രു കൂറ്റൻ കല്ല് റോഡിൽ വീണ് കിടക്കുന്നു. ഇടതുവശത്തെ മലയിൽനിന്ന് കല്ലും മണ്ണും വേരുകളുമെല്ലാം ഊർന്നിറങ്ങി റോഡിലെത്തിയതാണ്. അതിനെയും കടന്നൊഴുകുന്ന മഴവെള്ളത്തിന് മഞ്ഞകലർന്ന നിറം. മഴയും കോടയും മാറിമാറിപ്പെയ്യുന്ന മലഞ്ചെരിവിലൂടെ ഡൗക്കിയിലേയ്ക്കാണ് പോകുന്നത്.

To advertise here,

അനേകവർഷങ്ങളുടെ ഒഴുക്ക് ഉരുട്ടിപ്പാകപ്പെടുത്തിയ കല്ലുകൾ നിറഞ്ഞ നദി. അതിന് മുകളിലൂടെ പതിയെ നീങ്ങുന്ന ചെറു തോണികളിലിരുന്ന് നോക്കിയാൽ മനോഹരമായി ആ കല്ലുകളും പുഴയുടെ അടിത്തട്ടും കാണാം. പ്രകൃതി ഇങ്ങനെ അനുഗ്രഹിച്ച കാഴ്ചകൾ ഭൂമിയിൽ വളരെക്കുറവാണ്. അതുകൊണ്ട് ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള സഞ്ചാരികൾ ഡൗക്കിയിലെ ഉമൻഗോട്ട് നദിയോരത്തേയ്ക്കെത്തുന്നു.

ഷില്ലോങ്ങിൽനിന്ന് എൺപത് കിലോമീറ്റർ സഞ്ചരിച്ചാൽ എത്താവുന്ന നദിയോരത്തേയ്ക്ക് പക്ഷേ ഇപ്പോൾ 120-ലധികം കിലോമീറ്റർ യാത്ര ചെയ്യണം. മൺസൂണിൽ പെയ്ത മഴയിൽ ഡൗക്കിയിലേയ്ക്കുള്ള പ്രധാന റോഡിന്റെ പല ഭാഗങ്ങളും സമ്പൂർണമായി ഒലിച്ചുപോയി. മാസങ്ങൾ പണിയെടുത്താൽ മാത്രമേ റോഡ് പഴയ സ്ഥിതിയിലെത്തൂ. ദൂരം അധികമാണ് എങ്കിലും നമ്മൾ ഡൗക്കിയിലേയ്ക്കുള്ള യാത്ര തുടരുകയാണ്.

ഉമൻഗോട്ട് നദിയുടെ സൗന്ദര്യം മാത്രമല്ല യഥാർത്ഥത്തിൽ ഡൗക്കി. ബംഗ്ലാദേശുമായി ഇന്ത്യ അതിർത്തി പങ്കിടുന്നയിടം കൂടിയാണ്. ബിഎസ്എഫിന്റെ നാലാം ബറ്റാലിയൻ രാജ്യത്തിന്റെ അതിർത്തി കാക്കുന്നു. വഴിയിലാകെ ലോറികളാണ്. അസം, നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത വലിയ ലോറികൾ അതിർത്തിയിലേയ്ക്ക് പൊയ്ക്കൊണ്ടേയിരിക്കുന്നു. ക്വാറികളിൽനിന്നു പൊട്ടിച്ചെടുത്ത കല്ലാണ് ലോറികളിലുള്ളത്. പ്രധാനപാതയിലേയ്ക്കുള്ള, ടാറിടാത്ത പല റോഡുകളിൽനിന്ന് ഒന്നും രണ്ടുമായി കല്ലുനിറച്ച ലോറികൾ ഇറങ്ങിവരുന്നു. വഴിയിൽ എത്രയെത്ര ക്വാറികൾ! 

