ഇടുക്കിയുടെ സൗന്ദര്യത്തിന് പല ഭാവങ്ങളുണ്ട്. കാട് നിറഞ്ഞ പൈനാവുപോലെയല്ല, തേയിലത്തോട്ടങ്ങൾ നിറഞ്ഞ ദേവികുളം. മറയൂരിനും കാന്തല്ലൂരിനും തമിഴ് മുഖം. പുൽമേടുകളും മൊട്ടക്കുന്നുകളുമുള്ള വാഗമൺ, ഇത് മറ്റൊരു നാടാണല്ലോ എന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കും. സ്ഥലം മാത്രമല്ല, കാലവും ഇടുക്കിയുടെ ഭാവം മാറ്റിക്കൊണ്ടിരിക്കും. ഋതുക്കൾ മാറുന്നതനുസരിച്ച് ഇടുക്കി അതിവേഗം വേഷം മാറും.

To advertise here,

വേനലിൽ കണ്ട ഇടുക്കിയല്ല മഴക്കാലത്ത്. അപ്പോൾ മലനിരകൾ കട്ടിമഞ്ഞിൽ പുതഞ്ഞുനിൽക്കും. പച്ചപ്പുനിറഞ്ഞ തേയിലത്തോട്ടങ്ങൾക്കു മുകളിലും കാടുനിറഞ്ഞ മലകൾക്ക് മുകളിലും മഴമേഘങ്ങൾ ഒഴുകിനടക്കും. വേനലിൽ വരണ്ടുകിടന്ന അരുവികളും തോടുകളും ആർത്തലച്ചുതുടങ്ങും. കാട്ടിൻ പാദസരങ്ങൾ എന്ന കവിഭാവന യാഥാർഥ്യമാകും. വെള്ളിമണികൾ കൂട്ടമായി താഴോട്ട് പതിക്കും. അണക്കെട്ടുകളുടെ റിസർവോയറുകളെ അദൃശ്യമാക്കി ആവി പോലെ മേഘാവരണം നിറയും. മഴ മേഘത്തോടൊപ്പം നീന്താൻ ആഗ്രഹം തീവ്രമാകും. അപ്പോൾ പെട്ടെന്ന് മേഘം മാറി വെയിൽ തെളിഞ്ഞ് മലകൾ തിളങ്ങിനിൽക്കും.

കാലവർഷം കനത്താൽ പിന്നെ പശ്ചിമഘട്ടയാത്ര ദുഷ്‌കരമാണ്. മണ്ണിടിച്ചിൽ സാധ്യത കൂടും. രാത്രി ഉറങ്ങുമ്പോഴാവും അത് സംഭവിക്കുക. കാടിന് ഒട്ടും കരുണയുണ്ടാവില്ല. ജീവനും സ്വത്തുക്കളും പൊടുന്നനെ മണ്ണിൽ പൂണ്ടുപോകാം. റോഡിലും ജനവാസകേന്ദ്രങ്ങളിലും മണ്ണിടിഞ്ഞ് യാത്ര തടസ്സപ്പെടും. രക്ഷാപ്രവർത്തനം ദുഷ്‌കരമാവും. കൊച്ചി-ധനുഷ്‌കോടി പാതയിൽ വിള്ളലുണ്ടാവും. മൂന്നാറിൽ വാഹനങ്ങൾ തിക്കിത്തിരക്കി നിശ്ചലമാകും. ഇപ്പോൾ ഇങ്ങോട്ട് വരല്ലേ എന്ന് എത്ര പറഞ്ഞാലും ഫലമില്ല. ടൂറിസ്റ്റുകൾക്ക് പശ്ചിമഘട്ടത്തിലെ മഴ കാല്പനികാനുഭവമാണ്.

മലയാളിക്കിപ്പോൾ യാത്ര ആഘോഷമാണ്. യാത്രയേക്കാൾ, യാത്ര ചെയ്‌തെന്ന വിളംബരം സമൂഹമാധ്യമങ്ങളിൽ നിറയ്ക്കലാണ്. ഇനിയിതാ മഴ മാറാൻ ദിവസങ്ങൾ മാത്രം. ഓണം കഴിയുമ്പോഴേക്കും കുറിഞ്ഞി പൂത്തിറങ്ങി മലനിരകളിലാകെ നീലിമ പടരും. അതിനുള്ള കാത്തിരിപ്പിലാണ് കേരളം. നല്ലത്. അപൂർവമായ കാഴ്ച നഷ്ടപ്പെടുത്തതേണ്ടതില്ല. മീശപ്പുലിമലയിൽ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന ഒറ്റച്ചോദ്യം മതി. ആളുകൾ ഒഴുകിയെത്തുകയായി.

