ഈച്ചയില്‍ നിന്നാണ് എല്ലാം തുടങ്ങിയത്. ഇന്നും ആ സിനിമയുടെ ഹാങ്ങോവറുണ്ട്. ഇന്നത്തെ തലമുറ ചിലപ്പോള്‍ കണ്ടിരിക്കുന്നത് ശ്യാം സിങ്ങ റോയും ദസറും ഹായ് നന്നയുമൊക്കെയാകാം. പക്ഷേ അതിന് മുമ്പുള്ള ജനറേഷന്‍ എനിക്ക് തരുന്ന സ്‌നേഹം ഈച്ചയില്‍ നിന്ന് ലഭിച്ചതാണ്. പറയുകയാണ് നാച്ചുറല്‍ സ്റ്റാര്‍ നാനി. തന്റെ ഏറ്റവും പുതിയ ചിത്രമായ ഹിറ്റ് 3-ന്റെ വിശേഷങ്ങള്‍ നായിക ശ്രീനിധി ഷെട്ടിക്കൊപ്പം പങ്കുവയ്ക്കുകയായിരുന്നു നാനി.

To advertise here,

ഇന്നത്തെ തലമറയ്ക്കും ഈച്ച ഏറെ പ്രിയപ്പെട്ടത് തന്നെയാണെന്ന് നാനിയെ തിരുത്തുന്നു ശ്രീനിധി. തന്റെ മൂന്ന് വയസുള്ള അനന്തിരവളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് ഈച്ചയെന്ന് ശ്രീനിധി പറയുന്നു. കെ.ജി.എഫ് എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയാകെ തരംഗമായ താരമാണ് ശ്രീനിധി. ഹിറ്റ് 3-ന്റെ ഭാഗമാവാന്‍ ഏറ്റവും പ്രധാന കാരണം നാനിയായിരുന്നുവെന്ന് ശ്രീനിധി വ്യക്തമാക്കുന്നു. മലയാള സിനിമയുടെ ഭാഗമാവാനുള്ള ആഗ്രഹവും ഇരുവരും പങ്കുവച്ചു. മലയാള സിനിമകളേറെ പ്രിയപ്പെട്ടതാണെന്നും മലയാളത്തില്‍ നിന്ന് നല്ല സിനിമകള്‍ക്കുള്ള ക്ഷണം വന്നാല്‍ മറ്റൊന്നും നോക്കാതെ തന്നെ സിനിമയുടെ ഭാഗമാവുമെന്നും ഇരുവരും പറയുന്നു.