ക്വാറികളേക്കാളധികം കണ്ടത് കല്ലും മണ്ണും എടുത്ത് തീർത്ത് ഉപേക്ഷിച്ച മരുപ്പറമ്പുകളാണ്. അത്തരമിടങ്ങളിൽ ചിലയിടത്ത് വലിയ ലോറികൾ കൂട്ടമായി നിർത്തിയിട്ടിരിക്കുന്നു. വഴിലൊഴുകുന്ന പുഴകൾക്കെല്ലാം മഞ്ഞകലർന്ന നിറം തന്നെയാണ്. ഈ വെള്ളമെല്ലാം ഒഴുകിയെത്തുന്ന ഉമൻഗോട്ട് നദിയിലെങ്ങനെയാണ് അത്രയും തെളിച്ചത്തോടെ അടിത്തട്ട് കാണാൻ കഴിയുന്നത് എന്ന സ്വാഭാവികമായും സംശയിച്ചു.

വണ്ടി പിന്നേയും മുന്നോട്ട് പോകുന്നു. നേരത്തേ ഒന്നും രണ്ടുമെല്ലാമായി ഇടയ്ക്കിടെ കണ്ടിരുന്ന ലോറികളുടെ എണ്ണം കൂടിക്കൂടി വരികയാണ്. ഏതൊക്കെയോ വഴികളിൽനിന്ന് ലോറികൾ ഡൗക്കിയിലെ ബംഗ്ലാദേശ് അതിർത്തി കടന്നുപോകുന്ന വഴിയിലേയ്ക്ക് വന്നുകൊണ്ടേയിരിക്കുന്നു. എണ്ണിത്തീരുന്നേയില്ല. നിരനിരയായി നൂറ് കണക്കിന് വലിയ ലോറികൾ ക്വാറികളിൽ നിന്നിറങ്ങിവന്ന് റോഡ് നിറച്ചിരിക്കുന്നു. ഇത്രയധികം ലോറികൾ ഒരുമിച്ച് ജീവിതത്തിലിന്നേവരെ കണ്ടിട്ടില്ല. നൂറുകണക്കിന് ലോറികൾ നിരനിരയായി റോഡിലൂടെ മെല്ലെ നീങ്ങുന്നു. കാറിലായതിനാൽ ആ ലോറികളെ മറികടന്ന് പോകാനുള്ള സൗകര്യമുണ്ട്. മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. പക്ഷേ, ലോറികൾ തീരുന്നേയില്ല. ഇതിലാകെ കയറ്റിയ കല്ല് കൂട്ടിവെച്ചാൽ എത്രവലിയ മലയായിരിക്കുമത്? ഇത്രയും കല്ലുകൾ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്? ചോദ്യങ്ങളോരോന്നായി പൊന്തിവന്നുകൊണ്ടേയിരുന്നു.

ലോറിത്തിരക്കുള്ള റോഡിൽനിന്ന് അൽപ്പം വലത്തോട്ട് തിരിഞ്ഞ് രണ്ടു കിലോ മീറ്റർ മുന്നോട്ട് പോയി. ഉമൻഗോട്ട് നദി അതിരിടുന്ന ഇന്ത്യയും ബംഗ്ലാദേശും മുന്നിൽ. ചിത്രങ്ങളിലും വീഡിയോയിലും കണ്ട നദിയെയല്ല ഇപ്പോൾ നേരിട്ട് കാണുന്നത്. കലക്കുവെള്ളം നിറഞ്ഞൊഴുകുന്ന പുഴ. മനോഹരമായ ആ ചെറുവള്ളങ്ങൾ തീരത്തോടടുപ്പിച്ച് കെട്ടിവെച്ചിട്ടുണ്ട്. അനേകമനേകം ചെറുതോണികളിങ്ങനെ കൂടിക്കിടക്കുന്നത് കാണാനെന്തു രസമാണ്.

പടികളിറങ്ങി താഴേയ്ക്ക് നടന്നു. തോക്കും പിടിച്ച് ബിഎസ്എഫ് ജവാൻമാർ കാവൽ നിൽക്കുന്നുണ്ട്. താഴെ സഞ്ചാരികളില്ലാത്ത തീരത്ത് തോണികളിലിരുന്ന് ഗ്രാമീണർ ചൂണ്ടയിടുകയാണ്. സ്ത്രീകളും കുട്ടികളും പ്രായംചെന്നവരുമെല്ലാമുണ്ട് . ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിപ്പോകുന്ന കൂട്ടത്തിലെ ബിഎസ്എഫ് ജവാനെ കണ്ടപ്പോൾ മലയാളിയാണോ എന്ന സംശയം. മലയാളിതന്നെ. ജിതിൻ, കൊല്ലം സ്വദേശി.