വ്‌ളോഗർമാരുടെ ഒറ്റ റീല് മതി, അതുവരെ ശ്രദ്ധിക്കാതെ കിടന്ന ഭൂഭാഗം ചവിട്ടിമെതിക്കപ്പെടാൻ. മഞ്ഞുമ്മൽ ബോയ്‌സ് പുറത്തിറങ്ങിയ സമയത്ത് മലയാളിയുടെ യാത്രാസംസ്‌കാരത്തെ തമിഴ്/മലയാളം എഴുത്തുകാരൻ ജയമോഹൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇടുക്കിയിലേക്കെത്തുന്ന ടൂറിസ്റ്റ് വാഹനങ്ങൾ ജയമോഹന്റെ നിരീക്ഷണങ്ങളെ ശരിവയ്ക്കും. ഉടലാകെ കണ്ണിൽ കുത്തുന്ന വെളിച്ചവും ഭീകര സംഗീതപീഡയും. ഡിസ്‌പോസബിൾ പ്ലേറ്റുകൾ കാടിനുള്ളിലേക്കെറിയും. കാട്ടിലേക്കുള്ള യാത്രയ്ക്കും വാട്ടർ തീം പാർക്കിലേക്കുള്ള യാത്രയ്ക്കും പലർക്കും ഒരേ വൈബാണ്. മുനിയറകളിൽ ചവിട്ടി നിന്ന് സെൽഫിയെടുക്കും. സംരക്ഷിത സ്മാരകങ്ങളുടെ വേലിക്കെട്ടിലേക്ക് കുപ്പിയും മാലിന്യങ്ങളും വലിച്ചെറിയും. (ചരിത്രത്തിന്റെ ശേഷിപ്പുകളോട് ഇത്രയധികം അവമതിപ്പുള്ള സമൂഹം മറ്റെവിടെയെങ്കിലും കാണുമോ എന്നറിയില്ല.)

കാട്ടുമൃഗങ്ങൾക്ക് പിന്നാലെ ഒച്ചയുണ്ടാക്കി കാമറകളുമായി ഓടിയടുക്കും. തീറ്റ കൊടുത്ത് വശത്താക്കാൻ നോക്കും. മണ്ണിടിച്ചിൽ മുന്നറിയിപ്പുള്ള സമയത്ത് വാഹനം തടയുന്ന പൊലീസുകാരോട് തട്ടിക്കയറും. മേട്ടുക്കുറിഞ്ഞികൾ പറിച്ചെടുത്ത് മണപ്പിച്ച് സെൽഫിയെടുക്കും. നിരുത്തരവാദ ടൂറിസത്തിന്റെ, പൗരബോധമില്ലായ്മയുടെ അശ്ലീലക്കാഴ്ചകൾ.

പി. രാമന്റെ പഴയ കവിതയുണ്ട്. ' നിശ്ശബ്ദതയ്‌ക്കൊരു ചരമക്കുറിപ്പ് 'എന്ന പേരിൽ.

`കാട്ടിലെത്തിയാൽ
നിശ്ശബ്ദനാകുന്ന
കൂട്ടുകാരനോടൊപ്പമേ
ഞാൻ വരൂ.
നിങ്ങളുടെ കൂടെ പോരില്ല, പോന്നാൽ
ഇത്രകാലവും വെട്ടിവിഴുങ്ങിയ
ശബ്ദം മുഴുവൻ നിങ്ങൾ ഛർദ്ദിക്കും.
പച്ചപ്പാടത്തു ചെമ്മണ്ണുപാതകൾ
പോയലിയുന്ന കാഴ്ച ശല്യപ്പെടും.
കാണുമെന്ന് വിചാരിച്ച കിളികൾ
ഇരുന്ന കൊമ്പോടെ മാഞ്ഞുപോകും.'

ഇത് പശ്ചിമഘട്ടമാണ്. വനഭൂമിയാണ്. ഇവിടെ മനുഷ്യരുണ്ട്. കൃഷിയുണ്ട്. വന്യമൃഗങ്ങളുണ്ട്. ജൈവവൈവിധ്യമുണ്ട്. പരിസ്ഥിതി ലോലമാണ്. മണ്ണ് ലോലമാണ്. ഇവിടെയുള്ള റോഡുകൾ മലകൾ കീറി നിർമിച്ചെടുത്തതാണ്. നമുക്കിത് വിനോദമാണ്. വൈബ് തേടിയുള്ള യാത്രയാണ്. ഒരല്പം കൂടി ഉത്തരവാദിത്വം പ്രതീക്ഷിക്കുന്നു. ഒരല്പം വിവേകം പ്രതീക്ഷിക്കുന്നു. അത് വയനാട്ടിലായാലും, സൈലന്റ് വാലിയിലായാലും. കാടിനെ അറിയാനുള്ള യാത്ര വേറെയാണ്. ചരിത്രസ്മാരകങ്ങൾ കാണാനുള്ള യാത്ര വേറെയാണ്. സഞ്ചാരത്തിലും വേണം മലയാളിക്ക് സമ്പൂർണ സാക്ഷരത.

(ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫിസറാണ് ലേഖകൻ)