നും നെതന്യാഹു അവകാശപ്പെടുന്നു. ബെഞ്ചമിൻ നെതന്യാഹു ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളാണ് എന്നതിൽ സംശയമില്ല.്. അദ്ദേഹം ഇസ്രായേലിന്റെ സമ്പദ്വ്യവസ്ഥയെ മാറ്റിമറിക്കുകയും അറബ് രാജ്യങ്ങളുമായി ചരിത്രപരമായ സമാധാന കരാറുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. പക്ഷേ എത്ര സുഗന്ധവ്യഞ്ജനങ്ങളിൽ കഴുകിയാലും പോവാത്ത ചോരക്കറ അവിടെ നിലനിൽക്കുക തന്നെ ചെയ്യും. അമേരിക്കൻ നയതന്ത്രജ്ഞനായ ആരോൺ ഡേവിഡ് മില്ലറുടെ വാക്കുകൾ കടമെടുത്താൽ, നെതന്യാഹു 'ഇസ്രായേൽ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രിയും, ഒരു സംശയവുമില്ലാതെ, ഏറ്റവും മോശം പ്രധാനമന്ത്രിയും' ആയും എന്നും ഓർമ്മിക്കപ്പെടും.