''മഴക്കാലത്ത് ഇവിടെയിങ്ങനെയാണ്. കലങ്ങിക്കിടക്കും. ഡിസംബർ മുതൽ മാർച്ച് വരെയാണ് സീസൺ. അപ്പോൾ പല നാടുകളിൽനിന്നും ആളുകൾ വന്ന് വഞ്ചികളിൽ കയറും.''

എവിടെ മുതലാണ് ബംഗ്ലാദേശ്?

''ദാ അവിടം മുതൽ.''

ജിതിൻ ചൂണ്ടിക്കാണിച്ചയിടത്ത് ബിഎസ്എഫുകാരൻ നിൽക്കുന്നുണ്ട്. ഉമൻഗോട്ട് പുഴയിൽ തോണികൾ ഒതുക്കിയിട്ടയിടത്തുനിന്ന് കുറച്ചുദൂരമേ പിന്നെ ഇന്ത്യയുള്ളു. വെള്ളമെല്ലാം ഒഴുകിപ്പോകുന്നത് ബംഗ്ലാദേശിലേയ്ക്കാണ്. വലിയ വള്ളങ്ങളിൽ കുറേയാളുകളേയും കയറ്റി ബംഗ്ലാദേശിലെ തോണികൾ ഉമൻഗോട്ട് ചുറ്റുന്നു. ഇന്ത്യൻ അതിർത്തിയിലേയ്ക്ക് കടന്നുപോകാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇന്ത്യക്കാർ ഡൗക്കിയ്ക്ക് നൽകുന്നതിനേക്കാൾ വലിയ പ്രാധാന്യം ബംഗ്ലാദേശികൾ നൽകുന്നുണ്ടെന്നു തോന്നുന്നു. കാരണം അവരുടെ രാജ്യത്തുള്ള വളരെക്കുറച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഡൗക്കി. ഇന്ത്യയ്ക്ക് പക്ഷേ അങ്ങനെയല്ലല്ലൊ. തീരത്തെ വലിയ കൽക്കൂനയ്ക്ക് മുകളിൽ കയറിയാൽ അപ്പുറത്തെ ബംഗ്ലാദേശി പോസ്റ്റും അവരുടെ കൊടിയും കാണാം.

ടൂറിസമാണ് ഇന്നാടിന്റെ ഏറ്റവും വലിയ വരുമാനം. സഹകരണസംഘം പോലെ സംവിധാനമുണ്ടാക്കി ഗ്രാമത്തിലെ ഏതാണ്ടെല്ലാവർക്കും തൊഴിൽ ഉറപ്പാക്കുന്നു. സമീപത്തുള്ള കടകളെല്ലാം നടത്തുന്നതും ഗ്രാമീണർ തന്നെ. പക്ഷേ, മലയിടിച്ച് കല്ലും മണ്ണും കടത്തുന്ന പ്രവൃത്തി ഇപ്പോഴുള്ളപോലെ തുടർന്നാൽ സഞ്ചാരികളുടെ ഈ ഇഷ്ടതീരം ഇനിയെത്രനാൾ അതിജീവിക്കും? മഴക്കാലത്ത് കലങ്ങിയൊഴുകുന്ന ഉമൻഗോട്ട് നദി എക്കാലത്തും കലങ്ങിയൊഴുകിയാൽ ആരെങ്കിലും ഈ നാടിനെ ആസ്വദിക്കാൻ കുന്നുകൾ കയറിയിറങ്ങി ഇങ്ങോട്ട് വരുമോ? ഇല്ല. ചന്തമുള്ള എല്ലാത്തിനേയും മനുഷ്യർതന്നെ നശിപ്പിക്കുമെന്ന് ആരൊക്കെയോ പറഞ്ഞതോർക്കുന്നു. വീണ്ടും വാഹനം ബംഗ്ലാദേശ് അതിർത്തി കടന്നുപോകുന്ന റോഡിലേയ്ക്ക് തിരിച്ചു.

ലോറികളെല്ലാം ഒരിടത്തേയ്ക്ക് കയറ്റി തൂക്കം നോക്കിയാണ് യാത്ര തുടരുന്നത്. തൂക്കം അധികമാണ് എങ്കിൽ അധികം വന്നത് ഇറക്കിയ ശേഷം മാത്രമേ യാത്ര തുടരാൻ അനുവദിക്കു. കോടതിയിടപെടലിന്റെ ഭാഗമായി സർക്കാർ വരുത്തിയ ക്രമീകരണമാണിത്. അധികം വന്ന കല്ല് ഇറക്കിയിടുന്ന ലോറിക്കാരന്റെ അടുത്തേയ്ക്ക് പോയി.

ഇതെന്താ ഇറക്കിവെയ്ക്കുന്നത്?

''അധികം വന്നതാണ്.''

കല്ലിറയ്ക്കിക്കഴിഞ്ഞ ശേഷം ആ യുവാവ് മറുപടി പറഞ്ഞു. പിന്നേയും ചിലത് ചോദിയ്ക്കാൻ തുടങ്ങിയപ്പോൾ അയാൾ തടഞ്ഞു.

''നിങ്ങൾ ക്യാമറ ഓഫാക്കൂ.''

കണിശമായാണ് അത് പറഞ്ഞത്. ഇത് അവരുടെ ലോകമാണ്. പലപ്പോഴും നീതി നിശ്ചയിക്കുന്നത് അവർ മാത്രമാണ്. ക്യാമറ ഓഫാക്കാതെ തന്നെ, പക്ഷേ ചോദ്യങ്ങളവസാനിപ്പിച്ച് യാത്രയും പറഞ്ഞ് അവിടെനിന്ന് തിരിച്ചു. അതിർത്തിയിലെ ലാൻഡ് പോർട്ടിൽ പ്രധാന ചുമതല വഹിക്കുന്നത് മലയാളിയാണ്. മേഘാലയ പോലീസിൽ എസ്പിയായിരുന്ന ടി.സി. ചാക്കോ. ലാൻപോർട്ടിനുള്ളിലെ മുറിയിൽ അദ്ദേഹത്തെ കണ്ടു.

ഇതെത്ര ലോറിയാണിത്. ഒരു ദിവസം എത്ര ലോഡ് കല്ല് ബംഗ്ലാദേശിലേയ്ക്ക് കൊണ്ടുപോകുന്നുണ്ട്?

''നാലായിരത്തിലധികം ലോഡ് കല്ല് ദിവസവും ബംഗ്ലാദേശിലേയ്ക്ക് പോകുന്നുണ്ട്. അനുമതിയോടെ തന്നെയാണ് കല്ല് കൊണ്ടു പോകുന്നത്.'' - അദ്ദേഹം പറഞ്ഞു.

''അവിടെ മലനിരകൾ കുറവാണ്. അതുകൊണ്ട് വീടുണ്ടാക്കാനും മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കുമെല്ലാം കല്ല് ഇന്ത്യയിൽനിന്നാണ് പോകുന്നത്. കല്ലിന് വലിയ ഡിമാന്റുണ്ട് അവിടെ.''

ഇത്രയും വലിയ ലോറിയിൽ നാലായിരം ലോഡ് കല്ല് ഒരു ദിവസം ബംഗ്ലാദേശിലേയ്ക്ക് കൊണ്ടുപോകുന്നു എന്നതിനർത്ഥം മേഘാലയയിലെ ഒന്നോ രണ്ടോ മലതന്നെ ദിവസവും ഇടിച്ച് നിരത്തി രാജ്യത്തിന്റെ അതിർത്തി കടത്തുന്നു എന്ന് തന്നെയാണ്. കെട്ടിട നിർമ്മാണത്തിന് മാത്രമല്ല, ബംഗ്ലാദേശിലെ സിമന്റ് ഫ്ക്ടറികളിലേയ്ക്കും ഇന്ത്യയിൽനിന്ന് കല്ലെത്തുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

ഡൗക്കിയിലെ കാഴ്ചകൾ അവിശ്വസനീയം എന്ന് മാത്രമേ പറയാൻ കഴിയുന്നുള്ളു. പരിസ്ഥിതിയെ ഇങ്ങനെ തകർത്തെറിയുന്നതിന് നിയന്ത്രണം വന്നേ മതിയാവു. ഈ ഭൂമി നാളത്തെ തലമുറകൾക്ക് കൂടി അനുഭവിക്കാനുള്ളതല്ലേ? ഉമൻഗോട്ട് നദി ഇനിയും കലങ്ങിയൊഴുകാതിരിക്കട്ടെ.